Asianet News MalayalamAsianet News Malayalam

പാകിസ്ഥാനി താരങ്ങൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന് അജയ് ദേവ്ഗൺ

Kajol Backs Ajay Devgns Stand Of Not Working With Pak Artistes
Author
Mumbai, First Published Oct 9, 2016, 3:53 PM IST

മംബൈ: പാകിസ്ഥാനി താരങ്ങൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ. ഒക്ടോബർ 28ന് ശിവായ് എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് അജയ് ദേവ്ഗണിന്റെ  പ്രസ്താവന. പാകിസ്ഥാൻ താരം ഫവദ് ഖാൻ അഭിനയിച്ച കരൺ ജോഹറിന്റെ ഏ ദിൽ ഹെ മുശ്ഖിൽ എന്ന ചിത്രവും അതേ ദിനം പുറത്തിറങ്ങുന്നതിനാൽ അജയ് ദേവ്ഗണിന്റെ പ്രസ്താവനയെ സംശയത്തോടെയാണ് ബോളിവുഡ് നോക്കിക്കാണുന്നത്.

ഉറിയിലെ ഭീകരാക്രമണത്തിന് ശേഷമാണ് പാകിസ്ഥാൻ താരങ്ങൾ ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച തുടങ്ങിയത്.സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ പാകിസ്ഥാന താരങ്ങൾക്ക് പിന്തുണയുമായി എത്തിയപ്പോൾ അജയ് ദേവ്ഗൺ കടക വിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും അതിർത്തിയിൽ നേർക്കുന്നേർ നിൽക്കുമ്പോൾ സൈന്യത്തിനുള്ള ആദരമായി പാകിസ്ഥാൻ താരങ്ങളെ തള്ളിപ്പറയുന്നുവെന്നാണ് അജയ് ദേവ്ഗണിന്റെ വിശദീകരണം.

പാകിസ്ഥാന്‍ താരങ്ങൾക്കൊപ്പം അഭിനയിക്കില്ല. ചർച്ചകൾക്ക് ഒടുവിൽ തീരുമാനം വരട്ടെ എന്നിട്ട് ആലോചിക്കാമെന്നാണ് അജയ് ദേവ്ഗണിന്റെ പ്രതികരണം. അജയ്ക്ക് പിന്തുണയുമായി ഭാര്യ കജോളും രംഗത്തെത്തി. ഈ മാസം 28ന് അജയ് ദേവ്ഗണിന്റെ ചിത്രമായ ശിവായ്ക്ക് ഒപ്പം തന്നെ യാണ് യാഷ് രാജ് ഫിലിംസിന്റെ യെ ദിൽ ഹെ മുഷ്കിലും പുറത്തിറങ്ങുന്നത്.

യെ ദിൽ ഹെ മുഷ്കിൽ പാകിസ്ഥാൻ താരമായ ഫവദ് ഖാൻ വേഷമിട്ടിട്ടുണ്ട്. പാകിസ്ഥാൻ താരങ്ങൾ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന മഹാരാഷ്ട്ര നവ നിർമ്മാണ സേനയുടെ നിർദ്ദേശം വന്നയുടൻ ചിത്രത്തിന്റെ പ്രചരണത്തിന് പോലും നിൽക്കാതെ ഫവദ് പാകിസ്ഥാനിലേക്ക് മടങ്ങിയിരുന്നു. ഉറി ആക്രമണത്തെ കുറിച്ചും പാകിസ്ഥാൻ താരങ്ങൾക്കെതിരായ ഭീഷണിയെക്കുറിച്ചും അധികം സംസാരിക്കാതിരുന്ന ഫവദ് ഒടുവിൽ ഫേസ്ബുക്കിൽ ഒരു കുറിപ്പ് ഇടുകയും ചെയ്തു.സമാധാനമാണ് ലോകത്തിന് ആവശ്യമെന്നും, അടുത്ത തലമുറക്ക് വേണ്ടി നമ്മുക്ക് അതുമാത്രമേ നൽകാൻ കഴിയൂ എന്നും ഫവദ് പറയുന്നു.

ഒരു സംഭവവും എടുത്തുപറയാതെയും ഉറി ആക്രമണത്തെ അപലപിക്കാതെയുമുള്ള ഫവദിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഫവദ് ഉള്ളതിന്റെ പേരിൽ ഏ ദിൽ ഹെ മുഷ്കിൽ എന്ന ചിത്രം തന്നെ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ചില സംഘടനകൾ സ്വീകരിച്ചിട്ടുണ്ട്. അപ്പോഴാണ് അതേ ദിവസം പുറത്തിറങ്ങുന്ന ശിവായ്‍ലെ നായകൻ അജ് ദേവ്‌ഗണിന്റെ നിലപാടിനെ ചിലർ സംശയകത്തോടെ നോക്കുന്നത്. ഏ ദിൽ ഹെ മുഷ്കിലിന്റെ പ്രേക്ഷകരെ കൂടി സ്വന്തം വരുതിയിൽ എത്തിക്കാനുള്ള അജയ് ദേവ്ഗണിന്റെ ശ്രമം ആണോ ഇതെന്നാണ് ചോദ്യം.

ഇരു ചിത്രങ്ങളും ഒരു ദിവസം പ്രഖ്യാപിച്ചപ്പോൾ തന്നെ അണിയറയിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. സിനിമ നിരൂപകനായ കമാൽ ആർ ഖാനാണ് വിവാദങ്ങൾക്ക് തുടക്കം കുരിച്ചത്. ഏ ദിൽ ഹെ മുഷ്കില്ലാണ് ശിവായ് എന്ന ചിത്രത്തെക്കാൾ നല്ലതെന്ന് പറയാൻ കരൺ ജോഹർ തനിക്ക് 25 ലക്ഷം രൂപ നൽകിയതായുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. എന്നാൽ അതിനെക്കുറിച്ച് സംസാരിച്ച് ആ ആരോപണത്തിന് പ്രസക്തി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കരൺ ജോഹർ പറ‌ഞ്ഞതോടെ ആ വിവാദം അവസാനിച്ചിരുന്നു. വമ്പൻ താരനിരയുമായെത്തുന്ന ഏ ദിൽ ഹെ മുഷ്കിലോ ശിവായോ അണ് തരംഗമാകാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.

Follow Us:
Download App:
  • android
  • ios