Asianet News MalayalamAsianet News Malayalam

അമ്മയിലെ പ്രശ്നങ്ങള്‍: ഗണേഷ് നല്‍കിയ കത്തിന്‍റെ പൂര്‍ണരൂപം

Ganesh Kumar letter seeking to dissolve AMMA surfaces
Author
First Published Jul 2, 2017, 5:36 PM IST

അമ്മയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഗണേഷ് കുമാര്‍ അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റിന് കത്ത് എഴുതിയത്. പിന്നീട് ഈ കത്തിലെ പ്രശ്നങ്ങളില്‍ തൃപ്തികരമായ മറുപടി ലഭിച്ചെന്ന് ഗണേഷ് പറഞ്ഞു. കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് എങ്ങനെയാണ് ലഭിച്ചത് എന്ന് അറിയില്ലെന്ന് പറഞ്ഞ ഗണേഷ്. സംഘടനയിലെ പ്രശ്നങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്തെന്നും അറിയിച്ചു.

കത്തിന്‍റെ പൂര്‍ണരൂപം

'അങ്ങ് നേതൃത്വം നല്‍കുന്ന, ഞാന്‍ കൂടി അംഗമായിട്ടുള്ള 'അമ്മ' എന്ന സംഘടന രൂപീകൃതമായിട്ട് 23 വര്‍ഷമാകുന്നു. കാല്‍നൂറ്റാണ്ട് പ്രായത്തിനോടടു ക്കുന്ന ഈ കാലയളവില്‍, അംഗങ്ങള്‍ക്കോ സാധാരണ ജനങ്ങള്‍ക്കോ പൊതുസമൂഹത്തിനോ യാതൊരു ഗുണവുമില്ലാത്ത സ്വയം നാശത്തിലേക്ക് ഈ സംഘടന നിര്‍ജ്ജീവമായി നീങ്ങുന്നത് ഒരു കാഴ്ചക്കാരനെപ്പോലെ കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന മട്ടില്‍ ഇങ്ങനെയൊക്കെയങ്ങ് പോയാല്‍ മതി എന്നു കരുതുന്ന ചിലരുണ്ടാവാം. എന്നാല്‍ ഈ സംഘടന രൂപീകരിക്കാനുള്ള ആശയം ആദ്യമായി ഉരുത്തിരിയുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വേദി മുതല്‍ അതിനോടൊപ്പം നില്‍ക്കു കയും കെട്ടുറപ്പുള്ള ഒരു കൂട്ടായ്മയായി ഇതിനെ കെട്ടിപ്പടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ശ്രീ.വേണു നാഗവള്ളി, ശ്രീ.എം.ജി. സോമന്‍, ശ്രീ.മണിയന്‍പിള്ള രാജു, എന്നിവരോടൊപ്പം പ്രാരംഭകാലം മുതല്‍ പ്രയത്‌നിക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത ഒരാള്‍ എന്ന നിലയില്‍ എനിക്ക് അതിനാവില്ല. അതുകൊണ്ടുതന്നെ, നിരാശാജനകമായ പ്രവര്‍ത്തനങ്ങളിലൂടെ 'അമ്മ' എന്ന സംഘടന അംഗങ്ങളുടെയും കേരളീയ സമൂഹത്തിന്റെയും മുന്നില്‍ അപഹാസ്യമാകുന്ന സാഹചര്യത്തില്‍, നന്മ മാത്രം ഉദ്ദേശിച്ച ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്.
 
ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംഘടന വേണമെന്ന ആശയം ഉയര്‍ന്നത്. എന്തായിരുന്നു അതിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍, എന്ത് മാനദണ്ഡപ്രകാരമാണ് ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് തുടങ്ങി ഒരുപാട് കാര്യങ്ങളെ മറന്ന് പരിതാപകരമായ നിലയിലാണ് 'അമ്മ' സില്‍വര്‍ ജൂബിലിയിലേക്ക് കടക്കുന്നത്. മലയാള സിനിമയിലെ നടീനടന്മാര്‍ക്ക് സംഘടിതമായ ഒരു വേദിയോ സംയുക്തമായ ഒരു ശബ്ദമോ ഇല്ലാതിരുന്ന ഒരുകാലത്ത്, അതിന്റെ ദുരന്തം എന്ന നിലയില്‍ ഉണ്ടായ ഒരു പ്രത്യേക സംഭവമാണ് 'അമ്മ' എന്ന സംഘടനയു ണ്ടാകാന്‍ പ്രേരകമായത്. നമ്മുടെ അംഗമായ ശ്രീ. സിദ്ധിഖിനെ അന്ന് നിര്‍മ്മാതാവായിരുന്ന ശ്രീ. ചങ്ങനാശ്ശേരി ബഷീര്‍ ആകമിച്ചുവെന്ന സംഭവം നടീനടന്മാര്‍ക്കിടയില്‍ ഞെട്ടലും അരക്ഷിതത്വ ബോധവും സ്യഷ്ടിച്ചു. പൊറുക്കാനാകാത്ത വേദനയുളവാക്കിയ ഒരു സംഭവമായിരുന്നതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി അന്ന് കോഴിക്കോട് വച്ച് ഞങ്ങള്‍ വിരലിലെണ്ണാവുന്ന ചിലര്‍ ഒരു അനൗപചാരിക യോഗം ചേര്‍ന്നു. അവിടെ വച്ച് ശ്രീ.