Asianet News MalayalamAsianet News Malayalam

കള്‍ട്ട് സംവിധായകന്‍ അഥവാ പെല്ലിശ്ശേരിയിലെ പൈഡ് പൈപ്പര്‍!

Sharon Rani on Lijo Jose Pallissery
Author
Thiruvananthapuram, First Published Mar 6, 2017, 7:08 AM IST

Sharon Rani on Lijo Jose Pallissery

ദി പൈഡ് പൈപ്പര്‍ ഓഫ് പെല്ലിശേരി. ആ 'കട്ട ലോക്കല്‍ ഡയറി' കണ്ടശേഷം, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചാലോചിക്കുമ്പോള്‍, മനസ്സില്‍ വരുന്നത് ഈ ടാഗ്‌ലൈന്‍ മാത്രമാണ്. 'കട്ട ലോക്കല്‍' എന്ന് സ്വന്തം സിനിമയ്ക്ക് ടാഗ്‌ലൈന്‍ പണിത സംവിധായകന്‍ സ്വയം തീര്‍ക്കുന്ന ടാഗ്‌ലൈന്‍. നാട്ടുനടപ്പുകള്‍ വെടിഞ്ഞുണ്ടാക്കിയ സ്വന്തം സിനിമാ ഇടങ്ങളിലേക്ക്, ആളുകളെ വിളിച്ചുകൊണ്ടുപോവുന്ന കുഴലൂത്തുകാരന്‍! തന്റെ വഴിയെക്കുറിച്ച് നല്ല ഉറപ്പാണ് ഇയാള്‍ക്ക്. ആരെന്തു പറഞ്ഞാലും, ആ വഴിയിലേക്ക് ആളുകളെ വിളിച്ചു കൊണ്ടുപോവാനാവുമെന്ന പൈഡ് പൈപ്പറുടെ ഉറപ്പ്. 

സംശയമുള്ളവര്‍ ഡബിള്‍ ബാരല്‍ കാലത്തിലേക്ക് വരൂ. ബോക്‌സ് ഓഫീസില്‍ തകര്‍ന്ന 'ഡബിള്‍ ബാരലിന്' ശേഷം രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു സിനിമക്കെതിരെ. 

അതിനുള്ള സംവിധായകന്റെ മറുപടി ഇതായിരുന്നു,'മാറാന്‍ ഞാന്‍ തയാറല്ല'.

അത് നന്നായി. അതിനാല്‍, ഈ കട്ട ലോക്കല്‍ ഡയറി സംഭവിച്ചു. 

കാഴ്ചക്കാര്‍ക്ക് വേണ്ടി മാറാന്‍ തയ്യാറാകാതിരിക്കുകയും, ട്രെന്‍ഡുകള്‍ക്കു പിന്നാലെ പായാതിരിക്കുകയും സ്വന്തം കലയില്‍ ആത്മവിശ്വാസത്തോടെ നിലനില്‍ക്കുകയും ചെയ്യുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. വിഷ്വലുകളും സംഗീതം പോലും തന്റെ കയ്യൊപ്പോടെ മാത്രം കാണികള്‍ക്കു മുന്നില്‍ എത്തിക്കാന്‍ വിരലില്‍ എണ്ണാവുന്ന സംവിധായകരെ മലയാളത്തിലുള്ളൂ. ഇപ്പോള്‍ അങ്കമാലി ഡയറീസ് എന്ന സിനിമയുമായി ഒരു കൈവിട്ട കളിക്ക് അങ്കം കുറിക്കുകയാണ് ലിജോ.

Sharon Rani on Lijo Jose Pallissery

അങ്കമാലി ഡയറീസ് അമ്പരപ്പിച്ചു . ഒന്നും രണ്ടുമല്ല എണ്‍പത്തിയാറ് പുതുമുഖങ്ങള്‍

എണ്‍പത്തിയാറ് പുതുമുഖങ്ങള്‍!
കമ്മട്ടിപ്പാടം കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യമുണ്ടായിരുന്നു. എന്തിനായിരുന്നു ഇത്രയും ശക്തമായ ഒരു കഥാതന്തുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ? രാജീവ് രവി ഒരു ഇന്റര്‍വ്യൂവില്‍ ഇങ്ങനെ പറയുന്നു 'മൂന്ന് ചിത്രങ്ങളില്‍ കമ്മട്ടിപ്പാടത്തിനാണ് കൂടുതല്‍ സ്വീകാര്യത കിട്ടിയത്. ദുല്‍ഖര്‍ സല്‍മാനെ കണ്ട് ആളുകള്‍ തിയറ്ററുകളിലേക്ക് കയറി. സിനിമ കണ്ട് തുടങ്ങിയപ്പോള്‍ മറ്റൊരു രീതിയില്‍ കമ്മട്ടിപ്പാടത്തെ റീഡ് ചെയ്തുതുടങ്ങി. അത് സന്തോഷിപ്പിക്കുന്ന കാര്യമാണ്'. 

ഒരു പക്ഷേ ഒരു താരത്തിന്റെ യഥാര്‍ത്ഥമൂല്യം സമൂഹത്തിന് പ്രയോജനപ്പെടുന്നത് ഇത്തരം നല്ല സിനിമകളെ തന്റെ സ്റ്റാര്‍ഡം കൊണ്ട് സഹായിക്കുമ്പോഴാണ്. എന്നാല്‍ അത്തരമൊരു ഇന്‍ഷുറന്‍സ് പോളിസി പോലും എടുക്കാന്‍ തയ്യാറാവാതെ അങ്കമാലി ഡയറീസ് അമ്പരപ്പിച്ചു . ഒന്നും രണ്ടുമല്ല എണ്‍പത്തിയാറ് പുതുമുഖങ്ങള്‍. അതിനു അസാമാന്യ ധൈര്യം വേണം. ഇന്ന് മലയാള സിനിമയില്‍ അത്തരത്തില്‍ ധൈര്യമുള്ള സംവിധായകരിലൊരാള്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്.'കട്ട ലോക്കല്‍' എന്നതാണ് സിനിമയുടെ ടാഗ്‌ലൈന്‍.അമ്പരപ്പിക്കുന്ന റിയലിസം കൊണ്ട് ആ ടാഗ്‌ലൈനിനെ സിനിമ അന്വര്‍ത്ഥമാക്കുന്നു. 

ആമേന്‍ ഒരു ലോക്കല്‍ സിനിമയായിരുന്നു. ഒരു ചെറിയ ദേശവും അവിടുത്തെ മനുഷ്യരുടെയും ഒരു സ്വപ്ന ലോക്കല്‍ സിനിമ. ഈ മാര്‍ച്ചില്‍ ആമേന്‍ ഇറങ്ങിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ തികയും. അതിനിടയില്‍ കേരളവും ഹൈപ്പര്‍ ലോക്കലായി. ചൈനീസ് ഫാസ്റ്റ് ഫുഡിനെയും ഫ്രൈഡ് റൈസിനെയുമൊക്കെ തൂത്തെറിഞ്ഞ് തനിനാടന്‍ ഊണും മീന്‍കറിയും ബീഫ് ഉലത്തിയതും ട്രെന്റാവുന്ന ഈ കട്ട ലോക്കല്‍ സീനിലേക്കാണ് അങ്കമാലി പോര്‍ക്ക് കൂര്‍ക്കയും 86 ലോക്കല്‍സുമായി പെല്ലിശ്ശേരിയിലെ പൈഡ് പൈപ്പര്‍ എത്തുന്നത്. 

ജീവിതവും പോരാട്ടവും താളമേളങ്ങളും, ഭക്ഷണശീലങ്ങളും,പ്രണയവും പ്രതികാരവുമൊക്കെ ചേര്‍ന്നൊരു പന്നിമലത്ത്.

