Asianet News MalayalamAsianet News Malayalam

മോഹന്‍ലാല്‍ ഭീമനാകുമ്പോള്‍- അനുഷ്കാ ഷെട്ടിക്ക് പറയാനുള്ളത്

Anushka Shetty praises Mohanlal
Author
Hyderabad, First Published Jun 12, 2017, 8:02 PM IST

മോഹന്‍ലാല്‍ ഭീമനാകുന്നുവെന്ന വാര്‍ത്തയാണ് മോളിവുഡില്‍ ഇപ്പോള്‍ സംസാര വിഷയം. സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാലിനെ ഭീമനായി കാണാനുള്ള കാത്തിരിപ്പിലാണ് താനെന്ന് ബാഹുബലിയിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ അനുഷ്കാ ഷെട്ടിയും പറയുന്നു. മോഹന്‍ലാല്‍ ഭീമനായി അഭിനയിച്ചാല്‍ അദ്ദേഹത്തെ രാജ്യത്തെ  എല്ലാവരും ആരാധിക്കുമെന്നാണ് അനുഷ്‍ക ഷെട്ടി പറയുന്നത്. ആര്‍ക്കും അനുകരിക്കാനാകാത്ത അഭിനയപ്രതിഭയാണ് മോഹന്‍ലാല്‍ എന്നും അനുഷ്കാ ഷെട്ടി പറയുന്നു.

മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ എല്ലാം ഇന്ത്യക്കാര്‍ക്ക് ദൈവങ്ങളെ പോലെയാണ്. പണ്ട് ഞാന്‍ കുട്ടിക്കാലത്ത് ദൂരദര്‍ശനില്‍ മഹാഭാരതം സീരിയല്‍  കണ്ടിട്ടുണ്ട്. ശ്രീകൃഷ്‍ണനായി അഭിനയിച്ച നിതീഷ് ഭരദ്വാജിനെയൊക്കെ ദൈവമായിട്ടാണ് ആള്‍ക്കാര്‍ ആരാധിച്ചത്. അതുപോലെ ഭീമനെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ രാജ്യം മുഴുവന്‍ ആദരിക്കും. എം ടി വാസുദേവന്‍ സാറിന്റെ തിരക്കഥയില്‍‌ ഒരുങ്ങുന്ന ഭീമനെ കാണാന്‍ ഞാനും കാത്തിരിക്കുകയാണ്- അനുഷ്കാ ഷെട്ടി പറഞ്ഞു.

എം ടി വാസുദേവന്‍ നായര്‍ രണ്ടാമൂഴം എന്ന തന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ആയിരം കോടി ബജറ്റിലാണ് ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുന്നത്. മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും മറ്റു ഭാഷകളില്‍ മഹാഭാരത- ബേസ്ഡ് ഓണ്‍ എംടി വാസുദേവന്‍ നായര്‍സ് നോവല്‍ രണ്ടാമൂഴം എന്ന പേരിലുമാണ് ചിത്രം തിയറ്ററുകളിലെത്തുക. മഹാഭാരതത്തിന്റെ ചിത്രീകരണം ഗള്‍ഫിലായിരിക്കും നടക്കുക. മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നും പ്രമുഖ താരങ്ങള്‍ രണ്ടാമൂഴത്തിന്റെ ഭാഗമാകും.

Follow Us:
Download App:
  • android
  • ios