Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയോട് ബഹുമാനം മാത്രം; നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പാര്‍വതി

Actress parvathy  stand on kasaba controversy
Author
First Published Jan 5, 2018, 10:46 AM IST

കൊച്ചി: മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുകയാണ് നടി പാര്‍വതി. തുടര്‍ന്ന് നടന്‍ മമ്മൂട്ടിയും ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍വതിക്കെതിരെ അധിക്ഷേപം തുടരുമ്‌പോഴും തന്റെ നിലപാടിലുറച്ച് നില്‍ക്കുകയാണ് താരം. ഇതുവരെ പറഞ്ഞനിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും താന്‍ പറഞ്ഞകാര്യങ്ങള്‍ പൊതുസമൂഹത്തിന് മനസ്സിലാകുന്നതുവരെ അതു തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

'മമ്മൂട്ടിയുടെ സിനിമയെ വിമര്‍ശിക്കുമ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമാണുള്ളത്. ഒരിക്കലും അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല.  അദ്ദേഹത്തിന് അത് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തന്റെ ആരാധകരോട് എന്തു പറയണം, എങ്ങനെ ആശയവിനിമയം നടത്തണം എന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്നാല്‍ എന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോഴും ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ച കാര്യങ്ങളില്‍ മാത്രമാണ്. എന്റെ ഊര്‍ജ്ജം എല്ലായ്‌പ്പോഴും ആ ദിശയിലേക്കു നയിച്ച് കൊണ്ടിരിക്കും -പാര്‍വതി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ശരിയായ നിയമവ്യവസ്ഥിതി ഉണ്ടായിട്ടില്ല. സമൂഹമാധ്യമങ്ങള്‍ പോലും നമുക്ക് പുതിയതാണ്. ട്രോളുകള്‍ പോലും തമാശരൂപത്തിലാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ അതൊരു സ്ത്രീയ്ക്ക് നേരെ അല്ലെങ്കില്‍ അവളെ പരിഹസിക്കുന്ന രീതിയിലാണെങ്കില്‍ അത് തീര്‍ച്ചയായും അപമാനിക്കുക തന്നെയാണ്. ഇതില്‍ നമ്മള്‍ കണ്ണടച്ചുപോയാല്‍ അത് ശരിയാണെന്ന് ആളുകള്‍ വിശ്വസിക്കും അത് പിന്നീട് ശാരീരികമായ ഉപദ്രവങ്ങളിലേക്കും നയിക്കും. അതിനൊരു താക്കീത് ആയിരുന്നു മോശമായി പ്രതികരച്ച ഒരു ആരാധകന്റെ അറസ്റ്റെന്നും പാര്‍വതി പറഞ്ഞു.

'റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ദീദി ദാമോദരന്‍ തുടങ്ങിയ പലരും ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചൂഷണങ്ങളെപ്പറ്റി തുറന്നു പറയുന്നുണ്ട്. എന്റെ സിനിമകള്‍ വിജയിച്ചു തുടങ്ങിയതും എനിക്ക് അവാര്‍ഡുകള്‍ ലഭിച്ചതുമൊക്കെ അടുത്തകാലങ്ങളിലാണ്. പക്ഷെ, ഇതൊന്നുമില്ലായിരുന്നെങ്കിലും ഞാന്‍ സംസാരിക്കുമായിരുന്നു. ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും മുന്‍ വര്‍ഷങ്ങളില്‍ നിന്നൊക്കെ എനിക്ക് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 

കസബയെക്കുറിച്ചുള്ള പരാമര്‍ശം മുന്‍കൂട്ടി നിശ്ചയിച്ചതൊന്നുമായിരുന്നില്ല. എന്നാല്‍ ഞാന്‍ ഇത്തരം നിരവധി സിനിമകള്‍ കാണുകയും അതിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഐഎഫ്എഫ്കെ വേദിയില്‍ അല്ലെങ്കില്‍ മറ്റൊരിടത്ത് ഞാന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞേനെ. ഞാന്‍ ജോലി ചെയ്യുന്നിടത്ത് മാറ്റങ്ങള്‍ വന്നുകാണണമെങ്കില്‍ തുറന്നുസംസാരിച്ചേ പറ്റൂ. അതുപറയാനുള്ള അവകാശം എനിക്കുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. സ്ത്രീവിരുദ്ധത, അതിക്രമങ്ങള്‍ തുടങ്ങി നമ്മുടെ സമൂഹത്തില്‍ കാണുന്ന എല്ലാ മോശം കാര്യങ്ങളും സിനിമയിലും പ്രതിഫലിക്കും. എന്നാല്‍ അതിനെ മഹത്വവത്കരിക്കുന്നത് തെറ്റാണ്.'പാര്‍വതി വ്യക്തമാക്കി. അതിനിടെ പാര്‍വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിക്ക് നേരെയും ആക്രമണം തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios