Asianet News MalayalamAsianet News Malayalam

'പിന്നെ ഓര്‍മ്മകള്‍ കുത്തിയൊലിച്ച് വന്നു, കണ്ണുനിറഞ്ഞു'; 'പൂമുത്തോളേ' എഴുതിയ അനുഭവം പറഞ്ഞ് അജീഷ് ദാസന്‍

"പൂമുത്തോളെ എന്ന പാട്ട് എഴുതുതാന്‍ ഇരിക്കുമ്പോള്‍ ഒരു വാക്കു പോലും വരുന്നില്ല. പക്ഷെ ഓര്‍മ്മകള്‍ കുത്തിയൊലിച്ചു വരാന്‍തുടങ്ങി. എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി. ഞാന്‍ എന്റെ മീനുവിനെ ഓര്‍ത്തു. ഭാഗ്യഹീനനായ ഒരച്ഛന്റെ മകളായി പിറക്കാന്‍ ഇടവന്ന എന്റെ മകളെ ഓര്‍ത്തു."

ajeesh dasan about experience behind writing poomuthole
Author
Thiruvananthapuram, First Published Oct 31, 2018, 8:34 PM IST

എബ്രിഡ് ഷൈന്‍ ചിത്രം പൂമരം, അജീഷ് ദാസന്‍ എന്ന യുവ കവിയ്ക്ക് വലിയ ബ്രേക്കാണ് നല്‍കിയത്. 'കടവത്തൊരു തോണി' ഉള്‍പ്പെടെയുള്ള ചിത്രത്തിലെ ചില ഹിറ്റ് ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച അജീഷ് രചിച്ച ഒരു പുതിയ ഗാനവും ഇപ്പോള്‍ ആസ്വാദകശ്രദ്ധ നേടുകയാണ്. ജോജു ജോര്‍ജ്ജിനെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ജോസഫി'ലെ 'പൂമുത്തോളെ' എന്ന് തുടങ്ങുന്ന ഗാനമാണ് അത്. ആ ഗാനത്തിന്റെ രചനാനുഭവം കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മയാണ് കവിയ്ക്ക്. പൂമരത്തിന് ശേഷം ഒരു സിനിമാഗാനരചയിതാവാകാന്‍ ഉണ്ടായിരുന്ന ജോലി കളഞ്ഞതും കടുത്ത ദാരിദ്ര്യത്തെ നേരിടേണ്ടിവന്നതുമൊക്കെ അജീഷ് പറയുന്നു. അവസാനം ജോസഫിലെ പാട്ടെഴുതാന്‍ ജോജു ജോര്‍ജ്ജ് വഴി വന്ന അവസരത്തെക്കുറിച്ചും..

അജീഷ് ദാസന്‍ പറയുന്നു

ജോജു ചേട്ടന് എല്ലാ നന്മകളും നേരുന്നു. ഈ പാട്ടെഴുതാന്‍ എന്നെ നിയോഗിച്ചതിന്. ഞാനല്ലാതെ ആരെഴുതിയാലും ഈ പാട്ട് ഹിറ്റാകുമായിരുന്നു. അത്രയ്ക്ക് ഫീല്‍ ഉണ്ടായിരുന്നു രഞ്ജിന്റെ ട്യൂണിന്.. ബ്ലാങ്ക് ആയ അവസ്ഥയിലിരുന്നാണ് ഞാന്‍ എഴുതുന്നത്.. ആ രാത്രി... ഒന്നും എഴുതാന്‍ പറ്റുന്നില്ല.. ട്യൂണ്‍ കേട്ടു കൊണ്ടേ ഇരുന്നു.. ജോജു ചേട്ടന്റെ വാക്കുകള്‍ മനസ്സിലുണ്ട്. പാട്ടിന്റെ സന്ദര്‍ഭം മസ്സിലുണ്ട്... പക്ഷെ വരികള്‍ ഇല്ല... ആകെ ബ്ലാങ്ക്... ഒരു കാര്യം എനിക്കറിയാം. ഇതൊരു പിടിവള്ളിയാണ്. പൂമരം സിനിമക്ക് ശേഷം പാട്ടെഴുത്തുകാരനാവാന്‍ വേണ്ടി, ഉണ്ടായിരുന്ന ഒരു ജോലി കളഞ്ഞ് എന്റെ സ്വപ്നങ്ങള്‍ക്കു പിന്നാലെ നടക്കുമ്പോള്‍ വീട് പട്ടിണി ആയ കാര്യം ഞാന്‍ മറന്നു... ഒരു ദിവസം ഭാര്യ പറഞ്ഞു.. ഒന്നും കഴിക്കാനില്ല.... അരിയും സാധനങ്ങളുമൊക്കെ തീര്‍ന്നു... എന്റെ കയ്യില്‍ ഒരു രൂപ പോലുമില്ല എടുക്കാന്‍. രണ്ടര വയസ്സുള്ള എന്റെ മകള്‍ക്ക് ഒരു കൂട് ബിസ്‌കറ്റ് പോലും വാങ്ങിയിട്ട് ദിവസങ്ങളായി. ഭാര്യ പറഞ്ഞു'ആരോടും പറയണ്ട. രണ്ടു മൂന്നു ചെമ്പ് പത്രങ്ങള്‍ ഉണ്ട്. അതു കൊണ്ടുപോയി വില്‍ക്കാം. ' എനിക്ക് സങ്കടം വരുന്നുണ്ട്. ജീവിതത്തില്‍ ഇതേവരെ ഒരു സന്തോഷവും അവള്‍ക്ക് ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് സങ്കടം വന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ കെട്ടിയതു കൊണ്ടാണല്ലോ അവള്‍ക്കീ ഗതി വന്നത്.. ഞാന്‍ അടുത്തുള്ള പഴയ പത്രങ്ങള്‍ ഒക്കെ എടുക്കുന്ന ആക്രി കടയില്‍ ചെന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു നിങ്ങളെ ഒരു പരിചയവും ഇല്ല. ഈ പാത്രങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ട് ഈ പാത്രങ്ങള്‍ ഞാന്‍ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ എന്ന് അയാള്‍ പേടിച്ചു. ഉറപ്പിനു വേണ്ടി ഞാന്‍ പറഞ്ഞു എന്റെ ഭാര്യയുമായി ഞാന്‍ വരാം.. അങ്ങനെ സൈക്കിളില്‍ എന്റെ രണ്ടര വയസ്സുള്ള മകളെ മുന്‍ സീറ്റിലിരുത്തി എന്റെ മീനുവിനെ പിന്നില്‍ ഇരുത്തി അവളുടെ മടിയില്‍ അവള്‍ക്കു കിട്ടിയ ചെമ്പ് പാത്രങ്ങളുമായി ഞങ്ങള്‍ പോയി. അന്നു കിട്ടിയ കുറച്ചു പൈസ കൊണ്ടാണ് ഞാന്‍ പോയി ഞങ്ങള്‍ക്ക് കഴിക്കാനുള്ള അരിയും സാധനങ്ങളും വാങ്ങിയത്.. ഞാന്‍ ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം... പൂമുത്തോളെ എന്ന പാട്ട് എഴുതുതാന്‍ ഇരിക്കുമ്പോള്‍ ഒരു വാക്കു പോലും വരുന്നില്ല... പക്ഷെ ഓര്‍മ്മകള്‍ കുത്തിയൊലിച്ചു വരാന്‍തുടങ്ങി..എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.. ഞാന്‍ എന്റെ മീനുവിനെ ഓര്‍ത്തു... ഭാഗ്യഹീനനായ ഒരച്ഛന്റെ മകളായി പിറക്കാന്‍ ഇടവന്ന എന്റെ മകളെ ഓര്‍ത്തു... പിന്നെ വാക്കുകള്‍ വരികളായി പേനയുടെ കണ്ണീര്‍ തുമ്പിലൂടെ ആദ്യത്തെ വരിയായി.

Follow Us:
Download App:
  • android
  • ios