Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരാകും ശക്തി തെളിയിക്കുക? ടിആർഎസ് നേതാവ് കെ കവിത പറയുന്നു

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക ശക്തി‌കൾ നിർണായക ശക്തിയാകും. ടിആർഎസ് ഉൾപ്പടെയുള്ള പാർട്ടികൾക്ക് സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ല. ടിആർഎസ് എംപി കെ കവിത ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു. 

who will be the significant force in loksabha elections its regional parties says trs leader k kavitha
Author
Thiruvananthapuram, First Published Feb 24, 2019, 12:07 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികള്‍ നിര്‍ണായക ശക്തിയാകുമെന്ന് ടിആര്‍എസ് നേതാവും കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ.കവിത. ടിആര്‍എസ് സഖ്യം തെലങ്കാന തൂത്തുവാരും. ബിജെപിയുമായി ടിആര്‍എസ് അടുക്കുന്നുവെന്ന പ്രചാരണം തെറ്റാണ്. വനിതകള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കാന്‍ ടിആര്‍എസ് അടക്കമുളള ഭൂരിഭാഗം പാര്‍ട്ടികളും തയ്യാറാകുന്നില്ലെന്നും കവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ബിജെപി ആവര്‍ത്തിക്കില്ലെന്ന് ടിആര്‍എസ് പറയുന്നത് അഭിപ്രായ സര്‍വേകളുടെ അടിസ്ഥാനത്തിലാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിര്‍ണായക റോളുളള തിരഞ്ഞെടുപ്പാണ് വരുന്നത്. ഫെഡറല്‍ മുന്നണിയുടെ ഭാഗമായിട്ടും മമത ബാനര്‍ജിക്ക് സിബിഐ റെയ്‍ഡ് വിഷയത്തില്‍ ടിആര്‍എസ് പിന്തുണ നല്‍കാഞ്ഞത് ബിജെപിയുമായി അടുക്കുന്നതുകൊണ്ടാണെന്ന ആരോപണങ്ങളെ കവിത തളളുന്നു.

എല്ലാ പ്രശ്നങ്ങളിലും ഞങ്ങൾക്ക് പ്രതികരിക്കാനില്ല. ആവശ്യമുള്ള എല്ലാ ദേശീയവിഷയങ്ങളിലും ഞങ്ങൾ പ്രതികരണം അറിയിക്കാറുണ്ട്. ബിജെപിയുമായി ഒരു സഖ്യത്തിനുമില്ല. പ്രാദേശികപാർട്ടികൾ വളരുമ്പോൾ അതിനെ താഴെയിറക്കാൻ എപ്പോഴും കോൺഗ്രസും ബിജെപിയും ശ്രമിക്കും. ബിജെപിയുമായി സഖ്യമുണ്ടെന്ന് കോൺഗ്രസും മറിച്ചെന്ന് ബിജെപിയും പറയും - കവിത പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ലോക്സഭാ തിരഞ്ഞെടുപ്പിലും ടിആര്‍എസ് ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തോടുളള പ്രതികരണം ഇങ്ങനെ: 'ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്ലാ സീറ്റുകളിലും ഫെഡറൽ സഖ്യം വിജയിക്കും. ആകെ 17 സീറ്റുകളിൽ ടിആർഎസ് മത്സരിക്കുന്ന 16 സീറ്റുകളിലും എംഐഎം 1 സീറ്റിലും ജയിക്കും'.

കെ.ചന്ദ്രശേഖര്‍ റാവു മന്ത്രിസഭയില്‍ വനിതകളാരും ഇല്ലാത്ത പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോള്‍ രാഷ്ട്രീയമണ്ഠലത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിവേചനത്തെക്കുറിച്ച് കവിത വാചാലയായി.

'ടിആർഎസ് എന്നല്ല ഒരു പാർട്ടിയും യഥാർഥത്തിൽ സ്ത്രീകൾക്ക് കൃത്യമായ ഇടം നൽകുന്നില്ല. ജയലളിതയും മായാവതിയുമുൾപ്പടെ വളരെ കുറച്ച് നേതാക്കൾ മാത്രമാണ് ഇതിന് അപവാദം. സ്ത്രീകൾക്ക് അർഹമായ സീറ്റുകൾ പോലും നൽകാറില്ല. നിയമനിർമാണം കൊണ്ടുവരികയോ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയോ ചെയ്യാതെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകില്ല.'

ശബരിമല ക്ഷേത്രത്തിൽ പ്രവേശനം കിട്ടുന്നതിലൂടെ മാത്രം സ്ത്രീസമത്വം കിട്ടുമെന്ന് ഞാൻ കരുതുന്നില്ല. ശബരിമല വിഷയമുയർത്തി കേരളത്തിലും പുറത്തും രാഷ്ട്രീയമുതലെടുപ്പ് നടക്കുകയാണെന്നും കെ കവിത പറ‌ഞ്ഞു. 

തെലങ്കാനയുടെ മാതൃക കടമെടുത്താണ് കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കാനുളള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയതെന്നും എന്നാല്‍ ഇതിനായി മതിയായ തയ്യാറെടുപ്പുകള്‍ കേന്ദ്രം നടത്തിയിട്ടില്ലെന്നും നിസാമാബാദ് എംപികൂടിയായ കവിത വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios