'അതായിരുന്നു എന്‍റെ മനസില്‍, യാഷ് അങ്കിളിന്റെ പേര് തെറ്റി പോയതാ..'; പ്രതികരണവുമായി തീർത്ഥ
'സലാര്‍' വൈറല്‍ വീഡിയോയില്‍ വിശദീകരണവുമായി കുട്ടി ഗായിക തീര്‍ത്ഥ.
പ്രഭാസ് നായകനായി എത്തുന്ന പ്രശാന്ത് നീൽ ചിത്രമാണ് സലാർ. തെന്നിന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന ആ ബിഗ് ബജറ്റ് ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. അതുകൊണ്ട് തന്നെ സലാറുമായി ബന്ധപ്പെട്ട ചെറിയൊരു കാര്യം പോലും വലിയ തോതിൽ ചർച്ച ആകാറുണ്ട്. അത്തരത്തിൽ സിനിമയിലെ അഭിനേതാക്കളെ സംബന്ധിച്ച ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ നടക്കുന്നത്.
ചിത്രത്തിൽ നടൻ യാഷ് അഭിനയിക്കുന്നെന്ന തരത്തിലാണ് പുതിയ ചർച്ച. പാലക്കാട് ജില്ല റവന്യൂ സ്കൂൾ കലോത്സവത്തിൽ മൂന്ന് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ബൈറ്റ് ആണിതിന് കാരണം. സലാറിൽ തീർത്ഥ പാടുന്നുണ്ട്. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു യാഷിന്റെ പേരും പറഞ്ഞത്. ഇത് വിവിധ സിനിമാ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി പ്രചരിച്ചു. സ്പോയിലർ ആണോ എന്ന ചോദ്യങ്ങളും പ്രേക്ഷകർ ഉയർത്തി. ഈ അവസരത്തിൽ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഏഴാം ക്ലാസുകാരിയായ തീർത്ഥ.
ഒത്തരി തവണ യാഷിന്റെ സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫ് കണ്ടതാണ്. സലാറിൽ ആ ടീം ആണെന്ന് അറിഞ്ഞപ്പോൾ താൻ കരുതിയത് യാഷും സിനിമയിൽ ഉണ്ടാകുമെന്നാണെന്നും തെറ്റിപ്പോയതാണെന്നും തീർത്ഥ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
"ഞാൻ കെജിഎഫ് സിനിമ ഒത്തിരി തവണ കണ്ടിട്ടുണ്ട്. അവസരം വന്നപ്പോൾ, കെജിഎഫ് ടീം ആണ് സലാറിന്റെ മ്യൂസിക്കും കാര്യങ്ങളുമൊക്കെയെന്ന് അച്ഛൻ പറഞ്ഞിരുന്നു. അപ്പോൾ യാഷ് അങ്കിളും സലാറിൽ ഉണ്ടാകുമെന്നായിരുന്നു എന്റെ മനസിൽ. ആ ഒരിതിൽ ആയിരുന്നു ബൈറ്റിൽ പറഞ്ഞത്. തെറ്റി പറഞ്ഞ് പോയതാണ്", എന്നാണ് തീർത്ഥ പറഞ്ഞത്.
"മംഗലാപുരത്ത് വച്ചായിരുന്നു സലാറിന്റെ റെക്കോർഡിംഗ്. അവിടെ പോയപ്പോൾ പ്രശാന്ത് നീൽ, രവി ബസ്റൂർ തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. അവള് ഒരുപാട് വട്ടം കെജിഎഫ് കണ്ടിട്ടുണ്ട്. ആ ഓർമയിലാണ് യാഷിന്റെ പേരും പറഞ്ഞത്. മ്യൂസിക് ടീമെല്ലാം കെജിഎഫിന്റേത് ആയത് കൊണ്ട് അവൾക്ക് തെറ്റിപ്പോയതാണ്. കുട്ടിയല്ലേ", എന്നാണ് തീർത്ഥയുടെ മാതാപിതാക്കൾ പറയുന്നത്.
'മാളികപ്പുറ'ത്തിലെ രഞ്ജിൻ രാജ് വഴിയാണ് സലാറിൽ പാടാൻ അവസരം ലഭിച്ചതെന്നും മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രത്തിനായി പാടിയതെന്നും തിർത്ഥ പറഞ്ഞു. മാളികപ്പുറത്തിന് പുറമെ വോയ്സ് ഓഫ് സത്യനാഥനിലും തീര്‍ത്ഥ പാടിയിട്ടുണ്ട്.