Asianet News MalayalamAsianet News Malayalam

'ജീവിച്ചിരുന്നെങ്കില്‍ ഇപ്പോൾ 60 വയസ്', ഭർത്താവിന്‍റെ ജന്മവാര്‍ഷികത്തില്‍ താര കല്യാൺ

"എന്നെങ്കിലും വലിയൊരു നടനാകും, വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളൊക്കെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു"

thara kalyan remembers her husband on his birth anniversary
Author
First Published May 10, 2024, 3:14 PM IST

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് താര കല്യാൺ. താരയുടെ അമ്മ മണ്‍മറഞ്ഞ സുബ്ബലക്ഷ്മി, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുൻ എന്നിവരെല്ലാം സോഷ്യൽ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരങ്ങളാണ്.

ഇപ്പോഴിതാ അന്തരിച്ച ഭര്‍ത്താവ് രാജാറാമിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള മനോഹരമായ ഓർമ്മകള്‍ പങ്കിട്ട് എത്തിയിരിക്കുകയാണ് താര കല്യാൺ. അടുത്തിടെ സർജറിക്കുശേഷം താരയ്ക്ക് ശബ്ദം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ചെറിയ രീതിയിൽ ശബ്ദം തിരികെ കിട്ടി തുടങ്ങിയിട്ടുണ്ട്. എഐ സംവിധാനം ഉപയോ​ഗിച്ചാണ് യുട്യൂബ് വീഡിയോകൾക്ക് താര ശബ്ദം നൽകുന്നത്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ തന്റെ ഭർത്താവ് രാജാറാമിന് ഇപ്പോൾ അറുപത് വയസുണ്ടാകുമായിരുന്നുവെന്ന് പറഞ്ഞാണ് താര വീഡിയോയിൽ സംസാരിച്ച് തുടങ്ങുന്നത്. ഒപ്പം ഭർത്താവിനൊപ്പമുള്ള നല്ല ഓർമകളുടെ ഫോട്ടോകളും താര വീഡിയോയിൽ പങ്കുവച്ചു. 

"ദൂരദര്‍ശനില്‍ വന്ന നെയ്ത്തുകാരനും രാജകുമാരിയും എന്ന ടെലിഫിലിമിന്റെ ഷൂട്ടിങ് സമയത്താണ് ഞാന്‍ രാജന്‍ ചേട്ടനെ ആദ്യമായി കണ്ടത്. എന്നെങ്കിലും വലിയൊരു നടനാകും, വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളൊക്കെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവസാനം വരെ ആ ആഗ്രഹം സാധിക്കാതെ പോയി. എന്റെ ജീവിതത്തില്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യനാണ്. ഷൂട്ടിം​ഗിന് പോകുമ്പോള്‍ ഇത്ര സമയമാവുമ്പോഴേക്കും തിരിച്ചെത്തണം, ഇന്ന ഭക്ഷണം ഉണ്ടാക്കി തരണം എന്നൊന്നും അദ്ദേഹം വാശി പിടിച്ചിട്ടില്ല." 

"എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന അദ്ദേഹവും അത് തിരിച്ച് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം തന്റെ ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഞാനോ കുടുംബമോ തടസമായി നിന്നിട്ടില്ല. അതുകൊണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്വം എനിക്ക് നോക്കേണ്ടി വന്നു. അതില്‍ ഖേദം ഒന്നുമില്ല. എല്ലാം നല്ല ഓര്‍മകളാണ്", താര കല്യാൺ പറയുന്നു.

ALSO READ : ദുല്‍ഖറിന് പകരം? 'തഗ് ലൈഫി'ല്‍ കമല്‍ ഹാസനൊപ്പമെത്തുന്ന ആ താരം ആരെന്ന് പ്രഖ്യാപിച്ച് മണി രത്നം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios