Asianet News MalayalamAsianet News Malayalam

അനുരാഗത്തില്‍ 'എലി'യല്ല, പുലിയാണ് രജിഷ!

Interview with Rajisha Vijayan
Author
Thiruvananthapuram, First Published Mar 7, 2017, 6:36 AM IST

ആദ്യ ചിത്രത്തിനു തന്നെ മികച്ച പ്രതികരണങ്ങളാണല്ലോ ലഭിക്കുന്നത്? എല്ലാവരും രജിഷയുടെ അഭിനയം എടുത്തുപറഞ്ഞ് അഭിനന്ദിക്കുന്നു? എന്തുതോന്നുന്നു?

ഞാന്‍ ഇപ്പോള്‍ വലിയ എക്സൈറ്റ്മെന്റിലാണ്. സിനിമാ മേഖലയിലുള്ളവരും അല്ലാത്തവരുമായി ഒരുപാട് പേര്‍ വിളിച്ചു അഭിനന്ദിച്ചു. ഫേസ്ബുക്കിലും ഒരുപാട് മെസേജുകള്‍ കിട്ടുന്നുണ്ട്. ബി ഉണ്ണികൃഷ്‍ണന്‍ സാറിനെ പോലുള്ളവര്‍ എന്റെ പേര് എടുത്തുപറഞ്ഞ് ഫേസ്ബുക്കില്‍ അഭിനന്ദിച്ചതിന്റെ ത്രില്ലിലാണ്. സിനിമ ചെയ്യുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാത്തരം ആള്‍ക്കാര്‍ക്കും സിനിമ ഇഷ്‍ടപ്പെടുന്നുവെന്ന് അറിയുന്നതില്‍ വലിയ സന്തോഷമുണ്ട്.

എങ്ങനെയാണ് അനുരാഗ കരിക്കിന്‍ വെള്ളത്തിലേക്ക് എത്തുന്നത്?

ഖാലിദ് റഹ്മാനുമായി നേരത്തെ പരിചയമുണ്ട്. ഇങ്ങനെ ഒരു സിനിമയുടെ പ്രീ പ്രൊഡക്ഷന്‍സ് വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. ഞാന്‍ അതില്‍ നായികയാകുമെന്നൊന്നും കരുതിയിരുന്നില്ല. ഖാലിദ് റഹ്‍മാന്‍ തന്നെയാണ് സിനിമ ചെയ്യുന്നോയെന്ന് ചോദിച്ചത്. ഖാലിദ് റഹ്‍മാനും നിവിന്‍ ഭാസ്‍‌കര്‍ ചേട്ടനുമായിരുന്നു കഥ പറഞ്ഞത്. അവര്‍ക്ക് ഞാന്‍ ചെയ്‍താല്‍ നല്ലതാവും എന്നു ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്താണ് സിനിമയ്ക്ക് വേണ്ടതെന്ന് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.Interview with Rajisha Vijayan

നേരത്തെ തന്നെ ആങ്കറായി ശ്രദ്ധ നേടിയിരുന്നല്ലോ.  സിനിമയിലേക്ക് ഇതിനു മുമ്പ് ക്ഷണം വന്നിരുന്നോ?

കുറേ ഓഫറുകള്‍ മുമ്പും വന്നിട്ടുണ്ടായിരുന്നു. നായികാവേഷവുമായിരുന്നു. പക്ഷേ അതൊന്നും എന്നെ അത്ര എക്സൈറ്റഡ് ആക്കിയിരുന്നില്ല. വെറും ഒരു നായികയെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടിയിരുന്നില്ല. 100 സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും എന്നെ ഓര്‍മ്മയില്‍ നിര്‍ത്തുന്ന 10 എണ്ണത്തില്‍ അഭിനയിച്ചാല്‍ മതിയെന്നാണ് എന്റെ ആഗ്രഹം. സാധാരണ എസ്റ്റാബ്ലിഷ് ആയ നടിമാര്‍ക്കാണ് എന്തെങ്കിലും ചെയ്യാനുള്ള നായികാകഥാപാത്രങ്ങളെ ലഭിക്കുക. തുടക്കക്കാര്‍ക്ക് വ്യക്തിത്വമുള്ള നായിക കഥാപാത്രങ്ങളെ അങ്ങനെ പൊതുവില്‍ കിട്ടാറില്ല. അതുകൊണ്ടാണ് പലതും ഒഴിവാക്കേണ്ടി വന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ കാര്യമെടുത്താല്‍ അങ്ങനെയായിരുന്നില്ല. കഥ തന്നെ വളരെ പ്രത്യേകതയുള്ളതായിരുന്നു. പിന്നെ ക്രൂവും. ബിജു ചേട്ടനെയാണ് ആദ്യം കാസ്റ്റ് ചെയ്‍തത്. അദ്ദേഹത്തെ പോലുള്ള ഒരാള്‍‌ ആ സിനിമ ചെയ്യാന്‍ ഏറ്റാല്‍ തന്നെ പറയേണ്ടതില്ലല്ലോ. മാത്രവുമല്ല സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസും സിനിമയിലേക്ക് ആകര്‍ഷിക്കുന്നതാണ്. എനിക്ക് ഏറ്റവും പ്രധാനം സ്‍ക്രിപ്റ്റ് തന്നെയാണ്. എന്റെ കഥാപാത്രം എത്രമാത്രം പ്രധാനപ്പെട്ടത് ആണ് എന്നല്ല. സീനുകളുടെ എണ്ണവുമല്ല പ്രധാനം. എനിക്ക് എത്ര പെര്‍ഫോം ചെയ്യാനുണ്ട് എന്നതാണ് ഞാന്‍ ആലോചിക്കുന്നത്.

സിനിമാ നടിയാകുകയെന്നു തന്നെയായിരുന്നോ ആഗ്രഹം? ആങ്കറിംഗ് പരിചയം അതിനു സഹായിച്ചോ?


സിനിമയില്‍ അഭിനയിക്കുകയെന്നത് മിക്ക ആള്‍ക്കാരുടെയും ആഗ്രഹമായിരിക്കും. ചിലര്‍ തുറന്നു സമ്മതിച്ചില്ലെങ്കില്‍ പോലും. അവിചാരിതമായി സിനിമയിലേക്ക് വന്നുപെട്ടതായിരുന്നു എന്നൊന്നും ഞാന്‍ പറയില്ല. സിനിമയില്‍ അഭിനയിക്കുകയെന്നത് എന്റേയും സ്വപ്‍നമായിരുന്നു. ജേര്‍ണലിസമൊക്കെ പഠിച്ചതും ഒക്കെ ആ നിലക്കാണ്. അച്ഛന്‍ ആര്‍മിയിലായതിനാല്‍ ഏഴോളം  സ്‍കൂളുകളില്‍ പഠിക്കേണ്ടി വന്നിട്ടുണ്ട്. അവിടെയൊക്കെ ഞാന്‍ കലാപരിപാടികളില്‍ പങ്കെടുക്കുമായിരുന്നു.

പിന്നെ ആങ്കറിംഗും അഭിനയവും രണ്ടാണ്. ആങ്കറിംഗ് ചെയ്‍തതു കൊണ്ട് സ്റ്റേജ് ഫിയര്‍ ഉണ്ടാകില്ല എന്നു മാത്രം. ആങ്കറിംഗില്‍‌ രജിഷ എന്ന വ്യക്തിയുണ്ടാകും. അഭിനയത്തില്‍‌ അങ്ങനെ ഉണ്ടാകാന്‍‌ പാടില്ലല്ലോ? വേറെ ഒരു കഥാപാത്രമായി ജീവിക്കുകയല്ലേ വേണ്ടത്. മാത്രവുമല്ല ഞാന്‍ അഭിനയിക്കുന്ന കഥാപാത്രത്തില്‍ രജിഷയെ കാണരുത് എന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഒമ്പതു മാസം മുന്നേ ഞാന്‍ ആങ്കറിംഗില്‍ നിന്ന് മാറിനിന്നതും.Interview with Rajisha Vijayan

സിനിമയിലെ നായികയായ 'എലിയെ' വളരെ തന്മയത്വത്തോടെയാണ് രജിഷ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകാഭിപ്രായം. രജിഷയുമായി റിലേറ്റ് ചെയ്യുന്ന കഥാപാത്രമായിരുന്നോ?

നമ്മുടെ കാലത്ത് ഒരുപാട് എലിമാരുണ്ട്. ഓരോരുത്തരിലും ഒരുപക്ഷേ, എലിയുടെ പല ഷെയ്‍ഡുകള്‍ ഉണ്ടാകാം. എന്നിലുമുണ്ടാകാം. സാധാരണ പോസറ്റീവ് മാത്രമുള്ള നായികമാരാണ് സിനിമകളിലുണ്ടാകാറുള്ളത്. ഇതില്‍ അങ്ങനെയല്ല. നല്ലതും മോശവുമായ വശങ്ങള്‍ ഉണ്ട്. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ്. എന്റേത് മാത്രമല്ല, സിനിമയിലെ മറ്റ് കഥാപാത്രങ്ങളും അങ്ങനെ തന്നെ.

Interview with Rajisha Vijayan

ബിജു മേനോനും ആസിഫ് അലിക്കും ഒപ്പമുള്ള അനുഭവം?

ബിജു ചേട്ടന്‍ വളരെ സ്വീറ്റ് ആയിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒരേ ഫ്രെയിമില്‍ അധികമില്ലായിരുന്നു. അദ്ദേഹത്തിന്റെ അഭിനയം ഓരോ ടേക്കിലും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു. അതു കണ്ടുനില്‍ക്കുകയെന്നതു തന്നെ ഒരു അനുഭവമാണ്. ആശ ചേച്ചിയും അങ്ങനെ തന്നെ. ചോക്ലേറ്റ് ഒക്കെ വാങ്ങിച്ചുതന്ന് വളരെ കെയറിംഗ് ആയിരുന്നു. എനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത് ആസിഫ് അലിയുമായിട്ട് ആയിരുന്നു. ആസിഫ് നല്ല സപ്പോര്‍ട്ടീവ് ആയിരുന്നു. ഞങ്ങള്‍ രണ്ടുപേരും കഥാപാത്രങ്ങളായി മാറുകയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു  ഞാന്‍ നല്ലതായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രഡിന്റെ എന്റെ ഒപ്പം അഭിനയിച്ചവര്‍ക്കു കൂടിയാണ്. ഒരു കൊടുക്കല്‍ വാങ്ങല്‍ ആയിരുന്നു അത്. ആക്ഷന്‍ - റിയാക്ഷന്‍. അത് നമ്മുടെ സിനിമയില്‍ ലഭിച്ചുവെന്നാണ് നല്ല പ്രതികരണം കിട്ടുമ്പോള്‍ മനസ്സിലാക്കുന്നത്. വ്യക്തിപരമായ നേട്ടമല്ല, മറിച്ച് ഒരു ടീമിന്റെ വിജയമാണ് ഇത്.
കുടുംബം?

ഞാന്‍ കോഴിക്കോട്ടുകാരിയാണ്. അച്ഛന്റെ ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി എറണാകുളത്തേയ്‍ക്കു മാറി. അച്ഛന്‍ വിജയന്‍‌. ആര്‍മിയിലായിരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലാണ്. അമ്മ ഷീല.  അനിയത്തി അഞ്ജുഷ പ്ലസ് ടു കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios