Asianet News MalayalamAsianet News Malayalam

'ദീപാവലിക്ക് വിദേശ ഉല്‍പന്നങ്ങള്‍ ആരും വാങ്ങരുത്', ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി? വൈറല്‍ പോസ്റ്റ് സത്യമോ

ഓരോ ഇന്ത്യക്കാരനും 90 ദിവസം വരെ ഒരു വിദേശ ഉല്‍പന്നം പോലും വാങ്ങാതിരുന്നാല്‍ ഭാരതം ലോകത്തിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ രാജ്യമാകും എന്ന് പോസ്റ്റില്‍ പറയുന്നു
 

Diwali 2023 Fake Facebook post viral as PM Modi calls for boycott foreign goods jje
Author
First Published Nov 3, 2023, 2:42 PM IST

രാജ്യം ദീപാവലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഉത്സവ സീസണായ ദീപാവലിക്കാണ് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടം പൊടിപൊടിക്കുക. പ്രത്യേകിച്ച് വടക്കേ ഇന്ത്യന്‍ മാര്‍ക്കറ്റും ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്ഫോറുകളും ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലക്ഷ്യമിടുന്ന കാലയളവാണ് ദീപാവലി സീസണ്‍. രാജ്യത്ത് ദീപാവലി അടുത്തതോടെ ഒരു പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ദീപാവലിയുടെ പശ്ചാത്തലത്തില്‍ വിദേശ വില്‍പന്നങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തു എന്നാണ് ഒരു ഫേസ്‌ബുക്ക് പോസ്റ്റിലുള്ളത്. 

Diwali 2023 Fake Facebook post viral as PM Modi calls for boycott foreign goods jje

പ്രചാരണം

2023 ഒക്ടോബര്‍ 30ന് ഷാംജി ചബാഡിയ എന്ന ഫേസ്‌ബുക്ക് യൂസറാണ് നരേന്ദ്ര മോദിയുടെ ചിത്രം സഹിതമുള്ള വലിയൊരു കുറിപ്പ് ഷെയര്‍ ചെയ്‌തത്. 

ഫേസ്‌ബുക്ക് പോസ്റ്റ് 

പ്രിയ സഹയാത്രികരെ, നിങ്ങളുടെ പ്രധാനമന്ത്രിക്ക് കുറച്ച് സംസാരിക്കാനുണ്ട്

'നാളെ ഒരുപക്ഷേ ചൈന ഭാരതത്തെ കാല്‍ക്കീഴിലാക്കിയാല്‍ അതിന് നമ്മളാണ് ഉത്തരവാദികള്‍. ഇംഗ്ലീഷുകാരും ഭാരതത്തില്‍ വ്യാപാരം ചെയ്താണ് അടിമകളാക്കിയത്. അന്ന് നമ്മള്‍ അക്ഷരാഭ്യാസമില്ലാത്തവരായിരുന്നു. എന്നാല്‍ ഇന്ന് തിരിച്ചറിവുള്ളവരാണ്. സ്വദേശി സാധനങ്ങള്‍ സ്വന്തമാക്കി രാജ്യത്തെ രക്ഷിക്കൂ. ഓരോ ഭാരതീയനും 90 ദിവസം വരെ ഒരു വിദേശ ഉല്‍പന്നം പോലും വാങ്ങാതിരുന്നാല്‍ ഭാരതം ലോകത്തിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ രാജ്യമാകും. 90 ദിവസം കൊണ്ട് രണ്ട് രൂപ ഒരു ഡോളറിന് തുല്യമാകും. തമാശകള്‍ ഫോര്‍വേഡ് ചെയ്യുന്ന സമയത്ത് ഈ സന്ദേശം ഫോര്‍വേഡ് ചെയ്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാം. കഴിഞ്ഞ വർഷം ദീപാവലി സമയത്ത് ചൈനീസ് ബള്‍ബുകള്‍ ബഹിഷ്കരിച്ചതോടെ ചൈനയുടെ 20 ശതമാനം ഉല്‍പന്നങ്ങളാണ് നശിച്ചത്. ഇത് ചൈനയെ അമ്പരപ്പിച്ചിരുന്നു. മാറ്റം ഉണ്ട് സഹോദരാ, നമ്മുടെ രാജ്യം വലുതാണ്. ഭാരതവാസികളെ ഉണരൂ'...എന്നുമാണ് ഫേസ്‌ബുക്ക് പോസ്റ്റിലുള്ളത്.

Diwali 2023 Fake Facebook post viral as PM Modi calls for boycott foreign goods jje

വസ്‌തുത

എന്നാല്‍ ഗൂഗിളില്‍ നടത്തിയ കീവേഡ് സെര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തതായി ഒരു വാര്‍ത്തപോലും കണ്ടെത്താനായില്ല. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിലും സമീപ ദിവസങ്ങളില്‍ ഇത്തരമൊരു ആഹ്വാനം വന്നിട്ടില്ല. പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ ഇത്തരമൊരു ആഹ്വാനം ജനങ്ങളോട് നടത്തിയിരുന്നെങ്കില്‍ അത് രാജ്യത്തെ മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അതിനാല്‍ തന്നെ വിദേശ ഉല്‍പന്നങ്ങള്‍, പ്രത്യേകിച്ച് ചൈനീസ് സാധനങ്ങള്‍ ദീപാവലി കാലത്ത് വാങ്ങരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്‌തു എന്നുള്ള പ്രചാരണം വ്യാജമാണ്. ഇത്തരം സന്ദേശങ്ങള്‍ മുന്‍ ദീപാവലി കാലങ്ങളിലും പ്രചരിച്ചിരുന്നതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

Read more: പാളയത്തില്‍ പട, ഇസ്രയേലി പതാക കത്തിച്ച് ജൂതന്‍മാര്‍! ഗാസയെ ആക്രമിക്കുന്നതിലുള്ള പ്രതിഷേധമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios