Asianet News MalayalamAsianet News Malayalam

നരേന്ദ്രമോദിയുടെ ജീവിതം സിനിമയാവുന്നു; കഥാപാത്രമാവുന്നത് വിവേക് ഒബ്‌റോയ്

സന്ദീപ് സിംഗ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏഴാം തീയ്യതി പുറത്തുവരും.
 

vivek oberoi to play narendra modi in biopic
Author
New Delhi, First Published Jan 4, 2019, 12:19 PM IST

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം പരാമര്‍ശിക്കുന്ന 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി'ന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാവുന്നു. വിവേക് ഒബ്‌റോയ് മോദിയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'മേരി കോം' ഒരുക്കിയ ഒമംഗ് കുമാറാണ്. 'പിഎം നരേന്ദ്ര മോദി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പ്രോജക്ട് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സന്ദീപ് സിംഗ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏഴാം തീയ്യതി പുറത്തുവരും. ഗുജറാത്ത്, ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലൊക്കെ ചിത്രീകരണമുണ്ടാവും. 

അതേസമയം മന്‍മോഹന്‍ സിംഗിന്റെ ജീവിതം പരാമര്‍ശിക്കുന്ന 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രം വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. 2004-2008 കാലയളവില്‍ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ അതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. വിജയ് രത്‌നാകര്‍ ഗുട്ടെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വ്യാജപ്രചരണത്തിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെയൊക്കെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപണമുയര്‍ത്തിയിരുന്നു.  

Follow Us:
Download App:
  • android
  • ios