Asianet News MalayalamAsianet News Malayalam

കൂടത്തായി കൊലപാതകം: മത്സരങ്ങൾക്ക് വേണ്ടിയുള്ള ഒരു സിനിമ അല്ലെന്ന് ഡിനി ഡാനിയല്‍

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പ്രമേയമായി സിനിമയുമായി ഡിനി ഡാനിയല്‍.

Dini daniel speaks about her film
Author
Kochi, First Published Oct 10, 2019, 5:22 PM IST

കൂടത്തായി കൊലപാതക  പരമ്പര സിനിമക്കഥകളു പോലെയാണെന്നായിരിക്കും വാര്‍ത്തകള്‍ കണ്ടവര്‍ പറഞ്ഞത്. സംഭവം സിനിമയാകുന്നുവെന്നും മോഹൻലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായിഅഭിനയിക്കുന്നുവെന്നും വാര്‍ത്ത വന്നു. കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്‍പദമാക്കിയാണ് സിനിമ. എന്നാല്‍ കൂടത്തായ് എന്നൊരു സിനിമയുമായി എത്തുന്നുവെന്ന് നടി ഡിനി ഡാനിയലും പറഞ്ഞിരുന്നു. പോസ്റ്ററും പുറത്തുവിട്ടു. മോഹൻലാല്‍ സിനിമ കൂടി വരുമ്പോള്‍ എന്തു ചെയ്യും എന്ന് ചോദിച്ച് ഡിനി ഡാനിയല്‍ രംഗത്ത് എത്തിയിരുന്നു. എന്തായാലും സിനിമയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നാണ് ഡിനി ഡാനിയല്‍ പറയുന്നത്. കൂടത്തായി യാതൊരു മത്സരങ്ങൾക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുൻവിധികൾക്കു വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണാൻ അപേക്ഷയെന്നും ഡിനി ഡാനിയല്‍ പറയുന്നു.

ഡിനി ഡാനിയലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിൽ 1966 ഇലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്‍പദമാക്കിയും രണ്ട് സിനിമകൾ ഉണ്ടാക്കപ്പെട്ടു .

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വഴിവക്കിൽ മറിയക്കുട്ടി എന്ന വിധവയുടെ ജഡം കണ്ടത് പിന്നീട് രണ്ടു സിനിമകൾക്ക് ആധാരമായി. ഒരേ സമയം വാശിയോടെ വന്ന സിനിമകളുടെ നിർമ്മാണ രംഗത്തു നിന്ന് രണ്ട് ബാനറുകളും തുടക്കം മുതലേ പിൻമാറിയില്ല. 1967 ൽ ജൂൺ മാസത്തിൽ തന്നെ രണ്ടു ചിത്രങ്ങളും റിലീസായിരുന്നു.
എക്സൽ പ്രൊസക്ഷന്റെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്‍ത  "മൈനത്തരുവി കൊലക്കേസി" ൽ ഷീലയും സത്യനുമായിരുന്നു അഭിനയിച്ചത്. തോമസ് പിക്ചേഴ്‍സിന്റെ ബാനറിൽ പി എ തോമസ് സംവിധാനം ചെയ്‍ത മാടത്തരുവി കൊലക്കേസിൽ കെ പി ഉമ്മർ, ഉഷാകുമാരി എന്നിവർ വേഷമിട്ടു.

ഈ കേസിൽ 1967 ആദ്യം പള്ളിവികാരിയെ വധശിക്ഷയ്ക്ക് വിധിച്ച കീഴ്ക്കോടതിയുടെ ഉത്തരവിനെതിരെ കാതോലിക്കാസഭ കേസ് ഏറ്റെടുത്തു 1967ൽ തന്നെ ഹൈക്കോടതിയിൽ നിന്നും വിടുതൽ ചെയ്‍തു വാങ്ങി. 34 കൊല്ലങ്ങൾക്കു ശേഷം 2000 ആണ്ടിൽ പ്രസ്‍തുത വൈദികൻ കുറ്റക്കാരനല്ല എന്ന് പിന്നീടുണ്ടായ അന്വേഷണത്തിലൂടെ തെളിഞ്ഞു . കുമ്പസാര രഹസ്യമായ യഥാർത്ഥ കൊലയാളിയുടെ വിവരം കോടതിക്ക് കൈമാറാൻ തയ്യാറാകാതെ ശിക്ഷ ഏറ്റുവാങ്ങാൻ മടി കാട്ടാതിരുന്ന വികാരി ഒടുവിൽ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞത് പിൽക്കാലത്തും വൻ വാർത്തയായിരുന്നു. ഇതിനോടനുബന്ധിച്ചു ഒരേ സമയം ഇറങ്ങിയ സിനിമകൾ രണ്ടും അക്കാലത്തു വൻ വിജയമായിരുന്നു താനും .

കൂടത്തായി യാതൊരു മത്സരങ്ങൾക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുൻവിധികൾക്കു വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണാൻ അപേക്ഷ .


റോണെക്സ് ഫിലിപ്പ് ആണ് ഡിനി നായികയാകുന്ന സിനിമ സംവിധാനം ചെയ്യാനിരുന്നത് എന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. വിജീഷ് തുണ്ടത്തിലാണ് തിരക്കഥാകൃത്ത്.

Follow Us:
Download App:
  • android
  • ios