Asianet News MalayalamAsianet News Malayalam

100 രൂപയ്‍ക്ക് 1000ത്തിന്റെ ചിരി തരാം, ഇത് കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ഉറപ്പ്

Interview with Vishnu Unnikrishnan
Author
Kochi, First Published Nov 16, 2016, 9:38 AM IST

മലയാള സിനിമയിലേക്ക് ഒരു നായകനടന്‍ വരവറിയിക്കുകയാണ്. കട്ടപ്പനയിലെ ഋത്വിക് റോഷനായാണ് ആ നായകന്‍ അരങ്ങേറുന്നത്. കൂടുതല്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യം വരില്ല. അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനെ മലയാളി പ്രേക്ഷകര്‍ക്ക് അഭിനേതാവെന്ന നിലയില്‍ നേരത്തെ പരിചയമുണ്ട്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്നതിന്റെ വിശേഷങ്ങള്‍ asianetnews.tvയോട് പങ്കുവയ്‍ക്കുന്നു. ഹണി ആര്‍ കെ നടത്തിയ അഭിമുഖം.

കട്ടപ്പനയിലെ ഋത്വിക് റോഷനിലെ നായകനാകുന്നത് എങ്ങനെയാണ് ?

സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ അത് വായിച്ചുകേള്‍പ്പിച്ച് അഭിപ്രായം അറിയാനാണ് നാദിര്‍ഷക്കയുടെ അടുത്തുപോയത്. ഞങ്ങളുടെ ആദ്യ സിനിമ വന്‍ വിജയമായതിനാല്‍‌ ഏതു നായകനടനെയും സിനിമയിലേക്ക് കിട്ടുമായിരുന്നു. അതിനാല്‍ ഞാന്‍ നായകനാകുമെന്നൊന്നും കരുതിയിരുന്നില്ല. പക്ഷേ  സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ നാദിര്‍ഷക്ക ഒരു വെടിപൊട്ടിക്കുംപോലെ പറയുകായായിരുന്നു. ഈ സിനിമയില്‍ നായകന്‍‌ നീ ആണെന്ന്. നീയാണ് നായകനാകാന്‍ ഏറ്റവും യോജിച്ചത് എന്ന്. ഇരട്ടഭാഗ്യം കിട്ടിയതുപോലെ ആയിരുന്ന് അത്.

ആരാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍?

കിച്ചു എന്നു വിളിക്കുന്ന കൃഷ്‍ണന്‍ നായരാണ് എന്റെ കഥാപാത്രം. കിച്ചുവിന്റെ അച്ഛന്‍ ജയന്റെ കടുത്ത ആരാധകനായിരുന്നു. അതുകൊണ്ടാണ് ജയന്റെ യഥാര്‍ഥ പേരായ കൃഷ്ണന്‍ നായര്‍ എന്നു മകനെയും വിളിച്ചത്. അച്ഛനെ പോലെ തന്നെ മകനും സിനിമാ മോഹിയാണ്. നാദിര്‍ഷക്ക പറയാറുണ്ട് 99 ശതമാനം പേരും അഭിനയമോഹം ഉള്ളവരാണ്. എങ്ങനെയെങ്കിലും സിനിമയില്‍ തല കാണിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരാണ് എന്ന്. അങ്ങനെയുള്ള ഇന്നത്തെ എല്ലാ യുവാക്കളുടെയും പ്രതിനിധിയാണ് ഞാന്‍ അവതരിപ്പിക്കുന്ന കിച്ചു.

Interview with Vishnu Unnikrishnan

വിഷ്ണുവും ബിബിനും മിമിക്രിരംഗത്ത് നിന്നാണ്. അതുകൊണ്ടു നിങ്ങള്‍ തിരക്കഥയെഴുതുമ്പോള്‍ മിമിക്രി സ്കിറ്റുകളുടെ സ്വാധീനം സിനിമയിലെ നര്‍മ്മരംഗങ്ങളിലും വരാന്‍ സാധ്യത ഇല്ലേ?

ശരിയാണ്. കോമഡി സ്കിറ്റുകളുടെ ഹാംഗ് ഓവര്‍ വരാന്‍ സാധ്യതയുണ്ട്. പക്ഷേ അത് ഞങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. ജീവിതവുമായി ബന്ധപ്പെട്ട കോമഡികളാണ് സിനിമയില്‍ ഉള്‍പ്പെടുത്താറുള്ളത്. സിറ്റുവേഷന് ആവശ്യമായ കോമഡികള്‍ മാത്രം.

ഞങ്ങള്‍ മിമിക്രിക്കാരായതുകൊണ്ട് സാധാരണ സ്കിറ്റ് കോമഡികള്‍ ഞങ്ങളെ ചിരിപ്പിക്കാറുമില്ല. ഞങ്ങളെ ചിരിപ്പിക്കാന്‍ നല്ല നമ്പറുകള്‍ തന്നെ വേണം. ഞങ്ങളെ ചിരിപ്പിക്കുന്നവ മാത്രമേ സിനിമയിലേക്ക് ഉപയോഗിക്കാറുള്ളൂ. ദ്വയാര്‍ഥമുള്ള കോമഡികളും ഉപയോഗിക്കാറില്ല. രണ്ടു സിനിമയിലും അത്തരം കോമഡികളാണ് ഉള്ളതെന്നാണ് ഞങ്ങളുടെ വിശ്വാസം.

കോമഡിരംഗത്തെ തലതൊട്ടപ്പനാണ് നാദിര്‍ഷ. സിനിമകളുടെ നിര്‍മ്മതാക്കളില്‍ ഒരാള്‍ ദിലീപുമാണ്. ഇവരുടെ ഇടപെടലുകള്‍ തിരക്കഥയിലുണ്ടായിരുന്നോ?

സ്ക്രിപ്റ്റില്‍ നാദിര്‍ഷക്ക കൈകടത്തിയിട്ടേ ഇല്ല. ഞങ്ങളെ ഇക്കയ്‍ക്ക് പൂര്‍ണ വിശ്വാസമായിരുന്നു. അദ്ദേഹം ഉദ്ദേശിക്കുന്നത് എന്തെന്ന് ഞങ്ങള്‍ക്ക് അറിയാം. അങ്ങനെ ഒരു മനപ്പൊരുത്തം ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ട്. പിന്നെ ദിലീപേട്ടന്‍. നാദിര്‍ഷാക്ക ചെയ്യുന്ന കാര്യങ്ങളില്‍ ദിലീപേട്ടന് ഉത്തമ ബോധ്യമുണ്ട്.

രണ്ടു സിനിമകളുടെ പേരും വ്യത്യസ്തമാണല്ലോ?

പേരുകളുടെ ക്രഡിറ്റ് ഇക്കയ്‍ക്കാണ്. ആദ്യ സിനിമയ്ക്ക് ഇക്കയാണ് പേരിട്ടത്. അതിനാല്‍ പുതിയ സിനിമയുടെ സ്ക്രിപ്റ്റുമായി പോകുമ്പോള്‍ പേരിട്ടിരുന്നില്ല. കഥ പറഞ്ഞപ്പോള്‍ ഇക്ക തന്നെയാണ് പറഞ്ഞത് ഇതിന് ഏറ്റവും യോജിച്ച പേര് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നാണ് എന്ന്. പേര് ഉറപ്പിക്കേണ്ട, രണ്ടു ദിവസം മനസ്സിലിട്ട് ആലോചിക്കൂ എന്നാണ് ഇക്ക പറഞ്ഞത്. ആദ്യം ഞങ്ങള്‍ക്ക് ആ പേര് അത്ര ഇഷ്ടം തോന്നിയിരുന്നില്ല. പക്ഷേ പറഞ്ഞുപറഞ്ഞുനോക്കിയപ്പോള്‍ അതുതന്നെയാണ് സിനിമയ്ക്കു ഏറ്റവും യോജിച്ച പേര് എന്ന് ഞങ്ങള്‍ക്കും മനസ്സിലായി. ആള്‍‌ക്കാര്‍ക്ക് അത് ഇഷ്ടപ്പെടുകയും ചെയ്‍തു.

