Asianet News MalayalamAsianet News Malayalam

'ഒറ്റക്കാര്യത്തിലേ സര്‍ക്കാരിന് സെങ്കോലുമായി സാമ്യമുള്ളൂ'; മുരുഗദോസ് വ്യക്തമാക്കുന്നു

"സര്‍ക്കാരിന്റെ തിരക്കഥയില്‍ തമിഴ്‌നാടിന്റെ സമകാലിക രാഷ്ട്രീയം കടന്നുവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ മരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍. അത്തരമൊരു കഥ എങ്ങനെയാണ് 2007ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കഥയുടെ പകര്‍പ്പാവുന്നത്? "

sarkar and sengol have only one thing in common says murugadoss
Author
Thiruvananthapuram, First Published Oct 27, 2018, 11:37 PM IST

വിജയ്‌യെ നായകനാക്കി താന്‍ സംവിധാനം ചെയ്ത സര്‍ക്കാര്‍, 2007ല്‍ പുറത്തിറങ്ങിയ സെങ്കോല്‍ എന്ന ചിത്രത്തിന്റെ പകര്‍പ്പാണെന്ന ആരോപണത്തോട് എ ആര്‍ മുരുഗദോസിന്റെ പ്രതികരണം. സെങ്കോല്‍ തിരക്കഥാകൃത്തിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്റെ നിലപാട് തീര്‍ത്തും ഏകപക്ഷീയമായിപ്പോയെന്ന് മുരുഗദോസ് ആരോപിക്കുന്നു. വിജയ് നായകനാവുന്ന സിനിമകള്‍ വരുമ്പോഴാണ് എല്ലായ്‌പ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുള്ളതെന്നും. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മുരുഗദോസിന്റെ പ്രതികരണം.

സര്‍ക്കാര്‍ വിവാദത്തില്‍ മുരുഗദോസിന്റെ പ്രതികരണം

"സര്‍ക്കാരിന്റെ പൂര്‍ണമായ തിരക്കഥ റൈറ്റേഴ്‌സ് അസോസിയേഷന്‍ വായിച്ചുനോക്കിയിട്ടില്ല. മറിച്ച് സംഗ്രഹം (സിനോപ്‌സിസ്) മാത്രമാണ് അവര്‍ വായിച്ചിരിക്കുന്നത്. എത്രയോ സിനിമകള്‍ക്ക് ഒരേ സിനോപ്‌സിസ് ഉണ്ടാവും? എന്നുകരുതി ആ സിനിമകളോ അതിന്റെ കഥകളോ ഒക്കെ ഒരുപോലെയാണോ? മുഴുവന്‍ തിരക്കഥ വായിക്കാത്തതിനാല്‍ സിനിമ കണ്ടുനോക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടതാണ്. അതും അവര്‍ ചെവിക്കൊണ്ടില്ല. അവര്‍ സെങ്കോലിന്റെ പൂര്‍ണ തിരക്കഥ വായിച്ചു. സര്‍ക്കാരിന്റെ സിനോപ്‌സിസും. 

സര്‍ക്കാരിന്റെ തിരക്കഥയില്‍ തമിഴ്‌നാടിന്റെ സമകാലിക രാഷ്ട്രീയം കടന്നുവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ മരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍. അത്തരമൊരു കഥ എങ്ങനെയാണ് 2007ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കഥയുടെ പകര്‍പ്പാവുന്നത്? 

ഒരൊറ്റ കാര്യത്തിലേ സര്‍ക്കാരിന് സെങ്കോലുമായി സാമ്യമുള്ളൂ. അത് പൗരന്റെ വോട്ട് ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു എന്ന വിഷയത്തിലാണ്. ഈയൊരു കാര്യം വച്ച് സിനിമയുടെ മുഴുവന്‍ കഥയിലും സാമ്യം ആരോപിക്കാമോ? റൈറ്റേഴ്‌സ് അസോസിയേഷനില്‍ ബഹുഭൂരിപക്ഷവും രണ്ട് സിനിമകളും വ്യത്യസ്മാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നിരിക്കില്‍ സംഘടനയുടെ പ്രസിഡന്റ് ഭാഗ്യരാജ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത് എന്നെ അത്ഭുതപ്പെടുത്തി. 

ഈ ആരോപണം എന്നെ വിഷാദത്തിലാക്കി. എന്റെ സഹായികളുമൊത്ത് ഞാന്‍ തന്നെ എഴുതി പൂര്‍ത്തിയാക്കിയതാണ് സര്‍ക്കാരിന്റെ തിരക്കഥ. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ പലപ്പോഴും ഇരുന്നെഴുതിയിട്ടുണ്ട്. വരുണ്‍ എന്നയാളെ ഇതുവരെ കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ല."

sarkar and sengol have only one thing in common says murugadoss

തിരക്കഥാകൃത്തും സഹസംവിധായകനുമായ വരുണ്‍ രാജേന്ദ്രനാണ് സര്‍ക്കാര്‍ സംവിധായകന്‍ എ ആര്‍ മുരുഗദോസിനെതിരേ കോപ്പിയടി ആരോപണവുമായി എത്തിയത്. താന്‍ രചന നിര്‍വ്വഹിച്ച് 2007ല്‍ പുറത്തെത്തിയ 'സെങ്കോല്‍' എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് മുരുഗദോസ് 'സര്‍ക്കാര്‍' സംവിധാനം ചെയ്തത് എന്നായിരുന്നു വരുണ്‍ രാജേന്ദ്രന്റെ ആരോപണം. 'സര്‍ക്കാര്‍' നിരോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച വരുണ്‍ സെങ്കോലിന്റെ കഥ 2007ല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും അവകാശപ്പെട്ടു. സര്‍ക്കാരിന്റെ കഥയ്ക്ക് സെങ്കോലിന്റെ തിരക്കഥയുമായി സാമ്യമുണ്ടെന്നാണ് അസോസിയേഷന്റെ കണ്ടെത്തല്‍. വരുണ്‍ അവകാശപ്പെട്ടതുപോലെ സെങ്കോലിന്റെ കഥ 2007ല്‍ തങ്ങളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും അസോസിയേഷന്‍ പ്രസിഡന്റ് കെ.ഭാഗ്യരാജ് ഒപ്പിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച കേസ് മദ്രാസ് ഹൈക്കോടതി 30ന് പരിഗണിക്കും. 

Follow Us:
Download App:
  • android
  • ios