Asianet News MalayalamAsianet News Malayalam

'അല്‍-ശേഷന്‍': തെരഞ്ഞെടുപ്പ് കമീഷണര്‍ എന്ന നിലയില്‍ രാഷ്ട്രീയക്കാരെ വിറപ്പിച്ച മലയാളി

അന്നൊക്കെ അദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്താല്‍ പാര്‍ട്ടിക്കാര്‍ക്ക് രണ്ടു പേരെ മാത്രമേ ഭയമുള്ളൂ. ഒന്ന്, ദൈവത്തെ. രണ്ട്, ടി എന്‍ ശേഷനെ. ചിലപ്പോള്‍ അവര്‍ ദൈവത്തേക്കാളധികം ശേഷനെ ഭയപ്പെട്ടിരുന്നു.  

T N Sheshan, the Chief Election Commissioner, who terrorized the politicians across India
Author
Trivandrum, First Published Mar 13, 2019, 1:06 PM IST

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ നിര്‍ദേശങ്ങള്‍ വിവാദത്തിലായിരിക്കുകയാണല്ലോ. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പൊതുവില്‍ രാഷ്ട്രീയക്കാരെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ടിക്കാറാം മീണ മലയാളിയല്ല. എന്നാല്‍,  ഇതുപോലെ രാഷ്ട്രീയക്കാരെ വിറപ്പിച്ച മലയാളിയായൊരു  മുന്‍ഗാമിയുണ്ട്  അദ്ദേഹത്തിന്. അതൊരു  സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായിരുന്നില്ല, ഇന്ത്യയുടെ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍. തെരഞ്ഞെടുപ്പ് സംബന്ധിയായ വിഷയങ്ങളില്‍ ആധികാരികമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും രാഷ്ട്രീയപ്പാര്‍ട്ടികളെക്കൊണ്ട് അതൊക്കെ അനുസരിപ്പിച്ച് അവരെ  പെരുമാറ്റച്ചട്ടത്തിന്റെ വരച്ച വരയില്‍ നിര്‍ത്തിക്കാനുമൊക്കെയുള്ള ഗാംഭീര്യം ചീഫ് ഇലക്ഷന്‍ കമീഷണറുടെ ഓഫീസിന് നേടിക്കൊടുത്ത ആ  മലയാളിയുടെ പേര് ടി എന്‍ ശേഷന്‍. 1990 -ല്‍  ഇന്ത്യയുടെ പത്താമത്തെ ചീഫ് ഇലക്ഷന്‍ കമീഷണറായി സ്ഥാനമേറ്റ്, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇലക്ഷന്‍ കമ്മീഷന് വളരെ വ്യക്തമായൊരു സ്വരം ഉണ്ടാക്കിക്കൊടുത്തു അദ്ദേഹം. പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യ ആകെ ആടിയുലഞ്ഞ തൊണ്ണൂറുകളില്‍ പോലും തന്റെ സിംഹപ്രതാപത്തിന് കോട്ടം തട്ടാതെ നിലനിര്‍ത്താന്‍ അദ്ദേഹത്തിനായിരുന്നു.

അന്നൊക്കെ അദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്താല്‍ പാര്‍ട്ടിക്കാര്‍ക്ക് രണ്ടു പേരെ മാത്രമേ ഭയമുള്ളൂ. ഒന്ന്, ദൈവത്തെ. രണ്ട്, ടി എന്‍ ശേഷനെ. ചിലപ്പോള്‍ അവര്‍ ദൈവത്തേക്കാളധികം ടി എന്‍  ശേഷനെ ഭയപ്പെട്ടിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതാപം അക്കാലത്ത്.

ശേഷന്‍ സീനില്‍ വരുന്നതിനു മുമ്പും നമ്മുടെ നാട്ടില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉണ്ടായിരുന്നു. 1950  ആദ്യത്തെ കമ്മീഷണറായ സുകുമാര്‍ സെന്‍ മുതല്‍ ശേഷനു തൊട്ടുമുമ്പ്  ഒരേയൊരു മാസത്തേക്ക് ആ പൊള്ളുന്ന കസേരയിലിരുന്ന വി എസ്  രമാദേവി വരെ ഒമ്പതു പേര്‍. അതാതുകാലങ്ങളില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ ഹിതമനുസരിച്ച് അവരുടെ വിരല്‍ത്തുമ്പില്‍ ചലിച്ചിരുന്ന തോല്‍പ്പാവകളായിരുന്നു അവരെല്ലാം.  പത്താമതായി സാക്ഷാല്‍ ശേഷന്‍ അവതരിച്ചതോടെയാണ് കളിയെല്ലാം മാറിമറിഞ്ഞത്.  

