Asianet News MalayalamAsianet News Malayalam

ഐഎഫ്എഫ്‌കെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച മുതല്‍; അവസരം 7500 പേര്‍ക്ക്

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഡെലിഗേറ്റ് പാസിന് 2000 രൂപ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈനായി 7500 പാസുകള്‍ നല്‍കാനാണ് തീരുമാനം.

iffk online registration from friday
Author
Thiruvananthapuram, First Published Nov 8, 2018, 10:46 PM IST

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് പാസിനുള്ള തുകയായ 2000 രൂപ മന്ത്രി എ കെ ബാലന് നല്‍കി ആദ്യ പാസ് സ്വീകരിച്ചാണ് ഉദ്ഘാടനം. ഈ മാസം ഒന്ന് മുതല്‍ ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഡെലിഗേറ്റ് പാസിന് 2000 രൂപ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈനായി 7500 പാസുകള്‍ നല്‍കാനാണ് തീരുമാനം. അത്രയും പാസുകള്‍ അവസാനിക്കുന്നതോടെ വെബ്‌സൈറ്റ് ക്ലോസ് ചെയ്യുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. 

ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ ചലച്ചിത്ര അക്കാദമിയുടെ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ റീജണല്‍ ഓഫീസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. മുഴുവന്‍ കേന്ദ്രങ്ങളും വഴി ഓഫ്‌ലൈനായി 2500 പാസുകളാണ് വിതരണം ചെയ്യുക. ഓരോ റീജണല്‍ കേന്ദ്രം വഴിയും 500 പാസുകളാണ് നല്‍കുക. ഇതില്‍ തിരുവനന്തപുരം കേന്ദ്രം വഴിയുള്ള ഓഫ്‌ലൈന്‍ പാസുകളെല്ലാം ഇതിനകം നല്‍കിക്കഴിഞ്ഞു. 

ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ചലച്ചിത്രമേള. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഒരു ദിവസം കുറവാണ് ഇത്തവണ മേള. ഒരു പാസിന് 2000 രൂപ ഈടാക്കുന്നത് വഴി ആകെ രണ്ടു കോടി ശേഖരിക്കുകയാണ് ലക്ഷ്യം.

Follow Us:
Download App:
  • android
  • ios