Asianet News MalayalamAsianet News Malayalam

ലോകസിനിമയെ മലയാളത്തിലാക്കിയ 'എംസോൺ' ആയിരം സിനിമകൾ പൂർത്തിയാക്കി

ലോകസിനിമകളുടെ ധാരാളം മലയാളം സബ് ടൈറ്റിലുകൾ ഇന്ന് ഇന്‍റർനെറ്റിൽ ഒരു കയ്യെത്തും ദൂരത്തുണ്ട്. പക്ഷേ കുറച്ചുകാലം മുമ്പ് അതല്ലായിരുന്നു അവസ്ഥ. ഇതരഭാഷാ സിനിമകളുടെ മലയാളം സബ് ടൈറ്റിലുകളെ ജനകീയമാക്കിയത് ഒരു ഓൺലൈൻ കൂട്ടായ്മയാണ്, എംസോൺ. 

Msone completes 1000 malayalam subtitles for world films
Author
Thiruvananthapuram, First Published Feb 18, 2019, 4:13 PM IST

തിരുവനന്തപുരം: ഒരുപാട് ലോകസിനിമകളുടെ മലയാളം സബ് ടൈറ്റിലുകൾ ഇന്ന് ഇന്‍റർനെറ്റിൽ ഒരു കയ്യെത്തും ദൂരത്തുണ്ട്. പക്ഷേ കുറച്ചുകാലം മുമ്പ് അതല്ലായിരുന്നു അവസ്ഥ. ഇതരഭാഷാ സിനിമകളുടെ മലയാളം സബ് ടൈറ്റിലുകളെ ജനകീയമാക്കിയത് ഒരു ഓൺലൈൻ കൂട്ടായ്മയാണ്, എംസോൺ. 

അന്താരാഷ്ട്ര സിനിമകൾ ആവേശത്തോടെ തെരഞ്ഞുപിടിച്ച് കാണുമ്പോഴും സബ്‌ടൈറ്റിലുകൾ ഇംഗ്ലീഷിലാകുന്നത് ചില മലയാളികൾക്കെങ്കിലും ആസ്വാദനത്തിന് തടസമാകാറുണ്ട്. ഭാഷയുടെ ഈ കടമ്പ മറികടക്കാൻ പല ഫിലിം സൊസൈറ്റികളും മലയാളം സബ്‌ടൈറ്റിൽ ഉണ്ടാക്കി പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ മലയാളത്തിൽ സംഘടിതമായി ഇത്തരമൊരു ശ്രമം ആദ്യം നടത്തിയത് എംസോൺ കൂട്ടായ്മ ആയിരുന്നു. 

2012 ഒക്ടോബറിൽ മജീദ് മജീദിയുടെ 'ചിൽഡ്രൻ ഓഫ് ഹെവൻ' എന്ന സിനിമയ്ക്ക് മലയാളം സബ്‌ടൈറ്റിൽ ഒരുക്കിയായിരുന്നു തുടക്കം. എംസോണിന്‍റെ തുടക്കകാരായ ശ്രീജിത്ത് പരിപ്പായി, ഗോകുൽ ദിനേശ് എന്നിവരായിരുന്നു ആ ശ്രമത്തിന് പിന്നിൽ. ഏഴ് വർഷം പിന്നിടുമ്പോൾ ആയിരം ഇതരഭാഷാ സിനിമകൾക്ക് മലയാളം പരിഭാഷ ഒരുക്കിയ സന്തോഷത്തിലാണ് എംസോൺ. വിശ്വപ്രശസ്ത ക്ലാസ്സിക്കുകളും തട്ടുപൊളിപ്പൻ ഹിറ്റുകളും പ്രശസ്ത ടെലിവിഷൻ സീരീസുകളുമൊക്കെ എംസോൺ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൽ ഉൾപ്പെടുന്നു. 50 ലോക ഭാഷകളിൽ നിന്നായി 223 പരിഭാഷകരാണ് മലയാളത്തിലേക്ക് ലോകസിനിമകളെ മൊഴിമാറ്റിയത്.

ഫേസ്ബുക്കിലെ ഒരു ചാറ്റ് ഗ്രൂപ്പായി തുടങ്ങിയ എംസോൺ ഓൺലൈൻ കൂട്ടായ്മ ഇപ്പോൾ സ്വന്തം പേജും ആൻഡ്രോയ്ഡ് ആപ്പും വെബ്സൈറ്റുമൊക്കെയുള്ള വലിയ സിനിമാക്കൂട്ടമായി വളർന്നിരിക്കുന്നു. യാതൊരു പ്രതിഫലേച്ഛയുമില്ലാതെ പ്രവർത്തിക്കുന്ന എംസോൺ കൂട്ടായ്മ മറ്റ് ഓൺലൈൻ ഗ്രൂപ്പുകളെപ്പോലെ മീറ്റിംഗുകളൊന്നും സംഘടിപ്പിക്കാറില്ല. പരമാവധി സിനിമ കാണുക, സബ്ടൈറ്റിലുകൾ ഒരുക്കുക, പങ്കിടുക എന്നത് മാത്രമാണ് ലക്ഷ്യം. സിനിമയെന്ന ഒറ്റ വികാരം 26,000ത്തിലേറെ വരുന്ന സിനിമാപ്രേമികളെ ഒരു ചരടിൽ കോർത്തിടുന്നു. എംസോണിൽ നിന്നും തികച്ചും സൗജന്യമായി ആർക്കും ലോകസിനിമയുടെ മലയാളം സബ്ടൈറ്റിലുകൾ ഡൗൺലോഡ് ചെയ്യാം. 

ഓരോ സിനിമയുടെയും സബ്ടൈറ്റിലുകൾ ചെറിയൊരു വിവരണത്തോടെ അവരുടെ ബ്ലോഗ് സൈറ്റിലും ഫേസ്ബുക്ക് പേജിലും  വരുന്ന 'റിലീസ്' പോസ്റ്റ് വഴിയാണ് സിനിമാസ്വാദകരിൽ എത്തിക്കുന്നത്. ജബ്ബാർ പട്ടേലിന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിച്ച് അനശ്വരമാക്കിയ ഡോ അംബേദ്കർ ആണ് എംസോൺ സബ് ടൈറ്റിൽ ഒരുക്കുന്ന ആയിരാമത്തെ ചിത്രം.

Follow Us:
Download App:
  • android
  • ios