കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ഹൈ പൊട്ടൻഷ്യൽ ​ഗെയിമറും എന്റർടെയ്‍നറും തന്ത്രശാലിയുമൊക്കെ ആണെങ്കിലും കാര്യമായ ഇംപാക്ട് നൽകാൻ വിഷ്‍ണുവിന് പലപ്പോഴും സാധിക്കുന്നില്ല.

bigg boss malayalam season 5 review vishnu joshi nrn

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മുപ്പത് എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. മത്സരാർത്ഥികൾ എല്ലാവരും ഫുൾ ഓൺ എനർജിയിലാണ്. ഇവരിൽ പ്രേക്ഷക മനസിലും ഫാൻ പേജുകളിലും വളരെ വേ​ഗം ഇടം നേടിയ കുറച്ച് മത്സരാർത്ഥികൾ ഉണ്ട്. അതിൽ പ്രധാനിയാണ് വിഷ്‍ണു ജോഷി. തുടക്കത്തിൽ തന്നെ താനൊരു മികച്ച ബി​ഗ് ബോസ് മെറ്റീരിയൽ ആണെന്ന് വിഷ്‍ണു തെളിയിച്ചു കഴിഞ്ഞു. വ്യത്യസ്‍ത തന്ത്രങ്ങളാണ് വീടിനകത്ത് വിഷ്‍ണു പയറ്റുന്നതെന്ന് വ്യക്തം. ഇത് പ്രേക്ഷക പ്രശംസയ്ക്കും ഇടയാക്കിയിട്ടുണ്ട്. എന്നാൽ ഇടയ്ക്ക് എവിടെയോ ഒരു പിഴവ് വിഷ്‍ണുവിന് സംഭവിക്കുന്നുണ്ട്. ബിഗ് ബോസ് ഷോ പ്രേക്ഷകരുടെ ചർച്ചകളിൽ ഇടംപിടിക്കാൻ ആകുന്നുണ്ടെങ്കിലും ചിലപ്പോള്‍ മങ്ങിപ്പോകുന്ന അവസ്ഥയാണ് നിലവിൽ.

ആദ്യദിവസം പ്രേക്ഷകർ അത്ര പ്രാധാന്യം നൽകാത്ത മത്സരാർത്ഥി ആയിരുന്നു വിഷ്‍ണു ജോഷി. എന്നാൽ രണ്ടാം ദിനം മുതൽ കണ്ടതാകാട്ടെ മികച്ച ​ഗെയിം ക്വാളിറ്റി ഉള്ള വിഷ്‍ണുവിനെയും. ലേഡി റോബിൻ ആകാൻ വന്നെതന്ന് ആദ്യ ദിനങ്ങളില്‍ പ്രേക്ഷകര്‍ ആക്ഷേപിച്ച ദേവുവിന്റെ സ്ട്രാറ്റജിയെ മൂന്ന് ദിവസം കൊണ്ട് കാറ്റിൽ പറത്താൻ വിഷ്‍ണുവിനായി. അതായത് ദേവുവിന്റെ പ്രണയം ട്രാക്ക് മനസിലാക്കി അതിവിദ​ഗ്‍ദമായി തടിയൂരാൻ വിഷ്‍ണുവിനായി എന്ന് സാരം.

bigg boss malayalam season 5 review vishnu joshi nrn

ഒരാളുടെ വായിൽ നിന്ന് എന്തെങ്കിലും വീഴുന്നുവെന്നത് നോക്കി, അതിൽ എന്തെങ്കിലും  ഇൻകറക്ടാണോയെന്ന് കണ്ടെത്തി തിരിച്ചടിക്കുന്നതാണ് വിഷ്‍ണുവിന്റെ ഗെയിം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതിന് ഏറ്റവും ഉദാഹരണമാണ് നീ മര്യാദക്കുള്ള സ്ത്രീയെ കണ്ടിട്ടില്ലെന്ന ദേവുവിന്റെ പ്രസ്‍താവനയിൽ വിഷ്‍ണു നടത്തിയ പ്രതികരണം. 'എന്താണ് അതിൽ നിങ്ങൾ ഉദ്ദേശിച്ചത്. സ്ത്രീകളെ തന്നെ രണ്ടായി തരംതിരിച്ച് കാണുകയാണ് 'വൈബർ' എന്ന തിരിച്ചടിയിൽ ദേവു പെട്ട് പോയെന്ന് പറയേണ്ടതില്ലല്ലോ. ഇതുപോലെ പല കാര്യങ്ങളിലും പറയേണ്ട കാര്യങ്ങൾ സന്ദർഭങ്ങൾ സസൂക്ഷ്‍ം നിരീക്ഷിച്ച് വിഷ്‍ണു തിരിച്ചടിച്ചിട്ടുണ്ട്. പലർക്കും മിണ്ടാട്ടം മുട്ടിയിട്ടുമുണ്ടതും കണ്ടു. അഖിലുമായുള്ള രണ്ടാം തർക്കത്തിൽ സാ​ഗറിനെ 'നീ ഫിസിക്കലി അസോൾട്ട് ചെയ്‍തില്ലേ' എന്ന ഒറ്റ ചോദ്യത്തിലൂടെ നിലംപരിശാക്കിയതും ഉദാഹരണം.

