'ഇനി ഉത്തര'ത്തിൽ മികച്ച കഥാപാത്രം; ഇനി പോലീസ് വേഷം ചെയ്യാനില്ലെന്ന് ഹരീഷ് ഉത്തമൻ
പോലീസ് വേഷത്തോട് ആദ്യം 'നോ' പറഞ്ഞു. കഥകേട്ടപ്പോൾ വിട്ടുകളയാൻ പാടില്ലാത്ത വേഷമാണെന്ന് തോന്നി. 'ഇനി ഉത്തര'ത്തിൽ ഹരീഷ് ഉത്തമൻ എത്തിയപ്പോൾ
ഇനി പോലീസ് വേഷങ്ങൾ ചെയ്യില്ലെന്ന് ഉറപ്പിച്ച ഹരീഷ് ഉത്തമന്റെ മനസ്സ് മാറ്റിയത് 'ഇനി ഉത്തരം' സിനിമയുടെ തിരക്കഥയാണ്. അപർണ ബാലമുരളി നായികയാകുന്ന ക്രൈം ത്രില്ലർ ഒക്ടോബർ ഏഴിന് തീയേറ്ററുകളിൽ എത്താനിരിക്കെ ഹരീഷ് ഉത്തമൻ സംസാരിക്കുന്നു.
'ഇനി ഉത്തര'ത്തിൽ എന്താണ് ഹരീഷ് ഉത്തമൻ ചെയ്യുന്ന വേഷം?
ഇളവരസൻ എന്നൊരു കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. സിനിമ ഒരു കുറ്റന്വേഷണമാണ്. അതേ, ഞാൻ വീണ്ടും ഒരു പോലീസുകാരനായി അഭിനയിക്കുന്നു. സത്യത്തിൽ പോലീസ് വേഷം ചെയ്ത് ഞാൻ മടുത്തിരിക്കുകയാണ്. പക്ഷേ, ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ എനിക്ക് താൽപര്യം തോന്നി. ആദ്യം ഞാൻ 'നോ' ആണ് പറഞ്ഞത്. അപ്പോൾ, എന്നോട് കഥ കേട്ടിട്ട് തീരുമാനം എടുക്കണമെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് ഞാൻ കഥ കേൾക്കുന്നത്. എനിക്ക് തോന്നി ഞാൻ വിട്ടുകളയാൻ പാടില്ലാത്ത ഒരു കഥപാത്രമാണിത്. എപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്കിഷ്ടം. നല്ല അടിത്തറയുള്ള, സ്ക്രീനിൽ ഒരുപാട് സമയം കിട്ടുന്ന, കഥയിൽ നിർണായകമായ വേഷങ്ങൾ ചെയ്യണമെന്നതാണ് എന്റെ ആഗ്രഹം. അങ്ങനെയുള്ള വേഷങ്ങൾ കിട്ടുന്നത് വളരെ അപൂർവമാണ്. 'ഇനി ഉത്തര'ത്തിലെത് അതുപോലെ കാമ്പുള്ള കഥാപാത്രമാണ്. പോലീസ് വേഷമായിട്ടും ഞാൻ ഈ വേഷം ഏറ്റെടുത്തതും അതുകൊണ്ടാണ്.
അതായത് ഇളവരസൻ സാധാരണ ഒരു പോലീസ് വേഷമല്ല. പക്ഷേ, കഥയിൽ എത്രമാത്രം സ്വാധീനമുള്ള ഒരു കഥാപാത്രമാണ് ഇത്?
ഒരു സിനിമയിലും നായകകഥാപാത്രം കൊണ്ടുമാത്രം ഒരു കഥ മുന്നോട്ടുപോകില്ല, സപ്പോർട്ടിങ് ക്യാരക്റ്ററുകൾ എന്തായാലും വേണം. 'ഇനി ഉത്തര'ത്തിൽ എന്റെ വേഷം അങ്ങനെയൊരു കഥാപാത്രമാണ്. ഈ കഥാപാത്രത്തെ മാറ്റി നിർത്തിയാൽ ഈ സിനിമയുടെ കഥ ഫലിക്കില്ല. അത്രയും മെയിൻപ്ലോട്ടിനെ സ്വാധീനിക്കുന്ന ഒരു വേഷമാണിത്.
