Asianet News MalayalamAsianet News Malayalam

ലോകം നെഞ്ചേറ്റിയ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരന്‍ സ്റ്റാൻ ലീ അന്തരിച്ചു

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അമേരിക്കന്‍ കോമിക്സ് കഥാകാരന്‍ സ്റ്റാൻ ലീ അന്തരിച്ചു. 95 വയസായിരുന്നു

marvel comics real hero stan lee dies at 95
Author
Los Angeles, First Published Nov 13, 2018, 8:41 AM IST

ലൊസാഞ്ചലസ് : ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അമേരിക്കന്‍ കോമിക്സ് കഥാകാരന്‍ സ്റ്റാൻ ലീ അന്തരിച്ചു. 95 വയസായിരുന്നു. റുമാനിയയിൽ നിന്നു യുഎസിലേക്കു കുടിയേറിയ ജൂതകുടുംബത്തിൽ 1922 ഡിസംബർ 28നാണു ജനിച്ച സ്റ്റാന്‍ ലീയായിരുന്നു മാര്‍വെല്‍ കോമിക്സിലൂടെ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന നിരവധി ആരാധക ഹൃദയം കീഴടക്കിയത്. 

സൂപ്പർഹീറോ കഥാപാത്രങ്ങളിൽ ഡിസി കോമിക്സ് എന്ന കമ്പനിക്കുള്ള മേൽക്കൈ മാർവൽ കോമിക്സ് തകർത്തത് ലീയുടെ സൃഷ്ടികളിലൂടെയായിരുന്നു. സ്പൈഡർമാൻ, അയൺമാൻ, ഹൾക്ക്, തോർ, ഡോക്ടർ സ്ട്രേഞ്ച്, ക്യാപറ്റന്‍ അമേരിക്ക തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് ലോകമൊട്ടാകെ പല പ്രായത്തിലുള്ള ആരാധകരാണുള്ളത്. ഈ കഥാപാത്രങ്ങള്‍ തിരശീലയില്‍ എത്തുമ്പോള്‍ അവര്‍ക്കൊപ്പം ചെറിയ വേഷത്തില്‍ സ്റ്റാന്‍ ലീയുമെത്തിയിരുന്നു. 1939ലാണ് മാര്‍വെല്‍ കോമിക്സ് ആദ്യമായി പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്.

മാര്‍വെല്‍ കോമിക്സുകളെ അടിസ്ഥാനമാക്കി എടുത്ത ചിത്രങ്ങള്‍ വന്‍ ഹിറ്റുകള്‍ ആയിരുന്നു. ബ്ലാക്ക് പാന്തർ എന്ന കഥാപാത്രത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവരുടെ സ്വന്തം സൂപ്പര്‍ ഹീറോയെ നല്‍കാന്‍ ശ്രമിച്ച അതികായനാണ് വിടവാങ്ങുന്നത്. രണ്ടാം ലോക യുദ്ധകാലത്ത് യുഎസ് സേനയിലെ സിഗ്നൽ വിഭാഗത്തിൽ ജോലിക്കു ചേർന്ന ലീ പിന്നീട് പരിശീലന ചിത്രങ്ങൾ തയാറാക്കുന്ന വിഭാഗത്തിലേക്ക് മാറി. യുദ്ധാനന്തരം പല സ്ഥാപനങ്ങളിലും ജോലി നോക്കിയ ശേഷം മാർവൽ കോമിക്സിൽ എത്തുകയായിരുന്നു. പരേതയായ നടി ജോൻ ലീയാണു ഭാര്യ. 

Follow Us:
Download App:
  • android
  • ios