Asianet News MalayalamAsianet News Malayalam

ആരാണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍?- സന്തോഷ് പണ്ഡിറ്റ് പറയുന്നു

Interview with Santhosh Pandit
Author
Thiruvananthapuram, First Published Jul 24, 2017, 12:17 PM IST

മലയാള സിനിമയിൽ ഒറ്റയാൾ പട്ടാളം ആയിട്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ വരവ്. പ്രശംസയേക്കാൾ ഏറെ വിമർശനങ്ങളുടെ പേമാരി ഉണ്ടായപ്പോഴും ആണ് വിട മാറാതെ അങ്ങനെ തന്നെ നിന്നു. വിമർശനങ്ങളെ തന്റെ വാക്കുകളിലൂടെ നേരിട്ട്. വീണ്ടും സിനിമ ചെയ്തു. ആ സാഹചര്യത്തിൽ നിന്ന് മാറിയ ഒരു വീക്ഷണ കോണിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇന്ന് നില്കുന്നത്. മമ്മൂട്ടിയുടെ അടക്കമുള്ള മുഖ്യധാര സിനിമകളുടെ ഭാഗമാകുകയാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റുമായി സുധീഷ് പയ്യന്നൂര്‍ നടത്തിയ അഭിമുഖം

Interview with Santhosh Pandit

വിമര്‍ശനങ്ങള്‍ കേട്ടിരുന്ന കഴിഞ്ഞുപോയ കാലത്തെ എങ്ങനെ നോക്കിക്കാണുന്നു?

എന്നെ സംബന്ധിച്ചെടുത്തോളം സിനിമയിൽ വരുന്നതിനു മുന്നേയും അതിനു ശേഷവും അവരവരുടെ ജോലി കൃത്യമായി ചെയ്യുക എന്ന് വിശ്വസിക്കുന്ന ആളാണ്. ഇതുവരെ അതിൽ മാറ്റം വന്നിട്ടും ഇല്ല. ഞാൻ ചെയ്യുന്നത് കണ്ടു ലോകം എങ്ങനെ വിലയിരുത്തുന്നു എന്നതും മൈൻഡ് ചെയ്തിട്ടില്ല. നമ്മുടെ മനസാക്ഷിക്ക് ശരിയെന്നു തോന്നുന്നത് തന്നെയാണ് വലിയ കാര്യം. അല്ലാതെ മറ്റുള്ളവർ എന്ത് പറയും എന്ന് നോക്കിയാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.? അതുകൊണ്ടു തന്നെ എന്റെ ശരികളിൽ മാറ്റം വരുത്താതെയായിരുന്നു ഇതുവരെ, ഇനിയും അങ്ങനെ തന്നെയാണ്. അട്ടപ്പാടിയിൽ അടക്കം ഗോവിന്ദവപുരം കോളനിയിലും ഞാൻ കാര്യങ്ങളിൽ ഇടപെട്ടപ്പോൾ പലരും പറഞ്ഞിരുന്നു നിങ്ങൾ പ്രശസ്തിക്കു വേണ്ടിയല്ലേ എല്ലാം ചെയ്യുന്നത് എന്നൊക്കെ. അങ്ങനെ അല്ല അത്. എനിക്ക് വലിയ രീതിയിൽ സഹായിക്കാനൊന്നും പറ്റിയിട്ടില്ല. പക്ഷെ ഞാൻ പോയതൊക്കെ വാർത്ത ആയപ്പോൾ ആണ് കൂടുതൽ പേര് അറിഞ്ഞതും അവരിൽ പലരും സഹായിക്കാൻ മുന്നോട്ടു വന്നതും. കോളനിയിലെ കേസ് വന്നപ്പോഴും ഞാൻ ഫേസ് ബുക്ക് വഴി ജനങ്ങളോട് പറഞ്ഞു, അവരിൽ പലരും പഠിപ്പിക്കാനുള്ള കാശ് കൊടുക്കാൻ തീരുമാനിച്ചു. ചിലതു വിളിച്ചു കൂവേണ്ടത് തന്നെയാണ്. ചെറുപ്പം മുതൽ ശീലിച്ചതും അതാണ്. സമൂഹത്തിൽ ചില കാര്യങ്ങൾ നമ്മൾ കൃത്യമായി സംസാരിക്കേണ്ടത് തന്നെയാണ്. സിനിമയിൽ അയാൾ പോലും എനിക്ക് കൃത്യമായ ചാർട്ടിങ്ങുകൾ ഉണ്ടായിരുന്നു. അതിനനുസരിച്ചു തന്നെയാണ് മുന്നോട്ടു പോയതും.

Interview with Santhosh Pandit

സന്തോഷ് പണ്ഡിറ്റ് എന്ന സംവിധായകനിലൂടെ കണ്ട നടനെ മാത്രമായിരുന്നു നേരത്തെ പ്രേക്ഷകര്‍ക്ക് പരിചയം. ഒരു സിനിമാക്കാരനിലൂടെ മറ്റൊരു സംവിധായകന്റെ ആക്ഷനും കട്ടിനും ഇടയിലുള്ള സന്തോഷ് പണ്ഡിറ്റിനെ ജനങ്ങൾ കണ്ടു. അജയ് വാസുദേവിന്റെ മമ്മുട്ടി ചിത്രത്തിൽ താങ്കൾ അഭിനയിക്കുന്നു എന്നത് തന്നെ വലിയ വാർത്ത ആയിരുന്നു. ഒറ്റയാൾ പട്ടാളം എന്ന ലേബൽ മാറ്റിക്കൊണ്ട് തന്നെ മുഖ്യധാരാ സിനിമകളുടെ ഭാഗമാകാനുള്ള തീരുമാനം എന്നാണു വന്നു തുടങ്ങിയത്?

ശരിയാണ്, തുടക്കം മുതൽ മുഖ്യ ധാരയിലേക്ക് വന്നിട്ടില്ല. പക്ഷെ ലക്‌ഷ്യം അതുതന്നെ ആയിരുന്നു. ആരും എന്റെ വീട്ടിൽ വന്നു ചോദിക്കില്ലല്ലോ, എന്റെ സിനിമയിൽ അഭിനയിക്കുമോ എന്ന്? അത് തന്നെയാണ് കാര്യം. നമ്മൾ  പ്രൂവ് ചെയ്യണം. അവർക്കു വേണ്ടത് അനുഭവ സമ്പത്തുള്ള ആൾക്കാരെ തന്നെയാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. 2015ല്‍ നടക്കുമെന്ന് ഞാൻ കരുതിയ സംഭവം 2017ല്‍ നടന്നു എന്നതാണ് സത്യം. ഇനി ഈ വർഷം നടന്നില്ലെങ്കിൽ തന്നെ 2027 വരെ കാത്തിരിക്കാനുള്ള ക്ഷമയും എനിക്കുണ്ടായിരുന്നു എന്നതും കാര്യം. ഞാൻ എന്റെ ജോലി കൃത്യമായി ചെയ്തു. സിനിമ ചെയ്യുന്ന സമയത്തായാലും 

കേരള സംസ്ഥാനത്തിൽ കാണാൻ പത്തു പേരെ ഉള്ളൂ എങ്കിലും ഞാൻ അവർക്കു വേണ്ടി സിനിമ ചെയ്യും. നമ്മളെ  സംബന്ധിച്ചെടുത്തോളം കള്ളമില്ല, ചതിക്കില്ല, കൊട്ടേഷൻ ഒന്നുമേ ഇല്ല. നമ്മുടെ ജോലി മാന്യമായി ചെയ്യുന്നു എന്ന് മാത്രം.

മുൻപ് മിമിക്രിക്കാരുടെ പരിപാടിയിൽ അധിക്ഷേപിച്ച സമയത്തും ഞാൻ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ആൾക്കാരെ വിലയിരുത്തേണ്ടത് എങ്ങനെ ആണെന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്. നമ്മള്‍ ക്രിമിനൽ ഒന്നുമല്ലല്ലോ. എന്റെ ഏഴാമത്തെയും എട്ടാമത്തെയും സിനിമകൾ മാറ്റി വച്ചാണ് ഈ രണ്ടു സിനിമകളുടെയും ഭാഗമായത്. 'ഉരുക്കു സതീശനിലെ' ഗാനരംഗം കണ്ടിട്ടാണ് എന്നെ 'ഒരു സിനിമാക്കാരനിലേക്കു' വിളിച്ചത് എന്നാണു ഞാൻ കരുതുന്നത്. മമ്മുക്കയുടെ സിനിമയിലും അവർ ചോദിച്ചു താല്‍പര്യം ഉണ്ടോ എന്ന്, ഞാൻ സമ്മതിച്ചു. 'ഒരു സിനിമാക്കാരനിൽ' ഞാൻ അഭിനയിക്കുന്നത് മുന്നേ പറഞ്ഞിരുന്നില്ല, ഞാനും പുറത്തു വിട്ടില്ല. നേരത്തെ പറഞ്ഞിരുന്നെങ്കിൽ നമ്മളെ ഇഷ്‍ടപ്പെടുന്നവർ കൂടെ സിനിമ കാണാൻ കേറിയേനെ. അവരൊക്കെ വൈകിയാണ് അറിഞ്ഞത് എന്നൊക്കെ പിന്നീട് പറഞ്ഞു.

ഈ രണ്ടു സിനിമകളിൽ അഭിനയിച്ചപ്പോൾ മറ്റു സംവിധായകനാൽ ഉപയോഗപ്പെടുത്തുന്ന സന്തോഷ് പണ്ഡിറ്റിനെ എങ്ങനെ വിലയിരുത്തുന്നു?

ഇതിൽ രണ്ടു കാര്യങ്ങൾ ഉണ്ട്. എന്റെ സിനിമകൾ ആണെങ്കിൽ എല്ലാം ഞാൻ തന്നെയാണ് ചെയ്യേണ്ടത്. രാവിലെ ഷൂട്ട് തുടങ്ങി, പിന്നെ എല്ലാം കഴിഞ്ഞു എല്ലാവർക്കും അന്നത്തെ കൂലിയും കൊടുത്തു അവിടെ മൊത്തം വൃത്തിയാക്കി വയ്ക്കുന്നത് വരെയുള്ള കാര്യങ്ങൾ ഞാൻ തന്നെയാണ് ചെയ്യേണ്ടത്. ഇവിടെ അങ്ങനെ ഇല്ല. ഞാൻ അഭിനേതാവ് മാത്രം ആണ്. നമ്മുടെ ഷോട്ട് ആവുമ്പോൾ പോയി അഭിനയിക്കുക. എന്റെ സെറ്റിൽ കൃത്യസമയത്തു ചായ കിട്ടാത്തതുകൊണ്ട് ഷൂട്ട് നിർത്തേണ്ടി വന്നിട്ടുണ്ട്, പക്ഷെ ഇവിടെ നമുക്കൊരു ടെൻഷൻ ഇല്ല. പക്ഷെ ഒരു സെറ്റിലെ ടെൻഷൻ എനിക്ക് കൃത്യമായി മനസിലാകും, ഈ ജോലിയെല്ലാം ഞാൻ ചെയ്തതാണ്. പിന്നെ നടനെ എങ്ങനെ ഉപയോഗിച്ച് എന്നത് ആരാധകർ അല്ലേ നോക്കേണ്ടത്. എന്റെ സിനിമ കാണുന്ന ചിന്തയോടെ ഒരിക്കലും ഈ സിനിമകളെ  സമീപിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് ആൾക്കാർ ചോദിക്കുന്നു - സന്തോഷേട്ടാ ഈ സിനിമയിൽ പഞ്ച് ഡയലോഗ് ഒക്കെ ഉണ്ടോ എന്ന്. അതൊക്കെ എനിക്ക് പറയാൻ പറ്റില്ലല്ലോ. എങ്കിലും എന്റെ സിനിമകളിൽ കണ്ട സന്തോഷ് പണ്ഡിറ്റിൽ നിന്ന് മാറിയ ഒരു നടനായിരിക്കും.

മമ്മൂട്ടി, ഉണ്ണി മുകുന്ദൻ അങ്ങനെ ഒരുപാട് താരങ്ങളുടെ കൂടിയുള്ള അഭിനയം എങ്ങനെ ഉണ്ടായിരുന്നു?

വലിയൊരു ക്യാൻവാസിലാണ് സിനിമ നടക്കുന്നത് എന്നത് കൊണ്ടുതന്നെ എല്ലാവരും തിരക്കിലാണ്. നമ്മുടെ ഷോട്ട് ആകുമ്പോൾ അഭിനയിക്കുന്നു എന്നല്ലാതെ ഒരു സുഹൃത്ബന്ധം ഉണ്ടാക്കാനുള്ള സമയം ഒന്നും കിട്ടിയില്ല. സിനിമ കഴിയുമ്പോഴേക്കും അതൊക്കെ നടക്കും എന്ന് കരുതുന്നു.

സിനിമയ്ക്കപ്പുറത്തു പൊതുഇടങ്ങളിൽ - അത് വ്യക്തി ജീവിതത്തിൽ ആയാലും ചാനൽ ചർച്ചകൾക്കിടയിൽ ആയാലും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കിടയിലും കൃത്യമായ മറുപടികൾക്കൊണ്ടു എതിരിടുന്ന സന്തോഷ് പണ്ഡിറ്റിനെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട്. എങ്ങനെയാണ് തുടക്കത്തിലെ ഇഷ്‍ടമില്ലായ്മയെ മാറ്റിയെടുത്ത് ഇങ്ങനെയാക്കി മാറ്റിയത്?

അക്കാര്യം ഞാൻ നേരത്തെ സൂചിപ്പിച്ചതു തന്നെയാണ്. ഞാൻ ഞാൻ ആയി നിൽക്കുക. നിലപാടുകളിൽ ഇത്രയും കാലത്തിനിടയ്ക്കു മാറ്റം വരുത്തിയിട്ടില്ല. നിലപാടുകൾ മാറിക്കൊണ്ടിരിക്കുന്ന ആളെ എങ്ങനെ വിശ്വസിക്കാൻ പറ്റും? സന്തോഷ് പണ്ഡിറ്റ് അന്നും ഇന്നും ഒരാൾ തന്നെയാണ്. അത് ജനങ്ങൾ തിരിച്ചറിയാൻ വൈകിയതായിരിക്കാം. സോഷ്യൽ മീഡിയയിൽ ആണെങ്കിലും എല്ലാവർക്കും മറുപടി കൊടുക്കാറുണ്ട്. അവരുടെ കൂടെ ചർച്ചയിൽ പങ്കെടുക്കാറുണ്ട്. നമ്മൾ അവരുടെ കൂടെ ആണെന്ന് അവർക്കു മനസിലായത് കൊണ്ടും ആയിരിക്കാം.

നടന്മാരുടെ ഫാൻസ്‌ അസോസിയേഷനുകളെക്കുറിച്ച്?

ആ വാക്കു തന്നെ ശരിയല്ല, ഫാൻസ്‌ അസോസിയേഷൻ അല്ല വേണ്ടത്- ഫ്രണ്ട്സ് അസോസിയേഷനുകൾ ആണ്. അട്ടപ്പാടിയിലും ഗോവിന്ദാപുരം കോളനിയിലും ഒക്കെ പോയപ്പോൾ എന്നെ സഹായിച്ചത് നമ്മുടെ സുഹൃത്തുക്കൾ ആണ്. അതുകൊണ്ടു ഞാൻ വിശ്വസിക്കുന്നത് ഫ്രണ്ട്സ് അസോസിയേഷനിലാണ്.

Interview with Santhosh Pandit

അമാനുഷിക കഥാപാത്രങ്ങൾ ചെയ്യുന്നതിലാണ് ഒരാൾ സൂപ്പർ സ്റ്റാർ ആകുന്നത്. തന്റെ വ്യക്തി ജീവിതം മറ്റുള്ളവർക്കു കൂടെ മാതൃക ആവുമ്പോഴാണ് ഒരു യഥാർഥ സൂപ്പർ സ്റ്റാർ ജനിക്കുന്നത്. എപ്പോഴാണ് താങ്കളിലെ സൂപ്പർ സ്റ്റാർ ജനിച്ചത്?

അതൊരു ധാരണ വച്ച് പുലർത്തുന്നതാണ്. ഞാൻ എങ്ങനെയാണോ ഉണ്ടായിരുന്നത്. അതുപോലെയാണ് ഇപ്പോഴും ഞാൻ. സിനിമയിൽ നല്ലൊരു നടനാവുക ന്നതാണ് കാര്യം, അല്ലാതെ സൂപ്പർ സ്റ്റാർ എന്നതിലൊന്നും കാര്യമില്ല. എന്റെ വ്യക്തി ജീവിതത്തിൽ ആയാലും എന്റെ ഇഷ്‍ടങ്ങൾ/ ശരികൾ ഒക്കെ തന്നെയാണ് ഇപ്പോഴും നയിക്കുന്നത്.

ആദ്യ സിനിമയ്ക്ക് ശേഷം താങ്കൾ സ്വയം പറഞ്ഞിരുന്നു - ഞാൻ സൂപ്പർ സ്റ്റാർ ആണെന്ന്. ഇപ്പോൾ താങ്കളെയും താങ്കളുടെ പ്രവർത്തനങ്ങളെയും അറിയുന്നവർ ഇയാളൊരു സൂപ്പർ സ്റ്റാർ ആണ് എന്ന് പറയാൻ ആഗ്രഹിക്കുന്നുണ്ട്, പറയുന്നും ഉണ്ട്. ഇതിനു രണ്ടു കാരണങ്ങൾ ആകാം - ഒന്ന് സന്തോഷ് പണ്ഡിറ്റ് ആരാണെന്നു ജനങ്ങൾ കൂടുതൽ മനസിലാക്കിയത് കൊണ്ടാകാം അല്ലെങ്കിൽ നിലനിൽക്കുന്ന സൂപ്പർ സ്റ്റാറുകാരുടെ വില ഇടിഞ്ഞത് കൊണ്ടാകാം. എങ്ങനെ വിലയിരുത്തുന്നു?

ഞാൻ മുന്നേ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്- ഞാൻ സൂപ്പർ സ്റ്റാർ ആണെന്ന്. അത് അന്ന് എന്റെ ആവശ്യം ആയിരുന്നു. അതോടെ ജനങ്ങൾ കൂടുതൽ അറിഞ്ഞു. അതിനുശേഷം ഒരുപാട് അഭിമുഖങ്ങളിൽ വിളിച്ചു.

പക്ഷെ ഒരു കാര്യം പറയാം - സൂപ്പർ സ്റ്റാർ എന്നത് ഒരു മിഥ്യാ ധാരണയാണ്. മാധ്യമങ്ങൾക്കൊക്കെ ഒരാളെ അങ്ങനെ വേണം എന്നേ ഉള്ളു. സച്ചിൻ സൂപ്പർ സ്റ്റാർ മാറിയപ്പോൾ കോഹ്ലി വന്നു. കോലി പൂജ്യത്തിൽ ഔട്ട് ആയാലും സെഞ്ചുറി അടിച്ചവനല്ല, കോലി തന്നെയാണ് സൂപ്പർ സ്റ്റാർ. അതായത് ശരിക്കും സൂപ്പർ സ്റ്റാർ വേറെ ആയിരുന്നു. അതു തന്നെയാണ്  എല്ലായിടത്തും നടക്കുന്നത്.

