Asianet News MalayalamAsianet News Malayalam

നീ പോ മോനേ ദിനേശാ - ആ ഹിറ്റു ഡയലോഗ് പിറന്ന കഥ!

Shaji Kailas reveals the story behind Po Mone Dinesha
Author
Thiruvananthapuram, First Published May 12, 2016, 8:24 AM IST

മോഹന്‍ലാലിന്റെ മെഗാഹിറ്റ് സിനിമയായ നരസിംഹത്തിലെ ഏറെ പ്രശസ്‍തമായ ഡയലോഗ് ആണ് 'നീ പോ മോനേ ദിനേശാ' എന്നത്. സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ പൂവള്ളി ഇന്ദുചൂഡന്‍ പലപ്പോഴും പറയുന്ന ഡയലോഗ് ആയിരുന്നു അത്. സിനിമയിറങ്ങിയ കാലത്ത് ആരാധകരും  ഈ ഡയലോഗ് ഏറ്റുപറഞ്ഞു. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാനും ആ ഡയലോഗ് തന്നെയാണ് മലയാളികള്‍ ഉപയോഗിച്ചിരിക്കുന്നത്. കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിയെ 'പോ മോനെ മോദി' എന്ന ഹാഷ് ടാഗുമായാണ് മലയാളികള്‍ ഫേസ്ബുക്കില്‍ വിമര്‍ശിക്കുന്നത്. എന്തായാലും, പോ മോനേ ദിനേശാ എന്ന ഹിറ്റ് ഡയലോഗിന്റെ പിറവിക്ക് പിന്നിലെ കഥയാണ് ഇവിടെ പറയുന്നത്. ആ ഡയലോഗ് സിനിമയില്‍ വന്നതെങ്ങനെയെന്ന് സംവിധായകന്‍ ഷാജി കൈലാസ് തന്നെ വെളിപ്പെടുത്തുന്നു.

കോഴിക്കോട് ക്ലബില്‍ നിന്നാണ് ആ ഡയലോഗ് കിട്ടുന്നത്. കോഴിക്കോട്ട് ഉള്ളപ്പോള്‍ ഒഴിവു സമയങ്ങളില്‍ ഞാനും രഞ്ജിത്തും കൂടി അവിടെ പോകും. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. അങ്ങനെ പോയപ്പോഴാണ് അവിടെ വച്ചൊരാളെ പരിചയപ്പെടുന്നത്. അയാള്‍ എല്ലാവരേയും ദിനേശാ എന്നാണ് വിളിക്കുന്നത്. ദിനേശാ ഇങ്ങ് വാ.. അതിങ്ങെട് മോനേ ദിനേശാ.. പുള്ളിക്കെല്ലാവരും ദിനേശന്‍മാരാണ്. കേട്ടപ്പോള്‍ അതൊന്നു പരിഷ്‍കരിച്ച് സിനിമയില്‍ ഉപയോഗിച്ചാല്‍ നല്ലതായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് നരസിംഹത്തിലെ ഇന്ദുചൂഡന്റെ ട്രേഡ് മാര്‍ക്കാവുന്നത്- ഷാജി കൈലാസ് പറയുന്നു.

ചിത്രത്തില്‍ ഒരിക്കല്‍ മാത്രം പറയുന്ന, എന്നാല്‍ ശ്രദ്ധിക്കപ്പെട്ട ഒരു ഡയലോഗ് ആണ് വാകസ്‍തേ.  ഈ ഡയലോഗ് വന്നത് എങ്ങനെയാണെന്നും ഷാജി കൈലാസ്  പറയുന്നു. - നരസിംഹത്തിന്റെ ഷൂട്ടിംഗ് സമയത്ത് മലപ്പുറത്തുനിന്ന് മോഹന്‍ലാലിന്റെ കടുത്ത ആരാധകരായ കുറച്ച് പയ്യന്‍മാര്‍ വന്നു. ഞാന്‍ സീനിന്റെ ഇടയ്‍ക്ക് പുറത്തേയ്‍ക്ക് ഇറങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു, അവര്‍ക്ക് ഒരാഗ്രഹമുണ്ടെന്ന്, സാധാരണ മോഹന്‍ലാലിന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയാണ് ഇങ്ങനെ വരുന്നവരുടെ ആഗ്രഹം. എന്നാല്‍ അവരുടെ ആഗ്രഹം രസകരമായിരുന്നു. ലാലേട്ടനെ കൊണ്ട് വാകസ്‍തേ എന്ന് സിനിമയില്‍ എവിടെയെങ്കിലും പറയിപ്പിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. എന്താണ് സംഗതിയെന്ന് ചോദിച്ചപ്പോള്‍ ഇത് ഞങ്ങളുടെ ഒരാഗ്രഹമാണ്, ചെയ്യിക്കണമെന്ന് അവര്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. സംഗതി കേട്ടപ്പോള്‍ വലിയ കുഴപ്പമില്ല എന്നു എനിക്കും തോന്നി. രസമൊക്കെയുണ്ട്. ഞാന്‍ മോഹന്‍‌ലാലിനോട് സംഭവം പറഞ്ഞു. ഇങ്ങനെയൊരു ഡയലോഗ് എവിടെയെങ്കിലും ഉപയോഗിക്കണമെന്ന്. കേട്ടപ്പോള്‍ മോഹന്‍ലാലിനും കൗതുകമായി. സ്‍ഫടികം ജോര്‍ജ്ജിനെ നോക്കി വിരല്‍ ചൂണ്ടി മോഹന്‍ലാല്‍ വാകസ്‍തേ എന്നു വളരെ പതിയെ എന്നാല്‍ പവ്വര്‍ ഫുള്ളായി പറഞ്ഞു. അതാണ് മോഹന്‍ലാല്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഇംപാക്ട് ആയിരിക്കും ഇത്തരം സിറ്റുവേഷനുകളില്‍ തരിക. ഇതാണ് മോഹന്‍ലാല്‍ എന്ന നടന്റെ മികവും. എന്തായാലും തിയേറ്ററുകളില്‍  കിട്ടിയ അത്ര വലുതായിരുന്നു. ഇന്നും നരസിംഹത്തില് ആ സീന്‍ കാണുമ്പോള്‍ ഞാനാ ദിവസം ഓര്‍ക്കും.

courtesy - Vellinakshatram

Follow Us:
Download App:
  • android
  • ios