മികച്ചൊരു എന്റർടെയ്‍നർ ആണ് വിഷ്‍ണു എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. ഡാന്‍സ് മാരത്തോൺ വീക്കിലി ടാസ്‍കിലൊക്കെ അത് വിഷ്‍ണു തെളിയിച്ചിട്ടുണ്ട്. വൈൽഡ് കാർഡ് എട്രിയായി എത്തിയ ഒമർ ലുലുവിനോട്  'എന്ത് ചെയ്യുന്നു' എന്ന് ചോദിച്ച് രം​ഗം രസകരമാക്കിയതും വിഷ്‍ണു ആണ്. എതിര്‍ മത്സരാര്‍ഥിക്ക് നേര്‍ക്ക് കൗശലപൂര്‍വ്വമുള്ള പെരുമാറ്റമായിരുന്നു വിഷ്‍ണുവിന്‍റേത്. ബിഗ് ബോസ് ഹൗസിലേക്ക് ഒമര്‍ ലുലു എത്തിയപ്പോള്‍ ആദ്യം പോയി ഹ​ഗ് ചെയ്‍ത ഒരാള്‍ വിഷ്‍ണു ആയിരുന്നു. ഒമര്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അറിയാം എന്നും വിഷ്‍ണു പറഞ്ഞിരുന്നു. എന്ത് ചെയ്യുന്നുവെന്ന ചോദ്യം ചിരിയോടെയാണ് വിഷ്‍ണു ചോദിച്ചതും. ഇതെല്ലാം വിഷ്‍ണുവിൽ ഒരു മികച്ച എന്റർടെയ്‍നർ കൂടി ഉണ്ടെന്ന് ധ്വനിപ്പിക്കുന്നതായിരുന്നു.

bigg boss malayalam season 5 review vishnu joshi nrn

എന്തായാലും പറയാനുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞ്, ​ഗെയിം എന്താണെന്ന് പൂർണമായി മനസിലാക്കി, ക്ഷമ പറയേണ്ടിടത്ത് മടി കൂടാതെ ക്ഷമ പറയുന്ന വിഷ്‍ണു, ഈ സീസണിൽ 'തീ'ആകാൻ സാധ്യതയുള്ള ആളാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഏറ്റവും ചങ്കൂറ്റം ഉള്ള മത്സരാർത്ഥി എന്ന് വേണമെങ്കിലും വിഷ്‍ണുവിനെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെയാണ് ബിബി 5ന്റെ ആദ്യവാരം ഫാൻ ബേസ് സൃഷ്‍ടിക്കാൻ വിഷ്‍ണുവിനായതും. പക്ഷേ ആദ്യ രണ്ട് വാരത്തിലെ പ്രകടനങ്ങൾക്ക് ഇടയിൽ എപ്പോഴോ വിഷ്‍ണുവിന് മങ്ങലേറ്റിരുന്നു.

ഉറക്കത്തെ കൂട്ടുപിടിച്ച് പല കാര്യങ്ങളിൽ നിന്നും വിഷ്‍ണു ഒഴിഞ്ഞുമാറി നിന്നു. ​ഗെയിമിൽ ആയാലും വേണ്ടത്ര പ്രകടനം ഈ കാലയളവിൽ വിഷ്‍ണു കാണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. എന്തോ ഓരു കാര്യം വിഷ്‍ണുവിനെ പുറകിലോട്ട് വലിക്കുന്നത് പോലെയാണ് തോന്നിയത്. ജയിക്കാമായിരുന്ന ക്യാപ്റ്റൻ‌സി ടാസ്‍കിൽ പോലും മികവ് പുലർത്തിയില്ല. ഈയൊരു ഒഴുക്കൻമട്ട് തന്നെയാകാം ചിലപ്പോള്‍ ഇത്തവണത്തെ നോമിനേഷനിൽ വിഷ്‍ണു വരാതിരുന്നതും കാരണം വിഷ്‍ണു തങ്ങൾക്കൊരു എതിരാളി ആണെന്ന് മത്സരാർത്ഥികൾക്ക് തോന്നിക്കാണില്ല. ഇക്കാര്യം അഖിൽ മാരാർ തന്നെ ചൂണ്ടിക്കാണിച്ചതും ആണ്. പക്ഷേ വിഷ്‍ണുവിന്റെ തന്ത്രമായിരുന്നോ  ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുടെ ശ്രദ്ധതിരിച്ച് വൻ തിരിച്ചുവരവിന് കളമൊരുക്കാനുള്ള തന്ത്രം.

bigg boss malayalam season 5 review vishnu joshi nrn

ഇത് ഉറപ്പിക്കുന്ന തരത്തിൽ ആയിരുന്നു കഴിഞ്ഞ രണ്ട് ദിവസത്തെ വിഷ്‍ണുവിന്റെ പ്രകടനം. ഒതുങ്ങി നിൽക്കലിൽ നിന്നും കുതിച്ചുകയറിയ മുന്നേറ്റം. 'മാണിക്യക്കല്ല്' എന്ന അവസാനത്തെ ​ഗെയിമിൽ മികച്ച പ്രകടനമാണ് വിഷ്‍ണു കാഴ്‍ചവച്ചത്. പ്രത്യേകിച്ച് അഖിൽ, മിഥുൻ, വിഷ്‍ണു കോമ്പോ. ഈ സീസണിലെ ഏറ്റവും വലിയ ​തന്ത്രശാലികളാണ് ഈ മൂവർ സംഘം. ഏവരും ഉറക്കമൊഴിച്ച് കാത്തിരുന്ന കല്ലിനെ വളരെ ബുദ്ധിപരമായി അടിച്ച് മാറ്റിയത് മിഥുൻ ആണ്. മറ്റുള്ളവരെ കബളിപ്പിച്ച് അഖിലിനോട് വിവരം കൈമാറിയത് വിഷ്‍ണുവും. മത്സരാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും തങ്ങളിലേക്ക് ശ്രദ്ധവരാതിരിക്കാനും വഴക്കിടാനും തർക്കിക്കാനും വിഷ്‍ണു തന്ത്രമൊരുക്കി. അതിൽ നൂറ് ശതമാനവും വിഷ്‍ണു ജയിച്ചു എന്ന് നിസംശയം പറയാം.

എന്നാൽ കല്ലെടുക്കുന്നതിലും ഒളിപ്പിക്കുന്നതിലും ആയിരുന്നില്ല വിഷ്‍ണുവിന്റെ മൈന്റ് ​ഗെയിം നടന്നത്. വിജയിയെ കണ്ടെത്താനുള്ള ചോദ്യോത്തര വേളയിൽ ആയിരുന്നു. സ്വന്തം ടീമിൽ എല്ലാവരെയും ചോദ്യം ചെയ്‍താൽ കല്ല് കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ വിഷ്‍ണു ആദ്യത്തെ രണ്ട് ചാൻസിൽ തന്നെ എതിർ ടീമിലെ ആൾക്കാരെ ചോദ്യം ചെയ്‍തു.  ഇതിലൂടെ സ്വന്തം ടീമിലെ എല്ലാവരെയും ചോദ്യം ചോദിക്കാൻ വിളിക്കാൻ പറ്റാതെ ആക്കി. വെറുതെ ഒരു ചോദ്യം ചോദിക്കൽ ആയിരുന്നു വിഷ്‍ണുവിന്റേത്. അതായത് ചാൻസ് കളയുക എന്നത് മാത്രം ആയിരുന്നു വിഷ്‍ണുവിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിന് ഫലപ്രാപ്‍തി ലഭിക്കുകയും ചെയ്‍തു.

പക്ഷേ ​ഹൈ പൊട്ടൻഷ്യൽ ​ഗെയിമറും എന്റർടെയ്‍നറും തന്ത്രശാലിയുമൊക്കെ ആണെങ്കിലും കാര്യമായ ഇംപാക്ട് നൽകാൻ വിഷ്‍ണുവിന് പലപ്പോഴും സാധിക്കുന്നില്ല. എന്തോ ഒരു സം​ഗതി വിഷ്‍ണുവിനെ അലട്ടുന്നത് പോലെ, ഒരു ഭയം ഉള്ളിൽ ഉള്ളത് പോലെ തോന്നിയിട്ടുണ്ട്. ഒരു പക്ഷേ ദേവുവിന്റെ പ്രസൻസ് വിഷ്‍ണുവിനെ നെ​ഗറ്റീവ് ആയി ബാധിക്കുന്നതാകാം. ദേവു മറ്റുള്ളവരോട് വിഷ്‍ണുവിനെ കുറിച്ച് കുറ്റം പറഞ്ഞ ആളാണ്. ആ വ്യക്തി എങ്ങനെ എപ്പോൾ ഏത് രീതിയിൽ തിരിയും എന്ന് പറയാനാകില്ല. ഇതാകാം വിഷ്‍ണുവിന്റെ ഉള്ളിലെ ഭയം. ഇല്ലെങ്കിൽ ഇമേജ് കോൺഷ്യസും ആകാം.

അമ്പമ്പോ.. എന്തൊരു പ്ലാൻ; മാണിക്യക്കല്ലിൽ വിജയിച്ച് കയറി അഖിലും ടീമും

വേണ്ടത്ര സ്ക്രീൻ സ്പെയ്‍ത് വിഷ്‍ണുവിന് ലഭിക്കുന്നുണ്ടോ എന്ന കാര്യവും സംശയമാണ്. അനാവശ്യമായി ബഹളങ്ങൾ ഉണ്ടാക്കാത്ത പ്രകൃതം ആയത് കൊണ്ടാണോ ഇങ്ങനെ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അലറി വിളിക്കുന്നവരെയും വെറുതെ തർക്കിക്കുന്നവർക്കും സ്ക്രീൻ സ്പെയ്‍സ് ലഭിച്ച ചരിത്രമാണല്ലോ ബി​ഗ് ബോസ് മലയാളത്തിന് ഉള്ളത്. അതുകൊണ്ട് മൈന്റ് ​ഗെയിമർ മാർക്ക് സ്ക്രീന് സ്പെയ്‍സ് ലഭിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ബി​ഗ് ബോസ് വീട്ടിൽ തങ്ങളുടെ എതിർ മത്സരാർത്ഥികളെ കുറിച്ചും ​അവരുടെ ​ഗെയിമുകളെ കുറിച്ചുമുള്ള സംസാരങ്ങൾ പുറത്തും പ്രതിഫലിക്കാറുണ്ട്. അത് പോസിറ്റീവും ആകാം നെ​ഗറ്റീവും ആകാം. റിനോഷ് തന്നെയാണ് അതിന് ഉദാഹരണം. ആദ്യദിനം മുതൽ കൂൾ ബ്രോ മത്സരാർത്ഥികൾക്ക് ഇടയിൽ സംസാരവിഷം ആയിരുന്നു. അവരുടെ പ്രിയം സ്വന്തമാക്കാനും റിനോഷിന് സാധിച്ചു. അതിലൂടെ മികച്ചൊരു ഫാൻ ബേസ് സൃഷ്‍ടിക്കാൻ റിനോഷിന് സാധിച്ചിട്ടുണ്ട്. പക്ഷേ അത്തരത്തിൽ വിഷ്‍ണു സംസാര വിഷയം ആയിട്ടില്ല. ആദ്യ ആഴ്ചയിൽ മനീഷയും ശ്രുതി ലക്ഷ്മിയുമൊക്കെ വിഷ്‍ണുവിനെ കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും ആ ഒരു ചർച്ച നിലനിർത്തി കൊണ്ടുപോകാൻ വിഷ്‍ണുവിന് സാധിച്ചിട്ടില്ല എന്നത് വ്യക്തമാണ്.

