Asianet News MalayalamAsianet News Malayalam

ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണം: ജോസഫ് റിവ്യൂ

മലയാളി സിനിമാപ്രേമിയെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് ആണ് ജോസഫ് എന്ന ചിത്രം. മലയാളത്തിന്‍റെ കാഴ്ചാശീലങ്ങളെ വകവെക്കാത്ത തിരക്കഥ. ഷാഹി കബീര്‍ എന്ന പൊലീസുകാരനാണ് തിരക്കഥാകൃത്ത്. പക്ഷെ ഷാഹിയുടെ ആദ്യ തിരക്കഥയാണിതെന്ന് പറയില്ല.

joseph movie review
Author
Thiruvananthapuram, First Published Nov 17, 2018, 10:38 PM IST

'പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം' എന്ന് പലവട്ടം ചോദിച്ചോളൂ. പക്ഷെ, വിരമിച്ച പൊലീസുകാരന് കുറ്റാന്വേഷണത്തില്‍ കാര്യമുണ്ടോയെന്ന് ദയവുചെയ്ത് ചോദിക്കരുത്. ഇനിയും സംശയം മാറുന്നില്ലെങ്കില്‍ 'ജോസഫിന്' ടിക്കെറ്റെടുത്താല്‍ മതി. റിട്ടയേര്‍ഡ് പൊലീസ് ഓഫീസറുടെ കുറ്റാന്വേഷണത്തിന്റെ കഥ പറയുകയാണ് എം. പത്കുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രം. പത്മകുമാറിലെ പരിചയസമ്പന്നനായ സംവിധായകന്‍ ജോജുവിലെ പ്രതിഭയുള്ള നടനെ കണ്ടെത്തുകയാണ് ചിത്രത്തിലൂടെ. 41 വയസുള്ള ജോജു 58കാരനായ ജോസഫിലേക്ക് കൂടുമാറുമ്പോള്‍ അവിടെ ജോജുവെന്ന നടനില്ല, പകരം ജോസഫ് എന്ന കഥാപാത്രം മാത്രം. വില്ലനായും കൊമേഡിയനായും ഇതുവരെ കണ്ട ജോജുവല്ല ജോസഫില്‍. നിസാര്‍ മുഹമ്മദ് എഴുതുന്നു..

മലയാളി സിനിമാപ്രേമിയെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് ആണ് ജോസഫ് എന്ന ചിത്രം. മലയാളത്തിന്‍റെ കാഴ്ചാശീലങ്ങളെ വകവെക്കാത്ത തിരക്കഥ. ഷാഹി കബീര്‍ എന്ന പൊലീസുകാരനാണ് തിരക്കഥാകൃത്ത്. പക്ഷെ ഷാഹിയുടെ ആദ്യ തിരക്കഥയാണിതെന്ന് പറയില്ല. ക്രാഫ്റ്റ് പ്രകടമാണ്. പൊലീസുകാരനല്ലേ, ചിലപ്പോള്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് കിട്ടിയതോ പറഞ്ഞു കേട്ടതോ ആകും കഥാതന്തു. സിനിമയില്‍ ജോസഫിന്‍റെ കുറ്റാന്വേഷണ രീതികള്‍ റിയലിസ്റ്റിക്കായി ഫീല്‍ ചെയ്യുന്നത് കഥാകാരനില്‍ പൊലീസ് ഉള്ളതുകൊണ്ടാകാം. സിനിമ നല്‍കുന്ന സന്ദേശമാകട്ടെ, ഇക്കാലത്ത് ഏറെ പ്രസക്തവും.ഒരു റിട്ടയേര്‍ഡ് പൊലീസുകാരന്‍റെ സ്വകാര്യ ജീവിതമാണ് കഥ. പക്ഷെ ത്രില്ലിന് ഒട്ടും കുറവില്ല. മാന്‍ വിത്ത് ദി സ്‌കാര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ശരിയാണ്, മുറിവേറ്റ ഹൃദയവുമായി തന്നെയാണ് ജോസഫ് സിനിമയിലുടനീളം. ഉണങ്ങാത്ത മുറിപ്പാടുകള്‍ മനസിനെ ഉലയ്ക്കുമ്പോഴും ജോസഫിലെ സമര്‍ത്ഥനായ കുറ്റാന്വേഷകന്‍ സദാ ഉണര്‍ന്നിരിക്കുന്നുണ്ട്.

ഭാര്യയും മകളും ഒപ്പമില്ലാത്ത വീട്ടില്‍ മദ്യപിച്ചും പുകവലിച്ചും ഏകാകിയായി കഴിയുന്ന ജോസഫിനെ തേടി പൊലീസ് സൂപ്രണ്ടിന്‍റെ ഫോണ്‍കോള്‍ എത്തുന്നിടത്ത് നിന്നാണ് സിനിമയുടെ തുടക്കം. ആ നിമിഷം മുതല്‍ പ്രേക്ഷകന്‍ ആകാംക്ഷയുടെ മലകയറും. ഓരോ സീനും സീക്വന്‍സും ഒളിപ്പിച്ചുവെച്ചിരിക്കുന്ന ത്രില്‍ ചെറുതല്ല. ഫ്ളാഷ്ബാക്കില്‍ ജോസഫിന്‍റെ കുടുംബാന്തരീക്ഷം പ്രകടമാകും. എങ്കിലും സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിന് മാറ്റമില്ല. 

joseph movie review

മദ്യവും മറ്റ് ചില ലഹരികളുമൊക്കെ ഉപയോഗിക്കുന്ന, ഏകാകിയായ ജോസഫ് എന്ന മധ്യവയസ്‌കന്‍ ജോജുവിന്‍റെ കരിയര്‍ ബെസ്റ്റാണ്. ഓരോ സീനിലും സീക്വന്‍സിലും ജോജു സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു. കാമുകനായും ഭര്‍ത്താവായും അച്ഛനായുമൊക്കെയുള്ള ഭാവങ്ങള്‍ ജോജുവില്‍ ഭദ്രമാണ്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമുള്ള 'ജോസഫി'ലേക്കുള്ള ജോജുവിന്‍റെ ട്രാന്‍സ്‌ഫോര്‍മേഷനാണ് ഗംഭീരം. നരച്ചു നീണ്ട മീശയും താടിയും കണ്ണുകളിലെ തീക്ഷ്ണതയും ശരീരഭാഷയുമൊന്നും ജോജുവിന്‍റേതല്ല; ജോസഫിന്‍റേതാണ്. 

'റോസ് ഗിറ്റാറിനാല്‍' എന്ന ചിത്രത്തില്‍ നായികയായിരുന്ന ആത്മീയയാണ് ജോസഫിന്റെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ് ചില മലയാള ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുള്ള മാധുരിക്ക് ജോസഫിന്‍റെ കാമുകിയായി ലീഡ് റോള്‍ കിട്ടി. അതവര്‍ ഭംഗിയാക്കുകയും ചെയ്തു. നായകന്‍റെ സുഹൃത്തുക്കളായി ഇര്‍ഷാദും സുധി കോപ്പയും നന്നായി. ദിലീഷ് പോത്തനും സാധാരണ അദ്ദേഹം ഈയിടെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട ഒന്നാണ് അവതരിപ്പിക്കുന്നത്.

ജോസഫിലെ 'പണ്ട് പാടവരമ്പത്തിലൂടെ' എന്ന പാട്ടിലൂടെ ജോജു പിന്നണി ഗായകനുമായി. ഭാഗ്യരാജാണ് ആ പാട്ടെഴുതിയതും സംഗീതം ചെയ്തതും. വേറെയുമുണ്ട് മൂന്നുപാട്ടുകള്‍. തിയേറ്റര്‍ വിട്ടാലും ആ പാട്ടുകള്‍ പ്രേക്ഷകരുടെ ചുണ്ടില്‍ മൂളിപ്പാട്ടായുണ്ടാകും. രഞ്ജിന്‍ രാജിന്‍റെ സംഗീതം അത്രമേല്‍ ഹൃദ്യമാണ്. പൂമരത്തിലെ ഹൃദ്യമായ പാട്ടുകളെഴുതിയ അജീഷ് ദാസന്‍റേതാണ് ഒരുപാട്ട്. 'പൂ മുത്തോളേ..' എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഈണം പകര്‍ന്നത് ഭാഗ്യരാജാണ്. മനേഷ് മാധവന്‍റെ ഛായാഗ്രഹണം സിനിമയുടെ മൂഡിനൊപ്പമാണ്. ചിത്രത്തിന് ഉദ്വേഗം പകരുന്നതില്‍ അനില്‍ ജോണ്‍സന്‍റെ പശ്ചാത്തല സംഗീതം കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. വൃത്തിയുള്ള എഡിറ്റിംഗിലൂടെ കിരണ്‍ ദാസും പദ്മകുമാറിന്‍റെ നരേഷന് മികച്ച പിന്തുണ നല്‍കുന്നു.

Follow Us:
Download App:
  • android
  • ios