Asianet News MalayalamAsianet News Malayalam

മിഡ്നൈറ്റ് റണ്ണിലേക്കെത്തിയ വഴികള്‍; സംവിധായിക രമ്യ രാജ് സംസാരിക്കുന്നു


ഗോവ ചലച്ചിത്രമേളയില്‍ ഇന്ത്യൻ പനോരമയില്‍ നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മിഡ്നൈറ്റ് റണ്‍ എന്ന സിനിമയുടെ സംവിധായിക രമ്യ രാജ് സംസാരിക്കുന്നു. നിര്‍മ്മല്‍ സുധാകരൻ നടത്തിയ അഭിമുഖം.

Interview with midnight run director Remya raj
Author
Goa, First Published Nov 25, 2018, 6:19 PM IST

ഇത്തവണത്തെ ഇന്ത്യന്‍ പനോരമയിൽ നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ ഇടംപിടിച്ച മൂന്ന്‌ മലയാള ചിത്രങ്ങളിലൊന്ന്‌ ഒരു ഷോര്‍ട്ട്‌ ഫിലിം ആയിരുന്നു. രമ്യ രാജ്‌ എന്ന നവാഗത സംവിധായികയുടെ 'മിഡ്‌നൈറ്റ്‌ റണ്‍' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന പതിനൊന്നാമത്തെ ഫെസ്റ്റിവലാണ്‌ ഗോവയിലേത്‌. ഹംഗറിയിലെ സെവൻഹിൽസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും തുർക്കി അങ്കാറയിലെ മേളയിലും കലിഫോർണിയയിലും ഉൾപ്പെടെയുള്ള ഫെസ്റ്റിവലുകളിലേക്ക്‌ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യചിത്രത്തിലേക്കുള്ള വഴികളെക്കുറിച്ച്‌ സംസാരിക്കുന്നു രമ്യ. ഒപ്പം ഷോര്‍ട്ട്‌ ഫിലിം ഫോര്‍മാറ്റിന്റെ ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചും അത് നൽകുന്ന സാധ്യതകളെക്കുറിച്ചും.. നിര്‍മ്മല്‍ സുധാകരൻ നടത്തിയ അഭിമുഖം.


മിഡ്‌നൈറ്റ്‌ റണ്ണിലേക്ക്‌ എത്തിയ വഴി എങ്ങനെയാണ്‌?


സിനിമയിൽ വര്‍ക്ക്‌ ചെയ്യാന്‍ തുടങ്ങിയിട്ട്‌ ആറേഴ്‌ വര്‍ഷം ആയിട്ടുണ്ടാവും. സിബി മലയില്‍ സാറിന്റെ അടുത്ത്‌ അസിസ്‌റ്റന്റ്‌ ആയത്‌ മുതലിങ്ങോട്ട്‌. അതിനുമുന്‍പ്‌ ഫിലിം മേക്കിംഗ്‌ ആണ്‌ പഠിച്ചത്‌. കോഴിക്കോട്‌ ഒരു നാട്ടിന്‍പുറത്താണ്‌ എന്റെ സ്വദേശം. കുടുംബത്തിലോ നാട്ടിലോ ഒന്നും സിനിമയുമായി ബന്ധമുള്ളവര്‍ ഇല്ലായിരുന്നു. ആഗ്രഹം പറഞ്ഞപ്പോള്‍ എന്നാല്‍ അത്‌ പഠിക്കാന്‍ പറഞ്ഞയാള്‍ അമ്മയാണ്‌. പഠനം കഴിഞ്ഞതിന്‌ പിന്നാലെ ഇന്ത്യാവിഷന്‍ ചാനലില്‍ പ്രൊഡ്യൂസറായി ജോലിക്ക്‌ കയറി. അതിനിടെ പരസ്യചിത്രങ്ങളൊരുക്കാന്‍ ചില അവസരങ്ങള്‍ ലഭിച്ചു. ജോലി രാജിവച്ച്‌ ഒരു പ്രൊഡക്ഷന്‍ ഹൗസ്‌ തുടങ്ങി. ഒന്നു രണ്ട്‌ വര്‍ക്കുകളൊക്കെ ചെയ്‌തു. സിബി മലയില്‍ സാറിന്റെ സഹോദരന്‍ ഒരു കുടുംബസുഹൃത്തായിരുന്നു. ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹമാണ്‌ സിബി സാറിനോട്‌ എന്റെ കാര്യം അവതരിപ്പിച്ചത്‌. പക്ഷേ സിബി സാറിന്‌ ആ സമയത്ത്‌ വുമണ്‍ അസിസ്റ്റന്റുമാരൊന്നും ഇല്ലായിരുന്നു. സ്‌ത്രീകള്‍ വന്നാല്‍ അവരുടെ പ്രൊട്ടക്ഷന്‌ വേണ്ടി പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടിവരുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‌. വയലിന്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഘട്ടമായിരുന്നു. അങ്ങനെയാണെങ്കില്‍ എറണാകുളത്ത്‌ ഷൂട്ട്‌ ഉള്ളപ്പോള്‍ രാവിലെ വന്ന്‌ വൈകിട്ട്‌ പൊയ്‌ക്കോളാന്‍ അദ്ദേഹം പറഞ്ഞു. പക്ഷേ ചെന്നപ്പോള്‍ നമ്മുടെ ഇന്‍വോള്‍വ്‌മെന്റ്‌ അദ്ദേഹം മനസിലാക്കി. അതിന്റേതായ പരിഗണനകളും ലഭിച്ചുതുടങ്ങി. ചിത്രത്തിന്റെ ഗോവ ഷെഡ്യൂളിലൊക്കെ വര്‍ക്ക്‌ ചെയ്യാന്‍ പറ്റി. മൂന്നാമത്തെ പടമായപ്പോള്‍ അസോസിയേറ്റ്‌ ആയി അദ്ദേഹം പ്രൊമോഷന്‍ തന്നു.