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പദവിയിലേക്ക് നിയമിക്കപ്പെടുന്നതിനു മുമ്പ് ശേഷന്‍ ഒരു ഐ എ എസ് ഉദ്യോഗസ്ഥന് സ്വപ്നം കാണാനാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയായ 'കാബിനറ്റ് സെക്രട്ടറി' റാങ്കിലായിരുന്നു.അദ്ദേഹം ഏത് വകുപ്പില്‍ ജോലിചെയ്താലും ആ വകുപ്പുമന്ത്രിയുടെ പ്രതിച്ഛായ താമസിയാതെ മെച്ചപ്പെട്ടിരുന്നു. ഇതേ ടി എന്‍ ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ്  കമ്മീഷണറായപ്പോള്‍ മുമ്പ്  സല്‍പേരുണ്ടാക്കിക്കൊടുത്ത് സന്തോഷിപ്പിച്ച മന്ത്രിമാരെ ഒന്നില്ലാതെ മുഷിപ്പിച്ചു. 

T N Sheshan, the Chief Election Commissioner, who terrorized the politicians across India

വാസ്തവമുണ്ടോ എന്നറിയില്ല, പക്ഷേ, ശേഷനെ ഉദ്ധരിച്ചുകൊണ്ട് അന്ന്  ദില്ലി വൃത്തങ്ങളില്‍ പറഞ്ഞു കേട്ടിരുന്ന ഒരു വീരസ്യമുണ്ട്, 'ഐ ഈറ്റ് പൊളിറ്റീഷ്യന്‍സ് ഫോര്‍ ബ്രേക്ക് ഫാസ്റ്റ്..' എന്ന്. അതായത് 'പ്രാതലിന് എനിക്ക് രാഷ്ട്രീയക്കാരാണ് പഥ്യം' എന്ന്.  പറഞ്ഞു മാത്രമായിരുന്നില്ല, ചെയ്തും ശീലമുണ്ടായിരുന്നതുകൊണ്ടാവും തെരഞ്ഞെടുപ്പിന്റെ കണിശക്കാരനായ 'കാവല്‍ നായ' എന്ന ധ്വനിയോടെ 'അല്‍-ശേഷന്‍' എന്നൊരു അപരനാമം കൂടി ആശാന് സിദ്ധിച്ചിരുന്നത്. 

ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ നടന്ന 'ശേഷ' ക്രിയകള്‍ 

  • മാതൃകാപെരുമാറ്റച്ചട്ടം (Model Code of Conduct) കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി
  • അര്‍ഹതപ്പെട്ട വോട്ടര്‍മാര്‍ക്കെല്ലാം നിര്‍ബന്ധമായും വോട്ടര്‍ ഐഡി നല്‍കി
  • തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചു
  • നിരീക്ഷകരും മറ്റു കമ്മീഷന്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുനിന്നാക്കി
  • സുതാര്യവും കാര്യക്ഷമവും കര്‍ശനവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് 

ശേഷന്‍ നേരിട്ടിടപെട്ട് നിര്‍ത്തിച്ച ദുശ്ശീലങ്ങള്‍

  • വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കല്‍/വിരട്ടല്‍ 
  • തെരഞ്ഞെടുപ്പ് ദിവസത്തെ പരസ്യ മദ്യവിതരണം
  • ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രചാരണം 
  • ജാതി, മതം എന്നിവയുടെ പേരു പറഞ്ഞുള്ള പ്രചാരണം 
  • അമ്പലം, പള്ളി എന്നിവ കേന്ദ്രീകരിച്ചുള്ള പ്രചാരവേലകള്‍
  • ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി

 

ശേഷചരിത്രം 

1936 -ല്‍ പാലക്കാട് ജില്ലയിലെ തിരുനെല്ലായിലായിരുന്നു ശേഷന്റെ ജനനം. ബി ഇ എം സ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടര്‍ന്ന് പാലക്കാട് വിക്ടോറിയ കോളേജില്‍ ഇന്റര്‍മീഡിയറ്റ്. അക്കാലത്തെ ശേഷന്റെ സഹപാഠിയായിയിരുന്നു, പില്‍ക്കാലത്ത് മെട്രോമാന്‍ എന്നപേരില്‍ പ്രസിദ്ധനായ ഇ ശ്രീധരന്‍. രണ്ടുപേര്‍ക്കും അന്ന് ആന്ധ്രയിലെ കാക്കിനാഡയിലുള്ള ജവഹര്‍ലാല്‍ നെഹ്റു ടെക്‌നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിങ്ങിന് ഒരുമിച്ചാണ് അഡ്മിഷന്‍ കിട്ടിയത്. ശ്രീധരന്‍ അവിടെ ചേര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍, ശേഷന്‍ അത് വേണ്ടെന്നുവെച്ച്  മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം നേടിയശേഷം  മൂന്നുവര്‍ഷം കൂടി പരിശ്രമിച്ച് സിവില്‍ സര്‍വീസ് നേടിയെടുത്തു. പിന്നീട് 1968 -ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും എഡ്വേഡ് മെയ്സണ്‍ സ്‌കോളര്‍ഷിപ്പോടെ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദവും നേടി. 

T N Sheshan, the Chief Election Commissioner, who terrorized the politicians across India

ഐ എ എസ് പരീക്ഷ എഴുതാനുള്ള പ്രായം ആയിട്ടില്ലായിരുന്നതുകൊണ്ട് 1954-ല്‍ തന്റെ ഇരുപതാം വയസ്സില്‍ തന്റെ അഭിരുചി ഒന്ന് പരീക്ഷിക്കാനായി അദ്ദേഹം ഐ പി എസ് പരീക്ഷയെഴുതി.  ഫലം വന്നപ്പോള്‍  ഇന്ത്യയില്‍ ഒന്നാം റാങ്ക്! അടുത്ത വര്‍ഷം അദ്ദേഹം ഐഎസും ഉയര്‍ന്ന റാങ്കോടെ പാസായി. തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പലസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചു. ഒടുവില്‍ കാബിനറ്റ് സെക്രട്ടറി വരെ ആയ ശേഷമാണ് 1990 -ല്‍ അദ്ദേഹം ചീഫ് ഇലക്ഷന്‍ കമ്മീഷണറാവുന്നത്.  1997-ല്‍ സര്‍വീസില്‍ നിന്നും പെന്‍ഷനായ ശേഷം  ഇന്ത്യന്‍ പ്രസിഡന്റാവാന്‍ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അദ്ദേഹം കെ ആര്‍ നാരായണനോട് പരാജയപ്പെടുകയാണുണ്ടായത്. ഒരു പക്ഷേ, തന്റെ ജീവിതത്തില്‍ ശേഷന്‍ ആദ്യമായും അവസാനമായും പരാജയം രുചിച്ച ഒരേയൊരു പരീക്ഷണവും ഇതുതന്നെയാവും. 

എന്തായാലും ഇന്ന് ടീക്കാറാം മീണ എന്ന  സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  ശബരിമല ഒരു പ്രചാരണ വിഷയമാക്കരുത് എന്ന് പറയുമ്പോള്‍, പലരും മുറുമുറുക്കുന്നുണ്ട് എങ്കിലും അതിനെ നിശിതമായി വിമര്‍ശിക്കാനോ അപ്പറഞ്ഞതിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനോ ഒന്നും ഒരു പാര്‍ട്ടിക്കും ധൈര്യം വരാത്തത് ടി എന്‍ ശേഷന്‍ എന്ന അതികായന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കെട്ടിപ്പടുത്ത  തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സ്ഥാപനത്തിന്റെ കെട്ടുറപ്പ് ഒന്നുകൊണ്ടുമാത്രമാണ്. നമ്മുടെ കേരളത്തില്‍ ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ ഒഴിച്ച്  പൊതുവെ ശാന്തമാണ് തെരഞ്ഞെടുപ്പുകള്‍ എങ്കില്‍, നേരെ തിരിച്ചുള്ള അവസ്ഥയില്‍ ആയിരുന്ന  ബിഹാര്‍, യുപി തുടങ്ങായ പ്രദേശങ്ങളില്‍പ്പോലും  ഇന്നുകാണുന്ന രൂപത്തില്‍ ഏറെക്കുറെ അക്രമരഹിതമായ രീതിയില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യം തന്റെ ചുരുങ്ങിയ കര്‍മ്മകാലത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവൃത്തികള്‍ കൊണ്ട് നടപ്പില്‍ വരുത്തിയത്  ടി എന്‍ ശേഷനായിരുന്നു.

Follow Us:
Download App:
  • android
  • ios