Asianet News MalayalamAsianet News Malayalam

ഓസ്‌കാറിലെത്തിയ മാരിക്കുറുമ്പിനും കാനനമൈനയ്ക്കും പിന്നില്‍ കഥകളേറെ

interview with gopi sundar
Author
First Published Dec 19, 2017, 9:12 PM IST

മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത നേട്ടം സ്വന്തമാക്കിയാണ് പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. ചിത്രത്തിലെ പാട്ടുപോലെത്തന്നെ പേക്ഷകര്‍ പുലിമുരുകനെ ആകാശത്തോളമുയര്‍ത്തുകയായിരുന്നു. ഏത് ചലച്ചിത്ര പ്രവര്‍ത്തകനും കൊതിക്കുന്ന റെക്കോര്‍ഡ് നേട്ടവുമായി മുന്നേറുമ്പോളിതാ മുരുകനെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. സിനിമയിലെ ഒന്നല്ല, രണ്ട് ഗാനങ്ങള്‍ക്കാണ് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. 

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര സംഗീത സംവിധായകരിലൊരാളായി മാറിയ ഗോപീസുന്ദറിന്റെ ഈണമാണ് ഈ വരികള്‍ക്ക് മിഴിവേകുന്നത്. ആദ്യ കേള്‍വിയില്‍തന്നെ ആസ്വാദക ശ്രദ്ധ പിടിച്ചെടുക്കാന്‍ മാത്രം ആഴത്തിലാണ് ഗോപി ആ സുന്ദര ഈണങ്ങള്‍ ഓരോ വരികളോട് കോര്‍ത്തിണക്കിയിരിക്കുന്നത്. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ആ ഗാനങ്ങളെ കുറിച്ച്  ഗോപീസുന്ദര്‍ സംസാരിക്കുന്നു... 


interview with gopi sundar


വൈശാഖ് പുലിമുരുകന്റെ സംഗീതത്തെപ്പറ്റി ഏറ്റവുമാദ്യം പറഞ്ഞ അടിസ്ഥാന സംഗതികള്‍ എന്തൊക്കെയായിരുന്നു? 

ഒരിക്കലും ഈ സിനിമയുടെ സംഗീതത്തെപ്പറ്റി മാത്രമായിട്ട് വൈശാഖ് എന്നോട് ഒന്നും സംസാരിച്ചിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ. സിനിമയെ ജീവസ്സുള്ളതാക്കുന്ന പല ഘടകങ്ങളില്‍ ഒന്ന് എന്ന നിലയ്ക്ക് മാത്രമാണ് സംഗീതത്തെപ്പറ്റിയുള്ള ആലോചനകളെല്ലാം നടന്നിട്ടുള്ളത്. പുലിമുരുകനെ സംബന്ധിച്ച് ആദ്യം വൈശാഖ് എന്നെ സമീപിക്കുന്നത് പാട്ടുകള്‍ ചിട്ടപ്പെടുത്താനാണ്. ചിത്രീകരണത്തിന് ഏറെ മുമ്പ് തന്നെ, ഏകദേശം രണ്ടരവര്‍ഷം മുമ്പ് പാട്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. 

പാട്ട് ചെയ്ത് കഴിഞ്ഞ് 2 വര്‍ഷത്തിനുശേഷമാണ് ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയത്. ഏകദേശം 2 വര്‍ഷം ഇതിന്റെ ചര്‍ച്ചകള്‍ക്കും ചിത്രീകരണത്തിനുമായി വൈശാഖും സംഘവും ചെലവഴിച്ചിട്ടുണ്ട്. അപ്പോള്‍തന്നെ എത്രമാത്രം തയ്യാറെടുപ്പുകള്‍ നടത്തിയ സിനിമയായിരുന്നു ഇതെന്ന് വ്യക്തമല്ലേ. ചിത്രത്തിലെ പാട്ടുകളെപ്പറ്റി മാത്രം പറഞ്ഞാ, എന്നോട് പാട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് തിരക്കഥയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ തന്നെ ആദ്യഗാനം ഞാന്‍ വളരെപ്പെട്ടന്ന് ചിട്ടപ്പെടുത്തി. ആ പാട്ടാണ് ' മാനത്തെ മാരിക്കുറുമ്പേ' എന്നു തുടങ്ങുന്നത്. 

സിനിമയില്‍ അതാണല്ലോ ആദ്യത്തെ ഗാനമായി നമ്മള്‍ കാണുന്നത്?

സിനിമയില്‍ ആകെ രണ്ട് ഗാനങ്ങളാണ് ഉള്ളത്. ഒന്ന് വാണിയമ്മ പാടിയ മാനത്തേ മാരിക്കുറുമ്പേ എന്ന് തുടങ്ങുന്ന ഗാനം. അതാണ് ആദ്യം കംപോസ് ചെയ്തത്. പിന്നെ വൈശാഖ് വിളിക്കുന്നത് ഷൂട്ടിംഗ് നടക്കുന്ന സമയത്താണ്. ആ ഒരു പാട്ട്  കംപോസ് ചെയ്തതിനു ശേഷം പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അടുത്ത പാട്ടിനുള്ള വിളി വരുന്നതെന്ന് ഓര്‍ക്കുക. 

അപ്പോള്‍ പുലിമുരുകന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞിരുന്നു. എല്ലാവരും കാട്ടിനുള്ളില്‍ ലൊക്കേഷനിലാണ് ഉള്ളത്. അങ്ങോട്ടേക്ക് വന്നാല്‍ മതിയെന്നും ഈ അന്തരീഷത്തില്‍ കംപോസിംഗ് ചെയ്യാമെന്നും പറഞ്ഞാണ് വൈശാഖ് വിളിക്കുന്നത്.  പൂയം കൂട്ടി ഭാഗത്തായിരുന്നു ചിത്രീകരണം. അവിടെയൊരു ഹോട്ടലില്‍ തങ്ങി രണ്ടാമത്തെ പാട്ടും ചെയ്തു. അതാണ് കാടണയും കാല്‍ച്ചിലമ്പേ എന്ന് തുടങ്ങുന്ന ദാസേട്ടനും ചിത്രച്ചേച്ചിയും ചേര്‍ന്ന് പാടിയ ഗാനം. 

ആദ്യം ഒരു പാട്ടിന്റെ ആശയം മാത്രമാണോ ഉണ്ടായിരുന്നത്?

അല്ല. തിരക്കഥയില്‍ ഇരു പാട്ടുകളുടെയും സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ആദ്യം ഒരു പാട്ട് മാത്രമാണ് നമ്മള്‍ ചെയ്തത്. ആദ്യത്തെ പദ്ധതി അനുസരിച്ച് ഒരു കൊമേഷ്യല്‍ പാക്കേജിംഗിനായുള്ള പാട്ട് എന്ന നിലയില്‍ അടിപൊളി പാട്ട് രണ്ടാമതായി വേണം എന്നായിരുന്നു ആലോചന. അങ്ങനെയൊരു പാട്ട് ചിട്ടപ്പെടുത്തുകയും അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തതാണ്. പിന്നെ സിനിമയുടെ സ്വഭാവ നിര്‍ണ്ണയം വരെ നേരത്തേ പറഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളിലൂടെ രൂപപ്പെട്ടുവന്ന ഒന്നാണ്. അത് സംഗീതത്തിലും പ്രതിഫലിക്കുമല്ലോ. 

അപ്പോള്‍ പലപ്പോഴായി സംഗീതത്തിന്റെ സ്വഭാവവും പാട്ടിന്റെ ഈണവുമൊക്കെ മാറിമറിഞ്ഞിട്ടുണ്ടെന്നാണോ?

അത്ര കണ്ട് ഉണ്ടായിട്ടില്ല. സംഗീതത്തെ സംബന്ധിച്ച് സാധാരണഗതിയില്‍ വരുന്ന മാറ്റങ്ങളൊക്കെയേ പുലിമുരുകനിലും ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ ഈണം ഉറപ്പിച്ചു പിന്നെ തിരക്കഥയും സംഭാഷണവുമടക്കം പൂര്‍ത്തിയായിക്കഴിയുമ്പോഴായിരിക്കും നമുക്ക് പാട്ടുകള്‍ റെക്കോഡ് ചെയ്യേണ്ടി വരുക. അത് കണ്‍ഫ്യുസ് ചെയ്താല്‍ നമുക്ക് പിന്നെ ഒരിക്കലും ചെയ്യേണ്ട. അപ്പോള്‍ ആദ്യം ഈണമിട്ടു. അതുറപ്പിച്ചു. 'മാനത്തെ മാരിക്കുറുമ്പേ' എന്ന വാണിയമ്മ പാടിയ പാട്ട് കംപോസ് ചെയ്യുന്നതിന് തൊട്ട് മുമ്പ് ഞാന്‍ ഒരു തടിക്കഷണം കൊണ്ട് തട്ടുന്നൊരു താളമിട്ടു. തടിയില്‍ നിന്നുണ്ടാകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ശ്രവണതലത്തിലെങ്കിലും നമ്മള്‍ കാടുമായി ബന്ധപ്പെടുകയാണ്. വെറും ഒന്നരമണിക്കൂറില്‍ ചെയ്ത പാട്ടാണത്. 
 

പത്ത് മാസം ഗര്‍ഭത്തിലുണ്ടായിരുന്ന കുഞ്ഞിന്‍റെ ജനനത്തോടെ മരിച്ചു പോകുന്ന അമ്മയുടെ ആത്മാവിനുണ്ടാകുന്ന വേദനയാണ് 'മാരിക്കുറുമ്പെന്ന' ഗാനം. അമ്മയുടെ ആത്മാവ് കുഞ്ഞിന്‍റെ രക്ഷയ്ക്കായി ദൈവത്തോട് കേഴുന്നതുമാവാം ആ പാട്ട്. ഒപ്പം കുഞ്ഞിനുള്ള താരാട്ടുമാണത്.


ഈ പാട്ടിനായി വൈശാഖ് തന്ന തിരക്കഥാ വിശദാംശങ്ങള്‍ എന്തൊക്കെയാണ്?

അദ്ദേഹത്തിന് ഇതുവരെ കേള്‍ക്കാത്ത ഒരു താരാട്ടു പാട്ടാണ് വേണ്ടിയിരുന്നത്. സാധാരണ അമ്മയും താരാട്ട് പാട്ടുപാടി ഉറക്കും അച്ഛനും താരാട്ട് പാടി ഉറക്കും. ഇതാകട്ടെ, മരിച്ചുപോയ അമ്മയുടെ ആത്മാവാണ് ശബ്ദത്തിന്റെ സ്രോതസ് എന്ന രീതിയിലാണ് പാട്ട് വരേണ്ടത്. അതായത്, ഒരു അശരീരി പോലെ അനുഭവപ്പെടുന്ന പാട്ട്. അതില്‍ പലതുമുണ്ടാവും, ഒരമ്മയുടെ സഫലമാകാത്ത സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍, ദു:ഖം എന്നിങ്ങനെ പലതും.
 

പത്ത് മാസം ഗര്‍ഭത്തിലുണ്ടായിരുന്ന കുട്ടി ജനിക്കുമ്പോള്‍ ആ പ്രസവത്തില്‍ മരിച്ചു പോകുന്ന അമ്മയുടെ ആത്മാവിനുണ്ടാകുന്ന വേദനയാണ് ആ പാട്ട്. അമ്മയുടെ ആത്മാവ് ആ കുട്ടിയുടെ രക്ഷയ്ക്കായി ദൈവത്തോട് കേഴുന്നതുമാവാം ആ പാട്ട്. അതോടൊപ്പം അത് കുട്ടിക്കുള്ള താരാട്ടുമാണ്.  മുരുകന്‍ കാട്ടാക്കടയാണ് വരികളെഴുതിയത്. ഒരു കവി എന്ന നിലയില്‍ മറ്റൊരു തരത്തിലുള്ള ഇടപെടല്‍ മുരുകന്‍ ആ പാട്ടില്‍ നടത്തിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. വരികളുടെ ഭാവം മുഴുവന്‍ ഈണത്തിലേക്ക് കൊണ്ടുവരാന്‍ എന്നാല്‍ കഴിയുന്ന വിധം ഞാന്‍ ശ്രമിച്ചിട്ടുമുണ്ട്. നല്ല സ്വീകാര്യത ലഭിച്ച ഗാനം കൂടിയായി ഇത്. ഓടക്കുഴല്‍ ആണ് ഈ പാട്ടിന്റെ ഒരു ബെയ്‌സ്. കാടുമായി ഏറ്റവുമടുത്ത സംഗീതോപകരണം ആണല്ലോ ഓടക്കുഴല്‍. 

മറ്റേതൊക്കെ ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിച്ചിട്ടുണ്ട് എടുത്തു പറയാവുന്നതായിട്ട്?