ആദ്യത്തെ രണ്ട്‌ സിനിമകള്‍ അസിസ്റ്റ്‌ ചെയ്‌ത്‌ നില്‍ക്കുന്ന സമയത്ത്‌ സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള ആലോചന നടന്നിരുന്നു. ഫഹദിനോട്‌ സംസാരിച്ചിരുന്നു. ഫഹദും എക്‌സൈറ്റഡ്‌ ആയിരുന്നു. പക്ഷേ നടക്കേണ്ട ഒരു മാസം മുന്‍പേ അത്‌  അത് പല കാരണങ്ങളാൽ നീണ്ടുപോയി. അതൊരു  തിരിച്ചടിയായിരുന്നു എന്നെ സംബന്ധിച്ച്‌. കാരണം ആ പ്രോജക്ടിന്റെ പുറത്ത്‌ അത്രയും അധ്വാനിച്ചിരുന്നു. വലിയ ഡിപ്രഷനിലേക്ക്‌ വീണുപോയി. ഒരു പുതിയ പ്രോജക്ട്‌ ആലോചിക്കാന്‍ പറ്റുന്ന മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. വിവാഹത്തോടെയാണ്‌ പിന്നെ ജീവിതത്തില്‍ ഒരു ചേഞ്ച്‌ ഉണ്ടാവുന്നത്‌. ഒരാളുടെ സപ്പോര്‍ട്ട്‌ കൂടി കിട്ടുകയാണല്ലോ. പിന്നീടാണ്‌ മിഡ്നൈറ്റ്‌ റണ്ണിന്റെ ആലോചന വരുന്നത്‌. കാരണം ഒരു ഫീച്ചര്‍ ഫിലിം പ്രോജക്ടുമായി നിര്‍മ്മാതാക്കളെയൊക്കെ സമീപിക്കുമ്പോള്‍ നമ്മളിത്‌ എങ്ങനെ എക്‌സിക്യൂട്ട്‌ ചെയ്യുമെന്ന്‌ അവര്‍ പലപ്പോഴും സംശയം പ്രകടിപ്പിക്കും. ഇനി ഒരു ഫീച്ചര്‍ ഫിലിം ചെയ്യുന്നതിന്‌ മുന്‍പ്‌ ഒരു ഷോര്‍ട്ട്‌ ഫിലിം ചെയ്യാം എന്ന്‌ തീരുമാനിക്കുകയായിരുന്നു.

Interview with midnight run director Remya raj

മിഡ്നൈറ്റ് റൺ തെരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമത്തെ ഫെസ്റ്റിവലാണ് ഇത്. ഷോർട്ട് ഫിലിമുകളുടെ അന്തർദേശീയ പ്രദർശന, വിപണന സാധ്യതകൾ എങ്ങനെയെല്ലാമാണ്?

കേരളത്തിലെ ഒരു ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലിന്റെ പ്രിലിമിനറി ജൂറിയായി വര്‍ക്ക്‌ ചെയ്യുന്നുണ്ടായിരുന്നു മൂന്നാല്‌ വര്‍ഷമായിട്ട്‌. ഗംഭീര വര്‍ക്കുകളാണ്‌ അവിടെയൊക്കെ കണ്ടിട്ടുള്ളത്‌, പുറത്തുനിന്ന്‌ വരുന്നതടക്കം. ഷോര്‍ട്ട്‌ ഫിലിമിനെ സംബന്ധിച്ച്‌ നമ്മുടെ നാട്ടിലുള്ള ഒരു പ്രവണതയായി തോന്നിയത്‌, വര്‍ക്ക്‌ എത്രയും പെട്ടെന്ന്‌ തീര്‍ത്തിട്ട്‌ അത്‌ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യുക എന്നതാണ്‌. പിന്നീട്‌ അതില്‍നിന്ന്‌ ലഭിക്കുന്ന ഹിറ്റിന്റെ വലുപ്പം. പക്ഷേ അതോടെ അത്‌ അവസാനിച്ചുപോവുകയാണ്‌. കാരണം വലിയ വലിയ ഫെസ്റ്റിവലുകളിലൊന്നും പിന്നീട്‌ അവസരം കിട്ടില്ല. മികച്ച ഷോര്‍ട്ട്‌ ഫിലിമുകള്‍ ചെയ്യുന്ന ഒരുപാട്‌ ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ട്‌. പക്ഷേ ഒരുതരം ധൃതിയില്‍ ആ വര്‍ക്കുകള്‍ക്ക്‌ വേണ്ടത്ര റീച്ച്‌ ചെയ്യാന്‍ പറ്റാതെ വരുന്നു. പണത്തിന്റെ കാര്യത്തിലുള്ള സ്‌ട്രഗിള്‍ മനസിലാക്കാതെയല്ല ഈ പറയുന്നത്‌. പലപ്പോഴും ബുദ്ധിമുട്ടിയിട്ടായിരിക്കും നിര്‍മ്മിക്കാനുള്ള ഫണ്ട്‌ കണ്ടെത്തുന്നത്‌. ഈ ധൃതിപിടിക്കലിന്റെ ഒരു കാരണം അതായിരിക്കാം. മറ്റൊന്ന്‌ യുട്യൂബിലിട്ട്‌ ശ്രദ്ധിക്കപ്പെട്ടാല്‍ ഫീച്ചര്‍ഫിലിം ചെയ്യാനുള്ള അവസരം വേഗത്തിൽ ലഭിക്കും എന്നതുമാവാം. പക്ഷേ ഷോര്‍ട്ട്‌ ഫിലിം നല്‍കുന്ന അവസരങ്ങള്‍ അതിനപ്പുറം വിശാലമാണ്‌.

മിഡ്നൈറ്റ്‌ റണ്‍ ഇന്ത്യന്‍ പനോരമയില്‍ അയച്ചത്‌ വലിയ ആഗ്രഹത്തോടെ തന്നെയായിരുന്നു. ഇവിടെ പ്രദർശിപ്പിച്ച ദിവസം തന്നെ ഒരു പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഈ ചിത്രം വാങ്ങുന്നതിനായി സമീപിച്ചു. അതിന്റെ ചർച്ചകളിലേക്കും കടന്നു. ചിത്രം കണ്ടശേഷമാണ് അവർ ഞങ്ങളുടെ അടുത്തെത്തിയത്. ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലുകളില്‍ പലതിലും കോപ്പിറൈറ്റ്‌ പ്രൈസ്‌ തരുന്നുണ്ട്‌.  ശ്രദ്ധിക്കേണ്ട കാര്യം പടം ചെയ്‌തതിന്‌ ശേഷം കൈയുംകെട്ടി ഇരിക്കരുത്‌. പണച്ചെലവുണ്ട്‌, എന്നാലും ഫെസ്റ്റിവലുകളിലേക്കൊക്കെ അയയ്‌ക്കാന്‍ ശ്രമിക്കണം. അതുകൂടി മുന്നില്‍ കണ്ടിട്ടുവേണം ശരിക്കും ഒരു ഷോര്‍ട്ട്‌ ഫിലിം നിര്‍മ്മിക്കാന്‍. ഹ്രസ്വചിത്രങ്ങളുടെ ലോകത്ത്‌  ശരിക്കും എക്‌സ്‌പെരിമെന്റിനാണ്‌ മാര്‍ക്കറ്റ്‌. ഫീച്ചര്‍ ഫിലിം പോലെയല്ല, കണ്ണുംപൂട്ടി എക്‌സ്‌പെരിമെന്റ്‌ ചെയ്യാം. അത്തരം പരീക്ഷണ ചിത്രങ്ങള്‍ക്ക്‌ വേണ്ടിയുള്ള ഇഷ്‍ടംപോലെ ഫെസ്റ്റിവലുകള്‍ ലോകത്തുണ്ട്‌. മിഡ്‌നൈറ്റ്‌ റണ്ണിന്റെ പതിനൊന്നാമത്‌ ഫെസ്റ്റിവലാണ്‌ ഐഎഫ്‌എഫ്‌ഐ. ഹംഗറിയിലെയും കലിഫോർണിയയിലെയും പോളണ്ടിലെയും ചില ഫെസ്റ്റിവലുകൾക്ക് പിന്നാലെയാണ് ഇവിടെ സ്ക്രീൻ ചെയ്യുന്നത്. ബെലാറസിൽ നടന്ന കെനോസ്മെന മേളയിൽ നല്ല പ്രതികരണമാണ് കിട്ടിയത്. ചുരുങ്ങിയ വോട്ടുകൾക്കാണ് ഫൈനൽ റൗണ്ടിൽ നിന്ന് പുറത്തായത്.  2500 കാണികള്‍ക്ക്‌ ഇരിക്കാവുന്ന തീയേറ്ററിലായിരുന്നു ഹംഗറിയിലെ സെവൻ ഹിൽസ് ഫെസ്റ്റിവലിലെ പ്രദര്‍ശനം. അന്തര്‍ദേശീയ തലത്തില്‍ മാത്രമല്ല, കേരളത്തില്‍ തന്നെ നടക്കുന്ന താരതമ്യേന ചെറിയ ഫെസ്റ്റിവലുകളിലൊക്കെ പ്രൈസ്‌ മണിയുണ്ട്‌ ഇപ്പോൾ.

