Asianet News MalayalamAsianet News Malayalam

ഭീകരരോട് സിംപതി പ്രചരിപ്പിക്കുന്നു: ദി ഫാമിലി മാൻ സീരീസിനെതിരെ ആർഎസ്എസ് മാസിക

മനോജ് ബാജ്‌പേയി മുഖ്യവേഷം അവതരിപ്പിക്കുന്ന ആമസോൺ പ്രൈമിലെ ദി ഫാമിലി മാൻ എന്ന സീരീസിനെതിരെയാണ് ആർഎസ്എസ് മാസിക പാഞ്ചജന്യ വിമർശനം ഉന്നയിച്ചിരിക്കുന്നത്

Manoj Bajpayee The Family Man creates sympathy for terrorists accuses RSS magazine Amazon prime
Author
New Delhi, First Published Sep 29, 2019, 11:20 AM IST

ദില്ലി: ബോളിവുഡ് നടൻ മനോജ് ബാജ്‌പേയി മുഖ്യവേഷത്തിൽ എത്തുന്ന ദി ഫാമിലി മാൻ എന്ന ആമസോൺ പ്രൈം സീരീസിനെതിരെ ആർഎസ്എസ് മാസിക പാഞ്ചജന്യ. സീരീസിലെ ചില സീനുകളെ എടുത്തുകാട്ടിയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. സിനിമകൾക്കും ടിവി പ്രോഗ്രാമുകൾക്കും ശേഷം വെബ് സീരീസാണ് ഇപ്പോൾ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതെന്ന് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

അഫ്സ്പ പോലുള്ള നിയമങ്ങൾ ഉപയോഗിച്ച് കശ്മീർ ജനതയെ അടിച്ചമർത്തുകയാണ് ചെയ്യുന്നതെന്ന് സീരീസിലെ എൻഐഎ ഉദ്യോഗസ്ഥയായ യുവതി പറയുന്നുണ്ടെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. "ജമ്മു കശ്മീരിൽ ഭീകരരും ഭരണകൂട സംവിധാനങ്ങളും ചെയ്യുന്നതിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന്, സ്വയം ബാധിക്കപ്പെട്ടത് പോലെ, ഈ സ്ത്രീ തന്റെ പുരുഷനായ സഹപ്രവർത്തകനോട് കഥയിലെ ഒരു സന്ദർഭത്തിൽ ചോദിക്കുന്നുണ്ട്," ലേഖനത്തിൽ പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

സമീപ വർഷങ്ങളിൽ രാജ്യവിരുദ്ധവും, ഹിന്ദു വിരുദ്ധവുമായ ഉള്ളടക്കം പ്രചരിപ്പിക്കാൻ ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിംഗ് മീഡിയ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന് ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ഹിന്ദുത്വത്തിനെതിരായുള്ളതാണ് സേക്രഡ് ഗെയിംസ്, ഘോൾ എന്നീ വെബ് സീരീസുകളെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

എന്തുകൊണ്ടാണ് ഭീകരർ തോക്കെടുക്കുന്നതെന്ന ദി ഫാമിലി മാനിലെ വിവരണം ഭീകരരോട് സിംപതി പരത്തുന്നതാണെന്നും, അതിലൂടെ രാജ്യത്തെ യുവാക്കൾ ഭീകരവാദികളാകുന്നതിനെ ഫാഷൻ ആയി കാട്ടുന്നുവെന്നും ലേഖനത്തിൽ വിമർശിക്കുന്നു. ഈ വെബ് സീരീസുകൾ പ്രചരിപ്പിക്കുന്നത് രാജ്യത്തെ ഇടതുപക്ഷക്കാരും കോൺഗ്രസ് അനുഭാവമുള്ള പ്രൊഡ്യൂസർമാരുമാണെന്നും രാജ്യവിരുദ്ധ-ഹിന്ദു വിരുദ്ധമായ വിവരണത്തിന് നിയമപ്രാബല്യം കിട്ടാൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

Follow Us:
Download App:
  • android
  • ios