ഓടക്കുഴല്‍ ആണ് പ്രധാനം. പാട്ടിന്റെ ഭാവം മൊത്തമായും അതിലൂടെ പുറത്തു വന്നിട്ടുണ്ട്. പിന്നെ സ്ട്രിംഗ്‌സ് ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിച്ചിട്ടുണ്ട്. റിഥത്തിലേക്ക് വന്നാല്‍ ചെറിയ മണ്‍കുടം പോലുള്ള ചില സംഗതികളൊക്കെ ഉപയോഗിച്ചിട്ടുണ്ട്. പിന്നെ 'ബരിംബാവ്' എന്നൊരു ഇന്‍സ്ട്രുമെന്റും ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെ,  ദാസേട്ടന്‍ പാടിയ പാട്ടില്‍ ഒരു മരത്തിന്റെ വടിയാണ് ഉപയോഗിക്കുന്നത്.  ആഫ്രിക്കയിലുള്ള ഒരു മരത്തിന്റെ കൊമ്പാണ് ബരിംബാവ്.  അതിന്റെ അറ്റത്ത് വില്ല് പോലെ കമ്പി നാട്ടിയിട്ടുണ്ടാവും.  അതിന്റെ നടുക്ക് കുടം പോലെ ഒരു വസ്തു ഉണ്ടാകും, ആ ഉപകരണത്തിന്റെ പിച്ച് അഡ്ജസ്റ്റ് ചെയ്യുന്നത് അതിലാണ്.  കുടത്തിന്റെ കമ്പില്‍ വച്ചിട്ടുള്ള പ്ലെയിസ്‌മെന്റില്‍ മറ്റൊരു വസ്തു വച്ച് അടിക്കാന്‍ പറ്റും.  അങ്ങിനെയാണതിന്റെ ട്യൂണ്‍ ക്രിയേറ്റ് ചെയ്യുന്നതത്. നല്ല രസമാണ് ആ ശബ്ദം കേള്‍ക്കാന്‍. 

എന്തു കൊണ്ടാണ് വാണി ജയറാമിന്റെ ശബ്ദം തെരഞ്ഞെടുത്തത്?

ആദ്യം ഞാന്‍ ആലോചിച്ചത് ജാനകിയമ്മയെ ആയിരുന്നു. കാരണം ഒരു അമ്മയുടെ ഭാവം എന്ന് പറയുമ്പോള്‍ പെട്ടെന്ന് ചിത്ര ചേച്ചിയോ അല്ലെങ്കില്‍ ജാനകിയമ്മ, വാണിയമ്മ ഇവരുടെയൊക്കെ ശബ്ദമാണ് ഓര്‍മ്മ വരുന്നത്. പുതിയ ഒരു ഗായികയെയോ ശബ്ദത്തേയോ കൊണ്ടു വന്ന് പാടിച്ചാല്‍ മാതൃഭാവം പ്രതിഫലിക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും. അത് പൂര്‍ണമായും വരില്ല എന്നല്ല, കേള്‍ക്കുന്നവര്‍ക്ക് പെട്ടന്ന് തിരിച്ചറിയാന്‍ കൂടി പറ്റണമല്ലോ. ഏതൊരാള്‍ക്കും അമ്മ എന്ന് പറയുമ്പോള്‍, അമ്മയ്‌ക്കൊരു പ്രത്യേക ശബ്ദമാണ്..അത് ഒരു സ്‌നേഹ വിശുദ്ധിയുടെ ശബ്ദമായിരിക്കണമല്ലോ. ജാനകിയമ്മയെ ആദ്യം സമീച്ചെങ്കിലും ചില ശാരീരിക അസ്വാസ്ഥ്യങ്ങളുമായിരിക്കുകയായിരുന്നു അവര്‍. അപ്പോള്‍ അടുത്തത് എന്ന രീതിയില്‍ വാണിയമ്മയെ തന്നെ പാടാന്‍ വിളിച്ചു.

ജോലിയുടെ ഒരു ഗതി എങ്ങനെയായിരുന്നു ?

ഞാന്‍ ഒരു റീല്‍ രണ്ടു ദിവസമാണ് എടുക്കുന്നത്. പിന്നെ ലൈവ് എടുക്കാന്‍ മാത്രമേ അധികസമയം വേണ്ടി വരാറുള്ളൂ. കൂടുതല്‍ പഌനിംഗ് ആയാല്‍ അത് നശിക്കുകയേയുള്ളൂ. ഒരു പടം വരയ്ക്കാന്‍ നില്‍ക്കുമ്പോള്‍ അത് അങ്ങേയറ്റം പ്ലാന്‍ ചെയ്താല്‍ കുളമാവുകയേയുള്ളൂ. പിന്നെ സംവിധായകന്‍ നമുക്ക് സ്വാതന്ത്ര്യം തരുന്നുണ്ട്. ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന ശാഠ്യങ്ങള്‍ ഇല്ല.  എന്ത് ചെയ്യാനും നമ്മുടെ കൂടെ ഉണ്ടാവും. എന്റെ കൂടെ കേട്ട് ആസ്വദിച്ച് കൊണ്ടിരിക്കും. എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ തരും. പാട്ടൊക്കെപ്പാടി തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കും.  വേറെ ചര്‍ച്ചകളിലേക്ക് പോകുകയും തിരിച്ചുവരികയും ചെയ്യും. അങ്ങനെ ചെന്നൈയിലെ ഒരു ചെറിയ ഫ്‌ളാറ്റിന്റെ അകത്തിരുന്ന് ഞങ്ങള്‍ രണ്ടുപേരും മാത്രമായി ചെയ്ത വര്‍ക്കാണിത്. മൂന്ന് ദിവസം കൊണ്ട് ക്‌ളൈമാക്‌സ് ബി.ജി.എം ചെയ്തു. 

മാസ് ഫിലിം ആയേ പറ്റൂ എന്ന വാശിയില്‍ മ്യൂസിക് സൈഡില്‍ എന്തെങ്കിലും പ്രത്യേക കൂട്ടിച്ചേര്‍ക്കലുകളോ മറ്റോ? 

മാസ് ഫിലിം ആക്കാനായി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല.  ഞങ്ങള്‍ കൊടുക്കാന്‍ ശ്രമിച്ചത് പരമാവധി സിനിമയുടെ ദൗര്‍ബല്യങ്ങളെ മനസ്സിലാക്കി അതിന് വേണ്ടതെന്താണോ അതാണ്.  മ്യൂസിക്കലി അത് മാസ്സ് ആണ് എന്ന് കരുതിയാല്‍ മാസ്സ് ആണ്.  ഇതിന്റെ സ്‌ക്രിപ്റ്റിനെ പറ്റി പറയുകയാണെങ്കില്‍ ചിലപ്പോള്‍ നല്ല രസമായിരിക്കും.  ചെലപ്പോ ബോറടിക്കും. അപ്പോള്‍ അതിനെ വേറെ രീതിയില്‍ മേക്ക് ഓവര്‍ ചെയ്തിട്ടുണ്ട്. മലയാള സിനിമയില്‍ റിയലിസ്റ്റക്ക് സിനിമകള്‍ വിജയിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ആണ് പുലിമുരുകന്‍ വരുന്നത്.

വൈശാഖിനെ സംബന്ധിച്ച് ആ സിനിമ 'ഡൂ ഓര്‍ ഡൈ' ആണ്. അദ്ദേഹം ഇവിടുന്ന് കാനഡയിലേക്ക് പോകാന്‍ തയ്യാറായി ഇരിക്കുകയാണ്. അതായത്, ഈ സിനിമ വിജയിച്ചില്ലെങ്കില്‍ ഇനി അദ്ദേഹത്തിന് ഫിലിംകരിയര്‍ ഇല്ല എന്ന് മനസ്സിലാക്കി, ഇവിടുന്ന് മൂവ് ചെയ്യാനുള്ള ഒരു തീരുമാനം എടുത്തിരിക്കുകയാണ്. അപ്പോള്‍ നമ്മളെക്കൊണ്ട് ആകുന്ന രീതിയില്‍  ഈ പടം വിജയിപ്പിക്കും.

ഇത് ടെക്‌നീഷ്യന്‍സിന്റെ വിജയമായിരിക്കും എന്നൊക്കെ നമ്മള്‍ ഉള്ളില്‍ കണക്കുകൂട്ടുന്നുണ്ട്. ആ സമയത്ത് ഇവിടെ റിയലിസ്റ്റിക് ആയി മലയാള സിനിമ വളര്‍ന്ന് കൊണ്ടിരിക്കുന്നു. വലിയ സംഭവ വികാസങ്ങള്‍ ആണ് നടക്കുന്നത്. ഇന്ത്യയില്‍ എല്ലാവരും കേരളത്തിലേക്ക് ഉറ്റു നോക്കുന്നു.  എന്താണ് ഈ ചെറിയ സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത് ? വളരെ റിയലിസ്റ്റിക് ആയിട്ടുള്ള സിനിമകള്‍ ഉണ്ടാകുന്നു, അത് ലാഭം കൊയ്യുന്നു.  ഇങ്ങനെയൊരു സാഹചര്യത്തിലാണ് പുലിമുരുകന്‍ വിജയിക്കുന്നത്.  

ഇത് ടെക്‌നീഷ്യന്‍സിന്റെ വിജയമായാണ് നമ്മള്‍ ആഘോഷിക്കുന്നത്. ആസ്വദിച്ച് കൊണ്ട് ആഘോഷിക്കയാണ്. സാധാരണ ഒരു സംവിധായകന് ഇങ്ങനെയൊരു പടമെടുക്കാന്‍ പറ്റുമോ?  പിന്നെ നിര്‍മ്മാതാവ്. എത്രയോ ദുര്‍ഘടമായ ഘട്ടങ്ങളില്‍ അദ്ദേഹം ഒറ്റയ്ക്ക് ഈ സിനിമയെ പിടിച്ചു നിര്‍ത്തി. മാസ്സ് എന്നത് തീയറ്ററില്‍ നിന്ന് പോയിട്ടില്ലെന്ന് മനസ്സിലാക്കി തന്ന സിനിമയാണ് പുലിമുരുകന്‍. 
 

ഏതൊരു ക്രിയേഷനും അതിന്റേതായ കുറവുകള്‍ ഉണ്ടാകും. മ്യൂസിക്കിനും ഉണ്ട് അതിന്റേതായ കുറവ്. ക്രിയേറ്റിവിറ്റിയുടെ പരിധി എന്നത് ഏറ്റവും മികച്ചത് എന്നല്ല, കാരണം ഏറ്റവും മികച്ചത് എന്നതിന് പരിധിയില്ല, അപ്പോള്‍ എന്റെ ക്രിയേറ്റിവിറ്റിയുടെ പരിധി എന്നത് എന്റെ ജോലിയിലുള്ള എന്റെ സംതൃപ്തി ആണ്. 


റിലീസിന് മുമ്പ് പലരും എഴുതിത്തള്ളിയ സിനിമയായിരുന്നു ഇത്. നൂറ്റിയമ്പത് കോടിയും താണ്ടി പൊയ്‌ക്കൊണ്ടിരിക്കുകയാണ് ഇന്ന് ഈ സിനിമ. ഞാന്‍ പൈസ നോക്കിയിട്ടല്ല ഇതില്‍ വര്‍ക്ക് ചെയ്തത്.  മുപ്പത് ദിവസം വര്‍ക്ക് ചെയ്യാനുള്ള ബജറ്റ് ഒന്നും അവര്‍ എനിക്ക് തരുന്നില്ല. പതിനഞ്ച് ദിവസം കൊണ്ട് തീര്‍ത്താലെ എനിക്ക് ലാഭമുള്ളൂ. അതില്‍ കൂടുതല്‍ എടുത്ത് കഴിഞ്ഞാല്‍ എനിക്കിത് നഷ്ടമാണ്. അതിന്റെ കാരണം ഡയറക്ടര്‍ വൈശാഖ് എന്ന സഹോദരനോടുള്ള സ്‌നേഹം മാത്രമാണ്.  ഈ പടത്തിന് വേണ്ടി അദ്ദേഹം മരിച്ചു പണിയെടുത്തു. അതുകൊണ്ട് ഞങ്ങളെല്ലാരും കൂടെ നിന്നു . ആരേയും വേദനിപ്പിക്കില്ല വൈശാഖ്.  ഈഗോ ഇല്ല.  മറ്റുള്ളവരുടെ അഭിപ്രായം മാനിച്ചും പരിഗണിച്ചുമാണ് അദ്ദേഹം വര്‍ക്ക് ചെയ്യുന്നത്.  അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു വിജയം കിട്ടിയത്.

പശ്ചാത്തലസംഗീതത്തിന് പ്രധാനമായും ഏതൊക്കെ ഇന്‍സ്ട്രുമെന്റാണ് സംയോജിപ്പച്ചത്?

