Asianet News MalayalamAsianet News Malayalam

സുരഭിയാണ് എനിക്ക് ധൈര്യം തന്നത്, 'ആധാര്‍ ബാലേട്ടന്‍' പറയുന്നു

Interview with Adhar Balettan fame Balu Narayanan
Author
First Published Jul 24, 2017, 3:55 PM IST

സുരഭിലക്ഷ്മി ദേശീയ അവാര്‍ഡ് നേടിയ സിനിമ എന്ന അംഗീകാരത്തോടെ തീയേറ്ററിലെത്തിയതാണ് മിന്നാമിനുങ്ങ്. സിനിമയില്‍ കയ്യടി നേടുന്ന മറ്റൊരു താരം കൂടിയുണ്ട്. ബാലു നാരായണന്‍. സുരഭി ലക്ഷ്‍മി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായി വേഷമിട്ട് കയ്യടി നേടുകയാണ് ബാലു നാരായണന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ ആധാര്‍ ബാലേട്ടന്‍ എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധ നേടിയ ബാലു നാരായണനുമായി ജോമിറ്റ് ജോസ് നടത്തിയ അഭിമുഖം.

Interview with Adhar Balettan fame Balu Narayanan

റിവ്യൂ-

മിന്നാമിനുങ്ങില്‍ സുരഭിക്ക് ദേശീയ പുരസ്കാരം ലഭിച്ചു. സിനിമയിലെ അച്ഛന്‍റെ അഭിനയം..

സുരഭിയുടെ അച്ഛനായിട്ടുള്ള എന്‍റെ വേഷത്തെക്കുറിച്ച് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കഥാപാത്രത്തിന്‍റെ വാര്‍ധക്യവും അവശതയുമെല്ലാം അവതരിപ്പിച്ചത് എല്ലാവര്‍ക്കും ഇഷ്‍ടപ്പെട്ടുവെന്നാണ് അറിഞ്ഞത്. നല്ല സന്ദേശം സിനിമ നല്‍കുന്നുവെന്നാണ് കണ്ടവര്‍ പറഞ്ഞത്. നമ്മള്‍ പണ്ട് വിശേഷിപ്പിച്ചിരുന്ന പതിവ് അവാര്‍ഡ് സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായ സിനിമയാണ് മിന്നാമിനുങ്ങ്. വളരെ വേഗമുള്ള, ആസ്വദിച്ചു കാണാന്‍ പറ്റിയ നല്ല സിനിമയാണിത്. ചിത്രം കണ്ട പലരും അഭിപ്രായങ്ങള്‍ ഷെയര്‍ ചെയ്യുന്ന കൊണ്ടാണ് സിനിമയിപ്പോള്‍ നല്ല രീതിയിലോടുന്നത്. നല്ല റിപ്പോര്‍ട്ടാണ് തിയേറ്ററില്‍ നിന്ന് നമുക്ക് കിട്ടുന്നത്.

എന്‍ട്രി
മിന്നാമിനുങ്ങിലേക്കുള്ള വരവ്..

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ ആധാര്‍ ബാലേട്ടന്‍ എന്ന പ്രോഗ്രാം കണ്ടിട്ട്, സംവിധായകനായ അനില്‍ തോമസിന് ഇഷ്ടപ്പെടുകയുകായിരുന്നു. ആധാര്‍ ബാലേട്ടന്റെ പ്രോഗ്രാം ഡയറക്ടറായ അനില്‍ നമ്പ്യാരെ വിളിച്ച് എന്നെ സിനിമയില്‍ അഭിനയിപ്പിക്കാനുള്ള ആഗ്രഹമറിയിക്കുകയായിരുന്നു.  അങ്ങനെയാണ് ഞാനീ സിനിമയിലെത്തിയത്.

ആക്ടിങ്

മിന്നാമിനുങ്ങിലെ ഏറ്റവും മികച്ച അനുഭവം..

എട്ട് ദിവസത്തെ ഷൂട്ടിങ്ങാണ് എനിക്കുണ്ടായിരുന്നത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിങ്ങ്. സിനിമയില്‍ ഒരു തോണിയില്‍ യാത്ര ചെയ്യുന്ന സീനുണ്ട്. അതില്‍ ഞാനഭിനയിക്കാന്‍ കാരണം സുരഭിയാണ്. വളരെ ചെറിയ തോണിയാണ് ഷൂട്ടിങ്ങിനുണ്ടായിരുന്നത്. നമ്മള്‍ തോണിയില്‍ കയറുമ്പോള്‍ തോണി ചാഞ്ചാടും. അതുകൊണ്ട് എനിക്ക് പേടിയായിരുന്നു. സുരഭി ആദ്യം തന്നെ ധൈര്യമായി തോണിയില്‍ കയറിയിരുന്നു. അവസാനം സുരഭി പറഞ്ഞു ടെന്‍ഷന്‍ ഒന്നും വേണ്ട, ചേട്ടന്‍ ധൈര്യമായി ഇരുന്നോളൂ. അങ്ങനെയാണ് ഞാന്‍ ആ സീനില്‍ അഭിനയിച്ചത്. അച്ഛനും മോളും കൂടി യാത്ര ചെയ്യുന്ന സീനായിരുന്നു അത്.

Interview with Adhar Balettan fame Balu Narayanan

ഓണ്‍ലൈന്‍ സ്റ്റാര്‍

ഹിറ്റായ ആധാര്‍ ബാലേട്ടന്‍ എന്ന ഓണ്‍ലൈന്‍ പ്രോഗ്രാം..

ആധാര്‍ ബാലേട്ടന്‍ ഒരു പ്രോഗ്രാം എന്ന നിലയില്‍ വന്‍ വിജയമാണ്. എന്നെ ഒരുപാടുപേര്‍ തിരിച്ചറിഞ്ഞ പ്രോഗ്രാമാണത്. ഒരിക്കല്‍ ഒരു വീട്ടമ്മ എന്നെ വിളിച്ചു. അവരുടെ പാസ്പോര്‍ട്ട് ശരിയാക്കണം. എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് ചോദിച്ചു. അവരുടെ ധാരണ ഞാന്‍ ഇതൊക്കെ ശരിയാക്കുന്ന ആളാണെന്നാണ്. സ്ക്രിപ്റ്റ് വെച്ച് ചെയ്യുന്ന പ്രോഗ്രാമാണെന്ന് അവര്‍ക്കറിയില്ല.

ഫീഡ്ബാക്ക്‍
സാധാരണക്കാരന്‍റെ നിയമ വിദഗ്ധന്‍ എന്ന ലേബല്‍..

സംശയങ്ങള്‍ ചോദിച്ച് ഒരുപാടു പേര്‍ ദിവസവും വിളിക്കാറുണ്ട്. അതില്‍ വളരെ സന്തോഷമുണ്ട്. ആളുകള്‍ കരുതിയിരിക്കുന്നത് ഞാന്‍ നിയമകാര്യങ്ങളില്‍ വളരെ അറിവുള്ള എന്‍സൈക്ലോപീഡിയ ആണെന്നാണ്. എന്‍റെ അച്ഛനും ചേട്ടനും അഡ്വക്കേറ്റ്സാണ്. അല്ലാതെ നിയമകാര്യങ്ങളുമായി എനിക്ക് വലിയ ബന്ധമൊന്നുമില്ല. പലതിനും ഉത്തരം നല്‍കാന്‍ കഴിയാത്തതിനാല്‍ ആധാര്‍ ബാലേട്ടന്‍റെ അണിയറപ്രവര്‍ത്തകരെ കണക്ട് ചെയ്തു കൊടുക്കുകയാണ് സാധാരണ ചെയ്യാറ്. അതുവഴി ആളുകളെ കൃത്യമായ വിവരം നല്കി സഹായിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.

ട്വിസ്റ്റ്‍
ആധാര്‍ ബാലേട്ടനെക്കുറിച്ച് ഓര്‍മ്മിക്കുന്ന രസകരമായ സംഭവം..

വിസയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നമ്മള്‍ ഒരു എപ്പിസോഡില്‍ ചെയ്തിരുന്നു. അതുകഴിഞ്ഞ് ഒരു ദിവസം, 35 വര്‍ഷമായി ഭര്‍ത്താവ് ഗള്‍ഫിലുള്ള ഒരു സ്ത്രീ എന്നെ അന്വേഷിച്ച് വീട്ടില്‍ വന്നു. ആ സ്ത്രീ എസ്എസ്എല്‍സി പാസായിട്ടില്ല, അതുകൊണ്ട് വിസകിട്ടാന്‍ എന്തെങ്കിലും പ്രശ്‍നമുണ്ടാകുമോ എന്ന സംശയമാണ് അവര്‍ക്ക്. അത് ചോദിച്ചറിയാന്‍ എന്നെ തപ്പി ഒരാള്‍ വന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സംഭവം തന്നെയാണ്.

ഡബിള്‍ റോള്‍
ആധാര്‍ ബാലേട്ടനോ അതോ നടനോ..

രണ്ടായും അറിയപ്പെടാനാണ് ആഗ്രഹം. ആധാര്‍ ബാലേട്ടര്‍ രസിപ്പിക്കുന്ന പ്രോഗ്രാമല്ല, സീരിസായിട്ട് വളരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രോഗ്രാമാണത്. അതിനാലാണ് കൂടുതല്‍ ആളുകള്‍ ബാലേട്ടനെ തേടി വരുന്നത്. അതുപോലെ തന്നെ സിനിമയില്‍ എന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കിട്ടുന്ന വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം.

ഫാമിലി ഓഡിയന്‍സ്
ആധാര്‍ ബാലേട്ടനെയും നടനെയും ആളുകളറിയുന്നു. കുടുംബം..

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കൊച്ചു കുടുംബമാണ് എന്‍റേത്. മകന്‍ അമല്‍ മള്‍ട്ടീമീഡിയയ്ക്കും മകള്‍ അമല ആര്‍ക്കിടെക്ചറിനും പഠിക്കുന്നു. അവര്‍ അതെല്ലാമായ് അഡ്ജസ്റ്റ് ചെയ്തുകഴിഞ്ഞു. എന്‍റെ ഫീല്‍ഡിന്‍റെ പ്രത്യേകതകള്‍ അവര്‍ക്കറിയാം. ഓരോ വര്‍ക്ക് ചെയ്യുമ്പോളും വളരെ നന്നായി ചെയ്യണമെന്നേ അവര്‍ പറയാറുള്ളൂ.

ഫ്ലാഷ്ബാക്
സിനിമയിലെത്തിയ കഥ..

മലയാളത്തിലെ ആദ്യത്തെ ടെലിവിഷന്‍ കമ്പനിയായ രൂപവാണി ടിവി & ഫിലിംസില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി 1989ലാണ് ഇന്‍ഡസ്ട്രിയില്‍ എത്തിയത്. പി ഭാസ്കരന്‍ മാഷായിരുന്നു അതിലെ ആദ്യ സീരിയല്‍ സംവിധാനം ചെയ്തത്. അവിടുന്നാണ് തുടങ്ങിയത്. പിന്നീട് സിനിമകളില്‍ അസിസ്റ്റന്‍റായും ചെറുവേഷങ്ങളിലൂടെയും സജീവമായി.

ന്യൂ ഫിലിം
അഭിനയിക്കാനുള്ള പുതിയ അവസരങ്ങള്‍..

സുഖമാണോ ദാവീദേ എന്നൊരു പുതിയ ചിത്രം വരുന്നുണ്ട്. കൃഷ്ണ പുജപ്പുരയുടെ തിരക്കഥയില്‍ അനൂപ് ചന്ദ്രന്‍, രാജ്മോഹന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്‍. ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കയാണ്.

ഡയറക്ഷന്‍
ബാലേട്ടന്‍റെ സംവിധാനത്തില്‍ ഒരു സിനിമ‍..

സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഒരു തിരക്കഥ പൂര്‍ത്തിയായി വരുന്നു. അവസാന മിനുക്കുപണികള്‍ നടക്കുന്നു. പടം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

കാത്തിരിക്കാം, ആധാര്‍ ബാലേട്ടന്‍റെ സിനിമയ്ക്കായി.

Follow Us:
Download App:
  • android
  • ios