Asianet News MalayalamAsianet News Malayalam

പുലിമുരുകന്‍ 325 തീയേറ്ററുകളില്‍, ആദ്യ ഷോ രാവിലെ എട്ടിന്

Pulimurugan
Author
Thiruvananthapuram, First Published Oct 3, 2016, 3:31 AM IST

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന സിനിമ 325 തീയേറ്ററുകളില്‍ റിലീസ് ചെയ്യും. കേരളത്തില്‍ 160 തീയേറ്ററുകളിലും പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് റിലീസ് ചെയ്യുക. ഒക്ടോബര്‍ ഏഴിനാണ് റിലീസ്. മള്‍ട്ടിപ്ലക്സ് ഒഴികെ പ്രധാന കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്കായിരിക്കും ആദ്യ ഷോ. തെലുങ്കു പതിപ്പ് 300 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനും ആലോചനയുണ്ട്. സിനിമയ്‍ക്കു സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമാലിനി മുഖര്‍ജിയാണ് നായിക.

പുലിമുരുകന്റെ പ്രത്യേകതകള്‍

വന്‍ ബജറ്റിലുള്ള ചിത്രം..

പഴശ്ശിരാജയ്‍ക്കു ശേഷം മലയാളത്തില്‍ നിര്‍മ്മിക്കുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരിക്കും പുലിമുരുകന്‍. 25 കോടി രൂപയാണ് ബജറ്റ്. തോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍..

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് പുലിമുരുകന്റെ പ്രത്യേകത. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സ്റ്റണ്ട് കോറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‍ന്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ബാഹുബലി, ശിവജി, എന്തിരന്‍ തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‍ന്‍ മലയാളത്തിലെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ കൂടുന്നു. പുള്ളിപ്പുലികളുമായുള്ള മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ട്.

ലാലേട്ടന്‍ പുതിയ ലുക്കില്‍..

മലയാളത്തില്‍ ആക്ഷന്‍ രംഗങ്ങളില്‍ ഏറ്റവും ഫ്ലക്സിബളായി അഭിനിയിക്കുന്ന മോഹന്‍ലാല്‍ പുലിമുരുകനില്‍‌ പുതിയ ലുക്കിലാണ് എത്തുന്നത്. ആറു കിലോ തടി കുറച്ചു. വലിയ ശാരീരിക പ്രയത്നങ്ങള്‍ വേണ്ട കഥാപാത്രമായതിനാല്‍ കൃത്യമായ ഡയറ്റിലുമാണ് മോഹന്‍ലാല്‍. മയില്‍വാഹനം എന്നു പേരുള്ള ലോറിയുടെ ഉടമയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പുലിമുരുകന്‍.

പാട്ടിന്റെ പുലിമുരുകന്‍

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ശബ്‍ദത്തിനുടമയായ എസ് ജാനകി പുലിമുരുകനു വേണ്ടി പാടുന്നു. ഗോപി സുന്ദര്‍ ആണ് സംഗീതസംവിധായകന്‍. ജാസി ഗിഫ്റ്റും ശ്രേയാ ഘോഷാലും ചിത്രത്തിനായി ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios