Asianet News MalayalamAsianet News Malayalam

തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് എംടി; കേസ് ഇന്ന് പരിഗണിക്കും

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ടുള്ള എം.ടി.വാസുദേവൻ നായരുടെ ഹർജി കോഴിക്കോട് മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും. കേസുമായി മുന്നോട്ടെന്ന് എം.ടി. രണ്ടാമൂഴം സിനിമയാക്കാൻ ചില നിർമ്മാതാക്കാൾ താൽപര്യം അറിയിച്ചതായി സൂചന.

high court will consider randamoozham script case
Author
Kozhikode, First Published Oct 25, 2018, 7:12 AM IST

കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവൻ നായർ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും, ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എം.ടിയെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ പലകുറി ശ്രമിച്ചിരുന്നുവെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് എം ടി വാസുദേവന്‍ നായര്‍ വ്യക്തമാക്കി.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്.  തിരക്കഥ നല്‍കി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്തതാണ് എം.ടിയെ പ്രകോപിപ്പിച്ചത്. ഇതിനിടെ രണ്ടാമൂഴം സിനിമയാക്കാന്‍ താല്‍പര്യമറിയിച്ച് ചില നിര്‍മ്മാതാക്കള്‍ എം.ടിയെ സമീപിച്ചതായും സൂചനയുണ്ട്.

സംഭവം വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ കോഴിക്കോടുള്ള വീട്ടിലെത്തി എംടിയെ സന്ദര്‍ശിച്ചിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയെ സൗഹാര്‍ദ്ദപരമെന്നായിരുന്നു സംവിധായകന്‍ വിശേഷിപ്പിച്ചത്. കേസ് നിയമയുദ്ധമായി മാറില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ചിത്രം എപ്പോള്‍ തിരശ്ശീലയില്‍ വരുമെന്നതായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും കൂടിക്കാഴ്ചയ്ത്ത് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സിനിമാമേഖലയിലടക്കം എംടി കേസില്‍ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍ തിരക്കഥാരൂപം തിരികെ വേണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ എംടി ഉറച്ചുനില്‍ക്കുകയാണെന്നാണ് ദ്ദേഹത്തിന്‍റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നത്. 

Follow Us:
Download App:
  • android
  • ios