Asianet News MalayalamAsianet News Malayalam

വസ്ത്രാലങ്കാരത്തിന് അവാര്‍ഡ് നേടിയ സഖി എല്‍സയുടെ പ്രിയപ്പെട്ട വസ്ത്രങ്ങള്‍

  • ഏതുവേഷവും ഇണങ്ങുന്ന രണ്ടുതാരങ്ങള്‍ മലയാളത്തിലുണ്ട്
  • വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സഖി എല്‍സ സംസാരിക്കുന്നു
kerala state film awards Best Costume Designer Sakhi Elsa Hey Jude interview

സിനിമയിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്‍ക്ക് ഏറെ നിര്‍ണായകമാണ് വസ്‍ത്രാലങ്കാരം. ശ്യാമപ്രസാദ് ചിത്രമായ 'ഹേ ജൂഡി'ലൂടെ മികച്ച വസ്‍ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സഖി എല്‍സയ്‍ക്ക് എന്താണ് വസ്‍ത്രാലങ്കാരം? 'കേരളാ കഫേ'യില്‍ തുടങ്ങി 'കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍' വഴി 'ഹേ ജൂഡി'ലെത്തി നില്‍ക്കുന്ന സഖി എല്‍സ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോടു സംസാരിക്കുന്നു. നിര്‍മ്മല നടത്തിയ അഭിമുഖം.

kerala state film awards Best Costume Designer Sakhi Elsa Hey Jude interview

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത്?

വളരെ സന്തോഷമുണ്ട്. ഇത്ര വര്‍ഷത്തിനു ശേഷമാണെങ്കിലും അംഗീകാരം ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. 'ഇലക്ട്ര'യ്‍ക്കാണ് ആദ്യമായി ഒരു അവാര്‍ഡ് കിട്ടിയത്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഫെഫ്‍കെയുടെ അവാര്‍ഡ്. ഇലക്ട്രയും കളിയച്ഛനുമൊക്കെ നല്ല അഭിപ്രായമുണ്ടാക്കിയെങ്കിലും ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു. അതില്‍ പരിഭവങ്ങളില്ല. ഇപ്പോള്‍ 'ഹേ ജൂഡി'ലൂടെ അവാര്‍ഡ് തേടി എത്തിയപ്പോള്‍ ഒത്തിരി സന്തോഷമുണ്ട്. 'ഹേ ജൂഡി'ല്‍ വസ്‍ത്രാലങ്കാരത്തിന് മികച്ച സാധ്യതകളുണ്ടായിരുന്നു. എന്നാലും പുരസ്‍കാരം പ്രതീക്ഷിച്ചിരുന്നില്ല.

kerala state film awards Best Costume Designer Sakhi Elsa Hey Jude interview

ക്രിയേറ്റീവ് ഫ്രീഡം അനുവദിക്കുന്ന സംവിധായകനാണ് ശ്യാമപ്രസാദ് സര്‍

ഹേ ജൂഡിന്റെ സംവിധായകന്‍ ശ്യാമപ്രസാദ് സാറിന്റെ മികച്ച പിന്തുണയുണ്ടായിരുന്നില്ലെങ്കില്‍ ഇത്ര മേന്മ പുലര്‍ത്താനാകുമായിരുന്നില്ല. ക്രിയേറ്റീവ് ഫ്രീഡം അനുവദിക്കുന്ന സംവിധായകനാണ് ശ്യാമപ്രസാദ് സര്‍. ഏറെ റിസര്‍ച്ച് ചെയ്‍ത് വസ്‍ത്രാലങ്കാരം ചെയ്‍ത് നല്‍കുമ്പോള്‍ സംവിധായകന്റെ പ്രതികരണവും നിര്‍ദേശങ്ങളും എങ്ങനെയായിരിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ജോലിയുടെ വിജയം. അത് ഹേ ജൂഡില്‍ ലഭിച്ചു.

ഹേ ജൂഡിന് വസ്‍ത്രാലങ്കാരം ചെയ്യുമ്പോള്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ?

ഏറെ റിസര്‍ച്ച് ചെയ്‍താണ് വസ്‍ത്രാലങ്കാരം ചെയ്‍തത്. അത് നല്ല രീതിയില്‍ ആര്‍ട്ടിസ്റ്റുകള്‍ ധരിച്ചു. അതിനെ മികച്ച രീതിയില്‍ ക്യാമറയില്‍ ഒപ്പിയെടുത്തു. ഹേ ജൂഡ് തന്ന ആത്മവിശ്വാസം വളരെയധികമായിരുന്നു. കണ്ടുമറന്ന നിവിന്‍ കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്‍തമായിരുന്നു ഹേ ജൂഡിലേത്. ഓട്ടിസത്തോടു സാമ്യമുള്ള അസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോമുള്ളയാളാണു ജൂഡ്. ഈ രോഗത്തെ കുറിച്ചും ഇത്തരം കഥാപാത്രങ്ങള്‍ക്കു ചേരുന്ന വസ്‍ത്രങ്ങള്‍ക്കു വേണ്ടിയും ആഴത്തില്‍ പഠിച്ചു. യുഎസിലും യുകെയിലുമൊക്കെ ഇത്തരം ആളുകള്‍ക്ക് 'സപ്പോര്‍ട്ടേഴ്‌സ് ബ്ലോഗ്‌സ്' ഉണ്ട്. അങ്ങിനെയുളള ബ്ലോഗ്‌സ് സന്ദര്‍ശിക്കുകയും അത്തരം ഗ്രൂപ്പുകളില്‍ ചേരുകയും ചെയ്‍തിട്ടാണ് വിവര ശേഖരണം നടത്തിയത്.  

kerala state film awards Best Costume Designer Sakhi Elsa Hey Jude interview

വസ്‍ത്രത്തിലും പെരുമാറ്റത്തിനും അവര്‍ക്കു പ്രത്യേകമായ തെരഞ്ഞെടുപ്പുകളുണ്ട്. പൊതുവെ പൊതിഞ്ഞു മൂടിയ വസ്‍ത്രങ്ങളാണ് ധരിക്കുക. സോഷ്യല്‍ സ്‌കില്‍സ് കുറവാണ് ഇവര്‍ക്ക്. അവരുടേതായ ലോകത്ത് ഒതുങ്ങിക്കൂടാന്‍ ഇഷ്‍ടപ്പെടുന്നവര്‍. ആ ക്യാപ്‌സ്യൂളിങ് വസ്‍ത്രത്തില്‍ കൊണ്ടുവന്നു. കുറച്ചു കൂടി ഒരു പ്രൈവസി ഫീലിംഗ് കിട്ടാന്‍ വേണ്ടി മാത്രം കണ്ണട വയ്‍ക്കുന്നവരും ഉണ്ട്. അപ്പോള്‍ കണ്ണട വളരെ പ്രാധാന്യമുളള ഫാക്ടര്‍ ആണ്. ജൂഡിന് മാത്രമല്ല ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും തനതായ ചില സ്വഭാവ വിശേഷതകള്‍ ഉണ്ട്. ഗോവന്‍ മലയാളി പെണ്‍കുട്ടിക്കു ചേരുന്ന വിധം ബോഹോ ബേസ്ഡ് സ്‌റ്റൈലിങ് ആണ് തൃഷയ്‍ക്ക് ചെയ്‍തത്. തൃഷയുടേത് വേരിയേഷന്‍സുളള കഥാപാത്രമാണ്. ബൈ പോളാര്‍ ഡിസോര്‍ഡര്‍ ഉളള കഥാപാത്രം. താത്പര്യങ്ങള്‍ ഇടയ്‍ക്കിടെ മാറും. ചിലപ്പോള്‍ നന്നായി വസ്‍ത്രധാരണം ചെയ്യും ചിലപ്പോള്‍ ഒന്നിലുമൊരു ശ്രദ്ധയില്ലാതെ എന്തോ വാരി വലിച്ചിട്ടുകൊണ്ട് വരും. ഇത് കോസ്റ്റ്യൂം ഡിസൈനിംഗിലും കൊണ്ട് വന്നിട്ടുണ്ട്. കഥാപാത്രത്തിന്റെ ഹാപ്പി, ഡള്‍ മൂഡ് ഏനുസരിച്ച് വസ്‍ത്രത്തിലും നിറത്തിലും ചേര്‍ത്തു.

വസ്‍ത്രാലാങ്കാരത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

അച്ഛന്റെയും അമ്മയുടെയും സ്വദേശം കോട്ടയമാണെങ്കിലും ഞാന്‍ ജനിച്ചത് തിരുവനന്തപുരത്ത് ആണ്. പപ്പ തോമസ് ട്രഷറി ഓഫിസറായിരുന്നു. അമ്മ ചേച്ചമ്മ വിഎസ്എസ്‍സിയിലും. രണ്ടുപേരും ഇപ്പോള്‍ റിട്ടയറായി. സഹോദരന്‍ ടിറ്റൂ സോഫ്റ്റ്‍വെയര്‍ എന്‍ജിനിയറാണ്.

തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തിലായിരുന്നു സ്‍കൂള്‍ പഠനം. മാര്‍ ഇവാനിയോസില്‍ പ്രീഡിഗ്രി. എംജി കോളജില്‍ നിന്ന് ബികോം പാസായ സമയത്ത് കസിനാണ് നിഫ്റ്റിനെ പറ്റി പറയുന്നത്. വരയ്‍ക്കാന്‍ അറിയാവുന്നവര്‍ക്ക് പാസാകാന്‍ കഴിയുന്ന എന്‍ട്രന്‍സ് എന്ന് പറഞ്ഞ് കേട്ടപ്പോള്‍ കൗതുകം തോന്നിയാണ് അപേക്ഷിച്ചത്. അത് കിട്ടിയതോടെ നിറ്റ്വെയര്‍ ഡിസൈനിങ് ആന്റ് ടെക്‌നോളജി കോഴ്‌സിനു ചേര്‍ന്നു. 2004ല്‍ ആണ് നിഫ്റ്റില്‍ നിന്ന് കോഴ്‍സ് പൂര്‍ത്തിയാക്കിയത്. പിന്നീട് ഡല്‍ഹിയില്‍ കുറച്ചുകാലം ഫ്രീലാന്‍സ് ജോലികളുമായി നിന്നു. പിന്നെ അരവിന്ദ് മില്‍സില്‍ ഡിസൈനിങ് മാനേജരായി ഒന്നര വര്‍ഷം ജോലി ചെയ്‍തു. ബോംബെയിലും കുറച്ചുകാലം ജോലി ചെയ്‍ത ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടി സ്‌റ്റൈലിങ് ചെയ്‍തായിരുന്നു നാട്ടില്‍ വസ്‍ത്രാലാങ്കാര മേഖലയിലുള്ള തുടക്കം.

kerala state film awards Best Costume Designer Sakhi Elsa Hey Jude interview

സിനിമയിലെ വസ്‍ത്രാലങ്കാരത്തിലേക്കുള്ള കടന്നുവരവ്?

ചാനലിലെ റിയാലിറ്റി ഷോകള്‍ക്കും ടെലിവിഷന്‍ അവതാരകര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതിനിടെയാണ് സംവിധായകന്‍ ശ്യാമപ്രസാദിനെ  പരിചയപ്പെട്ടത്. ആ പരിചയം 'കേരളാ കഫേ'യിലെ 'ഓഫ് സീസണി'ലേക്ക് കോസ്റ്റിയൂം ചെയ്യാനുള്ള അവസരമായി. 'കേരളാ കഫേ'യ്‍ക്ക് ശേഷം 'ഇലക്ട്ര'. പിന്നെ അരികെ, ആര്‍ട്ടിസ്റ്റ്.  ശ്യാമപ്രസാദിന്റെ സിനിമകള്‍ക്ക് പുറമെ,  'ഒരു നാള്‍ വരും', 'വയലിന്‍', 'സെക്കന്‍ഡ് ഷോ', 'തത്സമയം ഒരു പെണ്‍കുട്ടി', 'മാഡ് ഡാഡ്', 'കളിയച്ഛന്‍', 'ത്രീ ഡോട്ട്‌സ്' തുടങ്ങി കുറേ സിനിമകളുമുണ്ട് കരിയറില്‍.

ടെലിവിഷന്‍ മേഖലയിലെ അനുഭവം സിനിമയില്‍ എത്രത്തോളം സഹായകരമായി ?

ഒത്തിരി സഹായിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ നേരില്‍ കാണുമ്പോഴും സ്‌ക്രീനില്‍ കാണുമ്പോഴും വ്യത്യാസമുണ്ട്. റിയല്‍ കോസ്റ്റ്യൂം ഡിസൈനിംഗില്‍ നിന്ന് ടെലിവിഷന്‍, ബിഗ് സ്‌ക്രീന്‍ ഡിസൈനിംഗ് വ്യത്യസ്‍തമാണ്. റിയല്‍ സൈസും ടെലിവിഷന്‍ സൈസും വ്യത്യാസമുണ്ട്. ടെലിവിഷന്‍ സൈസും ബിഗ് സ്‌ക്രീനും വ്യത്യാസമുണ്ട്. തത്വങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മിനി സ്‌ക്രീനും ബിഗ്‌സ്‌ക്രീനും നേര്‍വിപരീതമാണ്. പശ്ചാത്തലവും അതുപോലെ തന്നെ. അത് കൂടി കണക്കിലെടുത്താണ് വസ്‍ത്രം ഒരുക്കുന്നത്. എന്നാലും ടെലിവിഷന്‍ രംഗത്തെ അനുഭവം സിനിമയില്‍ ഏറെ സഹായിച്ചിട്ടുണ്ട്.

തിരക്കഥ കേട്ടാണോ കോസ്റ്റ്യൂം ഒരുക്കുന്നത്?

ഏറെയും തിരക്കഥ കേട്ടിട്ടാണ് വസ്‍ത്രങ്ങള്‍ ഒരുക്കുന്നത്. ആരൊക്കെയാണ് അഭിനയിക്കുന്നത്, കഥാപാത്രങ്ങളുടെ പൊരുത്തം അവയെല്ലാം കണക്കിലെടുത്താണ് കോസ്റ്റ്യൂം ഒരുക്കുന്നത്.

സിനിമയില്‍ കോസ്റ്റ്യൂം ചെയ്യുമ്പോള്‍ കഥാപാത്രത്തിനാണോ അഭിനേതാവിനാണോ മുന്‍ഗണന നല്‍കുന്നത്?

ഏറ്റവും പ്രാധാന്യം സംവിധായകന്‍ കോസ്റ്റ്യൂം  ഡിസൈനറില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു എന്നതാണ്. സിനിമ കൂട്ടായ്‍മയുടെ ഉല്‍പ്പന്നമാണെങ്കിലും സംവിധായകന്റെ കലയാണ്. ഓരോ സംവിധായകരും വ്യത്യസ്‍തരാണ്. ചിലര്‍ കഥാപാത്രത്തെക്കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളു. ശ്യാമപ്രസാദ് വളരെയേറെ സ്വാതന്ത്ര്യം നല്‍കുന്ന സംവിധായകനാണ്. സ്‌ക്രിപ്റ്റ് നല്‍കി അതിന് അനുസരിച്ച് കോസ്റ്റ്യൂം  ഡിസൈന്‍ ചെയ്യാനാണ് അദ്ദേഹം പറയുക. അങ്ങനെ ചെയ്യുമ്പോള്‍ വളരെ ആസ്വദിച്ച് ജോലി ചെയ്യാന്‍ പറ്റും. പ്രത്യേകതകള്‍ ഉളള കഥാപാത്രമാണെങ്കില്‍, ആ കഥയ്‍ക്കും കഥാപാത്രത്തിനും വേണ്ടത് എന്താണോ എന്നതിനാവും മുന്‍ഗണന നല്‍കുന്നത്.

kerala state film awards Best Costume Designer Sakhi Elsa Hey Jude interview

ഹേ ജൂഡില്‍ നിവിന്റെ കഥാപാത്രം ആസ്പര്‍ഗേഴ്‌സ് സിന്‍ഡ്രോം ഉളളയാളാണ്. അവര്‍ക്ക് അവരുടെ കംഫര്‍ട്ടാണ് പ്രധാനം. നിവിന്റെ കോസ്റ്റ്യൂം ചെയ്യുമ്പോള്‍ ഈ കാര്യം മനസില്‍ സൂക്ഷിച്ചിരുന്നു.

നീന കുറുപ്പിനെ നേരിട്ട് കണ്ടാല്‍ ഒരു രീതിയിലും നിവിന്റെ അമ്മയാണെന്ന് പറയില്ല. നീനയെ അങ്ങനെ കഥാപാത്രത്തിന് വേണ്ടി 'ഡിസ്‍ഫിഗര്‍' ചെയ്യുകയായിരുന്നു.

സിദ്ധിഖ് സാറിന്റെ കഥാപാത്രത്തിന് രണ്ട് ഫ്‌ളക്‌ച്വേഷന്‍സ് ഉണ്ട്. വെളിയില്‍ വളരെ ഗ്രേസ്‍ഫുള്‍ ആയുളള ഷേര്‍ട്ട്‌സ് ഇടുകയും വീട്ടില്‍ വരുമ്പോള്‍ ഏറ്റവും 'ഡള്‍' ആയ, അയേണ്‍ പോലും ചെയ്യാത്തെ ഏറ്റവും പഴയ വസ്‍ത്രം പെറുക്കിയിട്ടു നടക്കുകയും ചെയ്യുന്ന കഥാപാത്രമാണ് സിദ്ധിഖ് സാറിന്റെത്. അതു പോലെ തന്നെയാണ് നീന കുറുപ്പിന്റെ കഥാപാത്രം. നീന കുറുപ്പിനെ നേരിട്ട് കണ്ടാല്‍ ഒരു രീതിയിലും നിവിന്റെ അമ്മയാണെന്ന് പറയില്ല. നീനയെ അങ്ങനെ കഥാപാത്രത്തിന് വേണ്ടി 'ഡിസ്‍ഫിഗര്‍' ചെയ്യുകയായിരുന്നു. നീനയെ സിനിമയുടെ സ്‌ക്രീനിംഗിന് കണ്ടപ്പോള്‍ ഈ നീനയാണോ ആ നീന എന്ന് ആളുകള്‍ ചോദിക്കുന്നുണ്ടായിരുന്നു. അത്രയും മാറ്റം നീനയ്‍ക്ക് ഉണ്ടാക്കി.

കാഴ്‍ചയില്‍ ഭംഗി പകരേണ്ട രീതിയിലാണ് വസ്‍ത്രധാരണമെങ്കില്‍ കഥാപാത്രത്തെ കൂടുതല്‍ സുന്ദരമാക്കാനുളള വഴികളാണ് തേടുക. മറ്റൊരു കാര്യം ആരാണ് അഭിനയിക്കുന്നത് എന്നതാണ്. അഭിനേതാവിന്റെ പ്രത്യേക ശരീര ഭാഷയും പ്രധാനം തന്നെയാണ്. അത് തള്ളിക്കളയാന്‍ കഴിയില്ല. അത് മനസില്‍വെച്ചാണ് വസ്‍ത്രം ഒരുക്കുന്നത്. തൃഷയുടെ ശരീരഘടന അനുസരിച്ച് വസ്‍ത്രം എങ്ങനെ വേണമെങ്കിലും ഒരുക്കാം. സിനിമയുടെ ബജറ്റും പ്രൊഡ്യൂസറുടെ താത്പര്യവും പിന്നെ ക്യാമറാമാനുമായുളള ആശയ വിനിമയവും വസ്‍ത്രാലങ്കാരത്തെ ബാധിക്കാറുണ്ട്. 

ഏത് താരത്തിന് വേണ്ടി ഡിസൈന്‍ ചെയ്യാനാണ് ഏറെ ഇഷ്‍ടം?

അങ്ങനെ ഒരു താരത്തെ പറയാന്‍ കഴിയില്ല. അഭിപ്രായങ്ങള്‍ പറഞ്ഞ് കൂടെ നില്‍ക്കുന്നവരോടൊപ്പം നന്നായി വര്‍ക്ക് ചെയ്യാന്‍ കഴിയും. മംമ്ത, സംവൃത സുനില്‍, ബിജു മേനോന്‍ സാര്‍ ഇവരെല്ലാം ഏറെ കംഫര്‍ട്ടബിള്‍ ആണ്. നയൻതാര, തൃഷ അങ്ങനെ സിനിമയില്‍ മുന്‍പരിചയമുള്ള എല്ലാവരോടും കാര്യങ്ങള്‍ പങ്കുവെച്ച് ചെയ്യാന്‍ എളുപ്പമുള്ളവരാണ്.

വസ്‍ത്രങ്ങള്‍ ഒരുക്കുമ്പോള്‍ താരങ്ങള്‍ അഭിപ്രായം പറയാറുണ്ടോ?

താരങ്ങള്‍ അഭിപ്രായങ്ങള്‍ പറയാറുണ്ട്. എന്നാല്‍, ഇടപെടലുകള്‍ നടത്തുന്നത് കുറവാണ്. രണ്ടാമത്തെ സിനിമയില്‍ തന്നെ നയന്‍താരയ്‍ക്ക് വേണ്ടിയും മനീഷ കൊയ്‍രാളയ്‍ക്ക് വേണ്ടിയും ഡിസൈന്‍ ചെയ്‍തു. സ്വന്തം ടൈലറെ കൊണ്ടുതന്നെ ഡ്രസ് തയ്പ്പിക്കണമെന്ന നിര്‍ബന്ധമേ നയന്‍താരയ്‍ക്കുള്ളൂ. ബാക്കി എല്ലാം ഓക്കെ. 

'ഒരു നാള്‍ വരും' എന്ന ചിത്രത്തില്‍ സമീറ റെഡി ചുരിദാര്‍ അണിഞ്ഞ് കാണാന്‍ ഏറെ ഭംഗിയായിരുന്നു.


 
നിരവധി താരങ്ങള്‍ക്ക് വേണ്ടി വസ്‍ത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സഖി ഡിസൈന്‍ ചെയ്‍ത വസ്‍ത്രങ്ങള്‍ ഏത് അണിഞ്ഞ് കാണാനാണ് ഏറെ ഇഷ്‍ടം?

അങ്ങനെ പറയാന്‍ ഒത്തിരി പേരുണ്ട്. 'ഒരു നാള്‍ വരും' എന്ന ചിത്രത്തില്‍ സമീറ റെഡി ചുരിദാര്‍ അണിഞ്ഞ് കാണാന്‍ ഏറെ ഭംഗിയായിരുന്നു. 'ഇലക്ട്ര' യില്‍ നയന്‍താര ഒരു കറുത്ത ഗൗണ്‍ ഇട്ടപ്പോള്‍ ഏറെ സുന്ദരിയായി തോന്നി. വയലിനില്‍ നിത്യ മേനോന്റെ ഒരു പാട്ടിലെ ഗൗണ്‍ ഏറെ നല്ലതായിരുന്നു. വെള്ളിമൂങ്ങയില്‍ നിക്കി ഗില്‍റാണിയുടെ രണ്ട് ഗൗണുകള്‍. മനീഷ കൊയ്‍രാളയുടെ സ്‌കിന്‍ ടോണ്‍ വളരെ നല്ലതാണ്. സിനിമയില്‍ രണ്ട് സീനുകളില്‍ അവരുടുത്ത വെള്ള, ബെയ്ജ് നിറങ്ങളിലെ സിംപിള്‍ സാരികള്‍ക്ക് ഭംഗിയും എടുപ്പും കൂടിയത് ആ ടോണ്‍ കൊണ്ടാണ്.

