Asianet News MalayalamAsianet News Malayalam

എന്തു കൊണ്ടാണ് ശ്രീലക്ഷ്മിയെ ബിഗ് ബോസ് ഹൗസിൽ ഒറ്റപ്പെടുത്തുന്നത് ?

  • ശ്രീലക്ഷ്മിയേയും അവരുടെ അമ്മയേയും അപമാനിക്കുന്ന നിരവധി കമന്റുകൾ ആണ് ബിഗ് ബോസിന്റെ ഫേസ്ബുക്ക് , വാട്സാപ്പ് ഗ്രൂപ്പുകളിലെ വ്യാജ അക്കൗണ്ടുകളിൽ നിന്ന് പ്രചരിക്കുന്നത് . എന്താണ് ശ്രീലക്ഷ്മി ചെയ്ത തെറ്റ് ?
  • ബിഗ് ബോസ് ഹൗസ് റിവ്യൂ - ബൊവാസ് ജോണ്‍ തോമസ് എഴുതുന്നു
sreelekshmi bigg boss review by Bovas John Thomas
Author
First Published Jul 15, 2018, 10:40 PM IST

ചില മലയാളികൾ അങ്ങനെയാണ് ലോകത്തിന്റെ ഏത് കോണിൽ ആയാലും മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെട്ടും തങ്ങൾക്കിഷ്ടപ്പെട്ട ആളുകളോട് മാത്രമേ അവർ ഇടപെടാവൂ എന്നും അവർ പറയുന്ന ശരിയായ രീതിയിൽ മാത്രമേ ആളുകൾ ജീവിക്കാവൂ എന്നും വാശി പിടിക്കും.

ബിഗ് ബോസിലെ പെരുമാറ്റത്തിന്റെ പേരിൽ ഇതിനോടകം തന്നെ ശ്രീലക്ഷ്മിയേയും അവരുടെ അമ്മയേയും അപമാനിക്കുന്ന നിരവധി കമന്റുകൾ ആണ് ബിഗ് ബോസിന്റെ ഫേസ്ബുക്ക് , വാട്സാപ്പ് ഗ്രൂപ്പുകളിലെ വ്യാജ അക്കൗണ്ടുകളിൽ നിന്ന് പ്രചരിക്കുന്നത് . എന്താണ് ശ്രീലക്ഷ്മി ചെയ്ത തെറ്റ് ?

ബിഗ് ബോസ് ഹൗസിൽ ആരും എത്തിയത് ആരുടേയും കുടുംബ മഹിമ കൊണ്ടല്ല . അവർ അത്യാവശ്യം അറിയപ്പെടുന്ന സെലിബ്രിറ്റികൾ ആയത് കൊണ്ട് മാത്രമാണ് പിന്നെ എന്തുകൊണ്ട് ശ്രീലക്ഷ്മിയോട് മാത്രം ഹൗസ് മേറ്റ്സ് ഇടക്കിടെ അവളുടെ അച്ഛന്റെ പേര് കാത്ത് സൂക്ഷിക്കണം എന്ന് പറയുന്നു.

ശ്രീ. ജഗതി ശ്രീകുമാറിന്റെ മകളാണ് ചലച്ചിത്ര താരം കൂടിയായ ശ്രീലക്ഷ്മി എന്നത് അദ്ദേഹം വെളിപ്പെടുത്തിയ ശേഷമാണ് പലരും അറിയുന്നത്. ബിഗ് ബോസ് ഹൗസിൽ ഉള്ള ഏതൊരു മത്സരാർത്ഥിയെക്കാളും വർഷങ്ങളായി ഇതിന്റെ പേരിൽ സമൂഹത്തോട് മുഴുവൻ എത്ര പൊരുതിയിട്ടാവും ശ്രീലക്ഷ്മി എന്ന വ്യക്തി ഇന്ന് കാണുന്ന നിലയിൽ എത്തിയത്. ഇത്രയും കാലവും അദ്ദേഹത്തിന്റെ നല്ല പേരിന് യാതൊരു കളങ്കവും ഏൽപ്പിക്കാതെ ഒതുങ്ങി ജീവിച്ച് ഇന്ന് ഇൻഡസ്ട്രിയിൽ സ്വന്തമായി ഒരു ഐഡന്റിറ്റി സൃഷ്ടിച്ച ശ്രീലക്ഷ്മിയോട് ഈ കാര്യം ഹൗസിൽ എന്തുകൊണ്ട് മറ്റുള്ളവർ വീണ്ടും ഓർമപ്പെടുത്തുന്നു .

