Asianet News MalayalamAsianet News Malayalam

മോഹന്‍ലാലിന് മാരുതിക്കാറും പ്രിയദര്‍ശന് അംബാസിഡര്‍ കാറും സമ്മാനിച്ച പികെആര്‍ പിള്ളയുടെ കഥ!

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ പികെആര്‍ പിള്ളയുടെ കഥ

 

PKR Pilla film story
Author
Kochi, First Published Mar 23, 2019, 3:29 PM IST

തൃശൂര്‍- പാലക്കാട് ഹൈവേയില്‍, പട്ടിക്കാട്ടുനിന്ന് പീച്ചി ഡാമിലേക്ക് ഒരു ക്രോസ് റോഡുണ്ട്. അവിടെ കമ്പനിപ്പടി ജംഗ്ഷനില്‍നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് ഒരു കിലോമീറ്ററോളം മുന്നോട്ടുപോകുമ്പോള്‍ ഇടതുവശത്തായി ഒരു ഇരുനില കെട്ടിടം കാണാം. ഗേറ്റിന് മുന്‍വശത്തെ ഗ്രാനൈറ്റില്‍ ഗൃഹനാഥന്‍റെ പേരും വീട്ടുപേരും കൊത്തിവച്ചിരിക്കുന്നു. പികെആര്‍ പിള്ള. സായ്നിവാസ്.

ഒരു കാലത്ത് മലയാളസിനിമയിലെ നിറകുടമായിരുന്ന നിര്‍മ്മാതാവാണ് പികെആര്‍ പിള്ളയും അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ ഷിര്‍ദ്ദിസായി ക്രിയേഷന്‍സും.  ആ ബാനറില്‍ ഓര്‍ക്കാന്‍ മലയാളിക്ക് ഒരൊറ്റ സിനിമ മാത്രം മതി- ചിത്രം. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു തിയേറ്ററില്‍ 365 ദിവസം പ്രദര്‍ശനം നടത്തിയ ചിത്രം. അക്കാലത്ത് അഞ്ച് കോടിയിലേറെ ലാഭം കൊയ്ത ചിത്രം. ആ ബാനറില്‍ അനവധി ചിത്രങ്ങള്‍ പിന്നെയും പുറത്തിറങ്ങി. വന്ദനവും അമൃതം ഗമയയും അര്‍ഹതയും അഹവും ഏയ് ഓട്ടോയും കിഴക്കുണരും പക്ഷിയും ഊമപ്പെണ്ണിന് ഉരിയാടാ പയ്യനുമൊക്കെ അതില്‍ ചിലതുമാത്രം. അതിന്‍റെ നിര്‍മ്മാണസാരഥിയാണ്  പരിചപറമ്പില്‍ കുഞ്ഞന്‍പിള്ള രാമചന്ദ്രന്‍പിള്ള എന്ന പികെആര്‍ പിള്ള.PKR Pilla film story

ചുമരില്‍ ഗ്രാനൈറ്റ് പതിച്ച ആ വീട്ടിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് പികെആര്‍ പിള്ളയുടെ പത്നി രമാ ആര്‍ പിള്ളയായിരുന്നു. ഞങ്ങള്‍ വരുന്ന ദിവസം രമയെ കാലേക്കൂട്ടി അറിയിച്ചിരുന്നു.

രമ ആ കുടുംബത്തിന്‍റെ ഇപ്പോഴത്തെ കഥ പറഞ്ഞു. കണ്ണീരുണങ്ങാത്ത കഥ.

ആ ജീവിതം പറയുന്നതിനിടയില്‍ രമ പലതവണ പൊട്ടിക്കരഞ്ഞു.

'എന്താ മോളെ അവിടെ ഒരു ബഹളം.'

മുകളിലത്തെ നിലയില്‍ നിന്ന് ആ പരിചിതശബ്‍ദം ഉയര്‍ന്നു.

രമയുടെ അനുമതിയോടെ ഞങ്ങള്‍ മുകളിലേയ്ക്ക് കയറിപ്പോയി.

സാമാന്യം വലിപ്പമുള്ള മുറി. വിന്‍ഡോ എസിയുണ്ടായിരുന്നെങ്കിലും അത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. കട്ടിലില്‍ കമ്പിളി പുതച്ച് പികെആര്‍ പിള്ള കിടക്കുന്നു. ഞങ്ങളെ കണ്ടപ്പോള്‍ പിടഞ്ഞെണീറ്റു.

'ആരാ നിങ്ങളൊക്കെ?'

പരിചയപ്പെടുത്തിയപ്പോള്‍ എനിക്കറിയാം, എന്നെക്കുറിച്ച് എഴുതിയിട്ടുള്ളവരല്ലേ എന്നുപറഞ്ഞു.

'എന്തിനാ ഇപ്പോള്‍ വന്നേ?' എന്നായിരുന്നു അടുത്ത ചോദ്യം.

വെറുതെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു. പിന്നീടുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തോടായി. ഒന്നിനും കൃത്യമായ ഉത്തരങ്ങളില്ല. ഓര്‍മ്മകള്‍ പിഞ്ചിത്തൂങ്ങി തുടങ്ങിയിരിക്കുന്നു.

ഫോട്ടോയെടുക്കണമെന്ന് പറഞ്ഞപ്പോള്‍ ടൗവ്വലെടുത്ത് മുഖം തുടച്ചു. പിന്നെ നിലക്കണ്ണാടിക്ക് മുമ്പില്‍ പോയി മുടി ചീകിയൊതുക്കി.

ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നതിനിടെ ചോദിച്ചു.

'മോഹന്‍ലാലിനെ അറിയുമോ?'

'അറിയാം. എന്‍റെ സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. നല്ല മോനാ. അവനെ ദൈവം അനുഗ്രഹിക്കട്ടെ.'

പുതിയ സിനിമയൊക്കെ ചെയ്യണ്ടേ?

'ഇനിയോ... ഞാനോ...' മുഖം താഴ്ത്തി അദ്ദേഹം ഇരുന്നു.

'നമുക്കൊരുമിച്ച് സിനിമ ചെയ്യണം. ചേട്ടന്‍ കൂടെയുണ്ടായാല്‍ മതി.'

ഞങ്ങളോടൊപ്പമുണ്ടായിരുന്ന രാധാമോഹനാണ് അത് പറഞ്ഞത്. മോഹന്‍, പികെആര്‍. പിള്ളയുടെ ബന്ധു കൂടിയാണ്. അനവധി ഷിര്‍ദ്ദിസായി ചിത്രങ്ങളുടെ കാര്യനിര്‍വ്വാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സിഐഎസ്എഫിലെ ഇന്‍സ്പെക്ടറാണ്.

'മോന്‍ ചെയ്തോളൂ.  ദൈവം നിങ്ങളെ അനുഗ്രഹിക്കും.'

പികെആര്‍ പിള്ള ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ ഫലിക്കുമെന്നൊരു  വിശ്വാസം സിനിമാക്കാര്‍ക്കിടയിലുണ്ടായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല, സംസാരത്തിലുടനീളം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന വാചകം  അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

ഇനിയൊരുപക്ഷേ ഓര്‍മ്മകള്‍ മാഞ്ഞുതുടങ്ങിയ ആ ജീവിതത്തിലെ സാന്ത്വനരേണുക്കളാകാം ആ വാക്കുകള്‍....

മൂന്നരപതിറ്റാണ്ടിനപ്പുറം ബോംബെ വ്യവസായ സാമ്രാജ്യത്തിലെ സ്വര്‍ണ്ണനാമധേയങ്ങളിലൊന്നായിരുന്നു പികെആര്‍ പിള്ളയുടേത്. അക്കാലത്ത് വിദേശരാജ്യങ്ങളില്‍നിന്ന് ടിന്‍ ഷീറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സുണ്ടായിരുന്ന അപൂര്‍വ്വം വ്യവസായ ഉടമ. സമ്പന്നതയില്‍ അഭിരമിക്കുമ്പോഴും കടുത്ത ഷിര്‍ദ്ദി ഭക്തനായിരുന്നു.

ജന്മദേശമായ കൂത്താട്ടുകുളത്ത് അദ്ദേഹം ഒരു കൊട്ടാരം തന്നെ പണിതു. അക്കാലത്ത് 12 മുറികളുള്ള ഒരു കൂറ്റന്‍ ബംഗ്ലാവ്. തൊട്ടടുത്തായി വെണ്ണക്കല്‍ പ്രതിമയില്‍ തീര്‍ത്ത ഷിര്‍ദ്ദി ക്ഷേത്രം. ക്ഷേത്രത്തോട് ചേര്‍ന്ന് മനോഹരമായ ഓഡിറ്റോറിയം.

സിനിമയില്‍ അരങ്ങേറ്റം തുടങ്ങിയത് 1984 ലാണ്. വെപ്രാളം എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. അതിലെ നായകവേഷം ചെയ്തതും പി.കെ.ആര്‍. പിള്ളയായിരുന്നു. പക്ഷേ ഷിര്‍ദ്ദിസായി ഫിലിംസിന്‍റെ തലവര മാറ്റിക്കുറിച്ചത് 'ചിത്ര'മെന്ന സിനിമയാണ്.

ആ സിനിമയുടെ നൂറാം ദിവസം ആഘോഷിക്കുന്ന വേളയില്‍ ചിത്രത്തിലെ നായകനായ മോഹന്‍ലാലിന് ഒരു പുതുപുത്തന്‍ മാരുതിക്കാര്‍ വാങ്ങികൊടുത്തുകൊണ്ടാണ് പികെആര്‍ പിള്ള തന്‍റെ സന്തോഷം പങ്കിട്ടത്. അതുകൊണ്ടും തൃപ്തി വരാഞ്ഞിട്ട് പത്ത് പവന്‍റെ സ്വര്‍ണ്ണ കീചെയിന്‍ കൂടി അദ്ദേഹം  ലാലിന് പണിത് സമ്മാനിച്ചു.

PKR Pilla film story

സംവിധായകന്‍ പ്രിയദര്‍ശന് അദ്ദേഹമൊരു അംബാസിഡര്‍ കാറാണ് നല്‍കിയത്. നായികയായ രഞ്ജിനിക്ക് അന്നത്തെ കാലത്ത് 75000 രൂപയോളം വില വരുന്ന ടിവിയും വിസിആറുമാണ് സമ്മാനിച്ചത്.

മനസ്സ് നിറഞ്ഞ് മറ്റുള്ളവരെ സഹായിച്ചിരുന്ന പികെആര്‍ പിള്ളയുടെ ഈ ദൗര്‍ബ്ബല്യമാണ് അദ്ദേഹത്തിന് പില്‍ക്കാലത്ത് വിനയായി തീര്‍ന്നതും. കള്ള സൗഹൃദങ്ങളുമായി അടുത്തുകൂടിയവരെല്ലാം അദ്ദേഹത്തെ സമര്‍ത്ഥമായി കബളിപ്പിച്ചുമുങ്ങുകയായിരുന്നു.

ഒടുവില്‍ സര്‍വ്വതും വിറ്റുപെറുക്കേണ്ടി വന്നു. കൂത്താട്ടുകുളത്തെ സ്വന്തം മണ്ണുവരെ. ഒടുവില്‍ പലായനം ചെയ്ത് എത്തിയത് അധികമാരും തെരഞ്ഞുവരാത്ത കമ്പനിപടിക്കലേയ്ക്കാണ്. പിന്നെ കുറേക്കാലം പികെആര്‍ പിള്ളയെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.

എന്നാല്‍ അടുത്തിടെ അദ്ദേഹത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ ചില വാര്‍ത്തകള്‍ വന്നു. അത് കാട്ടുതീ പോലെ പടരുകയും ചെയ്തു. അതിന്‍റെ രത്നച്ചുരുക്കം ഇത്രയുമാണ്. ചിത്രവും വന്ദനവും ഒക്കെ നിര്‍മ്മിച്ച നിര്‍മ്മാതാവ് ആഹാരത്തിനും മരുന്നിനുമൊക്കെയായി ഇരക്കുന്നുവത്രെ. സത്യത്തില്‍ അതിന്‍റെ നിജസ്ഥിതി അറിയാന്‍ കൂടിയാണ് ഞങ്ങള്‍ പികെആര്‍ പിള്ളയുടെ വീട്ടില്‍ നേരിട്ടെത്തിയത്. ആ കുടുംബം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു എന്നുള്ളത് നേരാണ്. പക്ഷേ അദ്ദേഹത്തിനുള്ള മരുന്നിനും ആഹാരത്തിനുമൊക്കെയായി യാചിക്കുന്നു എന്നുള്ളത് പച്ചക്കള്ളവും.

