Asianet News MalayalamAsianet News Malayalam

കാര്‍ബണ്‍: ബഹുമുഖമായൊരു വജ്രക്കല്ല്

Carbon review
Author
Thiruvananthapuram, First Published Jan 19, 2018, 6:12 PM IST

Carbon review

സാധാരണമായൊരു വജ്രക്കല്ലും വിലമതിക്കാനാവാത്ത ഒരു വജ്രക്കല്ലും തമ്മില്‍ തിരിച്ചറിയാന്‍ അത്ര എളുപ്പമല്ല. സൂക്ഷ്‍മ ശ്രദ്ധയും ക്ഷമയും ആവശ്യപ്പെടുന്ന ജോലിയാണത്. അത്തരമൊരു സൂക്ഷ്‍മശ്രദ്ധ പ്രേക്ഷകനില്‍ നിന്ന് ആവശ്യപ്പെടുകയാണ് മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്‍ത ചിത്രമായ കാര്‍ബണ്‍. അത്രയെളുപ്പം പിടിതരാത്തൊരു ചിത്രമെന്ന് ഒറ്റവാക്കില്‍ സിനിമയെ വിശേഷിപ്പിക്കാം. കാടാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. കാണുന്തോറും നിബിഢവും നിഗൂഢവുമായിത്തീരുന്ന കാട് പോലെ കാര്‍ബണ്‍ ഒരൊറ്റ കാഴ്‍ചയില്‍ നിങ്ങള്‍ക്ക് വഴങ്ങിത്തന്നു എന്ന് വരില്ല. ആദ്യകാഴ്‍ചയില്‍ നിന്ന് വേറിട്ട അര്‍ത്ഥവും അനുഭവവും തുടര്‍ന്നുള്ള കാഴ്‍ചകളില്‍ ഈ സിനിമ നിങ്ങള്‍ക്ക് സമ്മാനിച്ചേക്കാം.

കരിയും വജ്രവും കാര്‍ബണിന്റെ രണ്ട് വ്യത്യസ്‍ത വകഭേദങ്ങളാണ്. തീര്‍ത്തും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും രണ്ടും ഒന്ന് തന്നെയാണ്. കാലമാണ് കരിയെ വജ്രമാക്കി പരിവര്‍ത്തനം ചെയ്യിക്കുന്നത്. കാര്‍ബണ്‍ എന്ന സിനിമയില്‍ ഏതു നിമിഷവും അത്തരമൊരു പരിവര്‍ത്തനം (നായകകഥാപാത്രത്തിന്റെ) കാണികള്‍ പ്രതീക്ഷിക്കുമെങ്കിലും അത്തരമൊരു സാമ്പ്രദായിക പരിവര്‍ത്തനത്തിന്റെ സാധ്യതയെ സംവിധായകന്‍ പൂര്‍ണമായും തള്ളിക്കളയുകയും അയാള്‍ വജ്രം തന്നെയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കളത്തിന് പുറത്ത് നില്‍ക്കുന്നൊരു സിനിമയായി കാര്‍ബണ്‍ മാറുന്നു. ഇത്രയും പറഞ്ഞതുകൊണ്ട് ഈ ചിത്രം പാളിച്ചകളില്‍ നിന്ന് മുക്തമാണ് എന്നല്ല. ആദ്യ കാഴ്‍ചയില്‍ കാണികളില്‍ നിന്ന് വിരുദ്ധാഭിപ്രായങ്ങള്‍ ഏറെയുണ്ടാവാനിടയുള്ള ചിത്രമാണിത്. എങ്കിലും സംവിധായകന്‍ എന്ന നിലയില്‍ സേഫ്‌സോണില്‍ നിന്ന് കളിക്കാനില്ല എന്ന് ധീരമായി പ്രഖ്യാപിക്കുന്ന വേണു കാഴ്‍ചക്കാരന് ഖനിച്ചു ചെല്ലാനും നാനാര്‍ത്ഥങ്ങളുടെ വജ്രങ്ങള്‍ കണ്ടെത്താനുമുള്ള വലിയ സാധ്യത പ്രേക്ഷകന് മുന്നിലേക്കിട്ടു കൊടുക്കുകയാണ്.

Carbon review

ജീവിതയാത്രയില്‍ ഒരു നിധി ഓരോ മനുഷ്യനായും കാത്തിരിപ്പുണ്ടെന്നാണ്. ചിലരത് കണ്ടെത്താനായി ഒരുങ്ങിപ്പുറപ്പെടുന്നു. ചിലരത് തേടി വരുന്നതുവരെ കാത്തിരിക്കുന്നു. ചിലരത് കണ്ടെത്താമായിരുന്നിട്ടും വഴി തെറ്റി മറ്റെങ്ങോട്ടോ പോകുന്നു. ചിലര്‍ക്ക് മറ്റു ചിലരത് കാട്ടിക്കൊടുക്കുന്നു. ഈ നിധി എന്നത് കാലങ്ങളായി ജീവിതത്തെ സംബന്ധിച്ചുള്ള ചിന്തകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നൊരു ' മെറ്റഫര്‍' ആണ്. അത്തരത്തില്‍ സ്വന്തം ജീവിതത്തിന്റെ നിധി തേടി നടക്കുന്നൊരു ചെറുപ്പക്കാരനെയാണ് (സിബി സെബാസ്റ്റ്യന്‍ ) കാര്‍ബണില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. സാധാരണ സിനിമകളിലും സാഹിത്യത്തിലുമൊക്കെ ഈ നിധിയെന്നത് ഒരു ഉള്‍ക്കാഴ്‍ചയോ ദര്‍ശനമോ ആയിരിക്കാറാണ് പതിവ്. സമ്പത്ത് ലക്ഷ്യം വച്ച് നീങ്ങുന്നൊരാള്‍ ഒരിക്കലും സമ്പന്നനാവുന്നില്ല. പകരം സമ്പത്തിലും വലുത് മറ്റുചിലതുണ്ടെന്ന് അയാള്‍ തിരിച്ചറിയുന്നു. അല്ലെങ്കില്‍ സമ്പത്തിന് പുതിയ നിര്‍വചനങ്ങള്‍ അയാള്‍ കണ്ടെത്തുന്നു. പൗലോകൊയ്‌ലോയുടെ ജനപ്രിയ പുസ്‍തകമായ ആല്‍ക്കെമിസ്റ്റൊക്കെ ഈ പശ്ചാത്തലത്തില്‍ സിനിമയില്‍ പരാമര്‍ശവിധേയമാവുന്നുണ്ട്. എന്നാല്‍, നിങ്ങള്‍ നിശ്ചയിക്കുന്നതാണ് നിങ്ങളുടെ അര്‍ത്ഥമെന്നും എത്രകാലം നിങ്ങള്‍ അതിലുറച്ചു നില്‍ക്കുന്നു എന്നതാണ് നിങ്ങളെ കരിയായോ വജ്രമായോ ഒക്കെ മാറ്റിത്തീര്‍ക്കുന്നതെന്നുമൊക്കെയാണ് കാര്‍ബണ്‍ പറയുന്നത്.

സാധാരണജീവിതത്തില്‍ നിന്ന് തെന്നിമാറി ജീവിതവിജയത്തിന് പലവഴികള്‍ പരീക്ഷിച്ചു പരാജയപ്പെടുന്ന സിബി സെബാസ്റ്റ്യെനെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വജ്രകാന്തിയോടെ അവതരിപ്പിച്ചിരിക്കുന്നു. മഹേഷിന്റെ പ്രതികാരം മുതല്‍ നാമിങ്ങോട്ടു കണ്ട സ്വാഭാവികാഭിനയത്തിന്റെ തുടര്‍ച്ചയാണ് കാര്‍ബണിലും. സമീറയെന്ന കഥാപാത്രത്തെയാണ് മംമ്ത മോഹന്‍ദാസ് അവതരിപ്പിച്ചിരിക്കുന്നത്. മണികണ്ഠന്‍, കൊച്ചുപ്രേമന്‍, ചേതന്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

മുന്നറിയിപ്പിനെ പോലെ തന്നെ തീര്‍ത്തും റിയലിസ്റ്റിക്കായൊരു സമീപനമാണ് കാര്‍ബണിന്റെ തുടക്കത്തില്‍ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ അതിവേഗം സിനിമ മുന്നോട്ടു നീങ്ങുന്നു. ഒരിടത്തും കാമറ ശ്രദ്ധയൂന്നുകയോ, വേഗം കുറയ്‍ക്കുകയോ ഒന്നും ചെയ്യുന്നില്ല. എന്നാല്‍ മുന്നറിയിപ്പിലുടനീളം പുലര്‍ത്തിയ റിയലിസത്തിന് കാര്‍ബണില്‍ വലിയ പ്രസക്തിയൊന്നുമില്ല. സാങ്കേതികമായി സിങ്ക്‌സൗണ്ട് ഉള്‍പ്പെടുയുള്ള സങ്കേതങ്ങളിലൂടെ തീര്‍ത്തും സിനിമാറ്റിക് അല്ലാതായി ഇരിക്കുമ്പോഴും ആഖ്യാനത്തിലേക്ക് അയതാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന, തീര്‍ത്തും അമൂര്‍ത്തമായ രംഗങ്ങള്‍ കയറിവരുന്നു. ആദ്യ പകുതിയില്‍ ശബ്‍ദമയമായ ( പശ്ചാത്തലശബ്‍ദങ്ങളല്ല) ചിത്രം അവസാനത്തെ അരമണിക്കൂറുകളില്‍ പൂര്‍ണമായും ദൃശ്യകേന്ദ്രീകൃതമാവുകയും യാഥാര്‍ത്ഥ്യമേത് അല്ലാത്തതേത് എന്ന് തിരിച്ചറിയാത്ത ഒരവസ്ഥയിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. കാടിനകത്ത് വഴിതെറ്റി നില്‍ക്കുന്ന നായകന്റെ മാനസികാവസ്ഥയുടെ പങ്കുപറ്റുകയാണ് കാണിയും. പിന്നീട് പെയ്യുന്ന മഴയില്‍ നാം അയാളുടെ വജ്രകാന്തി കാണുന്നു. ഒരല്‍പം ചിന്തിച്ചാല്‍ സിനിമ മുന്നോട്ടുവയ്‍ക്കുന്ന യാഥാര്‍ത്ഥ്യമെന്തെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും. ചുരുക്കത്തില്‍ ഒരു 'ഈസിവ്യൂവിങ്ങ് ' സാധ്യമാവുന്ന ചിത്രമല്ല കാര്‍ബണ്‍. കാഴ്ചക്കാരന്റെ കൂടി പങ്കാളിത്തത്താലാണ് ചിത്രം പൂര്‍ണമാവുക. ഒരുപാട് വിശകലനങ്ങള്‍ക്കും പുതിയ കണ്ടെത്തലുകള്‍ക്കും പല കോണുകളില്‍ നിന്നുള്ള വ്യാഖ്യാനങ്ങള്‍ക്കും സ്വാഗതമോതുകയാണ് കാര്‍ബണ്‍. ആ അര്‍ത്ഥത്തില്‍ മുന്നറിയിപ്പെന്ന ചിത്രത്തെ കാര്‍ബണും ഓര്‍മിപ്പിക്കുന്നുണ്ട്.

സൗബിന്‍ അവതരിപ്പിക്കുന്ന ആനക്കാരനാണ് ചിത്രത്തിലെ മായക്കാഴ്‍ചകള്‍ക്ക് തുടക്കമിടുന്നത്. പിന്നീട് പോകെപ്പോകെ അത്തിമരവും, പെയ്യുന്ന മഴയും ഏറ്റവുമൊടുവില്‍ നായിക തന്നെയും ഒരു മിഥ്യയാണോയെന്ന് കാണികള്‍ സംശയിച്ചേക്കാം. ഓരോരുത്തര്‍ക്കും ഇഷ്‍ടമുള്ളത് വിശ്വസിക്കാനുള്ള സ്വാതന്ത്യം സിനിമ നല്‍കുന്നുമുണ്ട്.

പ്രശസ്‍ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെ യു മോഹനനാണ് കാര്‍ബണിന്റെ ഛായാഗ്രാഹകന്‍. അദ്ദേഹത്തിന്റെ ഒരു സിഗ്നേച്ചര്‍ ഫ്രയിം തപ്പി നടന്നാല്‍ കാര്‍ബണത് നിങ്ങള്‍ക്ക് നിഷേധിക്കും. സിനിമയെ പൂര്‍ത്തീകരിക്കുന്ന പല സാങ്കേതികഘടകങ്ങളിലൊന്നുമാത്രമായി ഛായാഗ്രഹണം വരിതെറ്റിക്കാതെ നില്‍ക്കുന്ന കാഴ്‍ച ആനന്ദകരമാണ്. എന്നാല്‍ സിനിമ കണ്ടവസാനിക്കുമ്പോള്‍ പ്രമേയത്തിന്റെ സമഗ്രമായ വിനിമയത്തില്‍ ഛായാഗ്രഹണം അതിന്റെ പങ്ക് പിഴയ്‍ക്കാതെ നിര്‍വഹിച്ചുവെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും. അതുപോലെ തന്നെയാണ് സൗണ്ട്ഡിസൈനും. ജയദേവന്‍ ചക്കാടത്തിന്റെ സൂക്ഷ്‍മത സൗണ്ട്ട്രാക്കിലുടനീളമുണ്ട്. ഒരിടത്തും വേറിട്ടൊരൊച്ച കേള്‍പ്പിക്കാതെ, എന്നാല്‍ കേള്‍ക്കേണ്ടതിനെയത്രയും കൃത്യമായി കേള്‍പ്പിച്ച് സൂചിയില്‍ നൂല് കോര്‍ത്തെടുക്കും പോലെ കാഴ്‍ചക്കാരന്റെ ചെവികളിലൂടെയും സസൂക്ഷ്‍മം സിനിമയെ കയറ്റിവിടുന്ന മാജിക്കാണ് ജയദേവന്‍ ഈ ചിത്രത്തില്‍ ചെയ്‍തിരിക്കുന്നത്. ബിജിബാലാണ് പശ്ചാത്തലസംഗീതം. ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ഈണമിട്ട മൂന്ന് ഗാനങ്ങളില്‍ ഒന്ന് മികവ് പുലര്‍ത്തി.

Carbon review

രണ്ട് മണിക്കൂര്‍ ഇരുപത്തിയാറ് മിനിട്ട് ദൈര്‍ഘ്യമുള്ള കാര്‍ബണ്‍ കഥയുടെ കേന്ദ്രത്തിലേക്ക് കടക്കുന്നതില്‍ വരുത്തുന്ന കാലതാമസം സിനിമയുടെ ആസ്വാദനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് പറയാം. ഇത് പക്ഷേ, സിനിമ കണ്ടിറങ്ങിക്കഴിയുമ്പോള്‍ മാത്രം തിരിച്ചറിയപ്പെടുന്ന ഒന്നാണെന്നതാണ് രസകരം. അതുപോലെ തിരക്കഥയിലെ ചില സന്ദര്‍ഭങ്ങള്‍, പോകെപ്പോകെ ഫ്ലാറ്റായിപ്പോകുന്ന സംഭാഷണങ്ങള്‍ എന്നിവയും ചിത്രത്തിന് തിരിച്ചടിയാവുന്നുണ്ട്. മുന്നറിയിപ്പിന്റെ സംഭാഷണങ്ങള്‍ ഹ്രസ്വമാണെങ്കിലും ആഴമുള്ളതും ആന്തരികാര്‍ത്ഥങ്ങളാല്‍ ജീവനുള്ളതുമായിരുന്നെങ്കില്‍ കാര്‍ബണ്‍ ആ മേഖലയില്‍ പരാജയപ്പെടുന്നുണ്ട്. പ്രമേയത്തിലെയും പരിചരണത്തിലെയും മൗലികതയും പുതുമയുമാണ് അവിടെയും ചിത്രത്തെ താങ്ങിനിര്‍ത്തുന്നത്. വിശാല്‍ ഭരദ്വാജ് ഈണമിട്ടു എന്നത് കൊണ്ട് മാത്രം മൂന്ന് ഗാനങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി തോന്നി. മംമ്തയുടെ സമീറ ആലപിക്കുന്ന ഒരൊറ്റ പാട്ട് മാത്രമാണ് കഥാഗതിയോട് കൃത്യമായും ചേര്‍ന്ന് നില്‍ക്കുന്നത്. മറ്റ് രണ്ട് ഗാനങ്ങള്‍ മുറിച്ചുമാറ്റിയാലും സിനിമയ്‌ക്കൊന്നും സംഭവിക്കില്ല. ബീന പോള്‍ എഡിറ്റ് ചെയ്‍ത ദൃശ്യങ്ങള്‍ അങ്ങേയറ്റം സ്വാഭാവികമായി ചലിക്കുന്നവയാണ്. എന്നാല്‍, കാര്‍ബണ്‍ മുന്നോട്ടു വയ്‍ക്കുന്ന ചലച്ചിത്രാനുഭവത്തെ കുറച്ചു കൂടി വേഗതയിലും വ്യക്തമായും കാണികളിലേക്കെത്തിക്കുന്നതിന് ഒരു വട്ടം കൂടി എഡിറ്റ് ചെയ്യുന്നത് കൊണ്ടും തെറ്റില്ല.

മംമ്തയുടെ കഥാപാത്രം സിനിമയിലൊരിടത്ത് ഇങ്ങനെ പറയുന്നുണ്ട്- കയറിനോക്കാന്‍ ഭയക്കുന്ന ഇടങ്ങളില്‍ കയറാനുള്ള ധൈര്യം കാണിക്കുമ്പോഴാവും ഓരോരുത്തരും നിധി കണ്ടെത്തുന്നതെന്ന്. സംവിധായകന്‍ കാര്‍ബണില്‍ ചെയ്‍തിരിക്കുന്നതും ഇത് തന്നെയാണ്. സധൈര്യം ഒരു പുതിയ പരീക്ഷണത്തിന് അദ്ദേഹം തയ്യാറായിരിക്കുന്നു. ആദ്യ കാഴ്‍ചയില്‍ അനാവൃതമാകാതെ തിളക്കത്തിന്റെ പല അടരുകളാല്‍ സമ്പൂര്‍ണമാകുന്ന വജ്രം പോലെ കലയുടെയും അര്‍ത്ഥത്തിന്റെയും പല അടരുകളുള്ള ഒരു സിനിമയായി മാറിനില്‍ക്കൂന്നുവെന്നതാണ് കാര്‍ബണിന്റെ മികവ്.

Follow Us:
Download App:
  • android
  • ios