Interview with Vishnu Unnikrishnan

കുറവുകള്‍ കൂടുതലുള്ള മനുഷ്യന്‍ എന്ന ടാഗ്‍ലൈനുമായാണ് സിനിമ എത്തുന്നത്. ഒരു ശ്രീനിവാസന്‍ സ്റ്റൈലുള്ള ടാഗ്‍ലൈന്‍?

ശ്രീനിവാസന്‍ സ്റ്റൈല്‍ എന്നു പറയാന്‍ പറ്റുമോ? അയ്യോ ഇല്ല.

ടാഗ്‍ലൈനിട്ടത് ഇക്കയാണ്. ഒരു സിനിമ ആദ്യം പ്രേക്ഷകരിലേക്ക് എത്തുന്നതു പോസ്റ്ററുകളിലൂടെയാണ്. അപ്പോള്‍ അതിന് വ്യത്യസ്തത വേണം. അത് ശ്രദ്ധിക്കപ്പെടണം. അതിന് ശ്രദ്ധ ക്ഷണിക്കുന്ന ഒരു വാചകം വേണം. അങ്ങനെയാണ് ആ ടാഗ്‍ലൈന്‍ വന്നത്. മാത്രവുമല്ല, ഞാനല്ലേ നായകന്‍. ഒരുപാട് കുറവുണ്ടല്ലോ. അതും പറയേണ്ടേ (ചിരിക്കുന്നു)

നിരവധി പ്രതിഭകളെ സമ്മാനിച്ച മഹാരാജാസില്‍ നിന്നാണ് വിഷ്ണുവും കലാലോകത്തേയ്‍ക്കു വരുന്നത്?

അതെ. ഒരുപാട് മഹാരഥന്‍മാര്‍ മഹാരാജാസില്‍ നിന്നു പുറത്തിറങ്ങിയിട്ടുണ്ട്. എഴുത്തുകാരും അഭിനേതാക്കളുമെല്ലാം. അവരുടെ പേരുകളുടെ ഏറ്റവും താഴെയെങ്കിലും എന്റെ പേരും ഇനി ചിലപ്പോള്‍ പറയുമല്ലോ? പറയുമായിരിക്കും അല്ലേ? (ഒരു സിനിമയിലെ നായകനായല്ലോ?) അതിന്റെ സന്തോഷവും അഭിമാനവുമുണ്ട്. മഹാരാജാസിലെ കലാലയ അന്തരീക്ഷം വല്ലാത്തൊരു സ്വാധീനമാണ്. ഞങ്ങള്‍ പഠിച്ച കാലത്ത് മഹാരാജാസില്‍‌ കലോത്സവം ഇല്ലാതിരുന്നതിനാല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനായില്ലെങ്കിലും ആ അന്തരീക്ഷം ഒരുപാട് ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്.

അഭിനേതാവുക എന്ന ലക്ഷ്യത്തിലേക്കുള്ള കുറുക്കുവഴിയായിരുന്നോ തിരക്കഥാകൃത്തിന്റെ വേഷം?

ചെറുപ്പത്തിലേ അഭിനയമോഹം ഉണ്ടായിരുന്നു. നേരത്തെ പറഞ്ഞതുപോലെ ആദ്യ സിനിമ ഞങ്ങള്‍ക്കു തന്നെ അഭിനയിക്കാന്‍ എഴുതിയതാണ്. പക്ഷേ നാദിര്‍ഷക്ക തമാശയായിട്ട് പറഞ്ഞു, നീയൊക്കെ അഭിനയിച്ചാല്‍ ആരെങ്കിലും സിനിമ കാണേണ്ടടാ എന്ന്. എന്തായാലും പിന്നീട് സിനിമയിലേക്ക് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയുമെല്ലാം വന്നു. സിനിമ വലിയ ഹിറ്റാകുകയും ചെയ്‍തു. ഞങ്ങള്‍ അഭിനയിച്ചെങ്കില്‍ അത്ര ഹിറ്റാകുമായിരുന്നില്ല്ലല്ലോ. ആ സിനിമയില്‍ ചെറിയ സീനുകളില്‍‌ ഞാനും ബിബിനും അഭിനയിച്ചിട്ടുണ്ട്.