വിഷ്‍ണു, അഖിൽ മാരാർ, അനിയൻ മിഥുൻ (റിനോഷിനൊപ്പം ചേരുന്നുണ്ടെങ്കിലും), ഷിജു എന്നിങ്ങനെയൊരു കോമ്പോ ബിബി ഹൗസിൽ ഉണ്ട്. ഇത് പക്ഷേ ഒരു സുഹൃത്ത് വലയം എന്ന് പറയാൻ പറ്റില്ല. അവസരം വന്നാൽ തക്കം നോക്കി പരസ്പരം ഇവർ പണി കൊടുക്കും. കഴിഞ്ഞ ദിവസത്തെ ജയിൽ നോമിനേഷനിൽ ഷിജു വിഷ്‍ണവിന്റെ പേര് പറഞ്ഞത് തന്നെ അതിന് ഉദാഹരണമാണ്. ​ഗെയിമിൽ ആർക്കും പിടികൊടുക്കാത്ത തന്ത്രങ്ങൾ മെനയുന്ന വിഷ്‍ണു തന്നെ അവസരോചിതമായി ഇവരെ ഒഴിവാക്കാനും സാധ്യതയുണ്ട്. അഖില്‍ മാരാരുടെ സംഘത്തില്‍ എത്തിയതിനുശേഷമാണ് വിഷ്‍ണുവിന് സ്വന്തമായി സ്‍പേസ് ലഭിക്കാതിരുന്നത് എന്നതും ഇതിനൊപ്പം ചേര്‍ത്തു വായിക്കണം.

bigg boss malayalam season 5 review vishnu joshi nrn

മുപ്പത് ദിവസത്തിൽ താനൊരു മികച്ച ബിബി മെറ്റീരിയൽ ആണെന്ന് വിഷ്‍ണു തെളിയിച്ചിട്ടുണ്ട്. എന്നാൽ വലിയൊരു ഫാൻ ബേസ്(റിനോഷിനെ പോലെ) വിഷ്ണുവിന് ഉണ്ടാക്കാൻ സാധിച്ചിട്ടുമില്ല. ഏതെങ്കിലും ഒരു നിശ്ചിത സമയത്താകും വിഷ്‍ണു ചർച്ചകളിൽ നിറയുക. പെട്ടെന്ന് തന്നെ ഒളിമങ്ങി പോകാറുമുണ്ട്. ഇക്കാര്യം ബി​ഗ് ബോസ് ഫാൻ പേജുകളിലും ചർച്ചയായിട്ടുള്ള വസ്‍തുതയാണ്. ഇതും വിഷ്‍ണുവിന്റെ ഫാൻസ് ബേസ് കുറയുന്നതിന് കാരണമായിട്ടുണ്ട്.

ബി​ഗ് ബോസ് വീട്ടിൽ വിഷ്‍ണുവിന് ഇനിയും ഏറെ കടമ്പകൾ കടക്കാനുണ്ട്. മുന്നിൽ ഉള്ളത് അഖിൽ മാരാർ, അനിയൻ മിഥുൻ, ഷിജു ഉൾപ്പടെ ഉള്ളവരാണ്. ഒപ്പം നിൽക്കുന്നവർ ആണെങ്കിലും ഇവരെ ഒഴിവാക്കിയും ചിലപ്പോൾ ആ പാലം വിഷ്‍ണുവിന് കടക്കേണ്ടിവരും. ​

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

എല്ലാ മത്സരാർത്ഥികളെയും പോലെ വിഷ്‍ണുവിനും വേണ്ടത് പ്രേക്ഷക പിന്തുണയാണ്. മറ്റുള്ളവരെ അധികമായി താഴ്ത്തി കെട്ടിയുള്ള സംസാരം വിഷ്‍ണുവിന് നെ​ഗറ്റീവ് ആയി മാറിയേക്കാം. ഒരുപക്ഷേ സംസാരവും ആറ്റിട്യൂഡും. എന്നാൽ നിലവിൽ ലക്ഷ്യത്തിലേക്കുള്ള വിഷ്‍ണുവിന്റെ യാത്ര സെയ്‍ഫ് ആണ്. ഉൾവലിയാതെ കഴിഞ്ഞ ദിവസത്തെ പോലെ അല്ലെങ്കിൽ ആദ്യ രണ്ട് വാരങ്ങളെ പോലെ കളിച്ച് മുന്നേറിയാൽ തീർച്ചയായും ഫൈനൽ ഫൈവിൽ വിഷ്‍ണു ഉണ്ടാകും. പതിനെട്ട് മത്സരാർത്ഥികളും സ്വപ്‍നം കണ്ട് എത്തിയ ആ ബി​ഗ് ബോസ് ടൈറ്റിൽ സ്വന്തമാക്കാനും ചിലപ്പോള്‍ സാധിച്ചേക്കും.

ബിഗ് ബോസ് സീസണ്‍ 5 റിവ്യു

Latest Videos
Follow Us:
Download App:
  • android
  • ios