ആര്‍. ആര്‍ ഒരു വണ്‍ മാന്‍ഷോ  ആയിരുന്നു. ഫ്‌ളൂട്ടും സ്ട്രിങ്ങ്‌സും മാത്രമേ ഉപയോഗിച്ചിട്ടുള്ളു പുറത്തു നിന്ന്. ബാക്കിയെല്ലാം കീ ബോര്‍ഡില്‍ ഞാന്‍ പ്രോഗ്രാം ചെയ്ത് ഉണ്ടാക്കിയതാണ്.  എന്റെ സ്വന്തം കീബോര്‍ഡില്‍ ഉള്ള പ്രോഗ്രാമിങ്ങ് സ്‌കില്‍ എനിക്ക് ഈ സിനിമയില്‍ ഏറ്റവും നന്നായി പ്രയോഗിക്കാന്‍ പറ്റി. അങ്ങനെ പെട്ടെന്ന് ഒരാള്‍ വന്ന് എടുത്തുപയോഗിക്കാന്‍ മടിക്കുന്ന ചില സംഭവങ്ങളൊക്കെ ഞങ്ങള്‍ അതില്‍ ഉപയോഗിച്ചിട്ടുണ്ട്.  അതിന്റെ തീമൊക്കെ എടുത്ത് നോക്കിയാല്‍ മനസ്സിലാകും.

കേട്ടാല്‍ അരോചകം ആയി തോന്നും. ആരും ഉപയോഗിക്കില്ല. പക്ഷെ ചില മാസ് സീക്വന്‍സില്‍ അവ ഉപയോഗിച്ചിട്ടുണ്ട്. തീയറ്ററില്‍ അതുണ്ടാക്കിയ ഇമ്പാക്റ്റ് വളരെ വലുതാണ്. ചിലര്‍ ഉപയോഗിക്കാന്‍ മടിക്കുന്ന സംഭവങ്ങള്‍ നമ്മള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.  സിനിമയില്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറാണ് സാധാരണ പരീക്ഷണങ്ങള്‍.  പക്ഷെ പ്രേക്ഷകരിലേക്ക് എത്തിയെന്നിടത്താണ് ഈ പരീക്ഷണം വിജയിക്കുന്നത്.  

ചിത്രത്തില്‍ അസാധാരണമായ ചില ഭാഗങ്ങളുണ്ടല്ലോ. കടുവയുമായി യുദ്ധം ചെയ്യുന്ന കുട്ടിയും മുതിര്‍ന്ന ആള്‍പോലും സാധാരണമല്ല. ഈ അസാധാരണത്വത്തെ എങ്ങനെയാണ് സമീപിച്ചത്?

അതിനെ നമ്മള്‍ ഫാന്റസി എന്ന് പറയും. അമാനുഷികത എന്നും വിളിക്കാം. റിയലിസ്റ്റിക് മ്യൂസിക് ഇട്ടാല്‍ മാത്രമേ അതിനെ റിയലിസം ആയിട്ട് ബന്ധപ്പെടുത്താന്‍ പറ്റൂ. ഇങ്ങനെ ഒരായുധം എറിയുമ്പോള്‍ പുലിയുടെ പല്ല് രണ്ടാകണമെങ്കില്‍ അതൊക്കെ അമാനുഷികം തന്നെ ആണ്.  അതൊരു ഫാന്റസിയും ആണ്.  പക്ഷെ കുട്ടി തന്നെ പുലിയെ കൊല്ലുമ്പോള്‍ ഇതെല്ലാം ബ്രേക്ക് ആയി കഴിഞ്ഞെന്നാണ് ഞാന്‍ കരുതുന്നത്. ഒരു കുട്ടി പുലിയെ കൊല്ലുന്നത് അസാധ്യം ആണ്. പക്ഷെ തുടക്കത്തിലേ കാണികള്‍ അതു കണ്ടു കഴിഞ്ഞു. അപ്പോള്‍ ആളുകള്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു എന്ന് വേണം കരുതാന്‍. 

പിന്നെ ഉറപ്പായും ഇത്തരം കാര്യങ്ങള്‍ തിരശീലയില്‍ സംഭവിക്കുമ്പോള്‍ മ്യൂസിക്കില്‍ ജോലിഭാരം കൂടുക തന്നെ ചെയ്യും. 'മേക്ക് ബിലീവ് ' എന്ന ഒരു സംഭവത്തിലോട്ട് ഇറങ്ങുകയാണ്. ഞാന്‍ ആദ്യദിവസം നൂണ്‍ ഷോ ആണ് കണ്ടത്.  ഫസ്റ്റ് ഷോ കഴിഞ്ഞ് വൈശാഖ് കവിതാ തീയറ്ററില്‍ നിന്ന് ഇറങ്ങിവരുന്നു.  കണ്ണീരോടെയാണ് ഞങ്ങള്‍ കെട്ടിപ്പിടിച്ചത്.  അത്രയും ഇമോഷണല്‍ ആണ് വൈശാഖ്.  ഇങ്ങനെ ഒരു സിനിമ, അത്രയും ദിവസം ഒരുമിച്ചിരുന്ന് വര്‍ക്ക് ചെയ്തതല്ലേ...  