രണ്ടാമത്തെ സിനിമയുടെ തിരക്കഥ എഴുതിയപ്പോള്‍ അഭിനയിക്കണമെന്നൊന്നും കരുതിയില്ല. ഏതെങ്കിലും മുന്‍നിര നടനായിരിക്കും നായകന്‍ എന്നാണ് വിചാരിച്ചത്. ചിലപ്പോള്‍ കറങ്ങിത്തിരിഞ്ഞ് നായകന്റെ സുഹൃത്തിന്റെ റോള്‍ ലഭിച്ചേക്കും എന്നു പ്രതീക്ഷിച്ചിരുന്നു. ധര്‍മ്മജേട്ടനാണ് ആ റോള്‍ ചെയ്‍തത്. ഒരുപാട് കോമഡി നമ്പറുകളുള്ള റോളാണ് അത്. ധര്‍‌മ്മജേട്ടന്‍ അത് ഗംഭീരമായി ചെയ്‍തിട്ടുമുണ്ട്. ധര്‍മ്മജേട്ടന് വലിയ ബ്രേക്ക് ആയി മാറാന്‍ സാധ്യതയുണ്ട് ആ വേഷം.

വിഷ്ണുവിന്റെ ഡാന്‍സിന് വലിയ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്?

ആദ്യമായിട്ടാണ് ഇങ്ങനെ  ഡാന്‍സ് ചെയ്യുന്നത്. ശരിയാകുമോ എന്ന് ആദ്യം പേടിയുണ്ടായിരുന്നു. പക്ഷേ ദിനേശ് മാസ്റ്റര്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. അദ്ദേഹം വിജയ്‍യുടെയൊക്കെ സിനിമകളുടെ ഡാന്‍സ് കൊറിയോഗ്രാഫി ചെയ്‍ത ആളാണ്. അമര്‍ അക്ബര്‍ അന്തോണിയിലും അദ്ദേഹമായിരുന്നു. ആ ബന്ധത്തിന്റെ പുറത്താണ് പുതിയ സിനിമയിലേക്കും വിളിച്ചത്. അദ്ദേഹത്തിനും പുതിയ ആള്‍ക്കാരെ വച്ച് ചെയ്യുന്നതില്‍ സന്തോഷമായിരുന്നു. എന്റെ ഏറ്റവും വലിയ സന്തോഷം എന്നുവച്ചാല്‍ ദിനേശ് മാസ്റ്റര്‍ എനിക്കൊപ്പം ഡാന്‍സ് രംഗത്ത് അഭിനയിക്കാനും തയ്യാറായി എന്നാണ്. വിശാല്‍ ഒക്കെ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം സിനിമയില്‍ മുഖം കാണിക്കാന്‍ തയ്യാറായിരുന്നില്ല.

ബിബിനുമായുള്ള സൗഹൃദം എങ്ങനെയാണ്? ഇരട്ടതിരക്കഥാകൃത്തെന്ന നിലയില്‍ നിങ്ങളുടെ എഴുത്തുരീതികള്‍ എങ്ങനെയാണ്?

ബിബിനും ഞാനും എറണാകുളത്തുകാരാണ്. ആറാം ക്ലാസ് മുതല്‍ ഞങ്ങള്‍ ഒരുമിച്ചുണ്ട്. ബിബിന്റെ നാട്ടിലെ ഒരു അമ്പലത്തില്‍ മിമിക്രി ചെയ്യാന്‍ പോയപ്പോള്‍ മുതലുള്ള സൗഹൃദമാണ്. പിന്നീട് കലോത്സവങ്ങളില്‍ മിമിക്രിയില്‍ മത്സരിച്ചിട്ടുമുണ്ട്.  പിന്നെ ഒരുമിച്ച് മിമിക്രി ട്രൂപ്പുകളിലും ഉണ്ട്. മഹാരാജാസില്‍ എത്തിയപ്പോഴും ആ സൗഹൃദം തുടര്‍ന്നു. പിന്നെ സിനിമയിലും പങ്കാളിയായി.

ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിരുന്നാണ് തിരക്കഥ എഴുതാറുള്ളത്. ഓരോ സീനും ഡയലോഗുകളും ചര്‍ച്ച ചെയ്‍തിട്ടുതന്നെയാണ് എഴുതാറ്. ഞാന്‍ പറയുന്നതില്‍ എന്തേലും ലൂപ് ഹോള്‍ ഉണ്ടെങ്കില്‍ അവന്‍ തിരുത്തും. തിരിച്ചും അങ്ങനെതന്നെ.  ഒന്നിച്ചുള്ള എഴുത്ത് തിരക്കഥയിലെ പഴുതുകള്‍ കുറയ്‍ക്കാന്‍ ഞങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്.

Interview with Vishnu Unnikrishnan

എങ്ങനെയാണ് ബാലതാരമായി അവസരം ലഭിക്കുന്നത്?

ഹയര്‍ സെക്കന്‍ഡറി കലോത്സവത്തില്‍ മിമിക്രിക്ക് ഒന്നാം സ്ഥാനം കിട്ടിയപ്പോള്‍ ഫോട്ടോ പത്രത്തില്‍ വന്നിരുന്നു. അതുകണ്ടാണ് അസിസ്റ്റന്റ് ഡയറക്ടര്‍ നിഷാദ് സിബി മലയില്‍ സാറിന്റ എന്റെ വീട്, അപ്പൂന്റേം എന്ന സിനിമയിലേക്ക് വിളിക്കുന്നത്. നമ്മള്‍ കൗമാരക്കാരനാണെങ്കിലും രൂപം കൊണ്ട് ബാലതാരമാകുകയായിരുന്നു. കുറേ കുട്ടികളുണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ നില്‍ക്കാനായിരുന്നു പറഞ്ഞത്. ഒരു ഡയലോഗ് പറയാനുണ്ടായിരുന്നു. അത് എന്നോടു പറയാന്‍ പറഞ്ഞു. ഒറ്റ ടേക്കില്‍ ഒകെ ആയി. സിബി മലയില്‍ സാര്‍ എഴുന്നേറ്റു നിന്ന് കൈ തന്നു. അത് നമുക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയതു പോലെ ആയിരുന്നു. പിന്നെ രാപ്പകല്‍, പളുങ്ക്, അമൃതം തുടങ്ങിയ സിനിമകളിലും ചെറിയ റോളുകള്‍ ചെയ്‍തു.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ പ്രേക്ഷകര്‍ക്ക് നല്‍ക്കുന്ന ഓഫര്‍ എന്താണ്.

നേരത്തെ പറഞ്ഞതുപോലെ എല്ലാവരുടെയും നല്ല പങ്കാളിത്തം ഉള്ള സിനിമയാണ് ഇത്. മലയാളികള്‍‌ എന്നും കാണാന്‍‌ ആഗ്രഹിക്കുന്ന തരത്തിലുള്ള സലീമേട്ടന്റെ ഒരു ഗംഭീര പ്രകടനം സിനിമയിലുണ്ട്. പിന്നെ ധര്‍മ്മജേട്ടന്‍. നായികമാരായ പ്രയാഗ മാര്‍ട്ടിനും ലിജോ മോള്‍ ജോസിനും നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും യോജിച്ച കാസ്റ്റിംഗ് നടത്താനായി എന്നാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. പിന്നെ ഇപ്പോഴത്തെ നോട്ടു പ്രതിസന്ധിയെ കുറിച്ചൊക്കെ ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ടു 100 രൂപയ്‍ക്ക് 1000 രൂപയുടെ ചിരി ഞാന്‍ വാക്കു തരുന്നു.


വിഷ്ണു ഉണ്ണികൃഷ്ണന്റെ കുടുംബം?

എറണാകുളത്ത് ഒരു കടയില്‍ സെയില്‍സ്മാനാണ് അച്ഛന്‍ ഉണ്ണികൃഷ്ണന്‍. അമ്മ ലീല. രണ്ട് സഹോദരിമാരുണ്ട്. ലക്ഷ്മി പ്രിയയും രശ്മിയും. രണ്ടുപേരും വിവാഹിതര്‍.
 

Follow Us:
Download App:
  • android
  • ios