Asianet News MalayalamAsianet News Malayalam

ഉയരത്തില്‍ പറക്കുന്ന വിമാനം!

Vimanam review
Author
Thiruvananthapuram, First Published Dec 22, 2017, 3:25 PM IST

തിരുവനന്തപുരം കലാഭവന്‍. ഇന്ന് രാവിലെ 11.30ന് തുടങ്ങിയ വിമാനം എന്ന സിനിമയുടെ പ്രദര്‍ശനം കണ്ടിറങ്ങുമ്പോള്‍ സമയം 2.20. നല്ല വെയില്‍ വെട്ടിത്തിളങ്ങുന്നുണ്ട് പുറത്ത്. വിമാനം പറന്നുയരുന്നത് തന്നെയായിരുന്നു അപ്പോഴും മനസ്സില്‍. ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ പല വിധത്തിലുള്ള വികാരങ്ങളാകും നമ്മെ വന്നുതൊടുക. പൃഥ്വിരാജ് നായകനായ വിമാനം എന്ന സിനിമ എന്തൊക്കെ തോന്നലുകളാണ് അവശേഷിപ്പിക്കുന്നത്. ആത്മാവില്‍ ആഴമുള്ള ഒരു വികാരമായാല്‍ അത് സാധ്യമാകുന്നതിനായി എന്തു തടസ്സങ്ങളെയും മനുഷ്യന്‍ അതിജീവിക്കും എന്നതാണ് വിമാനം നല്‍കുന്ന സന്ദേശം.

Vimanam review

മനുഷ്യന്റെ മൗലികമായ വികാരങ്ങളിലൊന്നാണ് സ്‍നേഹം. ആ സ്‍നേഹത്തിലേക്കുള്ള പറക്കലാണ് വിമാനത്തില്‍ നാം കാണുന്നത്. ഒരു വിമാനം നിര്‍മ്മിച്ച് അത് പറപ്പിക്കുന്നതിനുവേണ്ടി സജി എന്ന ചെറുപ്പക്കാരന്‍ നടത്തിയ പ്രയത്നം വാര്‍ത്തകളിലൂടെ അറിഞ്ഞത് നാം മറന്നിട്ടില്ല. ആ കാമ്പുള്ള പ്രയത്നത്തിന്റെ ചലച്ചിത്രാവിഷ്‍കാരമാണ് വിമാനം. അതേസമയം തന്നെ ഒരു ജീവചരിത്രസിനിമ മാത്രമാകാതെ കഥപറച്ചലിലും ദൃശ്യഭാഷയിലും സ്വതന്ത്രമായ വ്യക്തിത്വമുള്ള ചലച്ചിത്രരൂപവുമാകുന്നുണ്ട്, വിമാനം.

 

Vimanam review

വെങ്കിടി ആണ് ചിത്രത്തിലെ നായകകഥാപാത്രം. ജനിതികമായ വൈകല്യത്തെ അതിജീവിക്കുന്നത് തീവ്രമായ സ്വന്തം സ്വപ്‍നങ്ങളിലൂടെയാണ്. ആ സ്വപ്‍നത്തിലൂടെ അയാള്‍ മുന്നേറുമ്പോള്‍ ആകാശത്ത് മാത്രമല്ല ഭൂമിയിലും വെങ്കിടിയെ കാത്തിരിക്കുന്നത് പലതരം പരീക്ഷണങ്ങളാണ്.  ആ പരീക്ഷണങ്ങളെ അവന്‍ അതിജീവിക്കുന്നതാകട്ടെ ഏറ്റവും നിഷ്‍കളങ്കതയോടെയും. ഇരുപത്തിരണ്ടുകാരനായ വെങ്കിടിയായി സിനിമയില്‍ എത്തുന്ന പൃഥ്വിരാജ് ആ രൂപഭാവങ്ങളോട് സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. രണ്ടു പ്രായഭേദങ്ങളില്‍ എത്തുന്ന ലെനയും കയ്യടി നേടുന്നു. ഷെഹനാദിന്റെ ക്യാമറക്കാഴ്‍ചകളാണ് വിമാനം പറന്നുയരുമ്പോള്‍ പ്രേക്ഷകനെ കൊണ്ട് കയ്യടിപ്പിക്കുന്ന മറ്റൊരു ഘടകം. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതവും വിമാനത്തിന്റെ പറക്കലിന് മാറ്റേകുന്നു.

Vimanam review

സിനിമ വെറും സംഭാഷണം മാത്രമല്ല ദൃശ്യഭാഷയിലൂടെ പുതിയ തുറസ്സുകള്‍ സൃഷ്‍ടിക്കേണ്ടതാണെന്നും വിമാനം അടിവരയിടുന്നുണ്ട്. സമീപകാലത്ത് മലയാളത്തില്‍ വന്ന സിനിമകളില്‍ നിന്ന് പലതരത്തിലും വിമാനം വഴിമാറി നടക്കുന്നുണ്ട്. ലൈഫ് ഓഫ് പൈ, താരേ സമീന്‍പര്‍ തുടങ്ങിയ സിനിമകളെ പോലെ പോസറ്റീവ് ആയ ഒരു ചിന്ത വിമാനവും പ്രേക്ഷകരില്‍ സൃഷ്‍ടിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതല്ല, കുട്ടികള്‍ക്കും അവരുടെ കാഴ്‍ചയില്‍ ഒരുപോലെ ആസ്വദിക്കാവുന്നതുമാണ് വിമാനം എന്നതും പറയണം. നവാഗതസംവിധായകനായ പ്രദീപ് എം നായര്‍ക്ക് അഭിമാനിക്കാനാകുന്ന സിനിമാക്കാഴ്‍ചയായി തന്നെയാണ് വിമാനം പറന്നുയര്‍ന്നിരിക്കുന്നത് എന്ന് നിസംശയം പറയാം.

Follow Us:
Download App:
  • android
  • ios