പോര്‍ക്ക് രുചിക്കുന്ന അങ്കമാലി മൂഡ്
ആള്‍ബാഹുല്യം കൊണ്ട് പാളാവുന്ന ഒരു കഥയെ ഒരിടത്ത് പോലും തെന്നിപ്പോകാതെ കെട്ടുറപ്പോടെ പിടിച്ച് നിര്‍ത്തിയ ചെമ്പന്‍ വിനോദ് എന്ന എഴുത്തുകാരന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. നടന്‍ എന്ന നിലയും കവിഞ്ഞു എഴുത്തുകാരന്‍ എന്ന കുപ്പായമിട്ട ചെമ്പന്‍ ഞെട്ടിച്ചു. പെപ്പെ എന്ന കഥാപാത്രത്തിന്റെ നരേറ്റിവിലൂടെയാണ് കഥയുടെ ഒഴുക്ക്.പെപ്പെയുടെ നായികമാരായി വരുന്നത് മൂന്നു പേരാണ് .ആമേനില്‍ പരിശുദ്ധ പ്രണയം പറഞ്ഞ ലിജോ അങ്കമാലി ഡയറീസില്‍ പക്ഷെ റിയലിസ്റ്റിക്കാണ്. ഏറ്റവും നാച്ചുറല്‍ ആയ മൂന്നു സ്ത്രീ രൂപങ്ങള്‍.സാധാരണ കണ്ടു വരുന്ന നായികമാരുടെ രൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തം.ഏതോ അന്യ ഗ്രഹത്തില്‍ നിന്നും വന്നത് പോലെയുള്ള വേഷം കെട്ടലുകളില്‍ സ്ത്രീ ഉടലുകളെ ഇതില്‍ കാണാനാവില്ല .

എടുത്ത് പറയേണ്ടത് ഇതിന്റെ ബി ജി സ്‌കോറാണ്, പോര്‍ക്ക് രുചിക്കുന്ന അങ്കമാലി മൂഡ്.  ലിജോയുടെ എല്ലാ ചിത്രങ്ങളിലും ഒരു പഴയ സാര്‍വ്വദേശീയ സംഗീതബോധത്തിന്റെ ലോക്കല്‍ പ്രകാശനങ്ങളാണ്. നാമെല്ലാം കൊണ്ട് നടക്കുന്ന, ആരോടും പറയാത്ത തോന്നലുകള്‍ പോലുള്ള, കട്ടക്ക് അസ്ഥിക്ക് പിടിക്കുന്ന സംഗീതവുമായാണ്  പ്രശാന്ത് പിള്ള എത്തുന്നത്. അങ്കമാലി പ്രാഞ്ചിയുടെ നടന്‍ പാട്ടും, പഴയ  ഹിറ്റ് തമിഴ് സിനിമാ ഗാനങ്ങളുടെ താളങ്ങളും, ബാന്റുമേളവുമെല്ലാം  സിനിമയെ സ്‌റ്റൈലൈസ് ചെയുന്നു. സിനിമ ശബ്ദമുഖരിതമാണ്. ഒരിടത്ത് പോലും പക്ഷെ അത് ശബ്ദമലിനീകരണത്തിന്റെ തലത്തില്‍ എത്താതെ ശ്രദ്ധിച്ചിരുന്നു. അങ്കമാലിക്കാരല്ലാത്ത ഒരാള്‍ക്ക് പക്ഷെ ഇതിലെ സംഭാഷണങ്ങള്‍ മനസിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും.വളരെ മ്യൂസിക്കലും ചടുലവുമാണ്  ഇതിന്റെ എഡിറ്റിംഗ്. ഷമീര്‍ മുഹമ്മദ് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

Sharon Rani on Lijo Jose Pallissery

'അങ്കമാലി ഡയറീസില്‍' പെപ്പെ നഗ്‌നനാണ് . നിങ്ങളെയും എന്നെയും പോലെ ഒരുവന്‍.   

ആണ്‍കഥയിലെ പെണ്ണുങ്ങള്‍
ആന്റണി വര്‍ഗീസിന്റെ പേപ്പെയെ ഹീറോ എന്ന് വിളിക്കുന്നതില്‍ ഔചിത്യമില്ല . കേന്ദ്രകഥാപാത്രം അഥവാ 'പ്രോട്ടഗോണിസ്‌റ്' എന്ന് വിളിക്കുന്നതാവും ഉചിതം. യാതൊരു വിധ ഹീറോയിസവും പെപ്പെ കാണിക്കുന്നില്ല. സംഘട്ടനങ്ങള്‍ക്കൊടുവില്‍ പലപ്പോഴും മുണ്ടില്ലാതെ നില്‍ക്കുന്ന നായകന്‍ പേപ്പെയെയാണ് നമ്മള്‍ കാണുന്നത്, നഗ്‌നനായ രാജാവിനെപ്പോലെ. രാജാവ് നഗ്‌നനാകുമ്പോള്‍ അയാള്‍ രാജാവല്ലാതെയാകുന്നു. ഉടുതുണി നഷ്ടപെട്ട ഹീറോ അമൂര്‍ത്തനാണ് .മുണ്ടുപറിച്ചടുക്കുന്ന 'ആടുതോമ'കളെയാണ് മലയാള സിനിമ കണ്ടു ശീലിച്ചത് .അവിടേക്കാണ് മുണ്ടു പറിഞ്ഞു പോയ മഹേഷ് വരുന്നത്( മഹേഷിന്റെ പ്രതികാരം ) .പക്ഷെ ക്‌ളൈമാക്‌സില്‍ പ്രതികാരം ചെയ്തു  എന്നെയും നിങ്ങളെയും  മഹേഷ്  തൃപ്തിപ്പെടുത്തുന്നുണ്ട്. എന്നാല്‍ 'അങ്കമാലി ഡയറീസില്‍' പെപ്പെ നഗ്‌നനാണ് . നിങ്ങളെയും എന്നെയും പോലെ ഒരുവന്‍.   

പെപ്പയോടൊപ്പം നില്‍ക്കുന്ന പലപ്പോഴും അതുക്കും മേലെ എത്തി നില്‍ക്കുന്ന രാജനും രവിയും എന്ന വില്ലന്മാര്‍ .സൂപ്പര്‍ ഹീറോയായ നായകനെയോ , അടിമുടി തിന്മയില്‍ കുളിച്ച് നില്‍ക്കുന്ന വില്ലനെയോ മസാല പുരട്ടിയ നായികയെയോ ഈ സിനിമയില്‍ തേടേണ്ടതില്ല .അങ്കമാലി ഡയറീസ് ഒരു ആണ്‍കഥ തന്നെയാണ്. ഈ ആണ്‍കഥകളുടെ കൈലി മടക്കി കുത്തലില്‍ വിറച്ചുനില്‍ക്കുന്നവരല്ല അങ്കമാലീലെ പെണ്ണുങ്ങള്‍. എല്ലാവരും സാധാരണമായ സാഹചര്യങ്ങളിലെ ട്വിസ്റ്റുകളില്‍, ഈ ആകാശത്തിന്റെ പകുതി തങ്ങളുടേതു തന്നെയാണെന്ന് ആരെയും കൂസാതെ പറയുന്നവരാണ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍. 'ലിച്ചി' നല്ല ലിച്ചിജ്യൂസ് പോലെ മധുരവും നട്ടെല്ലുമുള്ള നായിക. പെപ്പെയുടെ പെങ്ങളായി വരുന്ന നടിയെ പറ്റി എടുത്ത് പറയേണ്ടതുണ്ട്. അതിജീവനത്തിനായി പൊരുതുന്ന എണ്‍പത്തിയാറു പുതുമുഖങ്ങളായല്ല,  പരിചയക്കാരായാണ് അവര്‍ എത്തുന്നത്. ഒരു ഹിച്ച്‌കോക്കിയന്‍ ഇടപെടലിലൂടെ അവരെ നമ്മുടെയാളുകളാക്കുന്നത്. രണ്ട് പേര്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്: ഒരു കല്യാണം കൂടാന്‍ വരുന്ന ചെമ്പനും, പോര്‍ക്ക് വാങ്ങാന്‍ തിരക്കു കൂട്ടുന്ന ലിജോ ജോസ് പെല്ലിശ്ശേരിയും. 

Sharon Rani on Lijo Jose Pallissery Illustration: VIshnu Madhav

അതിനുള്ള സംവിധായകന്റെ മറുപടി ഇതായിരുന്നു,'മാറാന്‍ ഞാന്‍ തയാറല്ല'.

കള്‍ട്ട് സംവിധായകന്‍ 
നാടുകളുടെ കഥകള്‍ മലയാള സിനിമയില്‍ വന്നു പോയിട്ടുള്ളതാണ്, വള്ളുവനാടും, ഫോര്‍ട്ട് കൊച്ചിയും ഇടുക്കിയും ഒക്കെ. പക്ഷെ ഈ സിനിമാസ്ഥലങ്ങള്‍ നായകനിലേക്ക് ഒതുങ്ങാന്‍ വെമ്പുമ്പോള്‍  അങ്കമാലി ഈ സിനിമയില്‍ ചിതറി തെറിക്കുകയാണ്. ജീവിതവും പോരാട്ടവും താളമേളങ്ങളും, ഭക്ഷണശീലങ്ങളും,പ്രണയവും പ്രതികാരവുമൊക്കെ ചേര്‍ന്നൊരു പന്നിമലത്ത്.  അതുകൊണ്ടാണ് ഈ സിനിമ ഒരു ഡയറി ആകുന്നത്. അറക്കാന്‍ കൊണ്ടുവരുന്ന പന്നികളും മനുഷ്യരും തമ്മില്‍ നിസ്സാരതയുടെ കാര്യത്തില്‍ വ്യതാസമില്ലാതെയാകുന്ന കേവലരായ ചില മനുഷ്യരുടെ ദൈനംദിന ജീവിതക്കുറിപ്പുകള്‍.

ഇത് ഒരു ദേശത്തിന്റെ കഥയാണെങ്കിലും ദേശഭക്തിക്കാരനായ പെപ്പേയെയല്ല നമ്മള്‍ കാണുന്നത്. അതിജീവനത്തിനായി വിദേശത്തേക്ക് പോകാന്‍ വേണ്ടി  അയാള്‍ പല ശ്രമങ്ങളും നടത്തുന്നുണ്ട്.

ആകെ അഞ്ചു ചിത്രങ്ങളാണ് ലിജോ സംവിധാനം ചെയ്തത്. നായകന്‍, സിറ്റി ഓഫ് ഗോഡ് , ആമേന്‍ ,ഡബിള്‍ ബാരല്‍ , അങ്കമാലി ഡയറീസ്. ഓരോന്നും ട്രീറ്റ്‌മെന്റില്‍ വ്യത്യസ്തത പുലര്‍ത്തുന്നു .ഇതില്‍ വമ്പന്‍ ഹിറ്റായത് മാജിക്കല്‍ റിയലിസവുമായി വന്ന ആമേനാണ്. സ്പൂഫുമായി വന്ന ഡബിള്‍ ബാരല്‍ വിജയിച്ചില്ല. ലിജോയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, വേണമെങ്കില്‍ ആമേന്റെ വന്‍വിജയത്തിനു ശേഷം അതേ ഫോര്‍മുലയില്‍ ചിത്രങ്ങള്‍ എടുത്താല്‍ അത് ആമേന്‍ ഒന്നാം ഭാഗം, രണ്ടാം ഭാഗം, അഞ്ചാം ഭാഗം എന്നിങ്ങനെ ആയിപ്പോയേനെ. മുമ്പേ, പറന്ന സിനിമയായ ഡബിള്‍ ബാരല്‍ ഉണ്ടാവുമായിരുന്നില്ല, അങ്കമാലിക്കാര്‍ക്ക് മാത്രം പറന്ന കിളി മലയാളികള്‍ ഒന്നടങ്കം ചിറകിലേറ്റില്ലായിരുന്നു. അതുകൊണ്ടാണ് ലിജോ ഒരു ഒരു കള്‍ട്ട് സംവിധായകന്‍ ആകുന്നത് .  

നേരത്തെ പ്രസിദ്ധീകരിച്ചത്

ഈ ശവം നിങ്ങള്‍ കാണാതിരിക്കരുത്
സെയിന്റ് വനജ

 

Follow Us:
Download App:
  • android
  • ios