സ്ഥിരമായി പോലീസ് വേഷങ്ങൾ ചെയ്യുന്നത് ഹരീഷിന് മടുപ്പാണെന്ന് ആദ്യമേ തന്നെ പറഞ്ഞല്ലോ. ഒരേ വേഷങ്ങൾ ആവർത്തിക്കുന്നത് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുമെന്ന് പേടിയുണ്ടോ?
പോലീസ് വേഷങ്ങളിൽ ഒതുങ്ങിപ്പോകുമെന്ന് ഉറപ്പായിട്ടും എനിക്ക് പേടിയുണ്ട്. ഈ പേടി ഇപ്പോഴുണ്ടായതല്ല, ഏകദേശം 2018 ഒക്കെ മുതലെ ഞാനിത് തിരിച്ചറിഞ്ഞതാണ്. 2016-17 സമയത്ത് ഒരു വർഷം എനിക്ക് മൂന്ന് പോലീസ് വേഷങ്ങൾ ചെയ്യേണ്ടി വന്നു. മൂന്ന് സിനിമകൾ ഒരേ വർഷം റിലീസ് ആയി. പോലീസ് വേഷം ആണെങ്കിലും കഥാപാത്രങ്ങൾ വ്യത്യസ്തമായിരുന്നു. ഞാൻ ആ വേഷങ്ങൾ ചെയ്യാൻ അതുമാത്രമായിരുന്നു കാരണം. പക്ഷേ, പ്രേക്ഷകർ കാണുന്നത് ഞാൻ വീണ്ടും ഒരു പോലീസ് വേഷം ചെയ്തു എന്ന് മാത്രമാണ്. ആ മൂന്ന് സിനിമകളും റിലീസ് ആയതിന് ശേഷം ഞാൻ ഉറപ്പിച്ചു, ഇനി പോലീസ് വേഷങ്ങൾ ചെയ്യില്ലെന്ന്. 2018ൽ ഞാൻ ഒരു സിനിമ മാത്രമേ ചെയ്തതിനുള്ള കാരണവും ഇത് തന്നെയാണ്.
ഇപ്പോഴും സംഭവിക്കുന്നത് എന്താണെന്ന് വച്ചാൽ ആളുകൾ എന്നെ വിളിക്കും, പോലീസ് വേഷം ഓഫർ ചെയ്യും. അതുകൊണ്ട് ഞാനിപ്പോൾ ഭാഷയെന്താണ് എന്ന് പോലും നോക്കാതെ തന്നെ എനിക്ക് താൽപര്യമില്ലെന്നാണ് പറയുന്നത്. ഇവിടുത്തെ ഒരു പ്രശനം, ഒരു വേഷം ചെയ്ത് അത് ശ്രദ്ധിക്കപ്പെട്ടാൽ പിന്നീട് അതുപോലെയുള്ള വേഷങ്ങൾക്ക് മാത്രമേ ആളുകൾ വിളിക്കൂ. സത്യത്തിൽ ആവർത്തനം ഒരു നടനെ തളർത്തുകയാണ് ചെയ്യുക. ഒരു നടനാകുമ്പോൾ ഒരാളിൽ ഒരുപാട് ക്രിയേറ്റീവിറ്റിക്കുള്ള അവസരങ്ങൾ കൂടെ ഉണ്ടാകും. അത് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ അയാൾ കുടുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകും. അധികം വൈകാതെ അഭിനയം എന്ന ക്രാഫ്റ്റിനോടുള്ള താൽപര്യം നഷ്ടമാകും. അത് ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.
മലയാളത്തിൽ ത്രില്ലറുകൾ പുതുമയല്ല. പക്ഷേ, 'ഇനി ഉത്തരം' ശ്രദ്ധിക്കപ്പെടുന്നത് ഒരു സ്ത്രീ പ്രധാന കഥാപാത്രമാകുന്ന ക്രൈം ത്രില്ലർ എന്നത് കൊണ്ടായിരിക്കും. അപർണ ബാലമുരളിക്കൊപ്പമുള്ള അഭിനയം എങ്ങനെ ഓർക്കുന്നു?
അപർണ ബാലമുരളി ആദ്യമായിട്ടാണ് ഇതുപോലെ ഒരു വേഷം ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അപർണ ഒരു അസാധ്യ നടിയാണ്. ഇപ്പോൾ ഒരു ദേശീയ അവാർഡ് ജേതാവും കൂടെയാണ്. വളരെ നന്നായി അഭിനയിക്കുന്ന ഒരാളാണ് അവർ.
സിനിമയിലേക്ക് വന്നാൽ, ശരിയാണ്, ത്രില്ലർ സിനിമകൾ ഒരുപാടുണ്ട്. 'ഇനി ഉത്തരം' വ്യത്യസ്തമാകുന്നത് അവതരണത്തിലായിരിക്കും. ഈ സിനിമയുടെ പശ്ചാത്തലം, കഥാപാത്രങ്ങൾ എല്ലാം വ്യത്യസ്തമാണ്. മറ്റുള്ള ത്രില്ലറുകൾ പോലെയല്ല, ഈ സിനിമ നേരിട്ട് കഥയിലേക്കാണ് പോകുന്നത്. അനാവശ്യമായ വളവുകളും തിരിവുകളും ഒന്നും കഥപറച്ചിലിൽ ഇല്ല. അടുത്ത നിമിഷം എന്തായിരിക്കും സംഭവിക്കുക എന്ന ആകാംഷ നിലനിർത്തിയാണ് സിനിമ സഞ്ചരിക്കുന്നത്. ട്രെയിലർ റിലീസിന് ശേഷം എനിക്ക് കിട്ടിയ ഒരുപാട് മെസേജുകളിൽ നിന്ന് മനസ്സിലായത് ആളുകളെ സിനിമയോട് കൂടുതൽ അടുക്കാൻ ട്രെയിലർ സഹായിച്ചു എന്നാണ്. അതേ രീതി തന്നെയാണ് സിനിമയുടെ കഥപറച്ചിലിലുമുള്ളത്.
ഹരീഷിന്റെ ശബ്ദം ഒരുപാട് പേർക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലും യൂട്യൂബ് കമന്റ് ബോക്സുകളിലുമെല്ലാം ഹരീഷിന്റെ ശബ്ദത്തിന് ആരാധകരുണ്ട്. ഈ ശബ്ദം സ്വഭാവികമാണോ അതോ സ്വയം മെച്ചപ്പെടുത്തിയതാണോ?
യെസ്! എന്റെ ശബ്ദം ആളുകൾക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാം. എന്റെ ശബ്ദത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഒരു എട്ട് വർഷം മുൻപ് എന്റെ ആദ്യത്തെ സിനിമയിൽപോലും എന്റെ ശബ്ദം വ്യത്യസ്തമായിരുന്നു; ശബ്ദം കൂടുതൽ നന്നായി എന്നാണ് തോന്നിക്കുന്നത്. പക്ഷേ, എന്റെ ശബ്ദം മെച്ചപ്പെടുത്താൻ ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. എന്റെ അച്ഛനും അമ്മയ്ക്കും നന്ദി! എന്ന് മാത്രമല്ലേ എനിക്ക് പറയാൻ പറ്റൂ. ഒരു അനുഗ്രഹം എന്നാണ് ഞാൻ ശബ്ദത്തെക്കുറിച്ച് കരുതുന്നത്. ഞാൻ മറ്റുള്ളവർക്ക് വേണ്ടി ഡബ് ചെയ്യുന്നുണ്ട്. പാ രഞ്ജിത്തിന്റെ 'സർപട്ട പരമ്പരൈ'യിൽ പ്രധാന വില്ലന് ശബ്ദം കൊടുത്തത് ഞാനാണ്.
ഹരീഷ് ദക്ഷിണേന്ത്യയിലെ ഇൻഡസ്ട്രികളിലെല്ലാം സാന്നിധ്യമുള്ള നടനാണ്. ഒരുപാട് ഭാഷകളിൽ അഭിനയിക്കുന്നു. ഏത് ഇൻഡസ്ട്രിയോടാണ് കൂടുതൽ അടുപ്പം? പുതിയ സിനിമകളും പരീക്ഷണങ്ങളും ഏത് ഭാഷയിലാണ് കൂടുതൽ?
ഇന്ത്യയിലെ ഏത് ഭാഷയെടുത്താലും എനിക്ക് തോന്നുന്നത് നല്ല കാമ്പുള്ള ഉള്ളടക്കം മലയാള സിനിമയിലാണ്. എനിക്ക് മലയാളത്തിലെ ഏറ്റവും ഇഷ്ടമുള്ള ഒരുകാര്യം, ഇവിടെ നായകനായി അഭിനയിക്കുന്ന ഒരാൾ മറ്റൊരു സിനിമയിൽ ചെറിയൊരു വേഷം ചെയ്യാനും തയാറാണ് എന്നതാണ്. അത് നല്ല അഭിനയ സാധ്യതയുള്ള വേഷവുമായിരിക്കും. അതിർത്തികൾ സൂക്ഷിക്കാതെ ഒരു സഹകരണത്തിന് ആളുകൾ തയാറാണ്. അത് മറ്റുള്ള സ്ഥലങ്ങളിൽ കാണാൻ പറ്റില്ല. ഇത് മറ്റുള്ള ഇൻഡസ്ട്രികളിലും ഇപ്പോൾ വരുന്നുണ്ട്. ഒരുപാട് തെലുങ്ക് നടന്മാർ ഹിന്ദിയിൽ വേഷങ്ങൾ ചെയ്യുന്നുണ്ട്, തമിഴ് നടന്മാർ തെലുങ്കിൽ പ്രവർത്തിക്കുന്നുണ്ട്... അങ്ങനെ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്.
ബോളിവുഡിലെ സംവിധായകർ, പ്രൊഡ്യുസർമാർ എല്ലാം സത്യത്തിൽ മലയാളം ഇൻഡസ്ട്രിയെ ശ്രദ്ധിക്കുന്നുണ്ട്. ഇവിടുത്തെ കഥ, അഭിനേതാക്കൾ എല്ലാം അവർക്ക് പ്രധാനമാണ്. ഞാൻ തെലുങ്കിൽ സിനിമ ചെയ്യാൻ പോകുമ്പോൾ പോലും ഞാൻ മലയാളം സിനിമയെക്കുറിച്ച് പറയുമ്പോൾ അവർക്ക് വലിയ താൽപര്യമാണ്. ജൂനിയർ എൻ.ടി.ആർ-നെ പോലെ അവിടുത്തെ ഏറ്റവും വലിയ നടന്മാർ വരെ മലയാളത്തിൽ ഏതെല്ലാം സിനിമകൾ ഇറങ്ങുന്നുണ്ട് എന്ന് ശ്രദ്ധിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും പരീക്ഷണങ്ങളില്ല എന്നല്ല ഞാൻ പറയുന്നത്. പക്ഷേ, മലയാളത്തിൽ എടുക്കുന്ന സിനിമകളുടെ ഉള്ളടക്കവുമായി താരതമ്യം ചെയ്താൽ മറ്റുള്ള ഭാഷകളിൽ പരീക്ഷണങ്ങൾ സിനിമകൾ കുറവാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഹരീഷ് സിനിമക്ക് പുറമെ ഒരുപാട് പ്ലാറ്റ്ഫോമുകളിൽ സജീവമാണല്ലോ? ഒരു വെബ്സീരിസിൽ അഭിനയിച്ചു, യൂട്യൂബിൽ ഷോർട്ട് ഫിലിമുകളുടെ ഭാഗമായിട്ടുണ്ട്; ഇങ്ങനെ തന്നെയാണോ ഹരീഷ് ഇനിയും മുന്നോട്ടുപോകുക?
സിനിമയോട് യാതൊരു ബന്ധവും ഇല്ലാത്ത ആളായിരുന്നു ഞാൻ. പക്ഷേ, സിനിമാലോകത്ത് എത്തി അതിനകത്ത് നിന്ന് നോക്കുമ്പോൾ ഇതൊരു സന്തോഷമുള്ള, സംതൃപ്തിയുള്ള ക്രാഫ്റ്റും ഇൻഡസ്ട്രിയുമാണ്. ഷോർട്ട് ഫിലിം ആയാലും ഫീച്ചർ ഫിലിം ആയാലും അതൊരു അവസരം എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എനിക്ക് ഒരുപാട് താൽപര്യം തോന്നിയത് കൊണ്ടാണ് ഞാൻ ഷോർട്ട് ഫിലിം ചെയ്തത്. ഞാൻ ഫ്രീയാണ്, അതുകൊണ്ട് ഒരു ഷോർട്ട് ഫിലിം ചെയ്യാം എന്ന് കരുതി ചെയ്തതല്ല. വെബ് സീരിസും സിനിമയും എല്ലാം ഒരുപോലെയാണ്. എല്ലാത്തിൽ നിന്നും എനിക്ക് കിട്ടുന്ന എക്സ്പീരിയൻസ് ഒരുപോലെയാണ്. അങ്ങനെയാണ് ഞാനതിനെ കാണുന്നത്.