Asianet News MalayalamAsianet News Malayalam

കമല്‍ഹാസനോട് സംവിധായകൻ ബി ഉണ്ണികൃഷ്‍ണന് പറയാനുള്ളത്

B Unnikrishnans respond
Author
Kochi, First Published Feb 15, 2018, 12:50 PM IST

അഭിനയം അവസാനിപ്പിക്കുകയാണെന്ന കമല്‍ഹാസന്റെ പ്രസ്‍താവനയ്‍ക്ക് പ്രതികരണവുമായി സംവിധായകൻ ബി ഉണ്ണികൃഷ്‍ണന്‍. അഭിനയം അവസാനിപ്പിക്കുന്നു എന്ന് പറയുമ്പോള്‍, തിരശീലയില്‍ ഇരുട്ട് നിറയുന്നപോലെ തോന്നുന്നെന്നുവെന്നാണ് ബി ഉണ്ണികൃഷ്‍ണന്‍ പറയുന്നത്.

ബി ഉണ്ണികൃഷ്‍ണന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

ആദരണീയനായ ശ്രീ.കമല്‍ഹാസന്‍,

താങ്കള്‍ അഭിനയം നിറുത്തുന്നു എന്ന പ്രസ്താവന നടുക്കത്തോടേയും ദു:ഖത്തോടേയുമാണ് വായിച്ചത്. സിനിമ കാണാന്‍ തുടങ്ങിയനാള്‍ മുതല്‍ താങ്കള്‍ എന്റെ ഇഷ്ടനടനാണ്. ഞാന്‍ ആദ്യം കണ്ട കമല്‍ ചിത്രം വിഷ്ണുവിജയം എന്ന ബ്ലാക്ക് ആന്റ് വൈറ്റ് മലയാളചിത്രമാണ്. ഷീലയെ വശീകരിക്കുന്ന പ്രതിനായക സ്വഭാവമുള്ള വിഷ്ണുവിന്റെ കട്ടഫാനായി ആദ്യ കാഴ്ച്ചയില്‍തന്നെ ഞാന്‍ മാറി. മലയാളികള്‍ കണ്ടന്തം വിട്ട ആദ്യ സിക്‌സ് പാക്ക് നടന്‍ താങ്കളാണല്ലോ. പിന്നെ, വയനാടന്‍ തമ്പാനും, ആനന്ദം പരമാനന്ദവും, ഈറ്റയും അടക്കം എത്ര മലയാള പടങ്ങള്‍. താങ്കള്‍ തമിഴിന്റെ പ്രിയ നായകനായപ്പോഴും, എന്നെപ്പോലെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് താങ്കള്‍ ഇഷ്ടനടനായി തുടര്‍ന്നു. കേരളവും താങ്കളും തമ്മിലുള്ള ബന്ധം അന്നും ഇന്നും വളരെ, വളരെ സ്‌പെഷ്യല്‍ ആണ്. പതിനാറു വയതിനിലേയും, സിഗപ്പു റോജാക്കളും, വരുമയില്‍ നിറം സിഗപ്പും, ഇന്നും എന്റെ ഇഷ്ടചിത്രങ്ങളാണ്. സകലകലാ വല്ലഭന്‍, കോട്ടയം രാജ്മഹാളില്‍ ചുരുങ്ങിയത് പത്ത് തവണയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്. മൂന്നംപിറ കണ്ട് ‘ഡെസ്പ’ടിച്ചു കിടന്നിട്ടുണ്ട്. പുഷ്പക വിമാനം, ഇന്ദ്രന്‍ ചന്ദ്രന്‍, മൈക്കള്‍ മദന കാമരാജന്‍, അപൂര്‍വ്വസഹോദരങ്ങള്‍, തെന്നാലി– അങ്ങ് നടത്തിയ വേഷപകര്‍ച്ചകള്‍ മറ്റാര്‍ക്കും കഴിയുന്നതല്ല. ശ്രീ.ഭരതന്‍ സംവിധാനം ചെയത തേവര്‍മകനില്‍, താങ്കളും മഹാനടനായ ശ്രീ.ശിവാജി ഗണേശനും ചേര്‍ന്നുള്ള കോംബോ സീന്‍സ്! ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കോരിത്തരിപ്പുണ്ടാവുന്നുണ്ട്, സര്‍. സാഗരസംഗമം, എക്കാലത്തേയും എന്റെ പ്രിയപ്പെട്ട പ്രണയചിത്രങ്ങളില്‍ ഒന്നാണ്. കമല്‍-ശ്രീദേവി ആണ് പലര്‍ക്കും പിടിച്ച ജോടി. എനിക്കത് കമല്‍-ജയപ്രദയാണ്. സാഗരസംഗമവും, നിനത്താലെ ഇനിക്കും എന്ന കെ ബാലചന്ദര്‍ സിനിമയും തന്ന പ്രണയാനുഭവം നിസ്തുലമാണ്. ഇന്ത്യന്‍, നായകന്‍, മഹാനദി, അന്‍പേശിവം: താങ്കളുടെ ഏറ്റവും ഗംഭീരമായ നാലു ചിത്രങ്ങള്‍. താങ്കള്‍ക്ക് തുല്യം താങ്കള്‍ മാത്രമെന്ന് വിളിച്ചു പറയുന്നുണ്ടവ. മഹാനദി, അന്‍പേശിവം,തേവര്‍മകന്‍, പുഷ്പകവിമാനം….താങ്കളെഴുതിയ തിരക്കഥകളും തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചവ തന്നെ. ബാലചന്ദര്‍, ഭാരതിരാജ, മണിരത്‌നം, ശങ്കര്‍, കെ വിശ്വനാഥ്,  ഭരതന്‍….ഇവരോടൊക്കെ ഒപ്പം താങ്കള്‍ ചേര്‍ന്നപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളാണ്. ഇളയരാജയുടെ സംഗീത മാന്ത്രികത ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ കഴിഞ്ഞതും കമല്‍ ചിത്രങ്ങളില്‍ തന്നെ. കൂട്ടത്തില്‍ പറയട്ടെ, താങ്കളും ജാനകിയമ്മയും ചേര്‍ന്ന് പാടിയ ഗുണയിലെ ‘കണ്മണി…’ ംവമ േമ ീെിഴ! താങ്കളെ ഒന്ന് പരിചയപ്പെടണമെന്നുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചത് ട്രാഫിക് സിനിമയുടെ വിജയാഘോഷങ്ങള്‍ക്കായി താങ്കള്‍ കൊച്ചിയില്‍ വന്നപ്പോഴാണ്. അതിനു ശേഷം, ചലച്ചിത്ര പ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി, ഫിക്കിയുമായി ചേര്‍ന്ന് ചില കാര്യങ്ങള്‍ ചെയ്യാന്‍ താങ്കള്‍ തീരുമാനിച്ചപ്പോള്‍ കൂടിയാലോചനകള്‍ക്കായി എന്നെ വിളിച്ചു. അന്ന് എന്തെല്ലാം വിഷയങ്ങളെകുറിച്ചാണ് താങ്കള്‍ സംസാരിച്ചത്. സാഹിത്യം, തത്ത്വശാസ്ത്രം, മനോവിജ്ഞാനീയം, മാജിക്ക്…എല്ലാം വന്നവസാനിക്കുന്നത് സിനിമയിലും. താങ്കള്‍ അഭിനയം അവസാനിപ്പിക്കുന്നു എന്ന് പറയുമ്പോള്‍, തിരശീലയില്‍ ഇരുട്ട് നിറയുന്നപോലെ തോന്നുന്നു, സര്‍. എന്തിനാണ് ഈ തീരുമാനം, സര്‍? അങ്ങയോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് പറയട്ടെ, രാഷ്ട്രീയത്തിന്റെ ദൈനംദിന ഗണിതങ്ങളിലോ കരുനീക്കങ്ങളിലോ പാടവമുള്ള ഒരു പ്രായോഗികമതിയല്ല, താങ്കള്‍. താങ്കള്‍ ഒരു യുക്തിവാദി ആയിരിക്കാം. പക്ഷേ, മൗലികമായി താങ്കള്‍ അസാമാന്യമായ സര്‍ഗ്ഗശേഷിയുള്ള കലാകാരനാണ്. അത്തരമൊരു കലാകാരന്‍ അടിസ്ഥാനപരമായി അരാജകവാദി ആയിരിക്കും, സന്ദേഹി ആയിരിക്കും. താങ്കള്‍ക്ക്, കലയിലൂടെ താങ്കളെ പ്രകാശിപ്പിക്കും പോലെ ദീപ്തമായി മറ്റൊന്നിലും സ്വയം ആവിഷ്‌ക്കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം മാറ്റണമെന്നല്ല, ഇനിയൊരിക്കലും അഭിനയിക്കില്ല എന്ന തീരുമാനം ഒന്ന് പുന:രാലോചിക്കണമെന്നു മാത്രമാണ് അങ്ങയോടഭ്യര്‍ത്ഥിക്കാനുള്ളത്.

B Unnikrishnans respond


B Unnikrishnan Kamalhasan

 

B Unnikrishnan

 

 

Follow Us:
Download App:
  • android
  • ios