Asianet News MalayalamAsianet News Malayalam

11 ജില്ലകള്‍ ഇടതിനൊപ്പം; യുഡിഎഫിന് മേധാവിത്വം മലപ്പുറത്തും കോട്ടയത്തും

district wise round up
Author
First Published May 19, 2016, 11:17 AM IST

മലപ്പുറവും കോട്ടയവും യുഡിഎഫിന്റെ നാണം മറച്ചു

എന്നാല്‍ മുന്‍കാലങ്ങളില്‍ നല്‍കിയ തിളക്കമാര്‍ന്ന ജയം എറണാകുളത്തുനിന്നും മലപ്പുറത്തുനിന്നും യുഡിഎഫിന് ജയിച്ചില്ല. മലപ്പുറത്ത് 16 സീറ്റില്‍ 12 എണ്ണം യുഡിഎഫിനൊപ്പം നിന്നപ്പോള്‍, നാലിടത്താണ് എല്‍ഡിഎഫ് വിജയിച്ചത്. എന്നാല്‍ താനൂരിലെയും നിലമ്പൂരിലെയും തോല്‍വി യുഡിഎഫിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കോട്ടയത്ത് പക്ഷെ എല്‍ഡിഎഫിന് കാര്യമായൊന്നും ചെയ്യാനായില്ല. സിറ്റിങ് മണ്ഡലങ്ങളായ വൈക്കവും ഏറ്റുമാനൂരും നിലനിര്‍ത്തിയെന്ന് മാത്രം. അതേസമയം പൂഞ്ഞാറിലെ അതികായന്‍ പി സി ജോര്‍ജ്ജിനോട് തോറ്റത് യുഡിഎഫിനും വിശിഷ്യ കേരള കോണ്‍ഗ്രസിനും തിരിച്ചടിയായി. ഇടയ്‌ക്ക് പിന്നില്‍ പോയെങ്കിലും 4703 വോട്ടുകള്‍ക്ക് ജയിച്ചുകയറാനായത് കെ എം മാണിക്ക് ആശ്വാസമായി. എറണാകുളത്ത് ആകെയുള്ള 16 മണ്ഡലങ്ങളില്‍ ഒമ്പതിടത്ത് യുഡിഎഫും അഞ്ചിടത്ത് എല്‍ഡിഎഫുമാണ് വിജയിച്ചത്. പെരുമ്പാവൂര്‍, അങ്കമാലി തുടങ്ങിയ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് നഷ്‌ടമായപ്പോള്‍, യുഡിഎഫില്‍നിന്ന് തൃപ്പുണിത്തുറ, കൊച്ചി, മൂവാറ്റുപഴ, കോതമംഗലം തുടങ്ങിയ നാലു മണ്ഡലങ്ങള്‍ പിടിച്ചെടുത്ത എല്‍ഡിഎഫ് നല്ല മുന്നേറ്റമാണ് ജില്ലയില്‍ നടത്തിയത്.

കൊല്ലവും തൃശൂരും ചുവന്നുതുടുത്തു

കൊല്ലവും തൃശൂരുമാണ് എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം സമ്മാനിച്ചത്. കൊല്ലത്ത് ആകെയുള്ള 11 മണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. കൊല്ലം ജില്ലയിലെ ഇരവിപുരം, ചവറ, കുന്നത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ തോറ്റതോടെ ആര്‍ എസ് പിക്ക് കേരള നിയമസഭയില്‍ ഇടമില്ലാത്ത പാര്‍ട്ടിയായി മാറി. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എ എ അസീസും ചവറയില്‍ മന്ത്രി ഷിബു ബേബിജോണും തോറ്റത് ആര്‍ എസ് പിക്ക് കനത്ത തിരിച്ചടിയായി. തൃശൂരില്‍ ആകെയുള്ള 13 സീറ്റുകളില്‍ 12 ഇടത്തും ഇടതുപക്ഷം വിജയിച്ചു. തൃശൂര്‍, മണലൂര്‍, ഇരിങ്ങാലക്കുട തുടങ്ങിയവ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ജില്ലയില്‍ ഇടതുപക്ഷം പിടിച്ചെടുത്തു. വോട്ടിങ് മെഷീന്‍ തകാറിലായ വടക്കാഞ്ചേരിയിലെ ഫലം പ്രഖ്യാപിച്ചിട്ടില്ല.

ആലപ്പുഴയും പത്തനംതിട്ടയും ഇടതിനൊപ്പം

ആലപ്പുഴയിലും മികച്ച തേരോട്ടമാണ് എല്‍ഡിഎഫ് നടത്തിയത്. ബിഡിജെഎസ് ഭീഷണിയാകുമെന്ന് കരുതിയിരുന്നെങ്കിലും അതിനെയൊക്കെ അപ്രസക്‌തമാക്കുന്ന വിജയമാണ് കിഴക്കിന്റെ വെനീസില്‍ ഇടതുപക്ഷം നേടിയത്. ആകെയുള്ള ഒമ്പത് മണ്ഡലങ്ങളില്‍ എട്ടിടത്തും ചെങ്കൊടി പാറിയപ്പോള്‍, ഹരിപ്പാട്ട് മല്‍സരിച്ച ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മാത്രമാണ് പിടിച്ചുനിന്നത്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര മണ്ഡലങ്ങള്‍ നിലനിര്‍ത്തിയ എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മല്‍സരത്തെ അതിജീവിച്ച് മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തു. ഇടതുപക്ഷത്തിന് മികച്ച വിജയം സമ്മാനിച്ച മറ്റൊരു ജില്ല പത്തനംതിട്ടയാണ്. പത്തനംതിട്ടയില്‍ അഞ്ചു മണ്ഡലങ്ങളില്‍ നാലിടത്തും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ കോന്നിയില്‍ അടൂര്‍ പ്രകാശ് യുഡിഎഫിന് ആശ്വാസവിജയം നല്‍കി. റാന്നിയും തിരുവല്ലയും അടൂരും നിലനിര്‍ത്തിയ എല്‍ഡിഎഫ് വീണ ജോര്‍ജ്ജിലൂടെ ആറന്മുള പിടിച്ചെടുക്കുകയായിരുന്നു.

ഇടതുകൂറ് കൈവിടാതെ കോഴിക്കോടും കണ്ണൂരും പാലക്കാടും

കോഴിക്കോട്ട് 13 മണ്ഡലങ്ങളില്‍ പതിനൊന്നിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. രണ്ടിടത്ത് മാത്രമാണ് യുഡിഎഫ് വിജയം. എന്നാല്‍ കുറ്റ്യാടി നഷ്‌ടമായത് എല്‍ഡിഎഫിന് തിരിച്ചടിയായി. ലീഗിന്റെ ശക്തികേന്ദ്രമായ കൊടുവള്ളിയും തിരുവമ്പാടിയും പിടിച്ചെടുക്കാനായത് ഇടതുപക്ഷത്തിന്റെ നേട്ടമായി. കണ്ണൂരില്‍ 11ല്‍ എട്ടിടത്ത് വിജയിച്ച് എല്‍ഡിഎഫ് മികച്ച വിജയം നേടി. ഇരിക്കൂരും പേരാവൂരും അഴീക്കോടും നിലനിര്‍ത്തിയ യുഡിഎഫിന് പക്ഷെ കണ്ണൂരും കൂത്തുപറമ്പും ഇടതുമുന്നണിക്ക് അടിയറവെയ്‌ക്കേണ്ടി വന്നു. പാലക്കാട് ആകെയുള്ള 12 മണ്ഡലങ്ങളില്‍ ഒമ്പതിടത്താണ് എല്‍ഡിഎഫ് വിജയം. യുഡിഎഫ് മൂന്നിടത്താണ് വിജയിച്ചത്. പട്ടാമ്പിയില്‍ സി പി മുഹമ്മദും ചിറ്റൂരില്‍ കെ അച്യുതനും തോറ്റതാണ് യുഡിഎഫിനെ ഞെട്ടിച്ചത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളായ പന്തളം സുധാകരന്‍ കൊങ്ങാട്ടും ഷാനിമോള്‍ ഉസ്‌മാന്‍ ഒറ്റപ്പാലത്തും തോറ്റു. മലമ്പുഴയില്‍ വി എസ് മികച്ച വിജയം ആവര്‍ത്തിച്ചപ്പോള്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായിപ്പോയി. അതേസമയം എന്‍ എന്‍ കൃഷ്‌ണദാസ് പാലക്കാട്ട് മൂന്നാമതായാതാണ് എല്‍ഡിഎഫിനെ ഞെട്ടിച്ചത്.

തിരുവനന്തപുരത്ത് താമരയും ഇടതിന്റെ തിരിച്ചുവരവും

തിരുവനന്തപുരത്തേക്കുവന്നാല്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഒമ്പതിടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും, ബിജെപി ഒരിടത്തും വിജയിച്ചു. കോണ്‍ഗ്രസിന്റെ കോട്ടകളായിരുന്ന വര്‍ക്കല, പാറശാല, കാട്ടാക്കട എന്നിവിടങ്ങളില്‍ വെന്നിക്കൊടി പാറിച്ച എല്‍ഡിഎഫ്, സ്വന്തം പാളയത്തില്‍നിന്നു കൂറുമാറിപ്പോയ ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ തോല്‍പ്പിച്ചു മധുരപ്രതികാരം വീട്ടി. കോവളത്ത് ജമീല പ്രകാശവും നേമത്ത് വി എസ് ശിവന്‍കുട്ടിയും തോറ്റതാണ് ജില്ലയില്‍ എല്‍ഡിഎഫിന് തിരിച്ചടിയായത്. അതേസമയം നേമത്തിലൂടെ കേരളത്തില്‍ താമര വിരിയിക്കുകയും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്ത് രണ്ടാമതെത്തുകയും ചെയ്‌ത ബിജെപിയ്‌ക്ക് ചരിത്രത്തിലെ വലിയ നേട്ടമാണ് തിരുവനന്തപുരം സമ്മാനിച്ചത്.

ഇടുക്കിയും കാസര്‍കോടും വയനാടും ഇടതിന് മേല്‍ക്കൈ

ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലും മേല്‍ക്കൈ നേടാന്‍ എല്‍ഡിഎഫിനായി. ഇടുക്കിയില്‍ ആകെയുള്ള അഞ്ചു സീറ്റുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ഇരു മുന്നണികളും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുകയാണ് ചെയ്‌തത്. വയനാട്ടില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആകെയുള്ള മൂന്നു സീറ്റുകളും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു. എന്നാല്‍ മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയെ തോല്‍പ്പിച്ച് ഒ ആര്‍ കേളുവും കല്‍പ്പറ്റയില്‍ ശ്രേയംസ് കുമാറിനെ തോല്‍പ്പിച്ച് സി കെ ശശീന്ദ്രനും വിജയിച്ചത് എല്‍ഡിഎഫിന് ഇരട്ടിമധുരമായി. ബത്തേരി നിലനിര്‍ത്താനായതാണ് യുഡിഎഫിന്റെ ആശ്വാസം. കാസര്‍കോട്ടേക്കു വന്നാല്‍, അഞ്ചു മണ്ഡലങ്ങളില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. മഞ്ചേശ്വരത്തും കാസര്‍കോട്ടും രണ്ടാം സ്ഥാനത്ത് എത്താനായത് എന്‍ഡിഎയ്‌ക്ക് നേട്ടമായെങ്കിലും മഞ്ചേശ്വരത്ത് 89 വോട്ടിന് തോല്‍ക്കേണ്ടിവന്നത്, അവര്‍ക്ക് നിരാശാജനകമായ അനുഭവമായി. സ്വന്തം തട്ടകം വിട്ട് ഉദുമയിലേക്ക് വന്ന കെ സുധാകരന്‍ ശക്തമായ മല്‍സരം കാഴ്‌ച വെച്ചാണ് പരാജയപ്പെട്ടത്.

Follow Us:
Download App:
  • android
  • ios