kerala state film awards Best Costume Designer Sakhi Elsa Hey Jude interview

ഏത് വേഷവും ഇണങ്ങുന്ന മലയാളത്തിലെ രണ്ടുപേരാണ് ഉണ്ണി മുകുന്ദനും മംമ്ത മോഹന്‍ദാസും. വിരിഞ്ഞ ചുമലും ഇടുങ്ങിയ അരക്കെട്ടുമുള്ള ആണുങ്ങള്‍ക്ക് ഏത് ഡ്രസ് ഇട്ടാലും ഭംഗിയാണ്. അതുപോലെ എന്ത് വസ്‍ത്രം കൊടുത്താലും നന്നായി അണിയുന്നവര്‍ ഉണ്ട്. മംമ്തയ്‍ക്കും തൃഷയ്‍ക്കും നല്ല ഡ്രസിങ് സെന്‍സുണ്ട്. ഏത് ഡ്രസ് കൊടുത്താലും എങ്ങനെ ധരിക്കണമെന്ന് അവര്‍ക്കറിയാം. ഓരോ സാരിയുടെയും ബോര്‍ഡറിന് എത്ര വീതി വേണമെന്നു വരെ അറിയാം. ചിലരുണ്ട്, എത്ര നല്ല ഡ്രസ് കൊടുത്താലും ഇട്ടുവരുമ്പോള്‍ കുളമാകും. പക്ഷേ, എത്ര ന്യൂട്രല്‍ കളര്‍ കൊടുത്താലും മംമ്ത ഇട്ടുവരുമ്പോള്‍ വെട്ടിത്തിളങ്ങും.

ഏറ്റവും തൃപ്‍തി തന്ന സിനിമ ഏതാണ്?

ഇപ്പോള്‍ പറയുമ്പോള്‍ ഹേ ജൂഡാണ് ഏറ്റവും തൃപ്‍തി തന്ന സിനിമ. ഏറെ റിസര്‍ച്ച് ചെയ്‍ത് വസ്‍ത്രമൊരുക്കാന്‍ കഴിഞ്ഞ ചിത്രമാണ്. ഹേ ജൂഡിലെ കഥാപാത്രങ്ങള്‍ക്കായി റിയലിസ്റ്റിക്കായി ഡിസൈന്‍ ചെയ്യാനായി. സ്‌ക്രീനില്‍ റിസള്‍ട്ട് കണ്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. എനിക്ക് തന്നെ കണ്ടിട്ട് സന്തോഷം തോന്നുന്ന ഔട്ട്പുട്ടാണ് ഈ സിനിമയിലൂടെ ലഭിച്ചത്. കളിയച്ഛനും അങ്ങനെ തന്നെ പഠിച്ച് ചെയ്‍ത ചിത്രമാണ്. 'ഇലക്ട്ര'യില്‍ ഒരോ കഥാപാത്രങ്ങളിലെ വസ്ത്രാലങ്കാരത്തിനായി എന്ത് ചെയ്യാം എന്നാണ് നോക്കിയത്.