ആദ്യ കാലത്തു താങ്കൾക്കു ഏറ്റവും കൂടുതൽ  വിമർശനം ഉണ്ടായ ഇടങ്ങളിൽ ഒന്നാണ് സോഷ്യൽ മീഡിയ. ഇന്ന് അതെ ഇടം തന്നെയാണ് താങ്കൾക്കു  വലിയൊരു സപ്പോർട് നൽകുന്നത്. താങ്കളും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന ആളാണ്. ഈ ഒരു മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു?

നമ്മളെ ഇഷ്‍ടപ്പെടുന്ന ആൾക്കാരുടെ എണ്ണം ഒരുപാട് കൂടിയിട്ടുണ്ട്. ഫേസ്ബുക്കിൽ ആണെങ്കിലും പോസ്റ്റുകൾ ഇടുമ്പോൾ ഞാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. തമാശയ്ക്കു പറയുന്ന കാര്യങ്ങൾ ആണെങ്കിലും അതിനുള്ളിൽ പലതുമുണ്ട്. നമ്മുടെ പേജിൽ വന്നു ഒരാൾ കമന്റ് ഇട്ടാൽ അത് നമ്മളോടുള്ള ഇഷ്‍ടം കൊണ്ടാണെന്നും അതിനു മറുപടി കൊടുക്കേണ്ടത് നമ്മുടെ കടമ ആണെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ അതു ചെയ്യാറും ഉണ്ട്. അങ്ങനെ അവർക്കു തോന്നിക്കാണും സന്തോഷ് പണ്ഡിറ്റ്  അവർ വിചാരിച്ച പോലെ ഒരാളല്ലെന്ന്.

Interview with Santhosh Pandit

സ്വന്തം സിനിമകളില്‍ പാട്ടെഴുതുന്നതും സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. ചിലത് യുട്യൂബിൽ ഹിറ്റാകാറും ഉണ്ട്. എങ്ങനെയാണ് പാട്ടെഴുത്തുകൾ?

ഒരു സന്ദർഭത്തിൽ പാട്ടെഴുതുക എന്നാൽ അതിൽ ഏറ്റവും മികച്ച രീതിയിൽ കൊണ്ടുവരാൻ പറ്റുന്ന രണ്ടു വാക്കുകൾ ആണ് ഞാൻ അന്വേഷിക്കുക. അതിനനുസരിച്ചാണ് ബാക്കി എഴുതുന്നത്. അതുപോലെ തന്നെ എല്ലാ ഗാനങ്ങളിലും ഒളിപ്പിച്ചു വയ്ക്കുന്ന ചില മനശാസ്ത്ര സംഗതികൾ ഉണ്ട്. അതാണ് അതിന്റെ നട്ടെല്ല്. ബാക്കിയെല്ലാം അതിനെ സപ്പോർട് ചെയ്യാൻ വേണ്ടി മാത്രം ഉള്ളതാണ്. നിങ്ങള്‍ക്ക് എന്റെ ഏതു ഗാനം എടുത്തു നോക്കിയാലും മനസിലാകും. അതിന്റെ കൂടെ തന്നെ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട് - മിമിക്രി  ആണെങ്കിലും ഡബ്‌സ്‌ മാഷ് ആണെങ്കിലും ഒക്കെ വേറൊരാൾ ചെയ്തു ഹിറ്റ് ആക്കിയ കാര്യം വീണ്ടും ചെയ്‍ത് കയ്യടി നേടുകയാണ്. പക്ഷെ പുതിയതായി ഒരു സാധനം ചെയ്യുന്നിടത്താണ് കാര്യം. അതിനു ആദ്യം ചിലപ്പോൾ ആൾക്കാരെ കൂട്ടാൻ പറ്റിയില്ല എന്ന് വന്നേക്കാം, പക്ഷെ പിന്നീട് അതിനു ആരാധകർ ഉണ്ടാകുക തന്നെ ചെയ്യും.

ഞാൻ എപ്പോഴും എന്റെ വരികൾ തന്നെയാണ് പാടിയത്. മറ്റൊരാൾ ചെയ്തതിനെ പിന്തുടർന്ന് ഹിറ്റ് ഉണ്ടാക്കാൻ എനിക്ക് താല്‍പര്യം ഇല്ല, അതെന്റെ രീതിയല്ല എന്നാണ്.

