Asianet News MalayalamAsianet News Malayalam

സിഗരറ്റ് കൊണ്ട് അവന്‍ എന്‍റെ കാല്‍ പൊളളിച്ചു; ദുരന്ത പ്രണയം തുറന്നുപറഞ്ഞ് പാര്‍വതി

parvathy about her lover on iffk open forum
Author
First Published Dec 12, 2017, 4:13 PM IST

പ്രണയ പങ്കാളി സിഗരറ്റ്​ കൊണ്ട്​ കാൽ പൊള്ളിച്ച ദുരനുഭവം തുറന്നുപറഞ്ഞ്​ നടി പാർവതി. കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിലെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി ദുരന്ത പ്രണയ കാലത്തെ പൊള്ളുന്ന ഒാർമകൾ പങ്കുവെച്ചത്​. സ്‌നേഹമാണെന്ന് തെറ്റിദ്ധരിച്ച് പലപ്പോഴും സ്ത്രീകള്‍ മോശം ബന്ധങ്ങളില്‍ തുടരുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ്​ തനിക്കുണ്ടായ അനുഭവം നടി പറഞ്ഞത്​. സിനിമയിലെ സ്ത്രീകളുടെ ലൈംഗികമായ കാഴ്ച്ചപ്പാട് എന്താണെണന്നും പാർവതി ചോദിച്ചു.  എല്ലാ സിനിമകളിലും ഞാന്‍ കണ്ടിരുന്നത് സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്‍മാരുടെ കാഴ്ച്ചപ്പാടാണ്. അതുകൊണ്ട് തന്നെ താൻ ആഗ്രഹിച്ചതും അത്തരത്തില്‍ കാണുന്ന ഒരു ഭര്‍ത്താവിനെയാണ്. എന്നാല്‍, ഒരു സിനിമയിലും ഒരു സ്ത്രീ ആഗ്രഹിക്കുന്ന പുരുഷന്‍ എന്തെന്ന് കാണിച്ചിട്ടില്ല. 

സാഹിത്യത്തിലൂടെയാണ്  ഒരു സ്ത്രീയുടെ പ്രണയം എന്തെന്ന് തിരിച്ചറിഞ്ഞത്. അവരുടെ സെക്ഷ്വല്‍ ഫാൻറസി എന്താണെന്ന് ഒക്കെ തിരിച്ചറിഞ്ഞത്. സ്ത്രീ പുരുഷ ബന്ധം കാണിക്കുന്ന ഒരു സിനിമയിലും സ്ത്രീയ്ക്ക് പറയാനുള്ളതെന്താണെന്നും അവള്‍ എന്താണ് പുരുഷനില്‍ ആഗ്രഹിക്കുന്നതെന്നും കാണിക്കുന്ന  മനോഹരമായ വീക്ഷണം താൻ കണ്ടിട്ടില്ലെന്നും പാർവതി പറഞ്ഞു. പ്രത്യേകിച്ചും മലയാള സിനിമയില്‍. കൗമരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് അത്തരം കാര്യങ്ങള്‍ ആവശ്യമാണ്. കാരണം ഇതിന്‍റെ കുറവാണ് എന്നെ ചൂഷണം ചെയ്യുന്ന ഒരു ബന്ധത്തില്‍ തുടരാന്‍ എന്നെ നിര്‍ബന്ധിതയാക്കിയത്.

അവന്‍ എ​ന്‍റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്. കാരണം നമ്മുടെ സിനിമകള്‍ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. സ്‌നേഹമുണ്ടെങ്കില്‍ അവളെ നന്നാക്കാന്‍ നേര്‍വഴിക്ക് നടത്താന്‍ പുരുഷന്‍ അടിച്ചിരിക്കും. അത് നമ്മളെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കും.

എ​ന്‍റെ ചിത്രങ്ങള്‍ കണ്ടു വളരുന്ന ഒരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ എ​ന്‍റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തേണ്ടതാണ്.  സാമൂഹ്യമായും സാമ്പത്തികമായുമുള്ള മാറ്റം സിനിമയില്‍ വരണം അത് വരുന്നത് നമ്മുടെ കാഴ്ചപ്പാട് മാറു​മ്പോഴാണ്. ഇനി കാഴ്ചപ്പാട് മാറിയില്ലെങ്കിലും തുല്യമായ രീതിയിലുള്ള ചിത്രീകരണം കൊണ്ട് വരാന്‍ ശ്രമിക്കണം. പാര്‍വതി പറഞ്ഞു

Follow Us:
Download App:
  • android
  • ios