entertainment
By സി. വി സിനിയ | 12:49 PM September 13, 2017
പഠിക്കുന്ന കാലം മുതല്‍ക്കേ ഉള്ളില്‍ക്കൊണ്ടു നടന്ന ആഗ്രഹം നീരജ് മാധവ് തുറന്നു പറയുന്നു

Highlights

  • ലവകുശയുടെ കഥയും തിരക്കഥയും സ്കീനിലെത്തുന്ന ത്രില്ലിലാണ് താരം
  • നായകവേഷവും ഹരം പകരുന്നു

തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയപ്പോള്‍ ദൃശ്യത്തിലെ മോനിച്ചന് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. മനസ്സിലുള്ള കഥകളെ വച്ച്  സിനിമ ചെയ്യണം. അങ്ങനെ തുടര്‍ന്ന യാത്ര ആദ്യം അഭിനയത്തിലേക്കുള്ള വഴികാട്ടിയായി. ഇപ്പോഴിതാ സിനിയുടെ കഥയും തിരക്കഥയുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാനുള്ള തത്രപാടിലുമാണ്. താന്‍ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന സിനിമയായ 'ലവകുശ'യുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടന്‍ നീരജ് മാധവ്. ഒപ്പം തന്നെ തേടിവന്ന നായകവേഷ സിനിമയായ 'പൈപ്പിന്‍ ചോട്ടിലെ പ്രണയ'ത്തെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.  സി.വി. സിനിയ നടത്തിയ അഭിമുഖം

 

നടനില്‍ നിന്ന് തിരക്കഥയിലേക്ക് വന്നപ്പോള്‍

 ചെന്നൈയിലും തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുന്ന സമയത്തും  സിനിമ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ  സംവിധാനവും എഴുത്തുമൊക്കെയായി നടന്ന ഒരു വ്യക്തിയാണ് ഞാന്‍. ഭാഗ്യവശാല്‍  അഭിനയത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യം അവസരം ലഭിച്ചത്. പഠിക്കുന്ന സമയത്ത്  കുറച്ച് കഥകള്‍ മനസ്സില്‍ ഉണ്ടായിരുന്നു. സിനിമയില്‍ അത്യവശ്യം സജീവമായപ്പോള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തു. അങ്ങനെ നമുക്ക് ഒരു നിര്‍മ്മാതാവ് ഉണ്ടാവുകയാണെങ്കില്‍ സിനിമ ചെയ്യാം എന്ന തീരുമാനത്തില്‍ എത്തി. ആ സമയത്താണ് അജുവിനെയും എന്നെയും വച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ജൈസണ്‍ ഇളങ്കുളം അറിയിക്കുന്നത്. അങ്ങനെയാണ് ലവകുശയിലേക്ക് എത്തുന്നത്. 

 അഭിനയത്തിലാണോ തിരക്കഥയിലാണോ സജീവമാകുന്നത്

അഭിനയം തന്നെയാണ് ഞാന്‍ എപ്പോഴും ഗൗരവമായി കാണുന്നത്. പക്ഷേ എഴുത്തും ഇതിനോടൊപ്പം തന്നെ തുടര്‍ന്നുകൊണ്ടുപോകണം എന്നാണ് എന്‍റെ ആഗ്രഹം. അങ്ങനെ ഒരെണ്ണം മാത്രം എന്ന നിലയില്‍ ഒരു പരിമിതി വയ്‌ക്കേണ്ട കാര്യമില്ലല്ലോ.

 മറ്റു മേഖലകളില്‍ പ്രതീക്ഷിക്കാമോ?

 സിനിമ എന്നു പറയുമ്പോള്‍ നമ്മള്‍ എല്ലാ മേഖലകളിലും ഉള്‍പ്പെടുന്നുണ്ടല്ലോ. സിനിമയുടെ മറ്റുമേഖലകളിലേക്കുള്ള  ഒരു ധൈര്യം വരുമ്പോള്‍ ചെയ്യുമായിരിക്കാം. ഇപ്പോള്‍ അഭിനയം എന്ന സ്‌പേസ് തന്നെ തുടരാനാണ് തീരുമാനം. ഭാവിയില്‍ ഉണ്ടായിക്കൂടായെന്നില്ല, പ്രതീക്ഷിക്കാം.

 വ്യത്യസ്തമായ പേരാണല്ലോ ലവകുശ

സിനിമയില്‍ പ്രത്യേക സാഹചര്യത്തില്‍ ഇതിലെ നായകന്മാര്‍ സ്വീകരിക്കുന്ന ഒരു പേരാണ് ലവകുശ. ഒരു മെറ്റഫറായ കഥയാണ്.  ഈ പേരിന് പുരാണവുമായി യാതൊരു ബന്ധവുമില്ല. കൂടുതല്‍ വിവരങ്ങള്‍  ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല.

 ലവകുശയിലെ പ്രതീക്ഷ

 നല്ല പ്രതീക്ഷയുണ്ട്. ഈ സിനിമ ഭയങ്കര കഥയോ കാര്യങ്ങളോ ഒന്നും ഇല്ല. സ്‌ക്രീന്‍പ്ലെ ഓറിയന്റഡായിട്ടുള്ള ഒരു സിനിമയാണ്. ഷോര്‍ട്ട് ബൈ ഷോര്‍ട്ട് വച്ച് എഴുതിയ ഒരു സിനിമ. സിനിമയുടെ ആഖ്യാന രീതിക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. മറ്റുതലത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു പോകുന്ന ഒരു സിനിമയാണ്. 'ദൃശ്യ'ത്തില്‍ നമ്മള്‍ കണ്ടതുപോലെ ഇതില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഒന്നുമില്ല. വളരെ വേഗത്തില്‍ നീങ്ങുന്ന തരത്തിലുള്ള ഒരു സിനിമയാണ്.

 എങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം?

 ഞാനിപ്പോള്‍ 15 ല്‍ കൂടുതല്‍ സിനിമകള്‍ ചെയ്തു.  അതില്‍ എല്ലാ തരം സിനിമകളും ഇഷ്ടമാണ്.  കോമഡിയേക്കാള്‍ കൂടുതല്‍ സീരിയസായ വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം.

കഥാപാത്രം തിരഞ്ഞെടുക്കുന്നത്

അങ്ങനെയൊന്നുമില്ല. ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യുകയാണ്. ഒരു സിനിമ കഴിഞ്ഞ്   വളരെ വേഗത്തില്‍ അടുത്ത സിനിമ എന്നിങ്ങനെ പോകാറില്ല. ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം എനിക്ക് ഇഷ്ടപ്പെടുന്ന എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറ്.


 പുതിയ പ്രൊജക്ട്
ലവകുശയ്ക്ക് ശേഷം  ഫണ്‍ റൈഡായ പൈപ്പിന്‍ ചോട്ടിലെ പ്രണയം ആദ്യമായി നായകനാകുന്ന സിനിമയാണ്. ഡോമിന്‍ ഡിസില്‍വയാണ് സംവിധാനം. ഇതിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ വിനു ജോസഫ് ഒരുക്കുന്ന റോസാപൂ ഇപ്പോള്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകായാണ്.  ഞാനും ബിജുമനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൂടിയാണിത്. 

 നായക വേഷം

മറ്റ് കഥാപാത്രങ്ങളില്‍ നിന്നും നായക വേഷത്തിലേക്ക് എത്തിയപ്പോള്‍ അത് വലിയ ഉത്തരവാദിത്വമുള്ള ഒരു ജോലി തന്നെയാണ്. അതിനോട് നീതി പുലര്‍ത്തിയിട്ടുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അതിനായി കുറച്ച് സമയമെടുത്തു. രണ്ട് വര്‍ഷം മുന്‍പ് ഈ സിനിമയെ കുറിച്ച് സംസാരിച്ചപ്പോള്‍ അന്ന് ഞാന്‍ പറഞ്ഞത് നായകനാകാന്‍ ആയിട്ടില്ലെന്നായിരുന്നു. എനിക്ക് ഒരു ആത്മവിശ്വാസം വരുമ്പോള്‍ ചെയ്യാമെന്ന് പറഞ്ഞ് കാത്തിരിന്ന ഒരു സിനിമയാണത്. നായകവേഷം കുറേ ആലോചിച്ച് എടുത്ത തീരുമാനമാണ്. അത്തരം റിസ്‌ക് എടുക്കാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.

 ആഗ്രഹിച്ച മാറ്റം

ബഡി, മെമ്മറീസ് എന്ന സിനിമകളിലൂടെ തുടങ്ങി പതുക്കെ സപ്തമശ്രീ തസ്‌കരയിലെത്തിയപ്പോഴേക്കും നല്ല മാറ്റമുണ്ടായി ദൃശ്യത്തിലേക്ക് എത്തിയപ്പോഴേക്കും ഒരു ബ്രേക്ക് കിട്ടി.  സ്പത്മശ്രീ തസ്‌കരയില്‍ ടൈറ്റില്‍ റോളായിരുന്നു. അതിന് ശേഷം ഒരു മെക്‌സിക്കന്‍ അപാരതയിലേക്ക് എത്തിയപ്പോഴേക്കും ഒരു സീരിയസായ കഥാപാത്രമായിരുന്നു. അങ്ങനെ സീരിയായ കഥാപാത്രവും ചെയ്യാന്‍ കഴിയുമെന്ന് മനസ്സിലായി. ഞാന്‍ ആഗ്രഹിച്ച രീതിയില്‍ തന്നെ മാറ്റമുണ്ടായി എന്നു തന്നെയാണ് വിശ്വസിക്കുന്നത്. പതുക്കെ പതുക്കെയാണ് ഞാന്‍ എഴുതുന്ന സിനിമ വരുന്നതും നായകനാകുന്നതുമെല്ലാം. പെട്ടെന്നല്ലാതെ എല്ലാത്തിനും സമയമെടുത്ത് ചെയ്യുകയാണ്.

സിനിമയുമായി ബന്ധപ്പെട്ട സ്വപ്‌നം

ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകുക. എല്ലാഭാഷകളിലും, നമ്മുടെ ഭാഷ എന്നതിലുപരി നമ്മുടെ വര്‍ക്കുകള്‍ കൂടുതല്‍ പ്രേക്ഷകര്‍ അംഗീകരിക്കുന്ന തലത്തിലേക്ക് എത്തിപ്പെടണമെന്നാണ്. അന്താരാഷ്ട്രതലത്തില്‍ പ്രേക്ഷകര്‍ നമ്മുടെ ഒരു വര്‍ക്ക് കാണുന്ന തരത്തിലേക്ക് എത്തിപ്പെടണമെന്നാണ് ആഗ്രഹവും സ്വപനവുമെല്ലാം.
 

Show Full Article


Recommended


bottom right ad