Interview with Santhosh Pandit

വേറെയൊരു സംവിധായകന് ഡേറ്റ് കൊടുത്തതിനു ശേഷം വിവിധ ഭാഷകളിൽ ഒരുങ്ങുന്ന ഒരു വമ്പൻ പ്രോജക്ടിന്റെ കൂടെ ഭാഗമാവുകയാണ്. എങ്ങനെയാണ് ഈ സിനിമയുടെ ഭാഗമായത്?

ഷിജിത് ലാൽ ആണ് സംവിധാനം ചെയ്യുന്നത്. സോണിയ അഗർവാൾ, ലീന കപൂർ എന്നിവരൊക്കെ താരങ്ങൾ ആയിട്ടുണ്ട്. ഒരു ഹൊറർ മൂഡിലുള്ള കഥയാണ് ചിത്രം പറയുന്നത്. കുറച്ചു മുന്നേ തന്നെ സംസാരിച്ചുറപ്പിച്ച സിനിമയാണ്. ഇപ്പോൾ ഷൂട്ട് തുടങ്ങി. മമ്മൂക്ക ചിത്രം കഴിഞ്ഞ ശേഷമേ എനിക്കതിൽ ജോയിൻ ചെയ്യാൻ പറ്റു. സിനിമയുടെ മറ്റു വിവരങ്ങൾ അണിയറക്കാർ തന്നെ പുറത്തു വിടട്ടെ. ഈ സിനിമകൾ വന്നപ്പോൾ എന്റെ ഉരുക്കു സതീശൻ വൈകിയിട്ടുണ്ട്, അതൊരു പ്രശ്‍നം ആയി. പാട്ടുകൾ വന്നിട്ടും സിനിമ എന്താ വരാത്തത് എന്ന് ഒരുപാട് പേര് ചോദിക്കുന്നുണ്ട്. അതുപോലെ വേറൊരു തമിഴ് സിനിമയുടെ ചർച്ചയും നടക്കുന്നു. എന്തായാലും ഉരുക്കു സതീശൻ കഴിഞ്ഞേ അതൊക്കെ ചെയ്യുകയുള്ളൂ. ഇനി കൂടുതൽ തമിഴിലും ഹിന്ദിയിലും കൂടെ ശ്രദ്ധ കൊടുക്കണം എന്ന് കരുതുന്നു. വൈകാതെ  ആ സിനിമകൾ അനൗൺസ് ചെയ്യും. മമ്മൂക്കയുടെ പടത്തിൽ അഭിനയിക്കുന്ന വാർത്ത വന്നപ്പോൾ പലരും പറഞ്ഞു, നിങ്ങൾ മറ്റുള്ളവരുടെ പടത്തിൽ അഭിനയിക്കും അല്ലേ, ഞങ്ങൾ കരുതിയത് സ്വന്തം ചിത്രത്തിൽ മാത്രമേ അഭിനയിക്കും എന്നാണെന്ന്.

ഇപ്പോള്‍ മലയാള സിനിമ വ്യവസായത്തിൽ നടക്കുന്ന കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

ഞാൻ അന്നുതന്നെ പോസ്റ്റ് ചെയ്തല്ലോ - പ്രതി ഒരു പ്രമുഖ ബംഗാളി ആവല്ലേ എന്ന്. അത് വലിയ ഹിറ്റ് ആയിരുന്നു. പിന്നെ പൊലീസ് കാര്യങ്ങൾ ഒക്കെ കണ്ടുപിടിച്ചു എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയിരുന്നു. പിന്നെ ആള്‍ക്കൊക്കെ സിനിമാക്കാരോടുള്ള ഒരു മനോഭാവം മാറിയിട്ടുണ്ട്. ഇതൊക്കെ കുറച്ചു നാൾ കഴിഞ്ഞാൽ ശരിയാകും എന്ന് തന്നെ കരുതുന്നു.

Follow Us:
Download App:
  • android
  • ios