Asianet News MalayalamAsianet News Malayalam

'അമ്മയെക്കുറിച്ച് മോശം പറയുന്നത് വേറെ അപവാദങ്ങൾ പറയാനില്ലാത്തതിനാൽ': രാജ് ബബ്ബറിന് മോദിയുടെ മറുപടി

'രാഷ്ട്രീയത്തിന്‍റെ - ര - എന്ന അക്ഷരം പോലുമറിയാതെ വീട്ടിൽ പൂജ ചെയ്ത് കഴിയുന്ന എന്‍റെ അമ്മയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നെ ഭയപ്പെടുന്നവർ': എന്ന് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി.

those who has nothing more to say attacks my mother says modi in madhyapradesh election rally
Author
Chhatarpur, First Published Nov 24, 2018, 8:18 PM IST

മധ്യപ്രദേശ്: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെക്കുറിച്ചുള്ള പരാമർശങ്ങളെച്ചൊല്ലി വാക്പോര് തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം മോദിയുടെ അമ്മയുടെ പ്രായത്തോളമെത്തിയെന്ന യുപി കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബറിന്‍റെ പ്രസ്താവന പുതിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി. 

''എന്നെക്കുറിച്ച് ഒരു കുറ്റവും പറയാനില്ലാത്തവരാണ് എന്‍റെ അമ്മയെക്കുറിച്ച് സംസാരിക്കുന്നത്. രാഷ്ട്രീയത്തിന്‍റെ - ര - എന്ന ആദ്യാക്ഷരം പോലുമറിയാത്ത, വീട്ടിൽ സ്വന്തം പൂജാമുറിയിൽ ഈശ്വരവിചാരവുമായി സദാസമയം ചെലവിടുന്ന എന്‍റെ അമ്മയെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത്. കോൺഗ്രസിന് മോദിയെ എതിരിടാൻ പേടിയാണ്.'' മധ്യപ്രദേശിലെ ഛത്തർപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ മോദി ആഞ്ഞടിച്ചു.

സോണിയാഗാന്ധിയ്ക്കെതിരെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഒളിയമ്പെയ്യാനും മോദി മറന്നില്ല. 125 കോടി ജനങ്ങളാണ് തന്‍റെ സർക്കാരിന്‍റെ 'ഹൈക്കമാന്‍റെ'ന്നാണ് മോദി പറഞ്ഞത്. 'എവിടെ നിന്നോ വന്ന ഒരു മാഡം റിമോട്ട് കൺട്രോളിൽ ഓടിയ്ക്കുക'യല്ല തന്‍റെ സർക്കാരെന്നും മോദി പരിഹസിച്ചു.

'മാമാജി' എന്നാണ് മധ്യപ്രദേശുകാർ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനെ വിളിയ്ക്കുന്നതെന്ന് ഓർമിപ്പിച്ച മോദി, എന്തിനാണ് കോൺഗ്രസ് തന്നെയും ചൗഹാനെയും കളിയാക്കുന്നതെന്ന് ചോദിച്ചു. 

''ഒട്ടാവിയോ ക്വത്‍റോച്ചി മാമായെയും, വാറൻ ആൻഡേഴ്സൺ മാമായെയും സ്പെഷ്യൽ വിമാനം കയറ്റിരക്ഷപ്പെടുത്തിയത് കോൺഗ്രസുകാരാണ്, മറക്കരുത്.'' ബോഫോഴ്സ് ഇടപാടിനെയും ഭോപ്പാൽ ഗ്യാസ് ട്രാജഡിയെയും സൂചിപ്പിച്ച് മോദി പരിഹസിച്ചു. 

Follow Us:
Download App:
  • android
  • ios