അനൂപ് ഈ കാര്യം നേരിട്ട് പറയുന്നത് പ്രേക്ഷകർ കണ്ടതാണ്

മലയാളികൾ “ഏറ്റവും വെറുക്കുന്നു” എന്ന് അനൂപ് വിശ്വസിക്കുന്ന രഞ്ജിനിയോടോ ശ്വേതയോടോ ശ്രീലക്ഷ്മി ഇടപെടുന്നത് ശ്രീലക്ഷ്മിയുടെ അന്തസ്സിന് ചേർന്നതല്ല എന്നാണ് അനൂപിന്റെ പക്ഷം. ഇതേ വ്യക്തി തന്നെ രഞ്ജിനി മലയാളികൾ “കാർക്കിച്ചു ” തുപ്പിയ വ്യക്തി ആണെന്നും ശ്വേത മോശക്കാരി ആണെന്നും പറഞ്ഞത് പ്രേക്ഷകർ കേട്ടതാണ്. രഞ്ജിനിയോ ശ്വേതയെയോ മലയാളികൾ എങ്ങനെ കാണുന്നു എന്നത് തീരുമാനിക്കുന്നത് അനൂപാണോ അതോ മലയാളി പ്രേക്ഷകരോ ?

ശരിയാണ് രഞ്ജിനി ഹരിദാസിന്റെ തന്‍റേടത്തോടെ തുടക്കം മുതൽ തന്നെ വിമർശിച്ച മലയാളി തന്നെയാണ് അവരെ ഇത്രയും പിന്തുണ നൽകി ഇവിടെ വരെ എത്തിച്ചത്. ശ്വേതയുടെ കാര്യവും സമാനമാണ് കാമസൂത്ര പരസ്യത്തിൽ അഭിനയിച്ച് ഏറെ വിമർശനം നേരിട്ട ശ്വേതയാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി മലയാളികളുടെ മനസ്സിൽ ഒരിടം നേടിയത്.

എന്തുകൊണ്ടാണ് അച്ഛന്റെ പേര് കാത്ത് സൂക്ഷിക്കണം എന്ന പേരിൽ ശ്രീലക്ഷ്മി മാത്രം വേട്ടയാടപ്പെടുന്നത്? കേരളത്തിൽ വളരെ പ്രശസ്തനായ ഒരു മോട്ടിവേഷനൽ സ്പീക്കർ കൂടി ആയ ശ്രീ മാണിയുടെ മകളാണ് മറ്റൊരു മത്സരാർത്ഥി ആയ പേളി. ഷോയുടെ തുടക്കം മുതൽ തന്നെ അമ്മയുടെ “ചെല്ലക്കുട്ടി” പെഴ്സോണയാണ് അവർ കാണിച്ചത്. പലപ്പോഴും റൂമിൽ നിസാര കാര്യങ്ങളുടെ പേരിൽ പേളി പൊട്ടിക്കരയുമ്പോൾ മോട്ടിവേഷണൽ സ്പീക്കർ ആയ പിതാവിന്റെ പേര് കളങ്കപ്പെടുത്തുന്ന കാര്യം ആരെങ്കിലും അവരെ ഓർമപ്പെടുത്തിയോ ? പിന്നെ എന്തുകൊണ്ടാണ് ശ്രീലക്ഷ്മിക്ക് മാത്രം ഇത് ബാധകമാകുന്നത് ?

എന്ത് കൊണ്ടും ഈ ചെറിയ പ്രായത്തിൽ ഇത്രയും നല്ല നിലയിൽ എത്തി ബിഗ് ബോസിൽ എത്തിയ ആളാണ് ശ്രീലക്ഷ്മി ഹൗസിൽ എങ്ങനെ പെരുമാറണം എന്ന് അവർ ആണ് നിശ്ചയിക്കുന്നത് . അതിന്റെ പേരിൽ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ കമന്റ് ചെയ്യാൻ ആർക്കും അവകാശമില്ല. എല്ലാത്തിനും ഒടുവിൽ ബിഗ് ബോസ് ഒരു ഗെയിം മാത്രമാണ് അവിടെ എല്ലാവരും ഒരു പക്ഷേ പെരുമാറുന്നതും കൂട്ടു കൂടുന്നതും ഗെയിം ജയിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്.

 മറ്റൊരു മത്സരാർത്ഥി ആവശ്യപ്പെടുന്ന രീതിയിൽ പെരുമാറാൻ ആർക്കും കഴിയില്ല . മികച്ച ഗെയിം പുറത്തെടുത്തു ജയിക്കുന്ന ആളുകളെ കണ്ടെത്താൻ ആണ് പ്രേക്ഷകർ മത്സരിക്കേണ്ടത്. യഥാർത്ഥ ജീവിതവുമായി ഇതിനെ കൂടി കുഴയ്ക്കരുത്. ഈയാഴ്ച തന്റെ നിലപാട് വ്യക്തമാക്കി വളരെ ശക്തമായി ഗെയിമിൽ തിരികെ വന്ന ശ്രീലക്ഷ്മിക്ക് അഭിനന്ദനങ്ങൾ.

Follow Us:
Download App:
  • android
  • ios