Asianet News MalayalamAsianet News Malayalam

മലയാള സിനിമയില്‍ യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഓടിച്ചതിന്റെ ത്രില്ലില്‍ മോഹന്‍ലാല്‍

mohanlal thrills to be first drove war tank
Author
First Published Mar 27, 2017, 7:53 AM IST

കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടി എന്തു സാഹസവും ചെയ്യാന്‍ മടിക്കാത്തയാളാണ് മോഹന്‍ലാല്‍. ഇത് അദ്ദേഹം നിരവധി തവണ തെളിയിച്ചതുമാണ്. ഇപ്പോഴിതാ, മേജര്‍ രവി സംവിധാനം ചെയ്യുന്ന -1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്' എന്ന സിനിമയില്‍, യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഓടിച്ചാണ് മോഹന്‍ലാല്‍ ചരിത്രം കുറിച്ചത്. മലയാള സിനിമയില്‍ത്തന്നെ ഇതാദ്യമായാണ് യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഒരു നടന്‍ ഓടിക്കുന്നത്. ഒരിക്കല്‍ക്കൂടി മഹാദേവന്‍ എന്ന പട്ടാള ഓഫീസറുടെ വേഷത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. കേണല്‍ മഹാദേവന്‍, 1971ലെ ഇന്തോ-പാക് യുദ്ധത്തില്‍ പങ്കെടുത്ത അച്ഛന്‍ മേജര്‍ സഹദേവന്‍ എന്നീ വേഷങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത്.

സിനിമയില്‍ യുദ്ധ ടാങ്ക് ഓടിച്ചതിന്റെ ആവേശത്തിലാണ് മോഹന്‍ലാല്‍. അതേക്കുറിച്ച് താരം തന്നെ പറയുന്നത് കേള്‍ക്കൂ, 'നമ്മുടെ പ്രേക്ഷകര്‍ സിനിമയില്‍ ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങള്‍ അധികം കണ്ടിട്ടില്ല. എന്നാല്‍ ഈ സിനിമയില്‍ അത്തരം രംഗങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്. ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങളാണ് 1971 ബിയോണ്ട് ബോഡേഴ്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത. പരംവിര്‍ ചക്ര നേടിയ ഹോഷിയാര്‍ സിങ്, അരുണ്‍ ഖെത്രപാല്‍ എന്നിവരുടെ ഏറെ വൈകാരികമായ സൈനിക ജീവിതകഥയാണ് ഈ സിനിമ പറയുന്നത്'.

'സിനിമയ്‌ക്കുവേണ്ടി പലതരത്തിലുള്ള വാഹനങ്ങള്‍ ഓടിക്കുകയും എയര്‍ക്രാഫ്റ്റ്  പറത്തുകയും ചെയ്തിട്ടുണ്ടെങ്കിലും യുദ്ധ ടാങ്ക് ഓടിച്ചത് അവിസ്‌മരണീയമായി തോന്നുന്നു. മലയാളം സിനിമാ ചരിത്രത്തില്‍ മറ്റൊരു നടനും യുദ്ധ ടാങ്ക് ഓടിച്ചിട്ടുണ്ടാകില്ല എന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ ചെയ്യാത്ത ഒരു കാര്യം ആദ്യമായി ചെയ്യുമ്പോള്‍ ഉള്ള ത്രില്‍ പറഞ്ഞറിയിക്കാനാകാത്തതാണ്'- ചെറിയ പുഞ്ചിരിയോടെ മോഹന്‍ലാല്‍ പറഞ്ഞു. ഉത്തരേന്ത്യയിലും, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളിലുമായാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ സമാധാനസേനയുടെ ഭാഗമായി കേണല്‍ മഹാദേവന്‍ ജോര്‍ജിയയില്‍ എത്തുന്ന രംഗങ്ങളാണ് അവിടെ ചിത്രീകരിച്ചത്. ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും.

മലയാള സിനിമയില്‍ തുടര്‍ച്ചയായി മെഗാ ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്ന മോഹന്‍ലാല്‍, ബിഗ് ബജറ്റ് സിനിമകളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റായ പുലിമുരുകന് ശേഷം മൂന്നു വമ്പന്‍ സിനിമകളാണ് മോഹന്‍ലാലിന്റേതായി പുറത്തുവരാന്‍ പോകുന്നത്. അതില്‍ ആദ്യത്തേതാണ് മേജര്‍ രവി ചിത്രമായ 1971 ബിയോണ്ട് ബോഡേഴ്‌സ്. ഇതിനുശേഷം ബി ഉണ്ണികൃഷ്ണ‌ന്റെ വില്ലന്‍, എംടി-ഹരിഹരന്‍ ടീമിന്റെ രണ്ടാമൂഴം എന്നീ സിനിമകളിലും മോഹന്‍ലാല്‍ വേഷമിടും. മലയാളത്തില്‍ ആദ്യമായി 8കെ ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന സിനിമ എന്ന സവിശേഷതയാണ് വില്ലന് ഉള്ളത്. സാങ്കേതികത്തികവില്‍ ബാഹുബലിക്കൊപ്പം നില്‍ക്കുന്ന ചിത്രമായിരിക്കും രണ്ടാമൂഴം എന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios