Asianet News MalayalamAsianet News Malayalam

ദക്ഷിണേന്ത്യയിലെ സര്‍വ്വകാല റെക്കോര്‍ഡും സ്വന്തമാക്കി ധനുഷ്-സായി പല്ലവി ടീം കുതിക്കുന്നു

സായി പല്ലവിയുടെ തന്നെ ഫിദയിലെ ‘വച്ചിൻഡെ’എന്നു തുടങ്ങുന്ന ഗാനത്തെ പിന്തള്ളിയാണ് റൗഡി ബേബി ഒന്നാം സ്ഥാനം സ്വന്തമാക്കിയതെന്നത് കൗതുകമായി. 21 കോടിയോളം കാഴ്ചക്കാരുമായാണ് റൗഡി ബേബി ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള വച്ചിന്‍ഡയ്ക്ക് 19 കോടിയോളം കാഴ്ചക്കാരാണ് ഉള്ളത്

sai pallavi dhanush teams Maari 2 song Rowdy Baby beats all south indian records
Author
Chennai, First Published Feb 14, 2019, 8:25 PM IST

ചെന്നൈ: പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നായികയാണ് സായി പല്ലവി. നിഷ്കളങ്കമായ ചിരിയും വിസ്മയ ചുവടുകളും സായി പല്ലവിയെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും താരത്തിളക്കമുള്ള നായികയായി സായി മാറിക്കഴിഞ്ഞു. ധനുഷിനൊപ്പമുള്ള മാരി ടു വിലെ ഡാന്‍സിലൂടെ ഏവരെയും വിസ്മയിപ്പിക്കുകയാണ് സായി. ധനുഷും ആടിത്തകര്‍ത്ത ഗാനങ്ങള്‍ ഏവരും ഏറ്റെടുത്തതോടെ റെക്കോര്‍ഡുകളും കട പുഴകി വീഴുകയാണ്.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ യു ട്യൂബ് ഗാനമെന്ന റെക്കോര്‍ഡും സ്വന്തമാക്കി കുതിക്കുകയാണ് സായി പല്ലവി-ധനുഷ് ടീമിന്‍റെ ചുവടുകള്‍. മാരി ടുവിലെ റൗഡി ബേബി എന്ന ഗാനമാണ് സര്‍വ്വകാല റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് മുന്നേറുന്നത്. സായി പല്ലവിയുടെ തന്നെ ഫിദയിലെ ‘വച്ചിൻഡെ’എന്നു തുടങ്ങുന്ന ഗാനത്തെ പിന്തള്ളിയാണ് റൗഡി ബേബി ഒന്നാം സ്ഥാനം സ്വന്തമാക്കിയതെന്നത് കൗതുകമായി.

21 കോടിയോളം കാഴ്ചക്കാരുമായാണ് റൗഡി ബേബി ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള വച്ചിന്‍ഡയ്ക്ക് 19 കോടിയോളം കാഴ്ചക്കാരാണ് ഉള്ളത്. നേരത്തെ ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനമടക്കം റൗഡി ബേബി സ്വന്തമാക്കിയിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ആദ്യം തന്നെ ഇടം നേടിയ റൗഡി ബേബി ഒരോ മണിക്കൂറിലും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയാണ്. 

യൂട്യൂബില്‍ ജനുവരി രണ്ടാം തിയതി അപ്‍ലോഡ് ചെയ്ത ഗാനം കേവലം ഒന്നര മാസം കൊണ്ടാണ് ഇരുപത് കോടിയെന്ന നാഴികകല്ല് പിന്നിട്ടത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്ന് ആദ്യമായാണ് ഒരു ഗാനം 20 കോടി പിന്നിടുന്നത്.  യുവന്‍ ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതിനൊപ്പം ആലാപനവും നിര്‍വ്വഹിച്ചത് ധനുഷാണ്. ദീയയാണ് പെണ്‍ ശബ്ദം.

സായ് പല്ലവിയും ധനുഷും ചേര്‍ന്നുള്ള ചുവടുകള്‍ തന്നെയാണ് ഗാനത്തെ ശ്രദ്ധേയമാക്കിയത്. സായി പല്ലവിയുടെ ചുവടുകള്‍ വിസ്മയിപ്പിക്കുന്നുവെന്നാണ് ആരാധക പക്ഷം. പ്രഭുദേവയുടെ കൊറിയോഗ്രാഫി കൂടിയായതോടെ ഗാനരംഗം അതിമനോഹരമായി.

നേരത്തെ ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഗാനങ്ങളില്‍ ഏറ്റവുമധികം കാ‍ഴ്ചക്കാരുണ്ടായിരുന്നത് ധനുഷിന്‍റെ വൈ ദിസ് കൊലവെറി പാട്ടിനായിരുന്നു. 18 കോടിയോളം കാഴ്ച്ചക്കാരുള്ള കൊലവറി പാട്ടിനെ പിന്തള്ളിയായിരുന്നു സായിയുടെ വച്ചിന്‍ഡ ഒന്നാം സ്ഥാനത്തെത്തിയത്. സായി പല്ലവിയുടെ മനോഹരമായ ചുവടുകള്‍ തന്നെയായിരുന്നു ഗാനത്തിന്‍റെ ഹൈലൈറ്റ്. ശക്തികാന്ത് കാർത്തിക്ക് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയും ചേർന്നാണ്.

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം കാഴ്ചക്കാരെ നേടിയ നാലാമത്തെ ഗാനം ബാഹുബലിയിലെ 'സഹോര' യാണ്. 14 കോടിയോളം കാഴ്ചക്കാരാണുള്ളത്. മലയാളത്തില്‍ നിന്നും 10 കോടിയോളം കാഴ്ചക്കാരുള്ള ഏക ഗാനം മോഹന്‍ലാല്‍-ലാല്‍ജോസ് ടീമിന്‍റെ വെളിപാടിന്‍റെ പുസ്തകത്തിലെ ജിമിക്കി കമ്മലാണ്.

Follow Us:
Download App:
  • android
  • ios