തിയേറ്ററിനകത്തെ പ്രതികരണത്തില്‍ ഞാനും വൈശാഖും ചര്‍ച്ച ചെയ്ത ഓരോ സംഗതിക്കും പ്രതീക്ഷിച്ച പ്രതികരണം തീയറ്ററില്‍ നിന്ന് കിട്ടി എന്നുള്ളതാണ് സത്യം. ഞങ്ങള്‍ പ്രതീക്ഷിച്ച പ്രതികരണം, പ്രതീക്ഷിച്ച ഭാഗങ്ങളില്‍ കിട്ടിയെന്നത് ചെറിയ കാര്യമല്ല.  ആളുകളുടെ പ്രതികരണങ്ങള്‍ എന്നെ കരയപ്പിച്ചു. ഞങ്ങളുടെ ചര്‍ച്ചാവേളകള്‍ മനസ്സില്‍ വന്നു. സന്തോഷാശ്രു എന്നത് വളരെ മനോഹരമായൊരവസ്ഥയാണ്.
 
എല്ലാ ഘടകങ്ങളും കൃത്യമായി കൂടിച്ചേര്‍ന്നു എന്നാണോ?

അതെ. ഞാന്‍ മുമ്പ് പറഞ്ഞല്ലോ, ഇത് ടെക്‌നീഷ്യന്‍സിന്റെ വിജയമാണ്. ടെക്‌നീഷ്യന്‍സിന്റെ പവര്‍ എന്തെന്ന് കാണിച്ച് തരുന്ന സിനിമയാണ് പുലിമുരുകന്‍. ചില സന്ദര്‍ഭങ്ങളില്‍, ആക്ഷന്‍ കൊറിയോഗ്രാഫി, അല്ലെങ്കില്‍ സിനിമാറ്റോഗ്രാഫി തുടങ്ങിയവയില്‍ അത് സത്യമാണ്. അതുമല്ലെങ്കില്‍ ലാല്‍സാറിന്റെ  പെര്‍ഫോമന്‍സ്. ഇതൊക്കെ വരുന്ന സമയത്ത് നമ്മള്‍ അവിടെ ഒരധിക മൂല്യം ഉണ്ടാക്കിയെടുക്കണം. ചില ഡയറക്ടര്‍മാര്‍ പറയും ഇതൊരു ഭയങ്കരസംഭവമാണ്. പക്ഷെ അവിടെ അങ്ങിനെ ഭയങ്കര സംഭവം ഒന്നും ഉണ്ടാകില്ല.  ഇതില്‍ പക്ഷെ ചിലത്  ഉണ്ട്. ടെക്‌നിക്കല്‍ സൈഡിന്റെ എക്‌സലന്‍സ് ആണ്. അപ്പോള്‍ എന്റെ സംഭാവനയും ആ നിലവാരത്തിലേക്ക് ഉയര്‍ന്നേ പറ്റൂ.

ഏതൊരു ക്രിയേഷനും അതിന്റേതായ കുറവുകള്‍ ഉണ്ടാകും. മ്യൂസിക്കിനും ഉണ്ട് അതിന്റേതായ കുറവ്. ക്രിയേറ്റിവിറ്റിയുടെ പരിധി എന്നത് ഏറ്റവും മികച്ചത് എന്നല്ല, കാരണം ഏറ്റവും മികച്ചത് എന്നതിന് പരിധിയില്ല, അപ്പോള്‍ എന്റെ ക്രിയേറ്റിവിറ്റിയുടെ പരിധി എന്നത് എന്റെ ജോലിയിലുള്ള എന്റെ സംതൃപ്തി ആണ്. ഈ സിനിമയുടെ കാര്യത്തില്‍ ഞാന്‍ സംതൃപ്തനാണ്.  

(ടി അരുണ്‍കുമാര്‍ എഴുതി കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'പുലിമുരുകന്‍ ബോക്‌സോഫീസിലൊരു ഗര്‍ജ്ജനം' എന്ന പുസ്തകത്തില്‍നിന്ന്)

Follow Us:
Download App:
  • android
  • ios