Asianet News MalayalamAsianet News Malayalam

ഷെയ്‍ൻ നിഗത്തിന്റെ സിനിമ കേരളത്തില്‍ ഓടിക്കില്ലെന്ന് പറഞ്ഞു, ജോബി ജോര്‍ജ്ജ് തട്ടിപ്പുകാരനെന്നും മഹാസുബൈര്‍

തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്പാദിച്ച് സിനിമ നിർമിക്കുമ്പോൾ അതിൽ ഒത്തിരി പേരുടെ കണ്ണുനീർ ഉണ്ടെന്നത് ഓര്‍ക്കണമെന്ന് ജോബി ജോര്‍ജ്ജിനോട് മഹാസുബൈര്‍.

Mahasubair comes against Joby george
Author
Kochi, First Published Oct 19, 2019, 12:44 PM IST

ജോബി ജോര്‍ജ്ജ് തനിക്ക് എതിരെ വധ ഭീഷണി നടത്തിയെന്ന് ആരോപിച്ച് നയൻ ഷെയ്‍ൻ നിഗം രംഗത്ത് എത്തിയിരുന്നു. തന്നെ ജീവിക്കാൻ വിടില്ലെന്ന് ജോബി ജോര്‍ജ്ജ് പറഞ്ഞെന്നായിരുന്നു ഷെയ്ൻ നിഗം പറഞ്ഞത്. താനുമുണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ് ചെയ്‍തതെന്നും സിനിമയുടെ കണ്ടിന്യൂറ്റി നഷ്‍ട്‍മായെന്നും വ്യക്തമാക്കി ഷെയ്ൻ നിഗത്തിന്റെ ആരോപണം നിഷേധിച്ച് ജോബി ജോര്‍ജ്ജ് രംഗത്ത് എത്തി. ഇപ്പോഴിതാ ജോബി ജോര്‍ജ്ജിനെതിരെ മഹാസുബൈറും രംഗത്ത് എത്തിയിരിക്കുകയാണ്.

ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന സിനിമയിലെ നായകനാണ് ഷെയ്‍ൻ നിഗം. മഹാസുബൈര്‍ നിര്‍മ്മിക്കുന്ന കുര്‍ബാനിയിലും ഷെയ്ൻ നിഗമാണ് നായകൻ. വെയില്‍ എന്ന സിനിമയ്‍ക്ക് വേണ്ട ഹെയര്‍ സ്റ്റൈല്‍ ഷെയ്ൻ കുര്‍ബാനിയില്‍ അഭിനയിക്കുന്നതിനിടെ മാറ്റിയെന്നായിരുന്നു ജോബി ജോര്‍ജ്ജ് പറഞ്ഞത്. തെറ്റിദ്ധാരണയുടെ പേരില്‍ തനിക്ക് എതിരെ ജോബി ജോര്‍ജ്ജ് വധഭീഷണി നടത്തുകയാണെന്നാണ് ഷെയ്‍ൻ നിഗം പറഞ്ഞത്. മഹാസുബൈറിനെതിരെയും ജോബി ജോര്‍ജ്ജ് മോശമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.  ഷെയ്‍ൻ നിഗം നായകനായി ഞാൻ നിര്‍മ്മിക്കുന്ന സിനിമ കേരളത്തില്‍ ഓടിക്കില്ല എന്നാണ് ജോബി ജോര്‍ജ്ജ് ഭീഷണി മുഴക്കിയത് എന്നാണ് മഹാസുബൈര്‍ വര്‍ണചിത്ര ബാനറിന്റെ സാമൂഹ്യമാധ്യമത്തില്‍ പറയുന്നത്.

മഹാസുബൈറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ,
ഞാൻ മഹാസുബൈർ

കഴിഞ്ഞ ദിവസങ്ങളില്‍ ഷെയ്‍ൻ നിഗവും ജോബിജോർജ് നിർമ്മാതാവും തമ്മിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‍നങ്ങളെ കുറിച്ച് അദ്ദേഹത്തിനോട് ഞാൻ സംസാരിച്ചപ്പോൾ വളരെ മോശമായ രീതിയിലാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത്. എന്നെപ്പോലെ തന്നെ ഒരു നിർമ്മാതാവാണ് ജോബി ജോർജ്ജ്. ഞാനുമായി അദ്ദേഹം നടത്തിയ സംഭാഷണം എല്ലാവരും കേട്ടിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് കിട്ടിയ മറുപടി ഷെയ്‍ൻ നിഗം നായകനായി ഞാൻ പുതിയതായി നിർമ്മിക്കുന്ന കുർബാനി എന്ന ചിത്രം കേരളത്തിൽ ഓടിക്കില്ല നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയിൽ ആണ് എന്റെ സഹപ്രവർത്തകൻ സംസാരിച്ചത്. അദ്ദേഹം ഇക്കാലയളവിൽ ഉണ്ടാക്കിവെച്ച സാമ്പത്തിക തട്ടിപ്പുകളുടെ കഥ പത്ര ദൃശ്യമാധ്യമങ്ങൾ വന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.

സാമ്പത്തികമായ ഒരുപാട് തട്ടിപ്പുകൾ നടത്തി എല്ലാ രീതിയിലുള്ള പ്രശ്‍നങ്ങൾ ഉണ്ടാക്കിയ ഒരു ആളാണ്  ജോബി ജോർജ്ജ്. ഞാൻ മലയാള സിനിമയിൽ വന്നിട്ട് 20 വർഷത്തിനു മുകളിലായി മലയാളത്തിൽ കഷ്‍ടപ്പെട്ട് ഒരുപാട് സിനിമകൾ നിർമിച്ചിട്ടുണ്ട് മനസിനക്കരെ, പാലേരിമാണിക്യം തുടങ്ങി നിരവധി സിനിമകൾ വർണചിത്രയുടെ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ ജീവിത മാർഗം സിനിമ തന്നെയാണ് ഒരുപാട് കഷ്‍ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാൻ ഒരു സിനിമ എടുക്കുന്നത് എന്റെ സഹപ്രവർത്തകനായ ജോബി ജോർജ്ജ് സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലൻസ് ഒന്നുമില്ലാത്ത ഒരു സാധാരണ നിർമാതാവാണ് ഞാൻ. സിനിമയിൽ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ അതിനെ അതിൻറെ രീതിക്ക് സംസാരിച്ചു പ്രശ്‍നങ്ങൾ തീർത്ത് സന്തോഷത്തോടെ പോകണം എന്നാണ് എന്റെ രീതി. ഈ കുറിപ്പ് എഴുതാൻ കാരണമായത് എന്നെ സ്നേഹിക്കുന്ന, സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂ.... തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്പാദിച്ച് സിനിമ നിർമിക്കുമ്പോൾ ഒരുകാര്യം ഓർക്കണം അതിൽ ഒത്തിരി പേരുടെ കണ്ണുനീർ ഉണ്ടെന്ന്. അത് മറച്ചുവെക്കാൻ വാർത്താസമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ജോബി ജോർജ്ജിന്റെ പഴയ തട്ടിപ്പിന്റെ കഥ ഈ
കുറി പ്പിനോടൊപ്പം ഞാൻ ചേർക്കുന്നു സിനിമയുടെ പരാജയവും വിജയവും തീരുമാനിക്കുന്നത് പ്രേക്ഷകർ തന്നെയാണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് സ്നേഹത്തോടെ ഈ കുറിപ്പ് സമർപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios