Asianet News MalayalamAsianet News Malayalam

കരുത്തുകാട്ടുന്ന മഞ്ജു വാര്യര്‍

Special Story About Manju Warrier
Author
Thiruvananthapuram, First Published Nov 26, 2016, 3:23 AM IST

മഞ്ജു വാര്യരെ കേന്ദ്രീകരിച്ച് സിനിമകള്‍ ഒരുങ്ങുന്നതിന്റെ പ്രധാന കാരണം അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കരുത്ത് തന്നെയാണ്. ആണ്‍ നിഴലില്‍ മറയ്‍ക്കപ്പെടുന്ന വെറും പെണ്‍കഥാപാത്രങ്ങളായിരുന്നില്ല മഞ്ജു വാര്യര്‍‌ അവതരിപ്പിച്ചതില്‍ ഏറെയും. കരുത്തുറ്റ, വ്യക്തിത്വമുള്ള സ്‍ത്രീ കഥാപാത്രങ്ങളായിട്ടായിരുന്നു മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ പകര്‍ന്നാട്ടം നടത്തിയത്. മഞ്ജു വാര്യരുടെ മികച്ച കഥാപാത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.




ഒരു കുടുംബത്തിന്റെ താങ്ങായ ചില്ലറ പൈസ!

അമ്പത് പൈസ പോലും കളയാതെ കൂട്ടിവയ്‍ക്കുന്ന പെണ്‍കുട്ടി. അതാണ് അഞ്ജലി. അങ്ങനെയാണ് അവള്‍ക്ക് ചില്ലറ പൈസ എന്ന പേരു വന്നതും. ഒരു കുടുംബത്തിന് താങ്ങാണ് അവള്‍. മുത്തശ്ശിയും രണ്ടു ചേച്ചിമാരും അടങ്ങുന്ന കുടംബം നോക്കേണ്ട പെണ്‍കുട്ടി. ചേച്ചിമാരില്‍ ഒരാള്‍ സംസാരശേഷിയില്ലാത്തവളുമാണ്. അവര്‍ക്ക് ജീവിതം കിട്ടിയിട്ട് മാത്രമേ തനിക്ക് ഒരു ജീവിതം വേണ്ടൂ എന്ന് തീരുമാനിച്ചുറപ്പിച്ച അഞ്ജലിയെ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലാണ് മലയാളികള്‍ കണ്ടത്. അഞ്ജലി രൂപവും ഭാവവും സ്വീകരിച്ചത് മഞ്ജു വാര്യരുടേയും. കരിയറിന്റെ തുടക്കത്തില്‍ ലഭിച്ച അഞ്ജലിയെ മികവുറ്റതാക്കിയപ്പോള്‍ മഞ്ജു വാര്യര്‍ക്ക് മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാര്‍ഡും ലഭിച്ചു. 1996ൽ പ്രദര്‍ശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്‍തത് കമല്‍ ആണ്.




കല്ലിന്റെ കരുത്തുള്ള പെണ്ണ്!

ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് കന്‍മദം. കന്‍മദത്തിലെ നായകന്‍‌ വിശ്വനാഥനെ അവതരിപ്പിച്ചത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍‌ലാലും നായിക ഭാനുവിനെ അവതരിപ്പിച്ചത് മഞ്ജു വാര്യരും ആയിരുന്നു. നായകന്റെ കരവലയത്തില്‍ ഒതുങ്ങിയ വെറും നായികയായിരുന്നില്ല ഭാനു. കല്ലിന്റെ കരുത്തുള്ള പെണ്ണായിരുന്നു ഭാനു. സൂപ്പര്‍സ്റ്റാറിന്റെ നായകവേഷത്തിനൊപ്പം തന്നെ തലയെടുപ്പുമായി കന്‍മദത്തില്‍ ഭാനു നിറഞ്ഞു നിന്നു. മലയാളത്തിലെ ഏറ്റവും മികച്ച സ്‍ത്രീ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മഞ്ജു വാര്യരുടെ ആ വേഷം.




നിരഞ്ജന്റെ അഭിരാമി

ഒരു വലിയ കൂട്ടുകുടംബത്തിലെ അംഗമാണ് അഭിരാമി. ചിരിച്ചുല്ലസിച്ചു നടക്കുന്ന പ്രായം. എല്ലാവര്‍ക്കു മുന്നിലും ചിരിച്ചുനടക്കുന്ന അഭിരാമി പക്ഷേ  ഉള്ളില്‍ കരയുകയായിരുന്നു. നിരഞ്ജന്‍ എന്ന കാമുകനെ ഓര്‍ത്ത്. അങ്ങനെ ദു:ഖം ഉള്ളിലൊതുക്കി ചിരിച്ചുപാറി നടക്കുന്ന അഭിരാമി പ്രേക്ഷകപ്രീതി നേടിയത് മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയ മികവു കൊണ്ടായിരുന്നു. 1998ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്‍തത് സിബി മലയില്‍ ആയിരുന്നു.




തിലകനോട് മത്സരിച്ച മഞ്ജു വാര്യര്‍!

ഒരു പെണ്ണിന്റെ പ്രതികാര കഥയായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയുടേത്. തന്റെ മാതാപിതാക്കളെ കൊന്ന നടേശന്‍ എന്ന മുതലാളിയെ തകര്‍ക്കാന്‍ വേണ്ടി ശ്രമിക്കുന്ന ഭദ്ര എന്ന പെണ്‍കുട്ടിയുടെ കഥ. ശൃംഗാരവും പ്രതികാരവും പ്രണയവും പകയുമെല്ലാം മാറിമാറി പകര്‍ന്നാടേണ്ടുന്ന ആ വേഷവും മഞ്ജു വാര്യരില്‍ ഭദ്രമായിരുന്നു.  നടേശനെ അവതരിപ്പിച്ച അഭിനയകലയുടെ പെരുന്തച്ചന്‍ തിലകനും മഞ്ജു വാര്യരും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് തിലകന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു - എന്റെ രംഗം ഇല്ലാത്തപ്പോള്‍ പോലും ഞാന്‍‌ സെറ്റില്‍ പോകുമായിരുന്നു. കാരണം ആ പെണ്‍കുട്ടിയുടെ അഭിനയം കാണണമായിരുന്നു എനിക്ക്. എങ്കിലേ എനിക്ക് ഒപ്പപ്പെത്താന്‍ കഴിയൂ  - തിലകന്റെ വാക്കുകള്‍ മതിയാകും മഞ്ജു വാര്യരുടെ അഭിനയമികവ് മനസ്സിലാകാന്‍. കണ്ണെഴുതി പൊട്ടും തൊട്ടിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു. 1999ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ടി കെ രാജീവ് കുമാര്‍ ആണ് സംവിധാനം ചെയ്‍തത്.




ശേഖരന്റെ മകള്‍

നേരിന്റെ നാവുള്ള ജാഗ്രത എന്ന പത്രം നടത്തുന്ന മുന്‍ കാല നെക്സ്‍ലൈറ്റ് ശേഖരന്റെ മകളാണ് ദേവികാ ശേഖര്‍. ഒന്നിനെയും കൂസലില്ലാത്ത ശേഖരന്റെ മകള്‍ക്കും ആ ശൗര്യം കാണാതിരിക്കുമോ? ഇല്ല. ശേഖരനെന്ന കരുത്തുറ്റ കഥാപാത്രത്തെ മുരളി അവതരിപ്പപ്പോള്‍ ദേവികാ ശേഖരനെ അവതരിപ്പിച്ചത് നായികമാരിലെ വേറിട്ട മുഖമായിരുന്ന മഞ്ജു വാര്യരായിരുന്നു.   പത്രത്തിലെ ഉള്‍ക്കരുത്തുള്ള ആ കഥാപാത്രം മികവുറ്റതായെന്ന് പറയേണ്ടതുമില്ല. 1999ല്‍ പ്രദര്‍ശനത്തിന് എത്തിയ  പത്രം സംവിധാനം ചെയ്‍തത് ജോഷി ആയിരുന്നു.



36 അത്ര വലിയ വയസ്സല്ല!

പതിനാല് വര്‍ഷങ്ങളുടെ ഇടവേളയ്‍ക്കു ശേഷം മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തിയത് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു. സാധാരണയായ ഒരു വീട്ടമ്മയായ നിരുപമ രാജീവിന്  ഇന്ത്യന്‍ പ്രസിഡന്റിന്റെ വരെ ക്ഷണം ലഭിക്കുന്നു. കീടനാശിനികള്‍ ഉപയോഗിക്കാത്ത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചാണ് നിരഞ്ജന ശ്രദ്ധേയയാകുന്നത്. സ്‍ത്രീയുടെ സ്വപ്‍നങ്ങള്‍ ആരാണ് കാലപരിധി നിശ്ചയിക്കുന്നത് എന്നു ചോദിച്ച് സ്‍ത്രീപക്ഷത്തും നില്‍ക്കുന്നു, നിരുപമ. വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയപ്പോഴും മലയാളി പ്രേക്ഷകര്‍ മഞ്ജുവാര്യരെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം സംവിധാനം ചെയ്‍തത് റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു.

Follow Us:
Download App:
  • android
  • ios