Asianet News MalayalamAsianet News Malayalam

'ഇത് അന്തര്‍ദേശീയ വിജയം, ലൂസിഫര്‍ മലയാളസിനിമയുടെ കണ്ണ് തുറപ്പിക്കണം'; തരണ്‍ ആദര്‍ശ് പറയുന്നു

ഗള്‍ഫിന് പുറമെ യുഎസ്, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ലൂസിഫര്‍ റിലീസ് ചെയ്തു. ഒരു മലയാളചിത്രത്തിന് ഇതുവരെ ലഭിക്കാത്ത തരത്തില്‍ ഉയര്‍ന്ന സ്‌ക്രീന്‍ കൗണ്ടും ലൂസിഫറിന് ലഭിച്ചു.
 

taran adarsh about lucifer international success
Author
Mumbai, First Published Apr 8, 2019, 12:11 PM IST

കേരളത്തിന് പുറത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ചില പ്രദര്‍ശനങ്ങളും ഗള്‍ഫ് റിലീസും ഒഴിച്ചാല്‍ മലയാളസിനിമയ്ക്ക് കാര്യമായ മാര്‍ക്കറ്റ് ഉണ്ടായിരുന്നില്ല അടുത്തകാലം വരെ. എന്നാല്‍ കാര്യങ്ങള്‍ മാറുകയാണ്. യുഎസിലും യൂറോപ്പിലുമൊക്കെ ഇന്ന് മലയാളസിനിമകള്‍ റിലീസ് ചെയ്യപ്പെടുന്നുണ്ട്. കൃത്യമായ മാര്‍ക്കറ്റിംഗിലൂടെയും വിതരണ സംവിധാനങ്ങളിലൂടെയും മലയാളത്തിന്റെയും മാര്‍ക്കറ്റ് വിശാലമാക്കാം എന്നതിന്റെ അടുത്തകാലത്തെ ഏറ്റവും വലിയ ഉദാഹരണമാണ് 'ലൂസിഫര്‍'. ഗള്‍ഫിന് പുറമെ യുഎസ്, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ലൂസിഫര്‍ റിലീസ് ചെയ്തു. ഒരു മലയാളചിത്രത്തിന് ഇതുവരെ ലഭിക്കാത്ത തരത്തില്‍ ഉയര്‍ന്ന സ്‌ക്രീന്‍ കൗണ്ടും ലൂസിഫറിന് ലഭിച്ചു. യുഎസ് ഉള്‍പ്പെടെ റിലീസ് ചെയ്ത പല മാര്‍ക്കറ്റുകളിലും രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. 'ലൂസിഫറി'ന്റെ അന്തര്‍ദേശീയ വിജയത്തില്‍ നിന്ന് മലയാളസിനിമയ്ക്ക് പലതും പഠിക്കാനുണ്ടെന്ന് പറയുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ്.

"അന്തര്‍ദേശീയ തലത്തില്‍ മലയാളസിനിമയ്ക്ക് ഒരു ട്രെന്‍ഡ്‌സെറ്റര്‍ ആയിരിക്കുകയാണ് ലൂസിഫര്‍. മുന്‍പ് ഗള്‍ഫ് പോലെ ചില വിദേശ മാര്‍ക്കറ്റുകളില്‍ മാത്രമാണ് മലയാളസിനിമകള്‍ക്ക് പ്രേക്ഷകരെ കിട്ടിയിരുന്നത്. പക്ഷേ ലൂസിഫര്‍ അതിനപ്പുറം എല്ലായിടത്തും നല്ല വിപണി കണ്ടെത്തി. മറ്റ് ഭാഷാസിനിമകളില്‍ നിന്ന് മത്സരം ഉണ്ടായിട്ടുപോലും. ലൂസിഫര്‍ വിദേശ മാര്‍ക്കറ്റുകളില്‍ നേടിയ ഈ വന്‍ വിജയം മലയാള ചലച്ചിത്ര വ്യവസായത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. പുതിയ മാര്‍ക്കറ്റുകള്‍ കണ്ടുപിടിക്കാന്‍ മലയാളസിനിമ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കേണ്ടതുമാണ്", തരണ്‍ ആദര്‍ശ് ട്വിറ്ററില്‍ കുറിച്ചു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. രണ്ടാംവാരത്തിലും പല കേന്ദ്രങ്ങളിലും ഹൗസ്ഫുള്‍ ഷോകള്‍ ലഭിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ കളക്ഷന്‍ ഇതുവരെ പുറത്തെത്തിയിട്ടില്ല. മോഹന്‍ലാലിനൊപ്പം വലിയ താരനിര കൂടിയെത്തിയ ലൂസിഫറിന് ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്.

Follow Us:
Download App:
  • android
  • ios