Asianet News MalayalamAsianet News Malayalam

രണ്ടാമൂഴത്തിലെ ഭീമനാകണമെന്ന് ആദ്യം ആവശ്യപ്പെട്ട ആള്‍- മോഹന്‍‌ലാല്‍ പറയുന്നു

Mohanlal writest about Bhima
Author
Thiruvananthapuram, First Published Apr 22, 2017, 1:13 PM IST

മോഹന്‍‌ലാല്‍ ഭീമനാകുന്ന മഹാഭാരതമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ച. 1000 കോടി രൂപയുടെ ബ‍ജറ്റില്‍ രണ്ടു ഭാഗങ്ങളായി      ശ്രീകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഭീമനാകുന്നതിന്റെ ആവേശം മോഹന്‍ലാല്‍ പുതിയ ബ്ലോഗിലൂടെ പങ്കുവയ്‍ക്കുന്നു. തന്നെ ഭീമനായി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ശില്‍പ്പിയെയും കുറിച്ച് മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.

മോഹൻലാലിന്റെ ബ്ലോഗ്

ഇന്ത്യയിലെ ഒട്ടുമിക്ക കുട്ടികളെയും പോെല മഹാഭാരതത്തിലെയും രാമയണത്തിലെയും കഥകൾ കേട്ടിട്ടാണ് ഞാനും വളർന്നത്. പ്രത്യേകിച്ച മഹാഭാരതത്തിലെ. അതിലെ ഭീമൻ എന്ന കഥാപാത്രം എന്നും കഥകളിൽ നിറഞ്ഞുനിന്നിരുന്നു. ഭീമനും ബകനും തമ്മിലുള്ള യുദ്ധം, കാളവണ്ടി നിറയെ ചോറുമായി വരുന്ന ഭീമൻ, ഭീമന്റെ കരുത്ത്, ഗദയുമായുള്ള നിൽപ്പ്...എപ്പോഴും ഭീമനെക്കുറിച്ച് കേട്ടുകൊണ്ടേയിരുന്നു. അമർചിത്രകഥകളിൽ മറ്റേതൊരു മഹാഭാരത കഥാപാത്രങ്ങളേക്കാൾ പ്രാധാന്യം ഭീമനായിരുന്നു. ഭീമൻ എന്നാൽ കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും വലിയ ശരീരമായിരുന്നു. എത്ര കഴിച്ചാലും മതിവരാത്ത വയറായിരുന്നു. വൃകോദരൻ എന്ന വിളിപ്പേരായിരുന്നു. പാതി ആരാധനയും പാതി പരിഹാസവും നിറഞ്ഞ ജീവിതമായിരുന്നു.

എന്നാൽ എംടി വാസുദേവൻ നായർ രണ്ടാമൂഴം എന്ന നോവൽ എഴുതിയതിന് ശേഷമാണ് പെരുത്ത ശരീരത്തിനപ്പുറം ഭീമന് നനുത്ത ഒരു മനസ്സുണ്ട് എന്ന് ലോകത്തിന് മനസ്സിലായത്. അയാൾക്ക് ദുഃഖങ്ങളും ഏകാകിത്വവും, മോഹങ്ങളും, മോഹഭംഗങ്ങളും കരച്ചിലുകളുമെല്ലാമുണ്ട് എന്ന് ബോധ്യമായത്. എനിയ്ക്കും രണ്ടാമൂഴത്തിന്റെ വായന പകർന്നു തന്ന വലിയ പാഠമിതായിരുന്നു.

രണ്ടാമൂഴം വായിച്ച കാലത്തൊന്നും അതിന്റെ സിനിമാരൂപം എന്റെ മനസ്സിലുണ്ടായിരുന്നില്ല. അഭിനയിക്കാൻ വേണ്ടി കഥാപാത്രങ്ങൾക്കായി പുസ്തകങ്ങൾ വായിക്കുന്ന പതിവ് എനിക്ക് പണ്ടേയില്ല. വായനയുടെ രസത്തിന് വേണ്ടിയാണ് വായന. എന്നാൽ ദശാബ്ദങ്ങൾക്കിപ്പുറം രണ്ടാമൂഴം രണ്ട് ഭാഗങ്ങളുള്ള സിനിമയാവാനുള്ള തീരുമാനം ഉണ്ടാകുകയും എംടി സാർ അതിന്റെ തിരക്കഥ പൂര്‍ണമായും എഴുതി തീരുകയും ചെയ്തിരിക്കുന്നു.

ഭീമനായി എന്റെ പേര്പറഞ്ഞത് മറ്റാരുമല്ല എം.ടി സാർ തന്നെ. അതിൽ ഒരു നടനെന്ന നിലയിൽ ഞാൻ ധന്യനാണ്. അതിലുപരി അദ്ദേഹത്തോട് നന്ദിയുള്ളവനും. ഇന്ന് ഭീമനാകാനുള്ള തയ്യാറെടുപ്പകൾക്ക് മുന്നിൽ നിന്നുകൊണ്ട് ആലോചിക്കുമ്പോൾ എനിയ്ക്ക് അൽപം അത്ഭുതം തോന്നുന്നുണ്ട്. കാരണം ഭീമൻ എന്ന കഥാപാത്രം ജീവിതത്തിന്റെ വലിയൊരു കാലത്തോളം എന്നെ പിന്‍തുടർന്ന് കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഞാൻ അറിയാതെ തന്നെ രണ്ടാമൂഴത്തിലെ ഭീമനേക്കാൾ മുൻപേ ഞാന്‍ എംടി സാറിന്റെ ഭീമനായി 1985ൽ ഇറങ്ങിയ രംഗം എന്ന സിനിമയിലൂടെ. വർഷങ്ങൾക്ക് മുമ്പ് രണ്ടാമൂഴം പുസ്തകമായി ഇറങ്ങിയതിന് ശേഷം ഒരു ശിൽപി എന്റെയടുക്കൽ വന്നു. രണ്ടാമൂഴത്തിലെ ഒരു രംഗം (ഭീമനും ഹിഡുംബിയും) അദ്ദേഹം മരത്തിൽ കൊത്തിയിരുന്നു. അന്ന് അത് എനിക്ക് തരുമ്പോൾ അദ്ദേഹം ആശംസിച്ചു, എന്നെങ്കിലും രണ്ടാമൂഴം സിനിമായാകുകയാണെങ്കിൽ ഭീമനാകാൻ സാധിക്കട്ടെ. അപ്പോൾ പുസ്തകത്തിന്റെ ചലച്ചിത്രരൂപത്തേക്കുറിച്ച് ആരും ആലോചിച്ചിട്ടില്ല. 1999ൽ വാനപ്രസ്ഥത്തിൽ ഭീമനാകാൻ കഴിഞ്ഞു. അത് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം 2003ൽ മലയാളമനോരമയ്ക്ക് വേണ്ടി കഥയാട്ടം എന്ന പരിപാടി ചെയ്തു. മലയാള സാഹിത്യത്തിലെ വലിയ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരമായിരുന്നു അത്. അതിലും ഭീമൻ ഉണ്ടായിരുന്നു. (രണ്ടാമൂഴത്തിലെ) അപ്പോഴും സിനിമ ചർച്ചയിലേ ഇല്ലായിരുന്നു. അതും കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഞാനും മുകേഷും ചേർന്ന് ‘ഛായാമുഖി’ എന്ന നാടകം ചെയ്തു. അതിൽ എന്റെ കഥാപാത്രം ഭീമനായിരുന്നു. ഇപ്പോള്‍ പൂർണമായി ഭീമനാകാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. എംടി സാറിന്റെ പ്രിയപ്പെട്ട വാക്കുതന്നെ കടമെടുക്കട്ടെ ‘സുകൃതം.’

നടനെന്ന നിലയിൽ അടുത്ത രണ്ടുവർഷം എനിക്ക് ഏറെ പ്രധാനവും അധ്വാന ഭരിതവുമാണ്. എംടിയുടെ ഭീമൻ ഒരേസമയം മനസ്സും ശരീരവുമാണ്. അപ്പോൾ രണ്ടിന്റേയും പരിശീലനും ആവശ്യമാണ്. പലതരത്തിലുള്ള യുദ്ധമുറകൾ രണ്ടാമൂഴത്തിലുണ്ട്. ഗദായുദ്ധം മുതല്‍ കാറ്റിന്റെ വേഗത്തിലുള്ള രഥയുദ്ധം വരെ. അപ്പോൾ അതാത് ആയോധനകലകളിലെ വിവിധ ഗുരുക്കന്മാരുടെ കീഴിൽ ഇതെല്ലാം അഭ്യസിക്കേണ്ടി വരും. അടുത്ത ഒന്നോ ഒന്നരയോ വർഷം ഇതിന് വേണ്ടി പല കമിറ്റ്മെന്റുകളിൽ നിന്നും മാറിനിൽക്കേണ്ടി വരും. ഇതെല്ലാം മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്കാരം ആവശ്യപ്പെടുന്ന കാര്യങ്ങളും ത്യാഗങ്ങളുമാണ്. അഭിനയിക്കാൻ പോകുന്ന കഥാപാത്രങ്ങൾക്കായി മനഃപൂർവം  തയ്യാറെടുപ്പുകൾ ഒന്നും ചെയ്യാത്ത എന്നെപ്പോലൊരു നടന് ഇത് ഏറെ പുതുമകളുള്ളതും വെല്ലുവിളികൾ നിറഞ്ഞതുമാണ്.

രണ്ടാമൂഴം ഭാഗ്യത്തിനൊപ്പം ഗുരുത്വത്തിന്റെ കൂടി സമ്മാനമാവും എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്‍ടം മുപ്പത്തിയെട്ട് വര്‍ഷക്കാലത്തോളം ഞാന്‍ അഭിനയിക്കുക എന്ന ജോലി മാത്രമേ ചെയ്‍തിട്ടുള്ളൂ. തെരഞ്ഞെടുപ്പുകളോ മടുപ്പുകളോ ഒന്നുമില്ലാതെ ഞാന്‍ എന്നെക്കൊണ്ടാവും വിധം ജോലി ചെയ്‍തു കൊണ്ടേയിരുന്നു. ഇപ്പോഴും തുടരുന്നു. ചിലപ്പോഴെല്ലാം ഉയര്‍ന്നു, ചിലപ്പോള്‍ വീണു. എല്ലാറ്റില്‍ നിന്നും ഞാന്‍ എന്തെല്ലാമോ പഠിച്ചിട്ടുണ്ട്. അതെന്റെ ഉള്ളിലുണ്ട്. അവയെല്ലാം 'രണ്ടാമൂഴ'ത്തിലെ ഭീമനു വേണ്ടിയിട്ടായിരുന്നു എന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു. അനുഭവജ്ഞാനങ്ങലെല്ലാം ആവശ്യാനുസരണം എന്നില്‍ പ്രവര്‍ത്തിക്കണേ എന്നാണ് പ്രാര്‍ഥന. അതിനാണ് ഗുരുത്വം വേണ്ടത്.

സിനിമ എന്നത് ഒരിക്കലും ഒരാള്‍ക്കു മാത്രം അവകാശപ്പൊവുന്ന കലയല്ല. വിജയത്തിന്റെ കാരണമായാലും പരാജയത്തിന്റെ ഉത്തരവാദിത്തമായാലും. രണ്ടാമൂഴം പോലുള്ള വലിയ ഒരു സിനിമയ്‍ക്ക് ആദ്യം വേണ്ടത് അത് സ്വപ്‍നം കാണാനുള്ള മനസ്സാണ്. ഇതിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ എത്രയോ കാലത്തെ സ്വപ്‍നമാണിത്. പിന്നെ ഇത്തരം വലിയ ഒരു പദ്ധതിക്ക് പണം മുടക്കാനുള്ള ധൈര്യവും സന്നദ്ധതയും കാട്ടിയ ബി ആര്‍ ഷെട്ടി അദ്ദേഹത്തിന്റെ കര്‍മ്മം സിനിമയ്‍ക്കും ഭാഷയ്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. എല്ലാറ്റിലുമുപരി എം ടി സാറിന്റെ തിരക്കഥ എല്ലാറ്റിനു മുന്നിലും എന്റെ പ്രണാമം..

രണ്ടാമൂഴം സംഭവിക്കുമോ ഇല്ലയോ എന്ന ആശങ്കകൾ പങ്കുെവയ്ക്കുന്ന ഒരുപാട് പേരുണ്ട്. എല്ലാ നല്ല കാര്യങ്ങളും സംഭവിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നയാളാണ് ഞാൻ. അതാണ് എനിക്കിഷ്ടം. സംഭവിച്ചാലും ഇല്ലെങ്കിലും ഒരു വലിയ സ്വപ്നത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നതുതന്നെ ആനന്ദകരമാണ്. ലക്ഷ്യത്തേക്കാൾ യാത്രയാണ് എന്നെ രസിപ്പിക്കുന്നത്. ഞാനിപ്പോൾ ആ യാത്രയിലാണ്. എന്നോടൊപ്പം, എപ്പോഴും ഭീമനും.

 

 

Follow Us:
Download App:
  • android
  • ios