കേരളത്തിൽ നിന്നുള്ള, ഷോർട്ട് ഫിലിം എന്ന മാധ്യമത്തെ സീരിയസ് ആയി സമീപിക്കുന്ന ഒരു ഡയറക്ടർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ബഡ്‌ജറ്റ്‌ കുറച്ച്‌ പരമാവധി എക്‌സ്‌പെരിമെന്റ്‌ ചെയ്യുക, ആകാവുന്നത്ര ഫെസ്റ്റിവലുകളിലേക്ക്‌ അയയ്‌ക്കുക, യുട്യൂബില്‍ ധൃതിപ്പെട്ട് റിലീസ്‌ ചെയ്യാതിരിക്കുക ഇത്രയൊക്കെയാണ്‌ എന്റെ അനുഭവത്തില്‍ ഒരു ഷോര്‍ട്ട്‌ഫിലിം മേക്കര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഫ്രീയായി ചിത്രം സമര്‍പ്പിക്കാവുന്ന ഒട്ടേറെ ഫെസ്റ്റിവലുകളുണ്ട്‌ അന്തര്‍ദേശീയ തലത്തില്‍ തന്നെ. ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞിട്ട്‌ യുട്യൂബില്‍ റിലീസ്‌ ചെയ്യുന്നതാവും ഉചിതം. യുട്യൂബിൽ നിന്നുള്ള റെവന്യൂ പിന്നീടാണെങ്കിലും കിട്ടുമല്ലോ.

Interview with midnight run director Remya raj
മിഡ്നൈറ്റ് റണ്ണിന് ശേഷം എന്തെങ്കിലും പ്രോജക്ടുകൾ ആലോചനയിലുണ്ടോ?


ഇനി ഒരു ഫീച്ചര്‍ സിനിമയ്‌ക്കുള്ള തയ്യാറെടുപ്പാണ്‌. അടുത്ത വര്‍ഷം അത്‌ ചെയ്യാന്‍ പറ്റുമെന്നാണ്‌ പ്രതീക്ഷ. അതിന്റെ സ്‌ക്രിപ്‌റ്റിംഗ്‌ ഏകദേശം കഴിഞ്ഞു, എന്നാലും റീവര്‍ക്ക്‌ ചെയ്യാനുണ്ട്‌. അടുത്ത ഒക്ടോബറോടെ ഷൂട്ട്‌ ചെയ്യാമെന്ന്‌ കരുതുന്നു. ഷോര്‍ട്ട്‌ ഫിലിംസ്‌ ഇനിയും ചെയ്യണമെന്നുണ്ട്‌. ഫീച്ചര്‍ സിനിമ ചെയ്‌തുകഴിഞ്ഞിട്ടാണെങ്കിലും.

Follow Us:
Download App:
  • android
  • ios