ഇത് ചതി, ഐഎഫ്എഫ്കെയിലേക്ക് അയച്ച സിനിമ കാണാതെ ഒഴിവാക്കിയെന്ന് സംവിധായകൻ
'പ്രതിഷേധിച്ചവരെ പട്ടികൾ എന്ന് വിളിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ്. ആ ചെയർമാൻ ഇപ്പോഴും ആ സ്ഥാനത്ത്
തന്നെ ഉണ്ട്', എന്നും സംവിധായകന്‍.
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് അയച്ച 'എറാൻ' എന്ന സിനിമ കാണാതെ ജൂറി ഒഴിവാക്കി എന്ന് സംവിധായകൻ ഷിജു ബാലഗോപാലൻ. സിനിമകൾ കാണാതെ ഒഴിവാക്കുന്നത് ഗുരുതരമായ പിഴവാണെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി. സിനിമ അക്കാദമി കണ്ടിട്ടില്ലെന്നതിന്റെ തെളിവുകളും ഷിജു പുറത്തുവിട്ടു.
വിഷയത്തെ കുറിച്ച് ഷിജു ബാലഗോപാലൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിച്ചത് ഇങ്ങനെ, "ഇത് എന്റെ മാത്രം പ്രശ്നമല്ല. കാണാതെയാണ് സിനിമകൾ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കുന്നത് എന്ന ആരോപണങ്ങൾ കാലാകാലങ്ങളായി അക്കാദമിക്ക് എതിരെ ഉയരുന്നതാണ്. ഞാൻ ആദ്യമായാണ് ഒരു സിനിമ ഫെസ്റ്റിവലിലേക്ക് അയക്കുന്നത്. സെപ്റ്റംബർ 10ന് ആണ് ഐഎഫ്എഫ്കെയിൽ പ്രദർശനത്തിന് പരിഗണിക്കുന്നതിനുള്ള എല്ലാ ചട്ടങ്ങളും പാലിച്ച് ഫില്‍ ചെയ്ത അപേക്ഷയോടോപ്പം Vimeoൽ അപ് ലോഡ് ചെയ്ത ലിങ്ക് ഉൾപ്പടെ അയച്ചത്. അന്ന് മുതൽ ഒക്ടോബർ 15വരെയുള്ള അനലിറ്റിക്സ് പരിശോധിച്ചപ്പോൾ, മറ്റ് ഫെസ്റ്റിവലിലൊക്കെ സിനിമ കണ്ടതായി കാണുന്നുണ്ട്. പക്ഷേ തിരുവനന്തപുരത്ത് നിന്നുള്ള വാച്ച് ടൈം സീറോ ആണ്. വ്യു എന്ന് പറഞ്ഞ് ഒന്നും ഇംമ്പ്രക്ഷൻ രണ്ടും എന്ന് കാണിക്കുന്നുണ്ട്. അപ്പോൾ തന്നെ എനിക്ക് മനസിലായി എറാൻ അവർ കണ്ടിട്ടില്ലെന്ന്. കണ്ടിരുന്നെങ്കിൽ ഒരുമിനിറ്റ് എന്ന് കാണിക്കേണ്ടതാണ്. Vimeoൽ വേറൊരു വീഡിയോ അപ്ലോഡ് ചെയ്ത് കണ്ടുനോക്കിയ ശേഷം പിറ്റേന്ന് വാച്ച് ടൈം കാണിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒക്ടോബർ 17ന് മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തു. അപ്പോൾ തന്നെ പരാതി സാംസ്കാരിക വകുപ്പിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മെയിലും വന്നു. പക്ഷേ ഇതുവരെയും ഒരു മറുപടിയും കിട്ടിയിട്ടില്ല. ശേഷം ഞാൻ VIMEO TECHNICAL SUPPORT ടീമുമായി ബന്ധപ്പെടുകയും വീഡിയോ പ്ലേ ചെയ്തിട്ടില്ലെന്ന കാര്യം അവർ ശരിവയ്ക്കുക ആയിരുന്നു", എന്ന് ഷിജു ബാലഗോപാലൻ പറയുന്നു. തന്റെ സിനിമ ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കാത്തതിലുള്ള പരാതി പറച്ചിൽ അല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഗൂഗിൾ ഡ്രൈവിലൊക്കെ ഒത്തിരി പേർ സിനിമകൾ അയച്ചിട്ടുണ്ടെന്നും അവയൊക്കെ കണ്ടതിന് ഒരു തെളിവ് പോലും ഇല്ലെന്നും ഷിജു ബാലഗോപാലൻ പറയുന്നു. പരാതി ആയി പോയി കഴിഞ്ഞാൽ, അടുത്ത തവണ നിങ്ങൾ സിനിമ അയക്കുമ്പോൾ സ്വീകരിക്കാൻ തയ്യാറാകില്ല. അങ്ങനെ അനുഭവങ്ങൾ ഉണ്ടെന്നും ചിലർ പറഞ്ഞു. പിന്നെ കരുതി നമ്മൾ ഇങ്ങനെ പേടിച്ച് എത്രകാലം ജീവിക്കും. അടുത്ത വർഷം സിനിമയുണ്ടോ, അടുത്ത ദിവസം ജീവിക്കുമോ എന്നു പോലും അറിയാത്ത കാര്യമാണ്. അതുകൊണ്ട് ഒന്നും മറച്ചുവയ്ക്കണ്ടെന്ന് കരുതിയാണ് പോസ്റ്റിട്ടതെന്നും സംവിധായകൻ വ്യക്തമാക്കി. തെളിവുകൾ സഹിതം ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ല. അതാണ് അധികാരികളുടെ ധൈര്യം എന്നും അദ്ദേഹം പറയുന്നു.
ജീവിതവിജയം നേടിയവരെല്ലാം 'ഒറ്റ'യാന്‍മാരായിരുന്നു; ആദ്യ സംവിധാനത്തെ കുറിച്ച് റസൂല്‍ പൂക്കുട്ടി
എന്തുകൊണ്ടാണ് അക്കാദമിക്കാർ സിനിമകൾ കാണാതെ പോകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതിന് പിന്നിലെ ചേതോവിഹാരം എന്താണെന്ന് അറിയില്ല. ആളുകൾക്ക് അത്ര പരിചയം ഇല്ലാത്ത ആളാണ് ഞാൻ. അതുകൊണ്ടാകാം സിനിമ കാണണ്ടെന്ന് അവർ തീരുമാനിച്ചത്. അഞ്ചും പത്തും ഒരുക്കിവച്ച് സിനിമ ചെയ്യുന്ന ഒരുപാട് പേരുണ്ട്. അവരുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഐഎഫ്എഫ്കെ. ആകെ ഉള്ളൊരു വേദി അതാണ്. അങ്ങനെ കഷ്ടപ്പെട്ട് സിനിമ ഒരുക്കിയ മനുഷ്യനാണ് ഞാൻ. ഇത്തരം സൃഷ്ടികൾ കാണാതിരിക്കുന്നത് ചതിയാണ്. എന്തിന് ചലച്ചിത്ര അക്കാദമി രൂപീകരിച്ചു എന്ന് ചോദിക്കേണ്ടി വരുമെന്നും ഷിജു ബാലഗോപാലൻ പറയുന്നു.
പ്രതിഷേധിച്ചവരെ പട്ടികൾ എന്ന് വിളിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ്. ആ ചെയർമാൻ ഇപ്പോഴും ആ സ്ഥാനത്ത്
തന്നെ ഉണ്ട്. ഇവിടെ ഇങ്ങനെ ഒക്കെ മതി. ആരും പ്രതികരിക്കാൻ വരില്ലെന്ന ധൈര്യമാണ്. പിടിപാടൊന്നും ഇല്ലാത്ത മനുഷ്യരെ സംബന്ധിച്ച് എല്ലാം കഷ്ടപ്പാടാണെന്നും ഷിജു ബാലഗോപാലൻ കൂട്ടിച്ചേർത്തു. ഈ അനീതി ആവർത്തിക്കരുത് എന്നതാണ് തന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഷിജു ബാലഗോപാലനെ പിന്തുണച്ച് കൊണ്ട് പ്രതാപ് ജോസഫ് അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..