Asianet News MalayalamAsianet News Malayalam

സ‌ഞ്ജയ് ദത്തിന്റെ ശിക്ഷയിളവ്; മഹാരാഷ്ട്ര സർക്കാർ അങ്കലാപ്പില്‍

High Court On Sanjay Dutt Leaving Jail Early
Author
First Published Jun 14, 2017, 7:25 AM IST

മുംബൈ: മുംബൈ സ്ഫോടനകേസിൽ ശിക്ഷിക്കപ്പെട്ട നടൻ സ‌ഞ്ജയ് ദത്തിനെ കാലാവധി പൂര്‍ത്തിയാകും മുമ്പേ മോചിപ്പിച്ചതിനെ ഹൈക്കോടതി ചോദ്യംചെയ്തതോടെ അങ്കലാപ്പിലായി മഹാരാഷ്ട്ര സർക്കാർ.  ശിക്ഷാ കാലാവധിയുടെ പകുതി സമയവും പരോളിൽ പുറത്തു കഴിഞ്ഞ തടവുപുള്ളിയുടെ പെരുമാറ്റം നല്ലതായിരുന്നുവെന്ന് സർക്കാർ നിശ്ചയിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചിരുന്നു. ഒരാഴ്ചയ്ക്കകം സർക്കാർ മറുപടി നൽകണം.

1993ൽ മുംബൈ നഗത്തിലുണ്ടായ സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങളിൽ ചിലത് സ‌ഞ്ജയ് ദത്തിന്റെ പക്കൽനിന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു താരത്തെ അഞ്ചുവർഷം തടവിന് ശിക്ഷിച്ചത്. ശിക്ഷാ കാലാവധി തീരാന്‍ എട്ടുമാസം ശേഷിക്കേ നല്ലനടപ്പ് പരിഗണിച്ച് ദത്തിനെ ജയിലില്‍ നിന്നും പുറത്തുവിട്ടു. താരത്തിന് ശിക്ഷ ഇളവ് അനുവദിച്ചതിനെ ചോദ്യംചെയ്‍ത് പൂനെ സ്വദേശി പ്രതീപ് ബലേക്കർ നൽകിയ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്.  

ശിക്ഷാ കാലാവധിയുടെ വലിയൊരു സമയം പലകാരണങ്ങളും കാട്ടി പരോളിൽ പുറത്തു കഴിഞ്ഞ തടവുപുള്ളിയുടെ പെരുമാറ്റം നല്ലതായിരുന്നുവെന്ന് എങ്ങനെ വിലയിരുത്തി എന്നാണ് കോടതി സർക്കാരിനോട് ചോദിച്ചത്. ആദ്യം തവണ 90 ദിവസവും പിന്നീട് 30 ദിവസവും ദത്തിന് പരോള്‍ അനുവദിച്ചിരുന്നു. 100 ദിവസത്തിലധികം ജയിലിന് പുറത്ത് ദത്തിന് കഴിയാനായത് സര്‍ക്കാര്‍ നല്‍കിയ വിഐപി പരിഗണനയാണോ എന്ന ആശങ്കയും കോടതി പങ്കുവെച്ചു. ശിക്ഷ ഇളവ് നല്‍കിയത് ഡിജിപിയാണോ, ജയില്‍ സൂപ്രണ്ടാണോ അതോ ഗവര്‍ണറാണോ എന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അടുത്തയാഴ്ച്ച കേസ് പരിഗണിക്കുമ്പോൾ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സത്യവാങ്മൂലവും സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


 

Follow Us:
Download App:
  • android
  • ios