Asianet News MalayalamAsianet News Malayalam

കണ്ണിറുക്കല്‍ പാട്ടും പ്രശസ്തിയും; പ്രിയ വാര്യര്‍ക്ക് ഇപ്പോള്‍ പറയാനുള്ളത്!

2018ല്‍ പ്രിയ വാര്യരെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും ഓണ്‍ലൈൻ ലോകത്ത് നിറഞ്ഞുനിന്നിരുന്നു. ഓണ്‍ലൈനില്‍ പ്രശസ്തിയിലേക്ക് കയറിയപ്പോള്‍ തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയ വാര്യര്‍ക്ക്. എന്തായാലും ഒരു നടിയാകുക തന്നെയായിരുന്നു എപ്പോഴും തന്റെ ആഗ്രഹമെന്നാണ് പത്തൊമ്പതുകാരിയായ പ്രിയ വാര്യര്‍ പറയുന്നത്.

Interview with Priya warrier
Author
Thrissur, First Published Dec 20, 2018, 7:37 PM IST

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ 2018ല്‍ ഗൂഗിളില്‍ തിരഞ്ഞതാരെയാകും? ഒറ്റ കണ്ണിറക്കലിലൂടെ ലോകപ്രശസ്തയായ മലയാളി താരം പ്രിയ വാര്യര്‍ പട്ടികയില്‍ മുന്നിലുണ്ടെന്ന് ഗൂഗിള്‍ തന്നെ പറയുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്ക്യ മലരായ പൂവി.. എന്ന ഗാനത്തിലൂടെയായിരുന്നു പ്രിയ വാര്യര്‍ ലോകത്തിന്റെ ശ്രദ്ധ നേടിയത്. ഒരു സാധാരണ പെണ്‍കുട്ടി സിനിമയിറങ്ങും മുന്നേ ഒരു ഗാനത്തിലൂടെ ഇങ്ങനെ പ്രശസ്തയാകുന്നതും അപൂര്‍വമായിരിക്കും. 2018ല്‍ പ്രിയ വാര്യരെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും ഓണ്‍ലൈൻ ലോകത്ത് നിറഞ്ഞുനിന്നിരുന്നു. ഓണ്‍ലൈനില്‍ പ്രശസ്തിയിലേക്ക് കയറിയപ്പോള്‍ തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയ വാര്യര്‍ക്ക്. എന്തായാലും ഒരു നടിയാകുക തന്നെയായിരുന്നു എപ്പോഴും തന്റെ ആഗ്രഹമെന്നാണ് പത്തൊമ്പതുകാരിയായ പ്രിയ വാര്യര്‍ പറയുന്നത്.  ലൈവ്മിന്റിനു വേണ്ടി നിധീഷ് എം കെ നടത്തിയ അഭിമുഖത്തിലാണ് പ്രിയാ വാര്യര്‍ മനസു തുറന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖത്തിനായി കിട്ടാൻ ഇത്ര പാടില്ല എന്ന് സൂചിപ്പിച്ചായിരുന്നു അഭിമുഖം തുടങ്ങിയതെന്നാണ് നിധീഷ് എഴുതുന്നത്. ഇക്കാര്യം പറഞ്ഞപ്പോള്‍, മുഖ്യമന്ത്രിക്ക് പൊലീസ് സുരക്ഷയുണ്ട്. എന്റെ മകളെ ഞാൻ തന്നെ സംരക്ഷിക്കണം- എന്നായിരുന്നു പ്രിയ വാര്യരുടെ അച്ഛൻ പ്രകാശ് വാര്യര്‍ പ്രതികരിച്ചതെന്നും നിധീഷ്  എഴുതുന്നു. പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രമോ ഷൂട്ടിനായി പ്രിയ വാര്യര്‍ ലണ്ടനിലായിരുന്നു. തിരിച്ചുവന്നപ്പോഴാണ്, ഗൂഗിളില്‍ 2018ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് പ്രിയ വാര്യരെയാണെന്ന് വാര്‍ത്ത അറിയുന്നത്. അപ്പോള്‍ മുതല്‍ അഭിമുഖത്തിനായി പലരും വിളിക്കുകയാണെന്ന വിശേഷവും പ്രകാശ് വാര്യര്‍ പങ്കുവയ്ക്കുന്നു. തൃശൂര്‍ വിമല കോളേജില്‍ കൊമേഴ്സ് ബിരുദപഠനം നടത്തുകയുമാണ് പ്രിയ വാര്യര്‍. പഠനം മുടക്കരുതെന്നാണ് താൻ പ്രിയ വാര്യരോട് നിര്‍ദ്ദേശിക്കാറുള്ളതെന്നും പ്രകാശ് വാര്യര്‍ പറയുന്നു.

മാണിക്ക്യ മലരായ പൂവി.. എന്ന ഗാനവും തുടര്‍ന്നുണ്ടായ പ്രശസ്തിയും താൻ ആസ്വദിക്കുന്നുവെന്നാണ് പ്രിയ വാര്യര്‍ പറയുന്നത്. എനിക്ക്  ഈ വര്‍ഷം നടന്ന ഏറ്റവും നല്ല കാര്യം ആ പാട്ട് വന്നതാണ്. നടിയാകണമെന്നു തന്നെയാണ് ആഗ്രഹം. സിനിമ തിരക്കുകള്‍ക്കിടയിലാണ് കോളേജില്‍ പോകുന്നതും- പ്രിയ വാര്യര്‍ പറയുന്നു.

ഞങ്ങള്‍ ഒരു മധ്യവര്‍ഗ കുടുംബമാണ്. സാധാരണ ബസ്സിലാണ് കോളേജില്‍ പോയിവരുന്നത്. തുടക്കത്തില്‍ (പ്രശസ്തയായതിനു ശേഷം) ഞാൻ പുറത്തുപോകുമ്പോള്‍ അച്ഛനും അമ്മയ്‍ക്കും പേടിയായിരുന്നു. പക്ഷേ എനിക്ക് പുറത്തുപോകാൻ ഇഷ്‍ടമായിരുന്നു. ചിലപ്പോള്‍ ബുദ്ധിമുട്ടുമുണ്ടായിരുന്നു. നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ പോലും ആള്‍ക്കാര്‍ സെല്‍ഫിയെടുക്കാൻ വരും. പക്ഷേ ഇപ്പോള്‍ ഞാൻ അതെല്ലാം ആസ്വദിക്കുന്നുണ്ട്- പ്രിയ വാര്യര്‍ പറയുന്നു.

സിനിമയില്‍ അഭിനയം തുടരാൻ തന്നെയാണ് തീരുമാനം. പഠനം മുടക്കില്ല. അച്ഛനും അമ്മയും അതിന് അനുവദിക്കുകയും ചെയ്യില്ല. ബിരുദം പൂര്‍ത്തിയാക്കണമെന്നാണ് അവരുടെ ആഗ്രഹം. രണ്ടും ഒരുപോലെ കൊണ്ടുപോകാനാണ് ശ്രമമെന്നും പ്രിയ വാര്യര്‍ വ്യക്തമാക്കുന്നു.

ഹേറ്റ് കമന്റുകള്‍ വേദനിപ്പിച്ചിട്ടുണ്ടെന്നും പ്രിയ വാര്യര്‍ പറയുന്നു. നമ്മളെ ഉയര്‍ത്തിക്കൊണ്ടു വന്നവര്‍ തന്നെയാണ് താഴ്‍ത്തിക്കെട്ടാനും ശ്രമിച്ചത്. പക്ഷേ അതൊക്കെ സാധാരണമാണെന്ന് ഞാൻ ഇപ്പോള്‍ മനസ്സിലാക്കുന്നു. പ്രശസ്തയാകുമ്പോള്‍ അത്തരം വിമര്‍ശനങ്ങളും നേരിടേണ്ടി വരും. എന്തു ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ അത് ചെയ്യാൻ ആണ് ശ്രമിക്കാറുള്ളത്. മറ്റുള്ളവര്‍ എന്തുപറയുന്നുവെന്ന് നോക്കേണ്ട കാര്യമില്ലല്ലോ- പ്രിയ വാര്യര്‍ പറയുന്നു.

 

Follow Us:
Download App:
  • android
  • ios