ശാരീരികവൈഷമ്യതകള്‍ പികെആര്‍ പിള്ളയ്ക്കുണ്ട്. ഒപ്പം തന്നില്‍ നിന്ന് മറഞ്ഞുകൊണ്ടിരിക്കുന്ന ഓര്‍മ്മകളും. നാലുവര്‍ഷം മുമ്പുവരെയും പികെആര്‍ പിള്ള വളരെ സജീവമായിരുന്നു. എന്നാല്‍ ഇളയമകന്‍ സിദ്ധാര്‍ത്ഥിന്‍റെ മരണമാണ് അദ്ദേഹത്തെ ആകെ ഉലച്ചത്. അഭിനേതാവ് എന്ന നിലയില്‍ സജീവമാകുന്നതിനിടെ സിദ്ദു ഗോവയില്‍ വച്ച് മരണപ്പെട്ടു. അത് കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്നുപോലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കേസ് കൊടുത്തെങ്കിലും അതുമായി മുന്നോട്ടുപോകാനുള്ള സാമ്പത്തികശേഷിയോ പിടിപാടുകളോ അവര്‍ക്കില്ല.

നാളെ തന്‍റെ താങ്ങും തണലുമാകുമെന്ന് കരുതിയ മകന്‍റെ വേര്‍പാട് ആ അച്ഛനെ മാനസികമായും തളര്‍ത്തി. അതോടെ പികെആര്‍. പിള്ള മുറിയില്‍നിന്നിറങ്ങാതെയായി. മകനെ നോക്കി അദ്ദേഹം ഇന്നും കാത്തിരിക്കുന്നു.
ഇരുപതിലേറെ സിനിമകള്‍ പികെആര്‍ പിള്ള നിര്‍മ്മിച്ചിട്ടുണ്ട്. ആ സിനിമകള്‍ ഇന്നും ചാനലുകളില്‍ ആവര്‍ത്തിച്ചു പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. പക്ഷേ അവയുടെയൊന്നും റൈറ്റ്സ് അദ്ദേഹത്തിന്‍റെ പക്കലില്ല. പികെആര്‍ പിള്ളയെ  സഹായിക്കണമെന്ന് മുറവിളി കൂട്ടുന്നവരുടെ ഇടയില്‍ ചില ചാനല്‍ സ്ഥാപനങ്ങളുമുണ്ട്. മനസ്സുവെച്ചാല്‍ അവര്‍ക്കും അദ്ദേഹത്തെ സഹായിക്കാവുന്നതേയുള്ളൂ. ഈ സിനിമകളുടെ പരസ്യവരുമാനത്തില്‍നിന്ന് ഒരു ചെറിയ ശതമാനം പികെആര്‍ പിള്ളയ്ക്ക് നല്‍കിയാല്‍ അത് ആ കുടുംബത്തിന് ഒരു വലിയ ആശ്വാസമാകും.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിയോക്കും അടക്കം അനവധി സംഘടനകളും  നമുക്കുണ്ട്. അവരൊക്കെ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ പികെആര്‍ പിള്ളയ്ക്ക് മാസംതോറും ധനസഹായമായി ഒരു ചെറിയ തുക എത്തിച്ചുനല്‍കാവുന്നതേയുള്ളൂ. മറ്റ് വരുമാനമാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത പികെആര്‍ പിള്ളയുടെ ജീവിതാവശ്യങ്ങള്‍ക്ക് ഇത് ധാരാളമാണ്.

പക്ഷേ ഇതിനെല്ലാം അപ്പുറം ആ കുടുംബം ആഗ്രഹിക്കുന്ന ഒരു വലിയ കാര്യമുണ്ട്. പികെആര്‍ പിള്ളയുടെ സുവര്‍ണ്ണനാളുകളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സിനിമാസുഹൃത്തുക്കളില്‍ പലരും ഇന്ന് ഉന്നതങ്ങളിലാണ്. അവരില്‍ ആരില്‍നിന്നും ഒരു സാമ്പത്തിക സഹായവും അവര്‍ തുറന്ന് ആഗ്രഹിക്കുന്നില്ല. പക്ഷേ അവരുടെ സാമീപ്യം ഓര്‍മ്മയുടെ നില തെറ്റിയ മനുഷ്യന്‍റെ മനസ്സിന് കുളിര്‍മ്മ നല്‍കുമെന്ന് അവര്‍ കരുതുന്നു. അതിനായി സായ്നിവാസിന്‍റെ വാതില്‍ തുറന്നിട്ട് അവര്‍ കാത്തിരിക്കുകയാണ്, പികെആര്‍ പിള്ളയ്ക്കൊപ്പം.

Follow Us:
Download App:
  • android
  • ios