മമ്മുട്ടിയും അന്തരിച്ച നടന്‍ ശ്രീ.മുരളിയും ഞാനുമടക്കം മൂന്നോ നാലോ പേര്‍ മാത്രം കൂടിയിരു ന്നാണ് ഇത്തരത്തിലൊരാശയത്തെക്കുറിച്ച് ആലോചിക്കുന്നത്. അന്ന് അങ്ങ് ഇതില്‍ അംഗമോ ഇതിന്റെ ഭാരവാഹിയോ അല്ല എന്നതിനാലാണ് എനിക്കിത് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്തെത്തി, ഞങ്ങള്‍ ശ്രീ.എം.ജി. സോമനെയും ശ്രീ.വേണു നാഗവള്ളിയെയും വിളിച്ചുചേര്‍ത്ത് ഈ സംഘടനയുടെ ബൈലോയുടെ ആദ്യവരികള്‍ എഴുതിച്ചേര്‍ത്തു. ആ കാലം മുതല്‍ ഏറ്റവും സജീവമായും സമര്‍പ്പണമനോഭാവത്തോടും നിന്ന ഒരു വ്യക്തിത്വമാണ് (ശീ. മണിയന്‍പിള്ള രാജു. അക്കാലത്ത് സംഘടനയുടെ പ്രാരംഭ ചെലവുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുവാന്‍ സന്നദ്ധനായി മുന്നോട്ടുവന്നയാളാണ് (ശീ. സുരേഷ്‌ഗോപി. ആദ്യത്തെ മെമ്പര്‍ഷിപ്പ് തനിക്ക് വേണമെന്നതു മാത്രമാണ് അന്ന് അദ്ദേഹം ഉന്നയിച്ച ആവശ്യം.

മെമ്പര്‍ഷിപ്പ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത് അങ്ങേയ്ക്ക് മനസ്സിലാകും. അമ്മയിലെ ആദ്യ മെമ്പര്‍ ശ്രീ. സുരേഷ്‌ഗോപി, ആദ്യത്തെ അപേക്ഷകനായ ഗണേഷ് കുമാറാണ് രണ്ടാമത്തെ അംഗം. മൂന്നാമത്തെ അംഗം ശ്രീ. മണിയന്‍പിള്ള രാജു. ഞാനും ശ്രീ. മണിയന്‍പിള്ള രാജുവും കൂടി അക്കാലത്ത് ഏറെക്കുറെ എല്ലാ നടീനടന്മാരുടെയും വീടുകളില്‍ മെമ്പര്‍ഷിപ്പിന്റെ കടലാസുകളുമായി യാത്ര ചെയ്തത് എത്തിയാണ് അവരെ അംഗങ്ങളാക്കിയെടുത്തത്. എന്നതും ഓര്‍മ്മിക്കാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെ, അന്നുമുതലിന്നോളം ആരുടെയും ഔദാര്യത്തിലൂടെയോ വിട്ടുവീഴ്ചയിലൂടെയോ അല്ലാതെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ 'അമ്മ'യുടെ ഭരണസമിതിയില്‍ അംഗമായിരിക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് ചാരിതാര്‍ത്ഥ്യപൂര്‍വ്വം സ്മരിക്കുകയും ചെയ്യുന്നു. എന്തായിരുന്നു 'അമ്മ'യുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍, ഏത് മാനദണ്ഡപ്രകാരമാണ് ഈ സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍, ഇന്നത്തെ ഈ സംഘടനയുടെ മുഖം, പ്രസിഡന്റായിരിക്കുന്ന അങ്ങയെ പോലും ലജ്ജിപ്പിക്കും എന്നാണ് ഞാന്‍ കരുതുന്നത്. 'അമ്മ'യുടെ ഭൂതകാലം അറിയാവുന്ന മഹാഭൂരിപക്ഷം അംഗങ്ങളും അങ്ങനെ തന്നെ കരുതും എന്നാണ് ഞാന്‍ വിശ്വസിക്കുന്നതും. തിരുവിതാംകൂര്‍ കൊച്ചി ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരമാണ് 'അമ്മ' എന്ന സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് എന്ന യാഥാര്‍ത്ഥ്യം അങ്ങ് മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു. അംഗങ്ങളുടെ ക്ഷേമം എന്നതില്‍ ഉപരിയായി, സംഘടനയ്ക്കുണ്ടാകുന്ന സാമ്പത്തിക സ്രോതസ്സിന്റെ നല്ല ഒരു പങ്ക് നമുക്കു ചുറ്റുമുള്ള നിരാലംബരുടെ ക്ഷേമത്തിനുവേണ്ടിക്കൂടി ഉപയുക്തമാക്കുക എന്ന താണ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ധര്‍മ്മം. നമ്മുടെ ചുറ്റുപാടുകളിലേക്കു നോക്കുമ്പോള്‍, അംഗവൈകല്യങ്ങള്‍ നിമിത്തം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തവര്‍, മാനസിക രോഗബാധിതര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് മാരകരോഗബാധിതര്‍, സ്വന്തമായി കയറിക്കിടക്കാന്‍ ഒരു കൂരപോലും ഇല്ലാത്തവര്‍ ഇങ്ങനെ സാമൂഹ്യ ദുരന്തങ്ങളുടെ എത്രയേറെ വേദനാജനകമായ കാഴ്ചകളാണ് നമ്മള്‍ കാണുന്നത്. ഒരു ജനപ്രതിനിധി കൂടിയായ അങ്ങയ്ക്കും ഇത് കാണാതിരിക്കുവാന്‍ കഴിയില്ല എന്ന വിശ്വാസത്തോടുകൂടി ഞാന്‍ ഒരു സംശയം ചോദിച്ചോട്ടേ. (പിയപ്പെട്ട പ്രസിഡന്റ്, അങ്ങ് നേതൃത്വം നല്‍കുന്ന ഈ സംഘടന എന്ത് ചാരിറ്റി പ്രവര്‍ത്തനമാണ് ചെയ്യുന്നത്? കോടിക്കണക്കിന് രൂപ ശേഖരിച്ച ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് അതിന്റെ ലാഭം അംഗങ്ങള്‍ക്ക് വീതിച്ചുകൊടു ത്തുകൊണ്ടിരുന്നാല്‍ ചാരിറ്റിയാകുമോ? രാജ്യത്തെ ആദായനികുതി വകുപ്പും നികുതി സംവിധാനങ്ങളും 'അമ്മ'യെ കാണുന്നത് ലാഭേച്ഛയോടുകൂടി പ്രവര്‍ത്തി ക്കുന്ന ഒരു സ്ഥാപനം എന്ന കാഴ്ചപ്പാടിലാണെന്നുള്ളത് അങ്ങയ്ക്കും അറി യില്ലേ? നിരാലംബരെയും ദുഃഖിതരെയും സഹായിക്കുവാനുള്ള സന്മനസ്സുകൂടി കാട്ടാതെ എങ്ങനെ ചാരിറ്റി പറയാനാകും? ലാഭവിഹിതമെടുത്ത് സ്വന്തം സംഘടനയിലെ അംഗങ്ങള്‍ക്ക് കൈനീട്ടം നല്‍കുന്ന നടപടിയില്‍ ഞാന്‍ തെറ്റു കാണുന്നില്ല. ആദായനികുതിയിനത്തില്‍ വര്‍ഷംതോറും വന്‍തുക അടച്ചുകൊണ്ടിരിക്കുന്നവര്‍ക്കും 'അമ്മ' കൈനീട്ടം നല്‍കുന്നുണ്ട്. ഒപ്പം, മരുന്നുവാങ്ങാനും ദൈനംദിന ജീവിത ചെലവുകള്‍ക്കും വകയില്ലാതെ ദുരിതമനുഭവിക്കുന്ന കുറെ അംഗങ്ങള്‍ക്കും നല്‍കുന്നുണ്ട്. അംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ചികിത്സാ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇതൊക്കെ നല്ലകാര്യങ്ങള്‍ തന്നെ. എന്നാല്‍ ഇതു മാത്രമാണോ മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാന ലക്ഷ്യമായി പ്രഖ്യാപിച്ച് രൂപീകൃതമായ ഒരു സംഘടനയുടെ ധര്‍മ്മം? നമ്മുടെ നാട്ടില്‍ ലാഭേച്ഛയോടുകൂടി പ്രവര്‍ത്തിക്കുന്ന പബ്ലിക ലിമിറ്റഡ് കമ്പനികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും പോലും അവരുടെ ലാഭവിഹിതത്തില്‍ നിന്ന് ഒരു നിശ്ചിത പങ്ക് സാമൂഹ്യ പ്രതിബദ്ധതയ്ക്കുവേണ്ടിയുള്ള പദ്ധതികള്‍ക്കായി (കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പ്രോഗ്രാം) ചെലവഴിക്കുന്നുണ്ട് എന്ന സത്യം മറക്കരുത്. ജലരേഖകള്‍ പോലെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തി വാര്‍ത്താപ്രാധാന്യം നേടുക മാത്രം ചെയ്താല്‍ അത് ചാരിറ്റിയാകും എന്ന് കരുതുന്നതിന്റെ ഒന്നുരണ്ട് ഉദാഹരണങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കേണ്ടിവരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ ജനറല്‍ ബോഡി യോഗങ്ങള്‍ക്ക് ശേഷം ജനറല്‍ ബോഡിയുടെ തീരുമാനമായി പത്രസമ്മേളനങ്ങളില്‍ പ്രഖ്യാപിച്ച യാതൊരു കാര്യങ്ങളും ഇന്നേവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നോര്‍ക്കണം. അതിന് ഉത്തമോദാഹരണമാണ് പാവപ്പെട്ട ക്യാന്‍സര്‍ രോഗികളെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി അത്താഴമില്ല എന്നുപറഞ്ഞ കഴിഞ്ഞ ജനറല്‍ ബോഡിയിലെ പ്രഖ്യാപനം. 2016 ജൂണ്‍മാസ ത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് ഈ നെടുങ്കന്‍ പ്രഖ്യാപനം നടത്തിയത്. മൂന്നരക്കോടിയിലധികം രൂപ ചെലവു വരുന്ന ഒരു ക്യാന്‍സര്‍ പരിശോധനാ വാഹനം (പ്രാവര്‍ത്തികമാക്കുവാന്‍ പോകുന്നുവെന്നതായിരുന്നു അത്. കൈയടി നേടാന്‍ മാത്രമേ ഈ പ്രഖ്യാപനം ഉപകരിക്കുകയുള്ളവെന്നും ഈ ആശയം പ്രായോഗികമല്ലായെന്നും തലേദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഞാനും ശ്രീ, ദിലീപും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഒന്നര പതിറ്റാണ്ടു കാലം ജനപ്രതിനിധിയെന്ന നിലയിലും രണ്ടുതവണ ഈ സംസ്ഥാനത്ത് മന്ത്രിയെന്ന നിലയിലും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പ്രായോഗികവശങ്ങള്‍ നന്നായി ബോധ്യമുള്ളതുകൊണ്ടാണ് ഞാന്‍ ഈ അഭിപ്രായം പറഞ്ഞത്. പക്ഷെ അതിന് വില കല്പിക്കാനോ ചിന്തിക്കാനോ ശ്രമിക്കാതെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും കൂടി തീരുമാനമെടുത്ത് പിറ്റേദിവസം പ്രഖ്യാപനവും നടത്തി. ഒരു വര്‍ഷം പിന്നിടുമ്പോഴും അത് നടപ്പിലാക്കാന്‍ കഴിയാത്തതില്‍ നിങ്ങള്‍ക്ക് നാണക്കേടില്ലങ്കില്‍ അത് കേട്ടിരുന്ന അംഗങ്ങളായ ഞങ്ങള്‍ക്കും 'അമ്മ'യുടെ പ്രഖ്യാപനം വിശ്വസിച്ച് വഞ്ചിതരായ സാമാന്യ ജനങ്ങള്‍ക്കും നാണക്കേട് തന്നയാണിത്. അംഗപരിമിതരായ നൂറുപേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ നല്‍കുന്നതിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി കൈക്കൊണ്ട മറ്റൊരു തീരുമാനമെടുക്കുക. ഇത് പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി ഞാനും ഏറെ പ്രയത്‌നിച്ചു. ബന്ധപ്പെട്ട ആളുകളില്‍ നിന്നും ഇതിനാവശ്യമായ ക്വട്ടേഷനുകള്‍ അടക്കമുള്ള അനുബന്ധ രേഖകള്‍ ശേഖരിച്ചുനല്‍കി. പക്ഷേ എന്തുണ്ടായിയെന്ന് നിങ്ങള്‍ ആത്മവിമര്‍ശന ബുദ്ധിയോടെ പരിശോധിക്കാന്‍ തയ്യാറാകണം. ശ്രീ. ഇടവേള ബാബുവിന് ഇക്കാര്യങ്ങളില്‍ തുടര്‍ നടപടിയെടുക്കാന്‍ യാതൊരു അധികാരവും ഇല്ലാത്തതിനാല്‍ ആ പ്രഖ്യാപനവും വെള്ളത്തില്‍ വരച്ച വരയായി മാറി. ഭവനരഹിതരായ പാവങ്ങള്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനമുണ്ടായി. അതിലേക്ക് ആവശ്യമായ ഡിസൈന്‍, എസ്റ്റിമേറ്റ്, വിശദമായ പദ്ധതിരേഖ എന്നിവയെല്ലാം എടുത്തുനല്‍കി. എവിടെയായി ആ പ്രഖ്യാപനവും തീരുമാനവും എന്ന് വിശദമാക്കണം. ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒരു പ്രത്യേക സ്വഭാവവിശേഷത്തെക്കുറിച്ചു കൂടി പറയാതിരിക്കുവാന്‍ കഴിയില്ല. വീട്ടില്‍ നിന്നും ചുട്ടുകൊണ്ടുവന്ന അപ്പം പോലെ തീരുമാനങ്ങള്‍ ചുട്ടെടുത്തു കൊണ്ടുവന്ന് വിളമ്പുകയാണ് പതിവ്. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പറയുന്ന അഭിപ്രായങ്ങള്‍ക്കൊന്നും അവിടെ യാതൊരു പ്രസക്തിയുമില്ല. വളരെ തിരക്കുള്ള ജനറല്‍ സെക്രട്ടറിയ്ക്ക് അതൊന്നും കേള്‍ക്കാനുള്ള സമയവുമില്ല. ഇനി അഥവാ ചര്‍ച്ച ചെയ്ത് കമ്മറ്റിയില്‍ തീരുമാനമെടുത്ത് രേഖപ്പെടുത്തിയാല്‍ പോലും നടപ്പിലാക്കുന്നത് നേരത്തെ ചുട്ടെടുത്ത് കൊണ്ടുവന്ന തീരുമാനം തന്നെയായിരിക്കും എന്നതാണ് അനുഭവം. ഒരു ജനാധിപത്യ രാജ്യത്തില്‍ ജനാധിപത്യ സ്വഭാവമുള്ള സംഘടനയില്‍ ഇതാണ് അവസ്ഥയെന്നത് സങ്കടകരമാണ്.
 
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബൈലോയിലെ നിയമാവലി പ്രകാരം നമുക്ക് അനുമതിയും അധികാരവുമുണ്ട്. നമ്മുടെ കൈവശം അതിനാവശ്യമായ പണവും നിക്ഷേപമായുണ്ട്. ഭവനരഹിതര്‍ക്ക് 'അമ്മ നേരിട്ടുള്ള ഉത്തരവാദിത്വത്തില്‍ വീടുവെച്ച് നല്‍കുകയാണെങ്കില്‍ അതിന്റെ പുണ്യവും അന്തസ്സും 'അമ്മ'യിലെ ഓരോ അംഗവും ഒരുപോലെ പങ്കിട്ടെടുക്കും. ഓരോ അംഗത്തിനും അഭിമാനകരമാകും ഈ സത്കര്‍മ്മം. 'അമ്മ' എന്തിന് ഇത് നേരിട്ട് ചെയ്തതുവെന്ന് ആരും ചോദിക്കില്ല. ആര്‍ക്കും ചോദിക്കുവാന്‍ അവകാശവുമില്ല. എന്നിട്ടും എന്തിനാണ്. സ്വന്തം സമ്പത്ത് ചെലവാക്കി സ്വയം ചെയ്യേണ്ടുന്ന കാര്യം മറ്റൊരാളില്‍ ചാരി നിന്നു ചെയ്യുവാന്‍ ശ്രമിക്കുന്നത്? ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സംഘടനയ്ക്ക് ലഭിക്കേണ്ടുന്ന അംഗീകാരവും ആദരവും ചിലരുടെ തന്‍കാര്യ പ്രീതിക്കുവേണ്ടി ഇഷ്ടക്കാരായ ചില സ്ഥാപനങ്ങള്‍ക്ക് പണയപ്പെടുത്തിക്കൊടുക്കുന്നത് ലജ്ജാകരമാണ്. ആര്‍ക്കും ഒരു പ്രയോജനവുമില്ലാതെ, സമൂഹത്തിന് യാതൊരു ഗുണവുമില്ലാതെ, എന്തിന് ഇങ്ങനെ ഈ സംഘടന മുന്നോട്ടുപോകുന്നു എന്നതിന് ഇനിയെങ്കിലും ഉത്തരമുണ്ടാകണം.  ഈ സംഘടന രൂപീകരിക്കപ്പെടാന്‍ നിമിത്തമായ സംഭവത്തെക്കുറിച്ച ആമുഖമായി ഞാന്‍ സൂചിപ്പിച്ചിരുന്നു. സമാനമായ മറ്റൊരനുഭവം അടുത്തകാലത്ത് ഉണ്ടായപ്പോള്‍ എത്ര നെറികെട്ട സമീപനമാണ് 'അമ്മ സ്വീകരിച്ചത് എന്നത് സിനിമാലോകത്ത് മാത്രമല്ല, പൊതുസമൂഹത്തിലും ചര്‍ച്ചയായതാണ്. നമ്മുടെ അംഗവും സഹപ്രവര്‍ത്തകയുമായ നടിക്ക് ഏറ്റവും (കൂരമായ ഒരു ആക്രമണ അനുഭവം ഉണ്ടായപ്പോള്‍ ഗൗരവപൂര്‍വ്വം ആ വിഷയത്തില്‍ ഇടപെടുവാനോ ശക്തമായ ഒരു പ്രതിഷേധസ്വരം ഉയര്‍ത്തുവാനോ 'അമ്മ തയ്യാറായില്ല. തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് മുന്നോട്ടുവരാന്‍ 'അമ്മയുടെ നേതൃത്വം മടിച്ചുനിന്നപ്പോള്‍ പിച്ചിച്ചീന്തപ്പെട്ടത് നമ്മുടെ സഹപ്രവര്‍ത്തകയായ ഒരു സഹോദരിയുടെ ആത്മാഭിമാനവും സുരക്ഷിതത്വവുമാണ്. ഈ സംഘടന ഒരുതരം അഴകൊഴമ്പന്‍ സമീപനം സ്വീകരിച്ച നിന്നതല്ലാതെ പ്രകടമായ ഒരു നിലപാട് കൈക്കൊള്ളുന്നതിനോ ശക്തമായ ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നതിനോ ശ്രമിച്ചില്ല. ആ സമയത്താണ് ശ്രീ. ജോയി മാത്യു അടക്കമുള്ള ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യത്തില്‍ ശക്തമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്തത് എന്നും ഓര്‍ക്കണം. അവര്‍ കാണിച്ച പ്രതിബദ്ധതയെ ഒരിക്കലും കുറ്റപ്പെടുത്തുവാനും വിലകുറച്ചുകാണുവാനും കഴിയുകയില്ല. നടീനടന്മാരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടുന്ന ഈ സംഘടനയില്‍ നിന്നും നീതി ലഭിക്കില്ലായെന്ന അനുഭവവും വിശ്വാസവുമാണ് ആ സമയത്ത് സ്ത്രീകളുടെ ഒരു കൂട്ടായ്മ ഈ മേഖലയില്‍ ഉണ്ടാകാന്‍ ഇടയാക്കിയത് എന്ന സത്യവും 'അമ്മ'യുടെ നേതൃത്വം മറക്കരുത്. ഈ സംഭവത്തിന്റെ മറ്റൊരുവശം എന്ന നിലയില്‍ 'അമ്മ'യിലെ അംഗമായ ശ്രീ. ദിലീപിനെ (ക്രൂശിക്കുവാനും അപവാദ്രപ്രചരണങ്ങള്‍ കൊണ്ട് തകര്‍ക്കുവാനും വളരെ ആസൂത്രിതമായ ഒരു നീക്കമുണ്ടായി. സാമൂഹിക മാധ്യമങ്ങളും ചില ചാനലുകളും പത്രമാധ്യമങ്ങളുമൊക്കെ ചേര്‍ന്ന് (ശീ. ദിലീപിനെ വേട്ടയാടിക്കൊണ്ടിരുന്നപ്പോള്‍ നിസ്സംഗമായ നിലപാട് സ്വീകരിച്ച ഈ സംഘടന നടീനടന്മാര്‍ക്കുതന്നെ നാണക്കേടായി. ഈ വിഷയമുണ്ടായപ്പോള്‍ അന്ന് ഡല്‍ഹിയിലായിരുന്ന അങ്ങയെ ഞാന്‍ ഫോണില്‍ വിളിക്കുകയും 'അമ്മ'യുടെ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീ. ദിലീപിനെതിരായ തെറ്റായ നീക്കങ്ങളോട് ശക്തമായി പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തത് ഓര്‍ക്കുന്നുണ്ടാകുമെന്ന് കരുതട്ടെ. ഒരു മണിക്കുറിനുള്ളില്‍ പ്രതികരിക്കാമെന്നാണ് അങ്ങ് മറുപടി പറഞ്ഞത്. പക്ഷെ, എന്തുണ്ടായെന്ന് 'അമ്മ'യുടെ നേതൃത്വം സ്വന്തം മനസ്സാക്ഷിയോട് മറു പടി പറഞ്ഞാല്‍ മതി. വൈകുന്നേരം ജനറല്‍ സെക്രട്ടറി ശ്രീ. മമ്മുട്ടിയുടെ വീട്ടില്‍ വച്ച് രഹസ്യയോഗംപോലെ ഒരു ഒത്തുചേരലും ഒരു തിരക്കഥാകൃത്തിനെക്കൊണ്ട് എഴുതി തയ്യാറാക്കിയ എങ്ങും തൊടാത്ത ഒരു നെടുങ്കന്‍ പ്രസ്താവന പുറത്തിറക്കലും കൊണ്ട് ആ ജോലി തീര്‍ത്തു എന്ന് അഭിമാനിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. ഈ സംഘടനയിലെ ഒരംഗം ഏറ്റവും (കൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ ഉരിയാടാന്‍ കരുത്തില്ലെങ്കില്‍, ഈ സംഘടനയിലെ ഒരംഗം നിരപ രാധിയായിട്ടും പരസ്യമായി അധിഷേപിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമ്പോള്‍ സത്യത്തിനൊപ്പം നിന്ന് ശബ്ദമുയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, എന്തിനാണ് പ്രസിഡന്റ്, ഈ സംഘടന? ആരെയും സഹായിക്കാത്ത, ആര്‍ക്കും വേണ്ടാത്ത ഈ കപട 'മാതൃത്വം' പിരിച്ചുവിട്ടിട്ട് അവരവരുടെ കാര്യം അവരവര്‍ തന്നെ നോക്കി ജീവിച്ചോളാന്‍ മക്കളോട് പറയുന്നതല്ലേ കൂടുതല്‍ മാന്യത? ചില സഹോദര സംഘടനകള്‍ക്ക് പടപൊരുതാനുള്ള ആയുധമായി ഈ സംഘടനയെ അധ:പതിപ്പിച്ചതിന്റെ ഫലമായിട്ടാണ് അങ്ങയ്ക്കും ശ്രീ. ഇടവേള ബാബുവിനും കോംപറ്റീഷന്‍ കമ്മീഷനില്‍ നിന്നും പണമടയ്ക്കാനുള്ള വിധി വന്നത് എന്ന സത്യം മറന്നുപോകരുത്. സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തി ക്കേണ്ട ഒരു സംഘടന കേസുകെട്ടുകളുമായി കോടതിമുറികള്‍ കയറിയിറങ്ങുന്ന ദയനീയ പരാജയത്തിലേക്ക് എത്തിച്ചേര്‍ന്നത് നമ്മുടെ ലക്ഷ്യവും കര്‍മ്മവും മറന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്. കഴിഞ്ഞ ഒരു വര്‍ഷ ക്കാലം എന്തായിരുന്നു നമ്മുടെ പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രം എന്ന് സത്യസന്ധമായി പരിശോധിക്കാന്‍ നേതൃത്വം തയ്യാറാകണം. ഫെഫക്ക എന്ന ഒരു സഹോദര സംഘടനയ്ക്കുവേണ്ടി മഹാനടനായ (ശീ. തിലകനെയും ശ്രീ. ക്യാപ്റ്റന്‍ രാജുവിനെയും ശ്രീ. പൃഥ്വിരാജിനെയുമെല്ലാം ശാസിക്കാനും അനുസരിപ്പിക്കാനും അകറ്റിനിര്‍ത്താനുമൊക്കെ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ അങ്ങയും ശ്രീ. ഇടവേള ബാബുവും കോംപറ്റീഷന്‍ കമ്മീഷനില്‍ നിന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ ഇടയായത്, മറ്റു സംഘടനകള്‍ക്ക് ഏറ്റുമുട്ടാനുള്ള ഒരായുധമായി 'അമ്മ'യെ അധ:പതിപ്പിച്ചതിന്റെ ഫലമാണെന്ന് പറഞ്ഞാല്‍ നിഷേധിക്കുവാനാകുമോ? തകര്‍ന്നടിഞ്ഞ പഴയ നായര്‍ തറവാടുക ളിലെ കാരണവന്‍മാരെ ഓര്‍മ്മിപ്പിക്കുംവിധത്തില്‍ സുപ്രീംകോടതിയിലും കോംപ്റ്റീഷന്‍ കമ്മീഷനിലും ആദായനികുതി വകുപ്പിലുമൊക്കെ കേസുകെട്ടുകളുമായി കയറിയിറങ്ങി നടക്കുന്നത് മാത്രമാണോ സംഘടനാ ധര്‍മ്മവും ക്ഷേമപ്ര വര്‍ത്തനവും? നമ്മുടെ സംഘടനയ്‌ക്കോ അതിലെ അംങ്ങള്‍ക്കോ പൊതുസമൂഹ ത്തിനുവേണ്ടിയോ അല്ലാതെ മറ്റ് ചില സംഘടനകളുടെ നിഴലായി നടന്ന് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നാണംകെട്ട ഈ ശിക്ഷകള്‍ ഏറ്റുവാങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ്? നമ്മുടെ അക്കൗണ്ടിലെ പണം ഈ സംഘടനയുടെ നന്മയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനും സര്‍വ്വോപരി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ചെലവഴിക്കപ്പെടേണ്ടതാണെന്ന ബോധം ഇനിയെന്നാണ് ഭാര വാഹികള്‍ക്ക് ഉണ്ടാകുന്നത്. 'അമ്മ'യുടെ ധനശേഖരണാര്‍ത്ഥം നമ്മള്‍ സ്റ്റേജ് ഷോ നടത്തിയിരുന്ന കാലത്ത് ചാനലുകള്‍ക്കെല്ലാം അവ ടെലിക്കാസ്റ്റ് ചെയ്യുന്നതിന് വലിയ ഡിമാന്റാ യിരുന്നു. ഇന്ന് 'അമ്മ' നടീനടന്മാരെ അണിനിരത്തി ഒരു ഷോ ചെയ്യുന്നുവെന്ന് അറിയിച്ചാല്‍ ഒരു ചാനലിനും വലിയ താല്പര്യമില്ല. ഇതിനുകാരണം 'അമ്മ' യിലെ ചില പ്രധാനപ്പെട്ട വ്യക്തികള്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി ചില ചാനലുകളുമായി ചേര്‍ന്നുകൊണ്ട് അവര്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ്നൈറ്റുക ളിലും അവരുടെ പരിപാടികളിലും യഥേഷ്ടം നടീനടന്മാരെ പങ്കെടുപ്പിക്കുന്ന ഒരു സാഹചര്യം സംജാതമാക്കിയതാണ്. ഇതിലൂടെ ചിലര്‍ക്ക് വ്യക്തിപരമായി നേട്ടങ്ങളുണ്ടായി എന്നതല്ലാതെ 'അമ്മ എന്ന സംഘടനയ്‌ക്കോ അതിലെ അംഗങ്ങള്‍ക്കോ യാതൊരു ഗുണവും ഉണ്ടായില്ലെന്ന് മാത്രമല്ല, ആര്‍ട്ടിസ്റ്റുകള്‍ക്ക് യാതൊരു വിലയുമില്ലായെന്ന അവസ്ഥയുമായി. അംഗങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത 'അമ്മ'യുടെ നേതൃത്വം ഒരു തികഞ്ഞ പരാജയമാണെന്ന് തെളിയിക്കുന്നതാണ് പതിനായിരങ്ങളെ ആകര്‍ഷിച്ച 'അമ്മ'യുടെ സ്റ്റേജ് ഷോകള്‍ക്ക് ഇന്നുണ്ടായിരിക്കുന്ന വിലയിടിവ്. ഒരു ദുരന്താനുഭവം കൂടി ചൂണ്ടിക്കാട്ടി ഞാന്‍ ഈ കത്ത് അവസാനിപ്പി ക്കാം. 'അമ്മ ഒരു സ്റ്റേജ് ഷോ ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇതേ അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നു. ആദ്യം 'അമ്മ'യുടെ ഷോ നടക്കട്ടെ; അതിനുശേഷം മതി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഷോ എന്ന് എക്‌സസിക്യൂട്ടീവ് കമ്മറ്റിയില്‍ തീരുമാനിക്കു കയും തീരുമാനം രേഖപ്പെടുത്തുകയും ചെയ്തു. ആ യോഗത്തിലും ചര്‍ച്ചയിലും ഞാനും പങ്കെടുത്തിരുന്നു. എന്നാല്‍ എല്ലാപേരെയും അതിശയിപ്പിക്കുന്നവിധ ത്തില്‍ പിന്നീട് അറിയാന്‍ കഴിഞ്ഞത് എക്‌സസിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തെ കാറ്റില്‍പ്പറത്തിക്കൊണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സ്റ്റാര്‍ ഷോ ചെയ്തതുകൊടുക്കാന്‍ തീരുമാനിച്ചുവെന്ന അമ്പരിപ്പിക്കുന്ന വാര്‍ത്തയാണ്. ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡ്യൂസറും കൂടി ഏകപക്ഷീയമായ ആലോചിച്ചാണോ എക്‌സസിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തെ വലിച്ചെറിഞ്ഞ് ഈ തീരുമാനമെടു ത്തത് എന്നറിയില്ല. മുന്‍പ് ശ്രീ. മോഹന്‍ലാല്‍ ഈ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഞാന്‍. ഇത്തരത്തില്‍ ഒരു നടപടിയും അക്കാലത്ത് ഉണ്ടായിട്ടില്ല. ശ്രീ. ഇടവേള ബാബുവിന് അക്കാലത്ത് ജനാധിപത്യപരമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടായി രുന്നു. സംഘടനാകാര്യങ്ങള്‍ സുഗമമായി നിര്‍വ്വഹിക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.

ഇന്ന് ശ്രീ. ഇടവേള ബാബുവിന്റെ കൈയ്യും കാലും കെട്ടിയിട്ടിരിക്കുന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഇത്തരത്തില്‍ ഏകപക്ഷീയമായി തോന്നുംപടി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു മൂകസാക്ഷിയായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരിക്കുന്നത് തന്നെ നാണക്കേടാണ്. കഴിഞ്ഞ സമ്മേളന കാലയളവുമുതല്‍ ഈ സമ്മേളനം വരെയുള്ള ഒരു വര്‍ഷ കാലത്തിനിടയില്‍, കൈനീട്ടം നല്‍കിയതല്ലാതെ എന്ത് നല്ല കാര്യം ചെയ്തതായി പറയാന്‍ കഴിയും ഈ സമിതിക്ക്? കൊട്ടിഘോഷിച്ച പ്രഖ്യാപനങ്ങള്‍ നടത്തുകയും യാതൊരു ഉളുപ്പുമില്ലാത്ത ന്യായീകരണങ്ങള്‍ പറഞ്ഞ് അവ ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ ആരുടെ തൊപ്പിയിലാണ് നിങ്ങള്‍ തൂവലുകള്‍ തുന്നിച്ചേര്‍ക്കുന്നത്? പത്തു പൈസയുടെ സഹായം പാവങ്ങള്‍ക്കും പരാ ശയം വേണ്ടവര്‍ക്കും നല്കുവാനുള്ള പദ്ധതികളെ പോലും തകര്‍ക്കുന്നതിലൂടെ എന്തു സല്‍പ്പേരാണ് നിങ്ങള്‍ 'അമ്മ'യ്ക്ക് ചാര്‍ത്തുന്നത്? ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സംഘടന പ്രസ്തുത ധര്‍മ്മങ്ങളെ പാടെ മറന്നുകൊണ്ട് തോന്നിയതുപോലെ മുന്നോട്ടുപോകുന്നത് അനീതിയും അധാര്‍മ്മികതയുമാണ്. ഒന്നുകില്‍ ഇത് നന്നാക്കാന്‍ ശ്രമിക്കണം. അതിന് താല്‍പര്യമില്ലെങ്കില്‍ അംഗങ്ങള്‍ക്കോ സമൂഹത്തിനോ, നാടിനോ നാട്ടുകാര്‍ക്കോ യാതൊരു പ്രയോജനവും ചെയ്യാതെ ഇന്നത്തെ നിലവാരത്തില്‍ മുന്നോട്ടുപോകുന്നതിനെക്കാള്‍ ഭേദം ഇത് പിരിച്ചുവിടുന്നതാണ്. എന്നിട്ട് ഇതിന്റെ മുഴുവന്‍ സ്വത്തുക്കളും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയോ, അല്ലെങ്കില്‍ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഒരു സ്ഥിരം നിക്ഷേപമായി ആര്‍.സി.സി.യ്ക്ക് നല്‍കുകയോ ചെയ്താല്‍ ദൈവമെങ്കിലും നമ്മളോട് പൊറുക്കുമെന്ന് മാത്രമാണ് പ്രിയപ്പെട്ട പ്രസിഡന്റിനോട് എനിക്ക് പറയുവാനുള്ളത്. നമ്മുടെ വേദിയില്‍ തന്നെ ഈ വിഷയങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടണം എന്ന ആഗ്രഹത്തോടെയാണ് ഞാന്‍ ഈ കത്ത് നല്‍കുന്നത്. അവഗണനയോടെ ഇതിനെ തള്ളിക്കളയാതെ 'അമ്മ'യുടെ വേദിയില്‍ തന്നെ ഇക്കാര്യത്തില്‍ ആവശ്യമായ തുറന്ന ചര്‍ച്ച ഉണ്ടാകുമെന്നും, പൊതുവേദികളിലേക്ക് ഈ വിഷയങ്ങള്‍ വലിച്ചിഴക്കപ്പെടാതെ പരിഹാര നടപടികള്‍ ഉണ്ടാകുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. നന്മ മാത്രം നേര്‍ന്നുകൊണ്ട്.
സ്‌നേഹാദരപൂര്‍വം ഗണേഷ് കുമാർ.

Follow Us:
Download App:
  • android
  • ios