Asianet News MalayalamAsianet News Malayalam

ഇഷ്ടം ആക്ഷന്‍ സിനിമകളോട്: ഗോകുല്‍ സുരേഷ്

interview with gokul suresh
Author
First Published Feb 19, 2018, 10:44 AM IST

സി.വി. സിനിയ

 ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയുടെ മകന്‍  ഗോകുല്‍ സുരേഷ് സിനിമയിലേക്ക് എത്തുമ്പോള്‍ തന്നെ ആരാധകര്‍ക്ക് ആകാംക്ഷയിലായിരുന്നു. ഗോകുലിന്റെ  ഓരോ സിനിമയിലും അവര്‍ ഉറ്റുനോക്കുന്നത് അച്ഛനെ പോലെ മകനും ആക്ഷന്‍ സിനിമകളോട് കമ്പമുണ്ടോയെന്നാണ്. ഇപ്പോഴിതാ ഗോകുല്‍ സുരേഷ് തന്നെ അതിനെ കുറിച്ച് വെളിപ്പെടുത്തുന്നു. പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ഇരയുടെ വിശേഷങ്ങളും ഗോകുല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.


ഇരയുടെ പ്രതീക്ഷകള്‍

ക്രൈം റൊമാന്റിക് ത്രില്ലര്‍ സിനിമയാണിത്. അതില്‍ ആക്ഷന്‍ ഒക്കെ വരുന്നുണ്ട്. എന്‍റെ ചെറിയ സീക്വന്‍സും ഉണ്ട്. ഉണ്ണിമുകുന്ദന്‍ ചേട്ടനാണ് ആക്ഷന്‍സൊക്കെ ചെയ്യുന്നത്. ഒരുപാട് പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താത്ത വ്യക്തിയാണ് ഞാന്‍. ഇര സിനിമയ്ക്ക് വേണ്ടി ഞാന്‍ എന്നെ തന്നെ സമര്‍പ്പിച്ചിരുന്നു. തീര്‍ച്ചയായും അതിനുള്ള ഫലം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരു പ്രത്യേകത സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും ആദ്യമായി നിര്‍മിക്കുന്ന സിനിമ കൂടിയാണിത്.  'പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെയ്യുന്ന സിനിമയാണിത്. അതുകൊണ്ട് തന്നെ മോശമായ ഒരു പ്രൊജക്ട് അവര്‍ ഏറ്റെടുക്കില്ല, ആ വിശ്വാസം എനിക്കുണ്ട്. എന്‍റെ പരമാവധി ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ ചെയ്തിട്ടുണ്ട്. അതിന്‍റെയൊരു ഫലം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. സൈജു  എസ് എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് രണ്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

 കഥാപാത്രം

ഒരു ഡോക്ടറായിട്ടാണ് ചിത്രത്തില്‍ എന്‍റെ കഥാപാത്രം. കാര്‍ഡിയോളജിസ്റ്റായിട്ടാണ്. കോഴ്‌സ് കഴിഞ്ഞ് ജൂനിയര്‍ ഡോക്ടറായാണ് ചിത്രത്തില്‍ എത്തുന്നത്.

interview with gokul suresh

അച്ഛന്‍റെ ആക്ഷന്‍സ്

എനിക്ക് ആക്ഷന്‍സ് വളരെയധികം ഇഷ്ടമാണ്.  എനിക്കിവിടെ അച്ഛന്‍ ആക്ഷന്‍ സിനിമ ചെയ്തിരുന്നുവെന്ന പേര് മാത്രമേ  ഉള്ളു. പിന്നെ അങ്ങനെയൊരു ആക്ഷന്‍ സിനിമയൊരുക്കാന്‍ ഇന്നത്തെ സംവിധായകര്‍ പലപ്പോഴും തയാറാവുന്നില്ല. ഏതെങ്കിലുമൊരു ആര്‍ട്ടിസ്റ്റിനെകൊണ്ട് ചെയ്യിപ്പിച്ച് അത് വിജയിക്കുകയാണെങ്കില്‍ മാത്രം പിന്നീട് ആ ആര്‍ട്ടിസ്റ്റിനെ വച്ച് സിനിമ എടുക്കുകയുള്ളുവെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അച്ഛന്‍ വളര്‍ന്നു വന്ന കാലത്ത് അങ്ങനെയല്ലായിരുന്നു. പുതിയ ആര്‍ട്ടിസറ്റാണെങ്കില്‍ പോലും അവരുടെ സംവിധായകര്‍ അവരെ വളര്‍ത്തികൊണ്ടുവരും. അച്ഛന്‍ സപ്പോര്‍ട്ടിംഗ് കഥാപാത്രത്തില്‍ കൂടി വന്ന ആളാണ്. പിന്നീട് ഒരുപാട് പൊട്ടന്‍ഷ്യലുള്ള കഥാപാത്രമായി വളര്‍ത്തിയെടുത്തത് അന്നത്തെ സംവിധായകരാണ്. ഇനി എനിക്ക് ഇരയിലെ കഥാപാത്രം കണ്ടതിന് ശേഷമേ അങ്ങനെ ചെയ്യാന്‍ കഴിയുമോ എന്ന് അറിയാന്‍ കഴിയു. എന്നെ വിശ്വസിച്ച് ആക്ഷന്‍ ചെയ്യിപ്പിക്കാന്‍ വരുന്നവര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത്തരത്തിലുള്ള കഥാപാത്രം ചെയ്യും.

അച്ഛന്‍ സഹായിക്കാറുണ്ടോ?
 മാര്‍ക്കറ്റിംഗ്, പ്രൊമോഷന്‍  എന്നിങ്ങനെയുള്ളതിനൊക്കെ സഹായിക്കും. മോഹന്‍ലാല്‍ സാറിന്റെയും മമ്മൂട്ടി സാറിന്റെയും  മക്കളൊക്കെ അവരുടെ കഴിവിലൂടെ തനിയെ വളര്‍ന്ന് വന്നവരാണ്. എനിക്കും  അങ്ങനെ വളരാനാണ് ആഗ്രഹം. ഇപ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് പോലെ വലിയ ആളാവാന്‍ പറ്റിയില്ല എന്ന വിഷമമൊന്നും എനിക്കില്ല. എപ്പോഴും നല്ല സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം.

സിനിമാ സംവിധാനത്തോട് താല്‍പര്യം

കൂടുതലും സിനിമാ സംവിധാനത്തിലാണ് ആഗ്രഹം. അത് പഠിച്ചു വരികയാണ്. മുന്‍പ് തെരുവ് നാടകത്തിലൊക്കെ അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ കലയോട് അത്രയും ഇഷ്ടമാണ്. ഞാന്‍ ഭാഗമാകുന്നതിന്റെ സിനിമ ശ്രദ്ധിക്കാറുണ്ട്.  എന്‍റെയുള്ളില്‍ ഒരു സംവിധായകന്‍ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണിത്.  അങ്ങനെ താല്പര്യമുണ്ട്. പക്ഷേ കലാകാരന്മാരെ അവര്‍ക്ക് ഒരു അംഗീകാരം വരുന്നതുവരെ ആരും തിരിച്ചറിയണമെന്നില്ല. ഇപ്പോള്‍ ഒരു സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ കുറേ കാര്യങ്ങള്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ട് സിനിമയ്ക്ക് സത്യസന്ധമായ വളര്‍ച്ചാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്ന്  എനിക്ക് തോന്നുന്നില്ല. എനിക്ക് ഇപ്പോള്‍ 24 വയസ്സ് ആയതേയുള്ളു. ഇനിയും സംവിധാനം ചെയ്യാന്‍ സമയമുണ്ട്. ഞാന്‍ പൃഥ്വിരാജ്  ആരാധകനാണ്. അതുകൊണ്ട് തന്നെ ഒരു കഥ ഉണ്ടെങ്കില്‍ അദ്ദേഹത്തെകൊണ്ട് ചെയ്യിപ്പിക്കണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും സിനിമ ചെയ്യും.

 വീട്ടുകാരുടെ വിമര്‍ശം 

 വീട്ടുകാര്‍ വിമര്‍ശിക്കാറുണ്ട്. എന്‍റെ രണ്ടു സിനിമകളാണ് പുറത്തിറങ്ങിയത്. 'മുദ്ദുഗൗ', 'മാസ്റ്റര്‍ പീസ്'. അതിലുള്ള പ്രശ്‌നങ്ങളൊക്കെ വീട്ടുകാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ എന്നില്‍ തന്നെ സംതൃപ്തനല്ല. എന്റെ സ്വപ്‌നം  അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധായകരെ കാത്തിരിക്കുകയാണ്. എപ്പോഴും സിനിമകളുടെ എണ്ണത്തില്‍ അല്ല മികച്ച സിനിമകള്‍ ചെയ്യുന്നതിലാണ് കാര്യം. ഇപ്പോള്‍ ദുല്‍ഖര്‍ ചേട്ടനെ പോലും നോക്കുകയാണെങ്കില്‍ വളരെ നല്ല സിനിമകളാണ് സ്വീകരിക്കുന്നത്. ഒരു സമയത്ത് വേറെ തരത്തിലുള്ള സിനിമകളായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ സിനിമാറ്റിക് പവര്‍ അവിടെയുള്ളത് കൊണ്ട് തന്നെ മോശമാണെന്ന തരത്തില്‍ ബാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛന്‍ മമ്മൂട്ടി സാറും എപ്പോഴും അതില്‍ ശ്രദ്ധിക്കുന്നുതുകൊണ്ടും  മാര്‍ക്കറ്റ് ചെയ്യുന്നതുകൊണ്ടും അത്തരത്തിലുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല. പക്ഷേ എന്‍റെ അച്ഛന്‍ ഇപ്പോള്‍ രാഷ്ട്രീയപരമായ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത്. അതുകൊണ്ട തന്നെ ഞാന്‍ ഒരു സപ്പോര്‍ട്ട് ഇല്ലതെ വരുന്ന ഒരാളെ പോലെ തന്നെയാണ് ഞാന്‍ വരുന്നത്. ഞാന്‍ എന്റെ വഴികളിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. അതില്‍ അത്യാവശ്യം കാര്യങ്ങള്‍ മാത്രമേ അച്ഛന്‍ വിമര്‍ശിക്കാറുള്ളു. എപ്പോഴും അതിനെ അച്ഛന്‍ ശ്രദ്ധിക്കാറില്ല. അമ്മയാണ് കൂടുതലും ശ്രദ്ധിക്കുന്നത്. സിനിമ പുറത്തിറങ്ങുന്ന സമയത്ത് അമ്മ തിയേറ്ററില്‍ പോയി കാണുകയും അതിന്റെ അഭിപ്രായങ്ങള്‍ പറയാറുമുണ്ട്. അതുകൊണ്ട് തന്നെ അത് ശരിയായ അഭിപ്രായമായം തന്നെയാണ്. അങ്ങനെ അത് തിരുത്താന്‍ ശ്രമിക്കാറുണ്ട്.

താരപുത്രന്‍മാര്‍ ഒന്നിച്ചെത്തുമോ?

ഇപ്പോള്‍ വന്നിട്ടുള്ള അപ്പു ചേട്ടന്‍ ( പ്രണവ് മോഹന്‍ലാല്‍), കാളിദാസ്, ശ്രാവണ്‍ ചേട്ടന്‍, ഡിക്യൂ ചേട്ടന്‍ അവരൊക്കെ എന്നെക്കാള്‍ വളരെയധികം കഴിവുള്ള നടന്മാരാണ്. ആദിയൊക്കെ ആദ്യ ദിവസം തന്നെ കണ്ടിരുന്നു. അതിന്റെ ഷൂട്ട് കാണാനൊക്കെ പോയിരുന്നു.വളരെ നന്നായി ചെയ്തിട്ടുണ്ട്, കാളിദാസ് എന്റെ സഹോദരനെ പോലെയാണ്. അവരൊക്കെ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ അച്ഛന്‍മാര്‍ ഒന്നിച്ചത് പോലെ ഒരേ സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തില്‍ അച്ഛന്‍മാരെ പോലെയല്ല മക്കള്‍. അവരൊക്കെ വലിയ അഭിനയ പ്രതിഭകളായിരുന്നു. മക്കള്‍ അത്രത്തോളം ഉണ്ടോയെന്ന് എനിക്ക് അറിയില്ല. ഇപ്പോഴത്തെ ഒരോ മീഡിയയുടെ സഹായത്തോടെയാണ് ഓരോ ആള്‍ക്കാരും വളര്‍ന്നു വരുന്നത്. അന്നത്തെ പോലെ ഒരു കഴിവ് ഇന്ന് വേണമില്ലെന്നാണ് തോന്നുന്നത്. പക്ഷേ ആ കഴിവ് വേണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ അവര്‍ എത്തിയിടത്തേക്ക് മക്കള്‍ക്കും എത്താന്‍ സാധിക്കും. ഇന്ന് ഓരോ ആളുകളുടെയും ചിന്താഗതി വ്യത്യസ്തമാണ്. എനിക്കും ആഗ്രഹമുണ്ട് അവരുടെ കൂടെ അഭിനയിക്കാന്‍.

വീണ്ടും ഗോകുല്‍ അച്ഛന്‍ അഭിനയിച്ച സിനിമകളിലെ പ്രേക്ഷകരെ ഹരം കൊള്ളിച്ച ചില സംഭാഷണങ്ങള്‍ ഓര്‍ത്തു... അന്നത്തെ അഭിനേതാക്കള്‍ ലെജന്‍സ് തന്നെയെന്ന്  ഒന്നുകൂടി പറഞ്ഞു നിര്‍ത്തി.

Follow Us:
Download App:
  • android
  • ios