പഠനം അത്ര ആവശ്യമില്ലാത്ത ചിത്രങ്ങളും ചെയ്‍തിട്ടുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷനാണെങ്കിലും വെള്ളിമൂങ്ങ ആണെങ്കിലും വസ്‍ത്രാലങ്കാരം ഒരുക്കുന്നത് വ്യത്യസ്‍തമാണ്. കാഴ്‍ചയില്‍ ഭംഗി ഒരുക്കേണ്ട ചിത്രങ്ങളാണ് അത്. ഗൗണുകളിലാണ് ഞാന്‍ സാധാരണ പരീക്ഷണങ്ങള്‍ ചെയ്യുന്നത്. വയലിന്‍ എന്ന സിനിമയില്‍ നിത്യാ മേനോന്‍ ഒരു പാട്ടുസീനില്‍ പല നിറങ്ങളിലെ ഗൗണുകള്‍ ഇടുന്നുണ്ട്. വിവാഹ നിശ്ചയ സീനില്‍ ഇടുന്ന ഗോള്‍ഡന്‍ ഗൗണ്‍ തേടി അന്നു വിദേശത്തു നിന്നുവരെ ഫോണ്‍കാളുകള്‍ വന്നിരുന്നു. 'വെള്ളിമൂങ്ങ'യിലെ രണ്ടു ഗൗണും നന്നായി ശ്രദ്ധിക്കപ്പെട്ടു. മറ്റുപല പരീക്ഷണങ്ങളുമുണ്ട്. ആ സിനിമയില്‍ ബിജു മേനോന്റെ രാഷ്‍ട്രീയക്കാരന്‍ ഇടുന്ന ഷര്‍ട്ടുകള്‍ക്ക് ഹൈ ചൈനീസ് കോളറാണ് വച്ചിരുന്നത്. കെഎല്‍ 10 പത്തിനു വേണ്ടി ഹിജാബിലും പല പരീക്ഷണങ്ങളും നടത്തി.

'കട്ടപ്പനയിലെ'അഴകേ...' എന്ന പാട്ടില്‍ പ്രയാഗയിടുന്ന വലിയ അംബ്രല്ലാ പാവാടയുണ്ട്. 12 അടി ചുറ്റളവില്‍ 12 പീസാണ് ആ പാവാടയ്‍ക്കുള്ളത്. പാറ മുഴുവന്‍ മൂടിയിരിക്കുന്ന രീതിയില്‍ വെള്ളത്തിലേക്ക് ഒഴുകിക്കിടക്കുന്ന വലിപ്പത്തിലാണ് അടിയില്‍ തെര്‍മോക്കോള്‍ ഒക്കെ പിടിപ്പിച്ചിരുന്നു. നിവര്‍ത്തിയിട്ട് അലുക്ക് പിടിപ്പിക്കാന്‍ പറ്റിയ മുറി ഇല്ലാത്തതുകൊണ്ട് വാഗമണ്ണില്‍ ഞങ്ങള്‍ താമസിച്ച ഹോട്ടലിന്റെ മുറ്റത്തിട്ട് രാത്രിയിലാണ് വര്‍ക്ക് തീര്‍ത്തത്. 'പാരുടയ മറിയമേ...' എന്ന പാട്ടിനു വേണ്ടി വെള്ളയും ഗോള്‍ഡനും നിറങ്ങളുമുപയോഗിച്ച് മാര്‍ഗം കളിക്കാര്‍ക്കും ചട്ടയും മുണ്ടിലുമൊക്കെ മേക്കോവര്‍ വരുത്തി പരീക്ഷണം നടത്തി.

സ്വയം ധരിക്കാന്‍ ഇഷ്‍ടപ്പെടുന്ന വസ്‍ത്രം?

ഏത് വസ്‍ത്രമാണെങ്കിലും കംഫര്‍ട്ടബിള്‍ ആകുക എന്നതാണ് പ്രധാനം. കംഫര്‍ട്ടബിള്‍ ആയാലേ ജോലിയില്‍ ശ്രദ്ധിക്കാനാവൂ. അതുകൊണ്ട് തന്നെ കാഷ്വല്‍ വസ്‍ത്രങ്ങള്‍ ധരിക്കാനാണ് ഏറെ ഇഷ്‍ടം. പോകുന്ന ഇടങ്ങളില്‍ എന്റെ ചുറ്റുമുളള ആളുകള്‍ക്കും കംഫര്‍ട്ടബിള്‍ ആയ വസ്‍ത്രമാണ്  ഞാന്‍ തെരഞ്ഞെടുക്കുന്നത്. ഫോര്‍മലിനെ പൂര്‍ണമായി ഒഴിവാക്കുന്നില്ല, അത്യാവശ്യം മിനുങ്ങണ്ട സ്ഥലങ്ങളില്‍ മിനുങ്ങിപ്പോകും അല്ലെങ്കില്‍ കാഷ്വല്‍ തന്നെയാണ് നല്ലത്.

 

Follow Us:
Download App:
  • android
  • ios